പാലംവലി; നാണക്കേടല്ല, ചതിയുമല്ല

Update: 2016-04-02 08:43 GMT

ദിനേശന്‍ വടക്കിനിയില്‍

മുച്ചിലോടന്‍ വാണിയനിലും മുച്ചിലോട്ടില്ലത്തിലും ഒതുങ്ങി പോകുമായിരുന്ന മുച്ചിലോട്ടു ഭഗവതിയെ വാണിയ സമുദായത്തിനാകെ ലഭിക്കാന്‍ ഇടയാക്കിയ കഥ നമുക്ക് ലഭിക്കുന്നത് തൃക്കരിപ്പൂര്‍ മുച്ചിലോട്ടില്‍ നിന്നുമാണ്. അതൊരു പാലം വലിയുടെ കഥയായിട്ടാണ് നാട്ടു പുരാവൃത്തങ്ങളില്‍ പ്രചരിക്കപ്പെട്ടത്. ആ കഥയില്‍ ഒരു ചതിയുടെയോ നാണക്കേടിന്റെയോ ഘടകം അടങ്ങിയിട്ടുണ്ടെന്ന ധാരണയില്‍ പലരും അത് പരസ്യമായി പറഞ്ഞുനടക്കാറും ഇല്ല. അതേസമയം സൂക്ഷ്മമായി വായിച്ചാല്‍ ഈ കഥയില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുക വാണിയരുടെ ഇടയിലുണ്ടായിരുന്ന കുടുംബത്തിന്റെയും (kinship) സാമൂഹ്യബന്ധങ്ങളുടെയും ഘടനയെയും ആഴത്തെയും ആയിരിക്കും. അത് മലബാറിലെ കുടുംബബന്ധങ്ങളുടെ നരവംശശാസ്ത്രപരമായ അറിവു പ്രധാനം ചെയ്യുന്ന കഥയായും മാറും. അതിനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.

നാട്ടില്‍ പ്രചാരത്തിലുള്ള കഥയുടെ ചുരുക്കം ഇതാണ്. മുച്ചിലോടന്‍ പടനായരുടെ തുത്തികയില്‍ മുച്ചിലോടന്‍ തറവാട്ടിലേയ്ക്ക് എത്തിയ ഭഗവതിക്ക് അദ്ദേഹം തന്റെ തറവാടൊഴിഞ്ഞു കുടികൊള്ളാന്‍ ഇടം നല്‍കിയപ്പോള്‍ ഭഗവതിയെ ആദ്യമായി കണ്ട മുച്ചിലോടന്‍ പടനായരുടെ ഭാര്യയുടെ ഇല്ലമായ തച്ചിരന്‍ വാണിയന് അവിടെ കാര്യമായ പരിഗണനയൊന്നും കിട്ടിയില്ല. ഒരുനാള്‍ മുച്ചിലോടന്‍ പടനായരുടെ ഭാര്യ തന്റെ ദേശമായ തൃക്കരിപ്പൂര്‍ തെക്കുംപാട്ടേയ്ക്ക് യാത്ര തിരിച്ചു. കൂടെ തെക്കുംപാട്ടുകാരിയായ ഒരു ഉന്നതകുലജാതയും ഉണ്ടായിരുന്നു. ആദിമുച്ചിലോടായ കരിവെള്ളൂര്‍ മുച്ചിലോട്ടു പ്രാര്‍ത്ഥിച്ചായിരുന്നു അവരുടെ സ്വന്തം നാട്ടിലേക്കുള്ള യാത്ര. വഴിയില്‍ തളര്‍ന്നപ്പോള്‍ ക്ഷീണം മാറ്റാനായി അവര്‍ കേണമംഗലം നമ്പിയുടെ തറവാട്ടില്‍ കയറി. വീണ്ടും അവിടെനിന്നു സ്വവസതിയിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയപ്പോള്‍, പടനായരുടെ ഭാര്യയുടെ കുട വച്ചിടത്തുനിന്നും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല കുടനൃത്തം വെക്കാനും തുടങ്ങി. വാര്‍ത്തകേട്ട് പടനായരുടെ ഭാര്യയുടെ ഇല്ലത്തെ കാരണവര്‍ കേണമംഗലം നമ്പിയുടെ തറവാട്ടിലെത്തി. അത്ഭുതം നേരില്‍ കണ്ടറിഞ്ഞ കാരണവര്‍ എഴുന്നള്ളിയത് ഏത് ദൈവമാണെങ്കിലും തത്കാലം അടങ്ങണമെന്നും അടുത്ത ദിവസം പ്രശ്‌നചിന്ത നടത്തി ഉചിതം പോലെ ചെയ്യാമെന്നും പ്രാര്‍ത്ഥനയോടെ പറഞ്ഞു. കുടയുടെ വിറയല്‍ അവസാനിച്ചു. മാത്രമല്ല കുടയെടുത്തുയര്‍ത്താനും പറ്റി. പടനായരുടെ ഭാര്യയും മറ്റുള്ളവരും സ്വന്തം തറവാട്ടിലേയ്ക്ക് യാത്ര തുടരുകയും ചെയ്തു. പ്രശ്‌നചിന്തയില്‍ മുച്ചിലോട്ടു ഭഗവതിയാണെഴുന്നള്ളിയിട്ടുള്ളതെന്നു മനസിലായി. അവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടം കൊടുത്താല്‍ തറവാടിനെയും നാടിനെയും രക്ഷിച്ചെടുത്തോളും എന്നും കണ്ടു. ഉടന്‍ തന്നെ മുച്ചിലോടിന്റെ പണിതുടങ്ങി. മുച്ചിലോടിന്റെ പ്രതിഷ്ഠയ്ക്ക് നേരമായപ്പോള്‍ ആദിമുച്ചിലോടായ കരിവെള്ളൂരില്‍ വിവരമറിയിച്ചു. അവര്‍ പുറപ്പെട്ടു തൃക്കരിപ്പൂരിലെത്തും മുമ്പേ പക്ഷേ പ്രതിഷ്ഠയും ആചാരസ്ഥാനങ്ങളുടെ നിര്‍ണയവും കഴിഞ്ഞു. കൃത്യസമയത്ത് പുറപ്പെട്ട കരിവെള്ളൂര്‍ മുച്ചിലോട്ടുകാര്‍ തൃക്കരിപ്പൂരിലെത്താതിരിക്കാന്‍ കരിവെള്ളൂരില്‍ നിന്നും തൃക്കരിപ്പൂരിലെത്താന്‍ കടക്കേണ്ടിയിരുന്ന പാലം തൃക്കരിപ്പൂരുകാര്‍ വലിച്ചുമാറ്റിയത്രേ. കരിവെള്ളൂര്‍കാര്‍ വന്നാല്‍ സ്വാഭാവികമായും അവര്‍ക്കും ആചാരസ്ഥാനങ്ങള്‍ കൊടുക്കേണ്ടിവരുമെന്നതുകൊണ്ട് പടനായരുടെ മക്കള്‍ വലിച്ചു മാറ്റിയതാണത്രേ അത്. പാലം വീണ്ടും പൂര്‍വസ്ഥിതിയിലാക്കി യാത്ര തുടര്‍ന്ന കരിവെള്ളൂരെ സ്ഥാനികര്‍ തൃക്കരിപ്പൂരിലെത്തുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നുവത്രേ. ഇത് ഒരു ചതിയായാണ് കരിവെള്ളൂര്‍കാര്‍ കണ്ടത്. പക്ഷേ മുഹൂര്‍ത്തത്തില്‍ കാര്യങ്ങള്‍ നടക്കേണ്ടതുകൊണ്ട് പ്രത്യക്ഷത്തില്‍ അവര്‍ക്ക് ഒന്നും പറയാനും കഴിയാതെ വന്നു. അങ്ങനെ മുച്ചിലോടന്‍ ഇല്ലക്കാരുടെ കുത്തകയില്‍ ഉണ്ടായിരുന്ന ഭഗവതി തച്ചിരന്‍ ഇല്ലക്കാരുടെ അടുത്തും എത്തി. അവിടെനിന്നും 108 ഇടങ്ങളിലേയ്ക്കും മുച്ചിലോട് വ്യാപിച്ചു.

