TopTop
Begin typing your search above and press return to search.

ഇവിടെ വികസനം വിശ്വാസം മാത്രം; തങ്ങള്‍ പാകിസ്ഥാന്റെ ഭാഗമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാമം

ഇവിടെ വികസനം വിശ്വാസം മാത്രം; തങ്ങള്‍ പാകിസ്ഥാന്റെ ഭാഗമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാമം
എതിര്‍ക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറും ആവശ്യപ്പെടുന്നത്. ബിജെപിക്ക് അപ്രാപ്യമായ കേരളം ഇടിമുഴങ്ങുന്ന പാകിസ്ഥാനാണെന്ന് ഒരു ടെലിവിഷന്‍ ചാനല്‍ വിശേഷിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാലിതാ ഇവിടെ ഒരു ഗ്രാമം ഒന്നടങ്കം സ്വയം പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങുകയാണ്.

പാക് അധിനിവേശ കാശ്മീര്‍ എന്നാണ് ഇവര്‍ തങ്ങളുടെ ഗ്രാമമായ സിമ്രാന്‍പുരിനെ വിശേഷിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പേരിന് പോലും ഗ്രാമത്തില്‍ നടപ്പാകാത്ത വികസനമാണ് ഈ ഗ്രാമവാസികളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഗ്രാമത്തില്‍ ഒരു പൈപ്പ് സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അത് പശുവിനെ കെട്ടാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എട്ട് വര്‍ഷമായി ഇവിടെ സ്ഥിതി ചെയ്യുന്ന ഈ പൈപ്പില്‍ വെള്ളം വരുന്നത് ആരും കണ്ടിട്ടില്ല. വഴിയും വെള്ളവും വെളിച്ചവും ഇല്ലാതെ പൊറുതുമുട്ടിയപ്പോഴാണ് ഇവര്‍ സ്വന്തം ഗ്രാമത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിച്ച് തുടങ്ങിയത്.

തങ്ങള്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകളും ഇവര്‍ ഗ്രാമത്തിലുടനീളം പതിപ്പിച്ചു കഴിഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം നടക്കുമെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മനസിലായതോടെയാണ് ഇവര്‍ സ്വയം പാകിസ്ഥാന്റെ ഭാഗമായി പ്രഖ്യാപിച്ചത്. ദുരിതങ്ങളുടെ തുരുത്തായി മാറിയ ഗ്രാമത്തിലേക്ക് ആരും പെണ്ണുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒട്ടനവധി ചെറുപ്പക്കാരാണ് ഇവിടെ വിവാഹം മുടങ്ങി നില്‍ക്കുന്നത്. ഇവരാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നതും.

കാണ്‍പൂരിലെ ഘട്ടംപൂരിലെ ദൗലത്പുര്‍ പഞ്ചായത്തിലാണ് സിമ്രാന്‍പുര്‍ സ്ഥിതിചെയ്യുന്നത്. വൈദ്യുതിയെന്നത് ഇവര്‍ക്ക് കേട്ടറിവ് മാത്രമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡും ഇടിഞ്ഞു വീഴാറായ പള്ളിക്കൂടവും ആശുപത്രിയുമാണ് ഇവിടെയുള്ളത്. ഗ്രാമത്തില്‍ അടുത്തിടെ നടന്ന ഏക വികസന പ്രവര്‍ത്തനമാണ് നേരത്തെ പറഞ്ഞ ഹാന്‍ഡ് പൈപ്പ്.

ഒരു സൗകര്യവുമില്ലാത്ത ഈ ഗ്രമത്തിലെ യുവാക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറല്ല. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സ്ഥലം എംഎല്‍എ മുനീന്ദ്ര ശുക്ലയെ സമീപിച്ചിട്ടും പ്രയോജനമുണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ബിജെപി എംഎല്‍എ അഭിജിത് സിംഗ് സംഗയെ സമീപിച്ചെങ്കിലും അപ്പോഴും ഫലമൊന്നുമുണ്ടായില്ല. അതോടെയാണ് ഇവര്‍ പാക് അധിനിവേശ കാശ്മീരെന്ന് സ്വയം പ്രഖ്യാപിച്ചത്.

2008ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു കോണ്‍ട്രാക്ടര്‍ ഇവിടെ മത്സരിച്ചതിനാലാണ് വൈദ്യുതി കമ്പികളില്ലാത്ത ഇലക്ട്രിക് പോസ്റ്റുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ഗ്രാമത്തോട് ചേര്‍ന്നാണ് സംസ്ഥാനത്തെ പ്രധാന വൈദ്യുതി പദ്ധതികളെല്ലാം നടക്കുന്നതെങ്കിലും 70 വര്‍ഷമായി ഈ നാട്ടുകാര്‍ക്ക് വൈദ്യുതി കേട്ടുകേള്‍വി മാത്രമാണ്. ഗ്രാമത്തില്‍ 30 പേര്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. എന്നാല്‍ അവര്‍ക്ക് പോലും റേഷന്‍കടക്കാരന്‍ ആവശ്യത്തിന് മണ്ണെണ്ണയോ മറ്റ് ആവശ്യവസ്തുക്കളൊ നല്‍കാറില്ല.

വെള്ളവും വെളിച്ചവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നത് വരെ തങ്ങള്‍ പാക് അധിനിവേശ കാശ്മീര്‍ എന്ന പ്രചരണത്തില്‍ ഒറ്റക്കെട്ടായിരിക്കുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നവരെ പാകിസ്ഥാനികളെന്ന് വിളിക്കുന്ന അധികാരവര്‍ഗ്ഗം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധനല്‍കിയില്ലെങ്കില്‍ അവര്‍ സ്വയം പാകിസ്ഥാനിലേക്ക് പോകുമെന്ന സൂചനയാണ് സിമ്രാന്‍പുര്‍ നല്‍കുന്നത്.

Next Story

Related Stories