കൊടിയേരിയുടെ സര്‍ട്ടിഫിക്കറ്റ്, പ്പോ ശെരിയാക്കിത്തരാമെന്ന വിജയരാഘവന്റെ കണ്ണിറുക്കല്‍; പുതിയ ലാവണങ്ങള്‍ തേടി ജോസ് വിഭാഗം

By - കെ എ ആന്റണി
Update: 2020-07-02 09:45 GMT

യു ഡി എഫിൽ നിന്നും പുറത്തായ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇനി എങ്ങോട്ട് എന്നത് സംബന്ധിച്ചു ഊഹാപോഹങ്ങൾ പലതും പ്രചരിക്കുന്നതിനിടയിൽ തന്നെയാണ് ഏറെ ശ്രദ്ധേയമായ ചിലതു സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും മുന്നണി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുക മാത്രമാണ് ചെയ്‌തെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം ആയിരുന്നു അതിലൊന്ന്. മുന്നണിയിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം വരുന്ന തദ്ദേശ, നിയമ സഭ തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് ദോഷം ചെയ്തേക്കുമെന്ന ഭയം തന്നെയാണ് പുറത്താക്കലിനെ അല്പം ഒന്ന് മയപ്പെടുത്താൻ കാരണം എന്നത് വ്യക്തം. രണ്ടാമത്തെ ശ്രദ്ധേയമായ കാര്യം ബഹുജന പിന്തുണയുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണമാണ്. പുന്നപ്ര -വയലാർ സമര നേതാവ് പി കെ ചന്ദ്രാനന്ദന്റെ ആറാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ഈ നിരീക്ഷണം. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതോടുകൂടി ശിഥിലമായിക്കൊണ്ടിരിക്കുന്ന യു ഡി എഫിന്റെ അടിത്തറ കൂടുതൽ തകർന്നിരിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് കോടിയേരി തന്റെ ലേഖനത്തിലൂടെ നടത്തിയതെങ്കിലും അത് ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കു വഴിവച്ചിരിക്കുന്നു.കേരള കോൺഗ്രസ് ബഹുജന അടിത്തറയുള്ള പാർട്ടിയാണെന്നു കോടിയേരിയുടെ നിരീക്ഷണത്തെ ശരിവെച്ച ഇടതു മുന്നണി കൺവീനർ എ വിജയ രാഘവൻ ജോസ് വിഭാഗവുമായി യോജിപ്പിനു തയ്യാറാണെന്ന സൂചനയാണ് നൽകിയത്. ആർക്കും കേറി വരാനുള്ള ഇടമല്ല എൽ ഡി എഫ് എന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതിൽ നിന്നും തികച്ചും വിഭിന്നമായ പ്രതികരണമാണ് ഇന്ന് എൽ ഡി എഫ് കൺവീനറിൽ നിന്നും ഉണ്ടായത്. ചർച്ച ചെയ്തു തീരുമാനിക്കാവുന്ന കാര്യങ്ങളെ ഉള്ളൂ എന്ന മട്ടിൽ തന്നെയായിരുന്നു വിജയരാഘവന്റെ പ്രതികരണം. കോടിയേരിയുടെ നിരീക്ഷണവും വിജയരാഘവന്റെ പ്രതികരണവും സ്വാഗതം ചെയ്ത ജോസ് കെ മാണി വലിയ പ്രതീക്ഷയിൽ തന്നെയാണെന്ന് വേണം കരുതാൻ. എന്നാൽ സി പി ഐ എതിർപ്പ് തുടരുമെന്നതുകൊണ്ടു തന്നെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ജോസ് കെ മാണിക്ക് മാത്രമല്ല വിജയരാഘവനും നന്നായിട്ടറിയാം. എങ്കിലും സി പി ഐയെ എങ്ങനെയും അനുനയിപ്പിച്ചു ജോസ് വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമം സി പി എമ്മിൽ നിന്നും ഉണ്ടാകും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഇനിയിപ്പോൾ സി പി ഐ വഴങ്ങാതെ വന്നാൽ തന്നെ ജോസ് കെ മാണിയും കൂട്ടരും എൻ ഡി എയിൽ ചേക്കേറുകയോ യു ഡി എഫിലേക്കു തന്നെ മടങ്ങിപ്പോവുകയോ ചെയ്യാതെ നോക്കാൻ പ്രതീക്ഷയുടെ ഒരു ചെറിയ കണികയെങ്കിലും ബാക്കിയുണ്ടാവണം. കൊടിയേരിയുടെയും വിജയരാഘവന്റെയും നീക്കങ്ങളെ ആ നിലക്കും വായിച്ചെടുക്കാവുന്നതാണ്.Also Read: ഇങ്ങനെ കളിച്ചാല്‍ ചെവിക്കു പിടിച്ചു പുറത്താക്കുകയല്ലാതെ മറ്റെന്തു ചെയ്യും?

സി പി ഐയുടെ കടുത്ത എതിർപ്പ് തന്നെയാണ് നിലവിൽ കോൺഗ്രസിനും യു ഡി എഫിനും ആശ്വാസം പകരുന്നത്. എൻ ഡി എ യുമായുള്ള സഖ്യ സാധ്യത ജോസ് കെ മാണി തുടക്കത്തിലേ തള്ളിക്കളഞ്ഞതാണ്. കേന്ദ്രത്തിൽ ഒരു മന്ത്രിയെ കിട്ടാമെങ്കിലും എൻ ഡി എ ബാന്ധവം കേരള രാഷ്ട്രീയത്തിൽ ഗുണം ചെയ്യില്ലെന്ന കെ എം മാണി ജീവിച്ചിരുന്നപ്പോൾ മുതൽക്കുള്ള തോന്നൽ തന്നെയാണ് ജോസ് കെ മാണിക്കു ഇപ്പോഴും ഉള്ളതെന്ന് ഏറെക്കുറെ വ്യക്തവുമാണ്. ആ നിലക്ക് ജോസ് വിഭാഗം എൽ ഡി എഫുമായി ബന്ധം ഉണ്ടാക്കുന്നതിനെ എങ്ങനെ തടയാം എന്നത് തന്നെയാണ് കോൺഗ്രസ്സും യു ഡി എഫും പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ ജോസ് വിഭാഗത്തെ അനുനയിപ്പിച്ചു കൂടെകൊണ്ടുവരാനുള്ള ശ്രമം തുടരുകയും ചെയ്യും. അതിനുവേണ്ടിയുള്ള കരുക്കൾ അവർ ഇപ്പോൾ തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ട്.

Also Read: സിപിഎം ഫോര്‍മുല വെച്ചോ?

സി പി ഐ എതിർപ്പ് തുടരുകയും അങ്ങനെ ജോസ് വിഭാഗത്തെ കൂടെ കൊണ്ടുവരാനുള്ള ശ്രമം നടക്കാതെ വരികയും ചെയ്‌താൽ തദ്ദേശ തിരെഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാൻ ആയിരിക്കും സി പി എം നേതൃത്വവും നൽകുന്ന ഉപദേശം. തദ്ദേശ തിരെഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് കോട്ടയത്തും പാലയിലുമൊക്കെ ശക്തി തെളിയിക്കാൻ കഴിഞ്ഞാൽ ജോസ് പക്ഷത്തിനും നേട്ടമുണ്ട്. കാരണം അതു തീർച്ചയായും അവരുടെ വിലപേശൽ ശക്തി വർധിപ്പിക്കും. തന്നെയുമല്ല താനാണ് കെ എം മാണിയുടെ യഥാർത്ഥ പിന്‍ഗാമിയെന്നും തങ്ങളുടേതാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും തെളിയിക്കാൻ കിട്ടുന്ന ഒരു അവസരം കൂടിയാണത്. അങ്ങനെ ചിന്തിക്കുന്ന പക്ഷം ഒരു മുന്നണിയുടെയും പിന്നാലെ പോകാതെ തല്ക്കാലം ഒറ്റയ്ക്ക് നിന്ന് പോരാടാൻ ജോസ് വിഭാഗം തയ്യാറായെന്നും വരാം. എന്നാൽ അത്രക്കും വലിയൊരു റിസ്ക് എടുക്കാൻ ഈ ഘട്ടത്തിൽ ജോസ് കെ മാണി തയ്യാറാവുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Similar News