TopTop
Begin typing your search above and press return to search.

പെണ്ണിന്റെ തുണിയല്ല പ്രശ്നം, നിങ്ങളുടെ ലിംഗചലനമാണ്; കുഴിമറ്റത്തിനൊരു തുറന്നകത്ത്

പെണ്ണിന്റെ തുണിയല്ല പ്രശ്നം, നിങ്ങളുടെ ലിംഗചലനമാണ്; കുഴിമറ്റത്തിനൊരു തുറന്നകത്ത്

അജിന്‍ കെ തോമസ്

ശ്രീമാന്‍ ബാബു കുഴിമറ്റം,

ഗാന്ധി-അംബേദ്കര്‍ സംവാദവും, ദളിത് -ആദിവാസി സ്ത്രീകളുടെ അമര്‍ഷങ്ങളും, കാടുകളെ ബൂര്‍ഷ നിലങ്ങളാക്കി തീറെഴുതി കൊടുക്കാനുള്ള അധികാരികളുടെ ഒച്ചപ്പാടുകളും ഒരേസമയം മുഴങ്ങികേള്‍ക്കുന്ന ഒരിടമായി കേരളം അതിവേഗത്തില്‍ മാറികൊണ്ടിരിക്കുന്നു. കേരളത്തിലെ ഏതു സംഘര്‍ഷത്തിലും, പ്രത്യേകിച്ച് ദളിത്-ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവുമധികം കഷ്ടതകള്‍ സഹിക്കേണ്ടി വരുന്നത് ആ സമൂഹങ്ങളിലെ സ്ത്രീകളാണ്. മേലാളന്മാരുടെ അപസ്വരങ്ങളില്‍ നഷ്ടപെട്ടുപോയ അവരുടെ സംഘര്‍ഷങ്ങളുടെ പ്രസക്തി ഇന്നും എത്രത്തോളം നമ്മളെ വെല്ലുവിളിക്കുന്നു എന്നതിന്റെ ഉത്തമ ഉദ്ദാഹരണമാണ് അങ്ങയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ അപക്വത. സില്‍വിയ പ്ലാത്ത് തൊട്ടു അരുന്ധതി റോയ് വരെയുള്ള ധീരരായ സാഹിത്യകരികളെ വായിക്കാന്‍ അവസരം കിട്ടിയിട്ടുള്ള എനിക്ക് അങ്ങയുടെ പേര് മാധ്യമങ്ങളില്‍ 'മഹത്തായ സാഹിത്യകാരന്‍' എന്ന മുഖവുരയോടുകൂടി വരുമ്പോള്‍ സങ്കോചകരമായ ഒരു അനുഭൂതി അല്ലാതെ മറ്റൊന്നും വായിച്ചെടുക്കാന്‍ കഴിയുന്നില്ല.