ഈ കഥ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ഇനി പറയാം. വാണിയര്‍ മരുമക്കത്തായികളാണ്. അതുകൊണ്ടുതന്നെ മുച്ചിലോടന്‍ പടനായരുടെ മരുമക്കളാണ് സാധാരണ രീതിയില്‍ കരിവെള്ളൂര്‍ മുച്ചിലോടിന്റെ അവകാശികളായി മാറുക. അവര്‍ 'മുച്ചിലോട്ടു' ഭഗവതിയാണല്ലോ. അവിടെ പടനായരുടെ മക്കള്‍ക്കല്ല അവകാശം. അവര്‍ അമ്മയുടെ ഇല്ലമായ തച്ചിരന്‍ ഇല്ലത്തെയും അതിന്റെ പാരമ്പര്യത്തെയും ആണ് പിന്തുടരുക. അങ്ങനെ വരുമ്പോള്‍ പടനായരുടെ മക്കള്‍ക്ക് കരിവെള്ളൂര്‍ മുച്ചിലോട്ട് സ്ഥാനമൊന്നും ഉണ്ടാകില്ല. അതുകൊണ്ട് ഭഗവതിയെ ആദ്യം കൊണ്ട പടനായരുടെ അടുത്തുനിന്നും ഭഗവതിയെ ആദ്യം കണ്ട പടനായരുടെ ഭാര്യയുടെ അടുത്തേയ്ക്കും ഇല്ലത്തേക്കും ഭഗവതിയെ എത്തിക്കുന്ന കഥയില്‍ ഒരു പാലംവലിയുടെ കഥ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അതുസൂചിപ്പിക്കുന്നത് ജാതിക്കകത്തുതന്നെയുള്ള ബന്ധങ്ങളെയും അതിലെ വ്യത്യാസങ്ങളെയും, തറവാടും അതു തീര്‍ക്കുന്ന സാമൂഹ്യബന്ധങ്ങളെയും പുതിയ ശീലങ്ങള്‍ തുടങ്ങുമ്പോള്‍ അത്തരം ബന്ധങ്ങള്‍ തകര്‍ത്തേക്കാവുന്ന നിലവിലുള്ള സ്ഥാപനങ്ങളേയും മര്യാദകളെയും അതിനോടുള്ള എതിര്‍പ്പുകളെയും കൂടിയാണ്. ഇതിലേറ്റവും പ്രധാനം തറവാടിനെ കുറിച്ചുള്ള സങ്കല്‍പമാണ്. ആധുനിക പൂര്‍വകാലത്ത് തറവാട് നാം ഇന്ന് വ്യവഹരിക്കുന്ന രീതിയിലുള്ള കുടുംബമായിരുന്നില്ല. ഇന്നത് അമ്മയും അച്ചനും മക്കളും ചേര്‍ന്ന ഒരു ഘടകം എന്ന നിലയിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് കുടുംബത്തെ രക്തബന്ധത്തില്‍ അടിസ്ഥാനപ്പെടുത്തിയും വംശാവലി വരച്ചും തിട്ടപ്പെടുത്താവുന്ന ഒരു സ്ഥാപനമായാണ് കണക്കാക്കുക. സത്യത്തില്‍ അത്തരത്തിലുള്ള കുടുംബത്തെ കുറിച്ചുള്ള ഇടുങ്ങിയ ചിന്ത ആധുനിക ജീവശാസ്ത്ര പഠനങ്ങളെ പിന്‍പറ്റി കോളനികളെ പഠിക്കാനായി നരവംശശാസ്ത്രജ്ഞന്മാര്‍ വളര്‍ത്തിയെടുത്ത സങ്കല്‍പമാണ്. ഇവിടെയുണ്ടായിരുന്ന തറവാട് ഒരു കുടുംബമായി ചുരുക്കിയെടുക്കേണ്ടതല്ല. അത് നേരത്തെ പറഞ്ഞ രക്തബന്ധവും വംശാവലിയും തീര്‍ക്കുന്ന കുടുംബത്തിനുമപ്പുറം അര്‍ത്ഥവും മാനവുമുള്ളതാണ്. പാലംവലിയുടെ കഥ വ്യാഖ്യാനിക്കുമ്പോള്‍ ഈ ചരിത്ര-സാമൂഹ്യശാസ്ത്രസത്യത്തിലേക്കാണ് നാം എത്തിച്ചേരുക.

കുടുംബബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ (kinship studies) സാധാരണയായി മൂന്നു തരത്തിലുള്ള ബന്ധങ്ങളെ കുറിച്ചാണ് പറയുക. രക്തബന്ധത്തെക്കുറിച്ചും വിവാഹബന്ധത്തെക്കുറിച്ചും സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും. പരക്കെയുള്ള ലൈംഗികബന്ധം സമ്മതിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഇവയ്ക്ക് പ്രാധാന്യമൊന്നുമില്ല. അതേസമയം അത് നിരസിക്കപ്പെട്ട (incest taboo) ഒരു സമൂഹത്തില്‍ കുടുംബം പ്രാധാന്യമുള്ളവതന്നെ. പക്ഷേ, അപ്പോഴും അവ നാമിന്നു വ്യവഹരിക്കുന്നരീതിയിലുള്ള നേര്‍ത്ത അണുകുടുംബ സങ്കല്‍പത്തിലെത്തിയിരുന്നില്ല.

രക്ത-വൈവാഹിക-സാഹോദര്യ ബന്ധത്തിലൂന്നി നടത്തുന്ന നരവംശശാസ്ത്ര പഠനങ്ങള്‍ പക്ഷേ കുടുംബത്തെ വംശാവലിയിലൂടെ തീര്‍ത്തെടുക്കാവുന്ന ജൈവബന്ധമായാണ് കാണുന്നത്. അല്ലാതെ സമൂഹ്യബന്ധമായല്ല. ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വ്യവഹരിക്കപ്പെടുമ്പോള്‍ ഈ കഥയ്ക്ക് ഒരേ രക്തത്തില്‍ പിറന്നവര്‍ ഒരു കൂട്ടായ്മയായി നില്‍ക്കുന്നു എന്ന അര്‍ത്ഥമോ പൂര്‍വികരെ തേടേണ്ടത് വംശാവലി അന്വേഷിച്ചോ ആണ് എന്ന് ചുരുങ്ങി പോകും. അതിനുമപ്പുറത്തേയ്ക്ക് ആധുനിക പൂര്‍വകാലത്ത് നിലവിലുള്ള സാമൂഹ്യമൂല്യത്തില്‍ വന്നേക്കാവുന്ന വ്യതിയാനങ്ങളെ ചെറുക്കുന്ന കാര്യമാണ് പാലം വലിയുടെ കഥ പറയുന്നത് എന്ന് കാണുമ്പോഴാണ് ഇതിനു പ്രാധാന്യം കൈവരുന്നത്. അതെന്താണെന്ന് വിശദീകരിക്കാം. 

മുച്ചിലോട്ടു ഭഗവതിയുടെ മിത്തില്‍ അവരെ ഒരു ബ്രാഹ്മണകന്യകയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ബ്രാഹ്മണസമൂഹം അവരെ പുറംതള്ളാനുള്ള കാരണമായി പറയുന്നത് അവര്‍ പരസ്യമാക്കുന്ന സന്താനോത്പാദന രഹസ്യവും രസവുമാണ്. ബ്രാഹ്മണര്‍ മക്കത്തായികളായതുകൊണ്ട് ഇതില്‍ ആദ്യത്തേത് ബ്രാഹ്മണകന്യയുടെ സാന്നിധ്യം കൊണ്ടും അവരുടെ സംസ്‌കാര രീതികൊണ്ടും അവര്‍ ചേര്‍ന്നുനിന്ന വാണിയ ഇല്ലം മക്കത്തായ പാരമ്പര്യത്തിലേയ്ക്ക് പോയേക്കുമോ എന്ന ശങ്ക അവിടെ ഉണ്ടായിരുന്നിരിക്കാം എന്നാണ്. രണ്ടാമത്തെ കാര്യം സൂചിപ്പിക്കുന്നത് പുനരുത്പാദനത്തെപ്പറ്റിയാണ്. ഇതിന്റെ പരസ്യപ്പെടുത്തല്‍ പക്ഷേ അവരുടെ മരണത്തിലാണ് കലാശിക്കുന്നത്. അതായത്, പുനരുത്പാദനം വേദനയോ സുഖത്തെയോ പോലെയുള്ള വികാരത്തെ അസ്പദമാക്കി പറയേണ്ടതല്ല പകരം സാമൂഹ്യബന്ധങ്ങള്‍ സാധ്യമാക്കുന്ന സ്ഥാപന മൂല്യമായിട്ടാണ് കാണേണ്ടത് എന്ന അറിവാണ് നാം കണ്ട കഥ രണ്ടാമതായി പറയുന്നത് എന്ന് ചുരുക്കം.പാലംവലി ഇവിടെ അന്നു നിലവിലുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലേക്കും അതേസമയം അതില്‍ അപഭ്രംശം സംഭവിക്കുമ്പോള്‍ അതിന്റെ വിച്ഛേദനം സൂചിപ്പിക്കുന്ന സങ്കല്‍പ്പനവുമായി മാറുകയാണ്. മുച്ചിലോടന്‍ പടനായരും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേര്‍ന്നുള്ള ഒരു കുടുംബത്തിലേക്കാണു ഭഗവതി വരുന്നതെങ്കിലും, കുടുംബം എന്നത് ഭാര്യയും ഭര്‍ത്താവും കുട്ടികളും മാത്രം അടങ്ങുന്ന ഒരു സ്ഥാപനമാണെന്ന നിലയിലേയ്ക്കു ചുരുക്കപ്പെടുകയാണെങ്കില്‍ അത് അന്നത്തെ നാട്ടുനടപ്പിനെതിരുതന്നെ. പാലംവലിയുടെ കഥ അങ്ങനെയുണ്ടായേക്കാവുന്ന ഒരു കുടുംബസങ്കല്‍പത്തെ എതിര്‍ക്കുമ്പോള്‍ പകരം ഉറപ്പിക്കുന്ന തറവാട് എന്ന സങ്കല്‍പത്തെ ഇന്ന്  സാമാന്യമായി വ്യവഹരിക്കുന്ന രീതിയില്‍ കുടുംബമായല്ല വ്യവഹരിക്കപ്പെടേണ്ടത്, മറിച്ച്, അനുഷ്ടാനത്താലും രക്തവൈവാഹിക സഹോദര ബന്ധങ്ങളാലും തീര്‍ത്ത സാകല്യമായാണ് എന്നുപറഞ്ഞുവെക്കുന്നുണ്ട്. മാത്രമല്ല കുടുംബം എന്നത് കേവലമായ സന്താനോത്പാദനത്തിനും അവരുടെ വളര്‍ച്ച സാധ്യമാക്കുന്നതിനും ഉള്ള ഒരിടം കൂടിയാണ് എന്നുകൂടി ഈ കഥയില്‍ നിന്നുവായിച്ചെടുക്കാം.

മുച്ചിലോട്ടു പെരുംകളിയാട്ടം നടക്കാതെപോയ ഒരു കല്യാണമാണ് എന്നാണ് സാധാരണ പറയാറ്. ഭഗവതിയുടെ തിരുമുടി നിവരുമ്പോള്‍ അന്തിത്തിരിയന്‍ താലിക്കെട്ടാന്‍ വരുമെന്നും അദ്ദേഹത്തിന് വാലായ്മയായതുകൊണ്ട് താലികെട്ടാന്‍ പറ്റാതെ ഭഗവതിയെ നിത്യകന്യകയായിത്തീര്‍ത്ത് ആരാധിക്കുന്നു എന്നു പറയും. നേരത്തെ പറഞ്ഞ കുടുംബബന്ധം തീര്‍ക്കുന്നതരത്തിലുള്ള കല്യാണമാണതെങ്കില്‍ അതുനടക്കേണ്ടാത്തതുതന്നെ. പകരം തറവാടിന്റെ നിലനില്‍പ്പും തുടര്‍ച്ചയും സാധ്യമാക്കുന്ന കല്യാണമാണെങ്കില്‍ അത് നടക്കുകയും വേണം. കളിയാട്ടത്തിന്റെ മൂന്നാം ദിവസത്തെ അനുഷ്ടാനത്തില്‍ തറവാട്ടിലെ ഋതുമതികളാകാത്ത പെണ്‍കുട്ടികളുടെ താലിമംഗലം നടത്തി അതവര്‍ സാക്ഷാത്ക്കരിക്കുകകൂടി ചെയ്യും.

ഇതില്‍ ആദ്യത്തെ നടക്കാത്ത കല്യാണം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഭഗവതിയുടെ കല്യാണം ആണെന്നുമാത്രമല്ല അതുനടക്കാതിരിക്കുകയും വേണം. ആ കല്യാണം നടന്നാല്‍ ഉണ്ടായേക്കാവുന്ന കുടുംബം നേരത്തെ കണ്ട ആധുനിക പൂര്‍വ മലബാറിലെ സാമൂഹ്യമൂല്യം ആഗ്രഹിക്കുന്ന തറവാട് ബന്ധങ്ങളെ പുനരുത്പാദിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കില്ല. മക്കത്തായം പിന്തുടരുന്ന ബ്രാഹ്മണനും മരുമക്കത്തായം പിന്തുടരുന്ന വാണിയനും ചേര്‍ന്നിരുന്നാല്‍ ഉണ്ടായേക്കാവുന്ന സംഭ്രമവും ആ ബന്ധം തീര്‍ക്കുന്ന കുടുംബവും ആവര്‍ത്തിക്കപ്പെടേണ്ടതല്ല, വിച്ഛേദിക്കപ്പെടേണ്ടതാണ്. അങ്ങനെ ഒരു സംയോജനത്തിന്റെ കഥ മുച്ചിലോട്ടുപോതിയുടെ കഥകളില്‍ നിന്ന് നമുക്ക് വായിക്കാം. കൈലാസത്ത് നിന്നും പുറപ്പെട്ട ഭഗവതി രയരമംഗലത്തെത്തി അവിടെ ഭഗവതിയെക്കണ്ട് ഇരിക്കാന്‍ ഇടം ആവശ്യപ്പെട്ടപ്പോള്‍ തന്റെ കഴിവുതെളിയിക്കുവാനാണ് ആദ്യം പറയുന്നത്. മുച്ചിലോട്ടു ഭഗവതി അതുതെളിയിച്ചപ്പോള്‍ മനംനിറഞ്ഞ രയരമംഗലത്ത് ഭഗവതി ഇരിക്കാന്‍ ഇരിപ്പിടവും അധികാരവും നല്‍കി. തുടര്‍ന്ന് രയരമംഗലത്ത് ഭഗവതി ഇത്രയും കഴിവും പ്രാപ്തിയുമുള്ള മുച്ചിലോട്ടു ഭഗവതിക്ക് കല്യാണം വേണമെന്ന് നിശ്ചയിച്ചു. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴാണ് മുച്ചിലോടന്‍ പടനായര്‍ (ചില കഥകളില്‍ പടനായരുടെ മരുമകന്‍) തന്റെ തുത്തികയില്‍ എണ്ണയുമായി രയരമംഗലത്ത് എത്തുന്നത്. അയാളുടെ അടുക്കും ആചാരവും നടപ്പും കുറിയും ഭക്തിവിശ്വാസവും കണ്ട് ആകൃഷ്ടയായി ഭഗവതി അദ്ദേഹത്തിന്റെ തുത്തികയില്‍ ആവേശിക്കയും പടനായരുടെകൂടെ കരിവെള്ളൂരിലേക്ക് എഴുന്നള്ളുകയും ചെയ്തു. അയാള്‍ തന്റെ തറവാടൊഴിഞ്ഞു ഭഗവതിക്ക് ഇരിക്കാന്‍ ഇടവും നല്‍കി. ഈ കൂടിച്ചേരലാണ് സ്ഥായിയായി നിലനില്‍ക്കാത്തതും തറവാടിന്റെ തുടര്‍ന്ന സാധ്യമാക്കാത്തതുമായ ബന്ധം.

അതേസമയം കളിയാട്ടത്തില്‍ നാം കാണുന്ന രണ്ടാമത്തെ കല്യാണം തറവാട്ടിലെ ഋതുമതികളാകാത്ത പെണ്‍കുട്ടികളുടെ താലിമംഗലമാണ്. അത് കളിയാട്ടം നടക്കുന്ന വിശുദ്ധഭൂമിയില്‍ ഭഗവതിയുടെ നടയില്‍ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യും. താലിമംഗലമാണ് ആധുനിക പൂര്‍വകാലത്തെ യഥാര്‍ത്ഥ കല്യാണം. ഇതില്‍ ഓരോ തറവാട്ടിനും നിശ്ചയിക്കപ്പെട്ട ഇണകള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടും. താലികെട്ടുമെങ്കിലും അങ്ങനെ താലി കെട്ടുന്ന ഇണങ്ങനു സാധാരണയായി താന്‍ താലികെട്ടിയ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവകാശമൊന്നുമില്ല. അങ്ങനെ വേണമെങ്കില്‍ പുടവവേറെ കൊടുക്കണം. ഇണങ്ങന്‍ താലികെട്ടുന്നത് തറവാടിന്റെ ആവശ്യാര്‍ത്ഥമാണ്. അല്ലാതെ സന്താനോത്പാദനം എന്ന ലക്ഷ്യത്തോടെയല്ല. ഈ താലിമംഗലം അവളെ തറവാട്ടുകാരിയാക്കും. അവള്‍ ജന്മംകൊടുക്കുന്ന കുട്ടി കൃത്യമായ ഇണങ്ങുന്ന ബന്ധത്തോടുകൂടിയ തറവാട്ടുകാരിയുമാകും. അവള്‍ പിന്നിട് ആരുമായി സംബന്ധ/പുടമുറി ബന്ധമുണ്ടാക്കിയാലും. താലിമംഗലം അങ്ങനെ ഒരു തരത്തില്‍ പെണ്‍കുട്ടിയെ തറവാട്ടിലേയ്ക്ക് വേണ്ടുംവിധം കല്യാണം കഴിപ്പിക്കലും തറവാട്ടിലേയ്ക്കുതന്നെ അനുഷ്ഠാനപരമായി ചേര്‍ത്തുനിര്‍ത്തലുമാണ്. തറവാടിന്റെ തുടര്‍ച്ചയ്ക്ക് ആവശ്യവും അതുതന്നെ. അനുഷ്ടാനപരമായ താലിമംഗലം കഴിഞ്ഞാല്‍ സ്ത്രീക്ക് പുടമുറിയോ സംബന്ധമോ ആകാം. തറവാടുവിട്ടുപോകും. അതേസമയം അനുഷ്ടാനപരമായി ഇണങ്ങന്റെ താലിമംഗലം വഴി അവള്‍ തറവാട്ടുകാരിയായി തുടരുകയും ചെയ്യും.

സംബന്ധവും പുടമുറിയും പെണ്‍കുട്ടിയെ തറവാട്ടുകാരിയാക്കുന്നതോ തറവാടിന്റെ തുടര്‍ച്ച സാധ്യമാക്കുന്നതോ അല്ല. അത് നേരത്തെ പറഞ്ഞ മിത്തില്‍ കണ്ട രസത്തിന്റെയും സുഖത്തിന്റെയും വികാരങ്ങള്‍ തീര്‍ക്കാനുള്ളതാണ്. മുച്ചിലോട്ടെ കളിയാട്ടത്തില്‍/അനുഷ്ഠാനങ്ങളില്‍ പുടമുറിയും സംബന്ധത്തിനും സ്ഥാനമില്ല. അങ്ങനെ ഉണ്ടാകുന്ന ബന്ധങ്ങള്‍ നയിച്ചേക്കുക തറവാടുകള്‍ ഉണ്ടാക്കുന്നതിലേക്കൊ അതിന്റെ തുടര്‍ച്ചകളിലേക്കോ അല്ല. മറിച്ച് നേരത്തെ പറഞ്ഞ അണുകുടുംബങ്ങളിലേക്കായിരിക്കും. ആധുനിക പൂര്‍വകാലം ആവശ്യപ്പെടുന്നത് അത്തരത്തിലുള്ള കുടുംബങ്ങളല്ല. അനുഷ്ഠാനവും ഭൂമിയും രക്ത-വൈവാഹിക-സാഹോദര്യ ബന്ധങ്ങളും സാമൂഹ്യശ്രേണിയുമായുള്ള ചാര്‍ച്ചയും സാധ്യമാക്കുന്ന തറവാടുകളാണ്. പെരുംകളിയാട്ടം വാണിയര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നതും അതുതന്നെയാണ്.

തറവാട്ടിന്റെയും ഇല്ലത്തിന്റെയും മഹിമയും പ്രാധാന്യവും അതുകൊണ്ട് ഇവര്‍ പെരുംകളിയാട്ടത്തിന്റെ അനുഷ്ഠാന നിര്‍വഹണവേളകളില്‍ കൃത്യമായി പാലിക്കുന്നതു കാണാം. ഇതിനൊരുദാഹരണം പറയാം. മാതമംഗലം മുച്ചിലോട്ട് തച്ചിരം വാണിയരുടേതാണ്. ഒരു പള്ളിക്കര വാണിയ തറവാടുമായുണ്ടായ സ്പര്‍ദ്ധയുടെ കഥയുണ്ട് മാതമംഗലം മുച്ചിലോട്ടിന്റെ നിര്‍മിതിയുമായി ബന്ധപ്പെട്ട്. ഇന്നും പള്ളിക്കര വാണിയന്‍ ആചാരസ്ഥാനം വഹിക്കുന്നതിന് ഇവിടെ വിലക്കുണ്ട്. അതേസമയം പള്ളിക്കര വാണിയനെ/വാണിയത്തിയെ അവിടെ തച്ചിരം വാണിയര്‍ക്കു പൊടമുറി കഴിക്കുന്നതില്‍ വിലക്കില്ലതാനും. അവിടെ മുച്ചിലോട്ടെ വാലിയക്കാരാകുന്നതിലും അവര്‍ക്ക് വിലക്കില്ല. പക്ഷേ മുച്ചിലോട്ടെ അനുഷ്ഠാനത്തില്‍ ഭാഗഭാക്കാകുമ്പോള്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും. പള്ളിക്കര വാണിയനായ ഒരു വാലിയക്കാരനായിരുന്നു കഴിഞ്ഞ പെരുംകളിയാട്ടത്തിന്റെ ആദ്യദിവസം മുച്ചിലോട്ടു ഭഗവതിയുടെ കൈവിളക്കു പിടിച്ചിരുന്നത്. അത് ചിലര്‍ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മുതല്‍ പ്രസ്തുത പള്ളിക്കര ഇല്ലക്കാരനായ യുവാവിനെ ആ ചുമതലയില്‍ നിന്നു മാറ്റുകയും ചെയ്തു. ഇത് ചെറിയ വാക്ക് തര്‍ക്കത്തിനിടയാക്കിയെങ്കിലും പ്രസ്തുത യുവാവ് നിരുപാധികം പിന്‍വലിഞ്ഞതുകൊണ്ട് അനുഷ്ഠാനഭംഗമുണ്ടാക്കാതെ അധികമാരും അറിയാതെ തര്‍ക്കം അവസാനിപ്പിച്ചു.

ഈ സംഭവത്തെ ഏതെങ്കിലും ഒരു വ്യക്തിയുടെ എതിര്‍പ്പായോ പകപോക്കലായോ കാണേണ്ടതില്ല. മറിച്ച് ഇത് അനുഷ്ഠാനം അതിന്റെ ആന്തരിക ചലനാത്മകതയാല്‍ ഉണ്ടാക്കിയെടുക്കുന്ന/നിര്‍മിച്ചെടുക്കുന്ന സ്വന്തം തറവാട് എന്നും സ്വന്തം ഇല്ലം എന്നുമുള്ള പ്രതീതിമാത്ര യാഥാര്‍ത്ഥ്യ (virtual reality) നിര്‍മ്മിതിയുടെ ഭാഗമായാണ് കാണേണ്ടത്. അനുഷ്ഠാനത്തിനുപുറത്ത് ഈ ബോധം അത്ര പ്രാധാന്യമുള്ളതല്ല. അനുഷ്ടാനം പക്ഷേ തറവാട് എന്നും ഇല്ലം എന്നുമുള്ള ബോധത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കും. അത് കുടുംബത്തിനപ്പുറമുള്ള ഒരു ബോധമാണ്. അതിന്റെ നിലനില്‍പിനായാണ് ഭഗവതിയുടെ വരവും കളിയാട്ടവും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. തറവാടായും ഇല്ലമായും സങ്കല്‍പ്പിച്ചെടുക്കുമ്പോള്‍ അത് രക്തബന്ധത്തിലൂടെ കണ്ടെത്തുന്ന സ്ഥാപനമായല്ല കണക്കാക്കിയിട്ടുള്ളത്. മാത്രമല്ല വംശാവലിയിലൂടെ വരച്ചുവെക്കാവുന്ന ഒന്നായും അതിനെ തീര്‍ക്കുന്നില്ല. ഇത് വിശദമാക്കാന്‍ എന്താണ് മുച്ചിലോടുകളില്‍ സംഭവിക്കുന്നത് എന്നുനോക്കണം.ഏക ഊരാളക്കാരായ തൃക്കരിപ്പൂര്‍ മുച്ചിലോട്ടില്‍ പെരുംകളിയാട്ടത്തിനു പങ്കെടുക്കുന്ന തച്ചിരന്‍ ഇല്ലത്തിലുള്ള എല്ലാവര്‍ക്കും പരസ്പരമറിയണമെന്നില്ല. അതറിയുകയുമില്ല. അറിയുന്നവര്‍ക്കു തന്നെ അവരുടെ ബന്ധങ്ങള്‍ വംശാവലി വൃക്ഷം വരച്ചു ബന്ധിപ്പിക്കാനായെന്നും വരില്ല. അതേസമയം അനുഷ്ഠാന സന്ദര്‍ഭങ്ങളില്‍ അവര്‍ ഒന്നാണെന്ന് തിരിച്ചറിയുകയും ചെയ്യും. മാത്രമല്ല വിവാഹം പോലുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ മുമ്പ് കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്ത ഇടങ്ങളില്‍ എത്തുമ്പോഴും ഒരേ ഇല്ലക്കാരേയാണ് കാണുന്നതെങ്കില്‍ അവര്‍ സഹോദര ബന്ധത്തിലുള്ളവരാണെന്നു പറഞ്ഞു കല്യാണം നടത്താതിരിക്കുകയും ചെയ്യും. ഇവിടെ അറിയുന്ന രക്തബന്ധമല്ല തീരുമാനമെടുക്കുന്നതിന് നിദാനമാകുന്നത്. മറിച്ച് സാംസ്‌കാരികമായി കൈമാറിയെത്തിയിരിക്കുന്നതും സ്വീകരിക്കപ്പെട്ടതുമായ അറിവാണ്. ഇവിടെ ബന്ധങ്ങളെ നിശ്ചയിക്കുന്നത് വരച്ചുവെക്കാവുന്ന വംശാവലിയോ കൊണ്ടറിയാവുന്ന പ്രത്യുത്പാദനബന്ധമോ അല്ല. സാംസ്‌കാരികമായ അറിവാണ്. അതായത് ഇവിടെ വിലക്കുകളും ബന്ധങ്ങളും ഉണ്ടാക്കിയെടുത്തത് ജീവശാസ്ത്ര (biological) അറിവല്ല സാമൂഹ്യ (social) അറിവാണ് എന്ന് ചുരുക്കം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് വംശാവലിയല്ല മറിച്ചു സാമൂഹ്യനിയമാവലിയാണ്. 

തറവാടുകള്‍ ഉണ്ടാക്കുന്നത് ഈ സാമൂഹ്യനിലയാണ്. പെരുംകളിയാട്ടം കൂടിവരുന്ന ഈ കാലത്തും കുടുംബത്തിനപ്പുറമുള്ള തറവാട്, ഇല്ലം തുടങ്ങിയ സ്വത്വങ്ങള്‍ പ്രസക്തമാകുന്നുണ്ട്. അനുഷ്ഠാനങ്ങള്‍ അവയെ നിര്‍മിച്ചെടുക്കുന്നുമുണ്ട്. അങ്ങനെയുള്ള കൂട്ടായ്മയെ അനുഷ്ടാനത്തിന്റെ ചലനാത്മകതയാല്‍ അതിനകത്ത് തന്നെ ഭാവനാത്മകമായി നിര്‍മിച്ചെടുക്കാന്‍ കഴിയുന്നു എന്നതുതന്നെയാണ് പെരുംകളിയാട്ടത്തിന്റെ ഒരു പ്രത്യേകതയും. നിലവിലുള്ള കൂട്ടായ്മയുടെ ഉദാഹരണങ്ങളായ സ്റ്റേറ്റിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വര്‍ഗ സംഘടനകള്‍ക്കും ഒരര്‍ത്ഥത്തില്‍ ജാതിക്കും സമകാലീന സമൂഹം സൃഷ്ടിക്കുന്ന സന്ദിഗ്ദതയെ മറികടക്കാന്‍ കഴിയാതെപോകുമ്പോള്‍ അവനവന്റെ നിലനില്‍പ്പിനായി ഭാവനാത്മകമായി നിര്‍മ്മിച്ചെടുക്കുന്ന സമൂഹ്യതയാണ് ഭൗതിക യാഥാര്‍ത്ഥ്യമെന്ന നിലയില്‍ ചരിത്രത്തില്‍ നിന്നും സമകാലീന സമൂഹത്തില്‍ നിന്നും ഇല്ലാതാക്കപ്പെട്ട തറവാടിന്റെയും ഇല്ലത്തിന്റെയും അനുഷ്ഠാനത്തിലൂടെയുള്ള തിരിച്ചുവരവ് വരച്ചുവയ്ക്കുന്നത്.

ഇങ്ങനെ പറയുമ്പോള്‍, പടനായരുമായി ചേര്‍ന്ന് ഭഗവതിയുണ്ടാക്കിയേക്കാവുന്ന കുടുംബരൂപത്തെ സ്വീകരിക്കാതിരിക്കുന്നവര്‍ പിന്നെന്തിനു ഭഗവതിയെ അവരുടെ കുലദൈവമായി ആരാധിക്കുന്നു എന്ന ചോദ്യം വന്നേക്കാം. ആ ചോദ്യം ഭഗവതിയെ ഏകമുഖമുള്ള - ഏകഗുണമുള്ള ഒരു വ്യക്തി/ദേവത എന്ന നിലയില്‍ ചുരുക്കി കാണുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. ആധുനികപൂര്‍വകാലത്ത് അത്തരത്തിലുള്ള വൈയക്തിക ചിന്തയ്ക്കായിരുന്നില്ല പ്രാധാന്യം. ഓരോന്നിനെയും അതാക്കിത്തീര്‍ക്കുന്ന സാമൂഹ്യബന്ധങ്ങള്‍ക്കായിരുന്നു പ്രാധാന്യം. വ്യക്തി തന്നെ പലതരം സാമൂഹ്യബന്ധങ്ങളില്‍ വ്യത്യസ്തമായി അവതരിപ്പിക്കപ്പെടുന്ന പ്രതീതിമാത്ര യാഥാര്‍ത്ഥ്യമാണ്. ഭഗവതിയെ അനന്യ ഏകകമായല്ല കാണുന്നത്. മറിച്ച് വേര്‍തിരിച്ചുമാറ്റാവുന്ന വിവിധ അംശങ്ങളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. മിത്തില്‍ അവരെ അവതരിപ്പിച്ചിരിക്കുന്നതുതന്നെ വ്യത്യസ്ത ശക്തി/കഴിവുകള്‍ ഉള്ളവരായാണ്. ബ്രാഹ്മണരുമായി തര്‍ക്കിക്കുമ്പോള്‍ വിജ്ഞാനത്തിന്റെ മൂര്‍ത്തീമത്ഭാവത്തിലാണെങ്കില്‍ രയരമംഗലത്തെത്തുമ്പോള്‍ കൃഷിയുടെ അധികാരിയായാണ് മാറുന്നത്. പടനായരുടെ തുത്തികയില്‍ നിറഞ്ഞ സാന്നിധ്യമാണ് എങ്കില്‍ പടനായരുടെ ഭാര്യയുടെ മുമ്പില്‍ ഒച്ചയായും മണമായും പൊയ്ക്കണ്ണും മുള്ളെകിരുമായും അനുഭവപ്പെട്ട ശക്തിയാണ്. ഭഗവതിയെ കൊണ്ടാടുന്ന കനലാടിക്കും അതിന്നുകണ്ട് ആനന്ദിക്കുന്ന വിശ്വാസിക്കും അവള്‍ പ്രപഞ്ചത്തിന്റെ ആകെത്തുകയാണ് (cosmic totality). ഈ വൈവിധ്യങ്ങളെ നേരത്തേയുള്ള സത്തയുടെ ചില ഭാഗങ്ങളെ തുറക്കലും ചിലതിനെ അടക്കലും ആയി കാണേണ്ടതില്ല. മറിച്ച് ഓരോ സാമൂഹ്യബന്ധത്തിലും ഉണ്ടായിവരുന്ന അനുഭവങ്ങളായി കണ്ടാല്‍ മതി. ഭഗവതിയുടെ ഈ ശക്തിയാണ് വ്യത്യസ്ത ഇടങ്ങളിലും കാലങ്ങളിലും പുനരവതരിക്കാന്‍ ഇടയാക്കുന്നത്. അതുകൊണ്ട് പടനായര്‍ക്ക് പ്രിയമാകുംപോലെത്തന്നെയാണ് പടനായരുടെ ഭാര്യയ്ക്കും ഭഗവതി രക്ഷകയാകുന്നതും ആരാധിക്കപ്പെടുന്നതും. 

ചിത്രങ്ങള്‍: വിനോദ് കുമാര്‍ കെ. 

(തലശ്ശേരി, ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)