ചാന്നാര്‍ ലഹള എന്നത് തിരുവിതാംകൂറിലെ പന്നയെരി നാടാര്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി അവര്‍ നടത്തിയ സമരങ്ങള്‍ക്ക് നല്‍കിയ പേരായിരുന്നു. 1859 ല്‍ വിജയം കണ്ട സംഘര്‍ഷം ഇന്ന് നമ്മുടെ ചരിത്ര പുസ്തകങ്ങളിലെല്ലാം വെറുമൊരു അടിക്കുറിപ്പ് മാത്രമായി തീര്‍ന്നിരിക്കുന്നു. മാന്യതയുടെയും സംസ്‌കാരത്തിന്റെയും മേലാള ചിത്രം അന്ന് മാറ് മറക്കാതെയുള്ള ദളിത് യുവതികള്‍ ആയിരുന്നെങ്കില്‍ ഇന്ന് മാന്യതയുടെ അതിര്‍വരമ്പുകള്‍ അങ്ങയെപോലുള്ള, സ്ത്രീ അങ്ങ് നിശ്ചയിക്കുന്ന വസ്ത്രം ധരിക്കുന്ന വെറും വസ്തുക്കള്‍ ആണെന്ന് ഏറ്റുപറയാന്‍ മടിക്കാത്ത പുരുഷ മേലാളന്മാര്‍ നിശ്ചയികുന്നത് ഒരേസമയം പരിതാപകരവും പരിഹാസ്യവും ആണെന്നോര്‍ക്കുക.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഭാരതത്തില്‍ ഓരോ ആഴ്ച്ചയിലും 21 ഓളം ദളിത് സ്ത്രീകള്‍ മേല്‍ ജാതി പുരുഷന്മാരുടെ പീഢനങ്ങള്‍ക്ക് ഇരകളയിത്തീരുന്നു. 2006 ലെ അതിക്രൂരമായ ഖൈര്‍ലഞ്ഞി പീഢനങ്ങള്‍ ഇവയില്‍ ഒരു സംഭവം മാത്രം. എഴുപത് ശതമാനത്തോളം ദളിത് സ്ത്രീകള്‍ ഇന്ന് കേവല വിദ്യാഭ്യാസം പോലുമില്ലാതെ വലയുന്നു. ആയിരക്കണക്കിന് ദളിത് പെണ്‍കുട്ടികളാണ് യൗവനാരംഭം പോലും പ്രാപികുന്നതിനു മുന്‍പ് വേശ്യാവൃത്തിയില്‍ എര്‍െപ്പടാന്‍ നിര്‍ബന്ധിതമായിതീരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തില്‍ അമിത മരണനിരക്ക് മൂലം പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതിനു മുന്‍പ് തന്നെ വിധവകളായി തീര്‍ന്നിരുന്ന ദളിത് പെണ്‍കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച സവിതൃ ബായ് ഫുലെയും ജ്യോതിറാവു ഫുലെയും അവരുടെ പ്രയത്‌നങ്ങളെയും അങ്ങ് അടക്കമുള്ള സ്ത്രീവിരോധികള്‍ എന്നേ തങ്ങളുടെ മഹത്തായ സാഹിത്യ രചനകളുടെ കോണുകളില്‍ നിന്നുവരെ ചവിട്ടി പുറത്താകിയിരിക്കുന്നു.അങ്ങയുടെ തിരക്കിട്ട സമയപ്പട്ടികയ്ക്കുള്ളില്‍ വായിക്കാന്‍ സാധ്യത ഇല്ലാത്ത, വായിച്ചെങ്കില്‍ പോലും ഒരിക്കലും ഗൗരവത്തോടുകൂടി നോക്കി കാണും എന്ന് എനിക്ക് പ്രതീക്ഷയില്ലാത്ത, മുത്തങ്ങയിലെയും ചെങ്ങറയിലെയും ആദിവാസി പീഢനങ്ങള്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ വന്നത് അതൊരു രാഷ്ട്രീയ അങ്കത്തിലെ ആയുധങ്ങളായി തീരാന്‍ വകയുണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമായിരുന്നു. നമ്മുടെ രാജ്യത്തെ നടുഭാഗത്ത് സ്ഥിതി ചെയുന്ന സംസ്ഥാനങ്ങളില്‍ പോലീസിന് എപ്പോള്‍ വേണമെങ്കിലും ഗ്രാമങ്ങളില്‍ കയിറിച്ചെന്നു സ്ത്രീകളെ പീഢിപ്പിക്കാം. മാവോയിസ്റ്റ് ആണെന്നുള്ള സംശയത്തിന്റെ നിഴലില്‍ പോലും. അവിടെ ഇപ്പോള്‍ സല്‍വാ ജുദൂം എന്ന പൗരസേന വീണ്ടും സംഘടിപ്പിച്ചു സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താനാണത്രേ ഭരണകൂടത്തിന്റെ നീക്കം. സ്വന്തം സഹോദരിമാരെയും കൂട്ടുകാരികളെയും പോലീസ് പീഢിപ്പിക്കുന്നതിന്റെ നടുക്കമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷികളായതിനുശേഷം മാവോയിസ്റ്റ് സൈനിക വിഭാഗത്തില്‍ ചേര്‍ന്ന എത്രയോ സ്ത്രീകളുടെ ഇളകിമറിഞ്ഞ കഥകള്‍ ഇന്ന് പുറംലോകത്തു ലഭ്യമാണ്.

ഭൂമിയിലെ സ്വര്‍ഗം എന്ന് നമ്മള്‍ എപ്പോഴും വിളിക്കുന്ന കശ്മീരിലെ സ്ത്രീ പീഢനങ്ങളെ കുറിച്ച് അങ്ങ് കേട്ടു കാണുമോ എന്നറിയില്ല. സൈനിക ശക്തികള്‍ ആ താഴവരയെ രോദനതിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമായി നമുക്ക് മുന്‍പില്‍ വരച്ചുകാട്ടുന്നു. 2006 തൊട്ടു 2013 വരെയുള്ള 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1336 പീഢന കേസുകളാണ് അവിടെ രജിസ്റ്റര്‍ ചെയ്തത്. ഒര്‍ക്കണം, ഇത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മാത്രമാണ്. ഇവയില്‍ തന്നെ കുറ്റ സ്ഥാപനത്തിനുള്ള സാധ്യത അങ്ങേയറ്റം താഴ്ന്നതാണ്. 1989 മുതല്‍ 80,000 ല്‍ അധികം കൊലചെയപ്പെട്ടിട്ടുള്ള കശ്മീരില്‍ ഇന്നുള്ളത് 500,000 പട്ടാളക്കാരാണ്. Armed Forces Special Powers ആക്ട് (AFSPA ) നിലവിലുള്ള മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഈ അവസ്ഥയോട് തുല്യമായി നിലകൊള്ളുന്നു. 2004 ല്‍ 'ഇന്ത്യന്‍ പട്ടാളം ഞങ്ങളെ പീഢിപ്പിക്കുന്നു' എന്ന ബാനര്‍ നഗ്നമായ മാറിന്റെ മുന്നില്‍ വച്ച് പ്രതിഷേധം പ്രകടിപിച്ച മണിപൂരില്‍ നിന്നുള്ള സ്ത്രീകളെ ബാബു കുഴിമറ്റം ഓര്‍ക്കുന്നുണ്ടാവില്ല. AFSPA ഇല്ലായ്മ ചെയ്യാനായി 2000 ല്‍ തുടങ്ങി 15 വര്‍ഷത്തോളമായി നിരാഹാരം ഇരിക്കുന്ന ഇറോം ശര്‍മിളയെപ്പറ്റി അങ്ങ് കേട്ടിട്ടുണ്ടോ ആവോ.

മേല്‍പ്പറഞ്ഞ, ഹിംസ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ഉദാഹരണങ്ങള്‍ ഈ രാജ്യത്തെയും കേരളത്തെയും കുറിച്ചുള്ള എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട് അങ്ങയോടു പറയുന്നതാണ്. ഇപ്പറഞ്ഞ അക്രമരാഹിത്യപരമായ പ്രവര്‍ത്തികള്‍ ഒന്നും തന്നെ അങ്ങ് എഴുതിയത് പോലെ 'തുണി ഉടുക്കതെയോ' 'അല്‍പ്പം അടക്കവുമൊതുക്കവും ഇല്ലാതെയോ' സ്ത്രീകള്‍ നിലനിന്നതോ പ്രവര്‍ത്തിച്ചതോ കൊണ്ടല്ല; പച്ചക്ക് പറയുകയാണെങ്കില്‍, അങ്ങയെപോലുള്ള, സധാ സമയത്തും അങ്ങ് കുറിപ്പില്‍ സൂചിപിച്ച 'പുല്ലിംഗ ദോഷം' എന്ന സംഭവവികാസമുള്ള പുരുഷന്മാര്‍ മൂലം മാത്രമാണ്. അങ്ങേക്ക് സമ്മതിക്കാന്‍ കുറച്ചു മടി ഉണ്ടാവുമെങ്കിലും, സ്ത്രീ വിരോധത്തിന്റെയും പീഢനത്തിന്റെയും പ്രത്യയശാസ്ത്രം അങ്ങയുടെ വരികളില്‍ ഒളിച്ചിരിക്കുന്നത് കണ്ടുപിടിക്കാന്‍ വലിയ സാഹിത്യനിരൂപകന്‍ ഒന്നും ആവേണ്ട ആവശ്യം തത്കാലം ഉണ്ടെന്നു തോന്നുന്നില്ല. പുരുഷാധിപത്യം സ്വപ്നം കണ്ടു കൊണ്ട് സഹിത്യം രചിക്കുന്ന അങ്ങയെപോലുള്ളവരോട് സംവാദങ്ങളിലൂടെ ഒരു ഐക്യത്തില്‍ എത്താം എന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ശബ്ദത്തിനു മറുശബ്ദം വേണമല്ലോ. അതുകൊണ്ട് മാത്രം. നന്ദി.

(മലപ്പുറം സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories