TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് മാതൃഭൂമി ദിനപത്രവുമായുള്ള ബന്ധം ഞാന്‍ അവസാനിപ്പിക്കുന്നു; ജെ ദേവികയുടെ തുറന്ന കത്ത്

എന്തുകൊണ്ട് മാതൃഭൂമി ദിനപത്രവുമായുള്ള ബന്ധം ഞാന്‍ അവസാനിപ്പിക്കുന്നു; ജെ ദേവികയുടെ തുറന്ന കത്ത്

മാതൃഭൂമി ദിനപത്രവുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് ജെ ദേവികയുടെ തുറന്ന കത്ത്

പ്രിയ പത്രാധിപര്‍ക്ക്,


ഇതൊരു വിടവാങ്ങല്‍ കത്താണ്.

ദീര്‍ഘമായ ബന്ധങ്ങള്‍ അവസാനിക്കുന്ന വേളകളില്‍ പറഞ്ഞിട്ടു പിരിയുന്നതാണല്ലോ ഭംഗി. ഈ വരുന്ന മാസാദ്യം മുതല്‍ മാതൃഭൂമി ദിനപ്പത്രം വീട്ടില്‍ വരുത്തണ്ട എന്നാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ആ തീരുമാനത്തിലെത്തിയതിനെക്കുറിച്ച് താങ്കളോട് പറയണമെന്നുണ്ട്.

മുന്‍പ് ചില അവസരങ്ങളിലും ഇത്തരമൊരു തീരുമാനത്തിന്റെ വക്കോളം എത്തിയതാണ് ഞാന്‍. കേരളീയ ബുദ്ധമതവിശ്വാസത്തെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന ദലിതര്‍ക്കെതിരെ വേണ്ടത്ര തെളിവുകളില്ലാതെ പ്രചരണം അഴിച്ചുവിട്ടപ്പോഴും, പലപ്പോഴും സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂര്‍ണ്ണമല്ലാത്ത വാര്‍ത്തകള്‍ കൊടുത്ത് മുസ്ലിംവിരുദ്ധതയ്ക്കിടവരുത്തിയപ്പോഴും ഇനി ഈ പത്രം പണം കൊടുത്തുവാങ്ങേണ്ടതില്ല എന്നു കരുതിയതാണ്. എന്നാല്‍ ഈ അവസരങ്ങളില്‍ പോലീസ് ഭാഷ്യം അപ്പടി പ്രചരിപ്പിച്ചത് നിങ്ങള്‍ മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് എന്നെ പിന്നോട്ടുവലിച്ചു.

എന്നാല്‍ ഇന്ന്, മാതൃഭൂമിയുടെ ഹൈന്ദവസ്വഭാവം അതിതീവ്രമാകുന്നുവെന്ന് എനിക്കു തോന്നുന്നു. ഈ പത്രം ഹൈന്ദവതീവ്രവാദികള്‍ വമിപ്പിക്കുന്ന വിഷവും പേറി ഓരോ ദിവസവും അതിരാവിലെ തന്നെ ഞങ്ങളുടെ വീട്ടിലെത്തുന്നത് തടയാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്. കച്ചവടത്തെയോ സമുദായത്തെയോ ആധാരമാക്കിയല്ല, ദേശീയതയെക്കുറിച്ചുള്ള ചില ആദര്‍ശങ്ങളിന്മേലാണല്ലോ മാതൃഭൂമി എന്ന പത്രം ഉയര്‍ന്നുവന്നത്. ആ ആദര്‍ശങ്ങള്‍ കുറ്റമറ്റതാണെന്ന അഭിപ്രായക്കാരിയല്ല ഞാന്‍. അവയുടെ പരോക്ഷമായ ഭൂരിപക്ഷ സമുദായക്കൂറ് വളരെ പണ്ടു മുതല്‍ക്കെ ഉള്ളതാണ്. നെഹ്രുവിയന്‍-ഗാന്ധിയന്‍ ദേശീയ ഭാവനകള്‍ -അവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ മറയ്ക്കപ്പെടാതെ തന്നെ - ഈ പത്രത്തില്‍ പ്രകടമായിരുന്നു എന്നു പറയാം. എങ്കിലും, ഇന്നത്തെ ഹൈന്ദവവാദികളുടെ വികലവാദങ്ങളില്‍ നിന്ന് ചില അകലങ്ങള്‍ ഈ മുന്‍തലമുറ പാലിച്ചിരുന്നു - അവ പരിമിതങ്ങളായിരുന്നുവെന്ന് സമ്മതിച്ചാല്‍ത്തന്നെയും. ഉദാഹരണത്തിന്, ഹിന്ദുസംസ്‌കാരമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സത്ത എന്ന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും വാദിച്ചിരുന്നെങ്കിലും മറ്റു മതവിശ്വാസികളെക്കുറിച്ച്, അവരുടെ വിശ്വാസപ്രശ്‌നങ്ങളെക്കുറിച്ച്, അന്തിമവിധിയെഴുതിക്കളയാമെന്ന ധാര്‍ഷ്ട്യം മുന്‍തലമുറയില്‍ താരതമ്യേന കുറവായിരുന്നു.

നെഹ്രുവിയന്‍-ഗാന്ധിയന്‍ ദേശീയബോധങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണോ മാതൃഭൂമി പത്രം ഇന്നത്തെ നവലിബറല്‍-ഹൈന്ദവവാദ വേലിയേറ്റങ്ങളെ നേരിടുന്നത്? അല്ല എന്നതാണ് ദു:ഖകരമായ സത്യം. മറിച്ച് അത്തരം ജാഗ്രതയുടെ ചെറിയസൂചന പോലും പത്രത്തില്‍ നിന്ന് സാധാരണ വായനക്കാര്‍ക്ക് കിട്ടുന്നില്ല. കുറ്റമറ്റവയല്ലെങ്കിലും, ആ പ്രത്യയശാസ്ത്രങ്ങളുടെ പക്ഷത്തു നിന്ന് ഇന്നു നടക്കുന്ന പൊതുമുതല്‍ക്കൊള്ളയെയും ജനാധിപത്യ മത സംസ്‌ക്കാരധ്വംസനത്തെയും ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കുന്ന നിലപാടുകള്‍ സാദ്ധ്യമാണ്. അവയെ മാതൃഭൂമി വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല, സമീപകാലത്തെങ്കിലും.

ഹിന്ദുമതത്തിന്റെ പേരില്‍ സാംസ്‌ക്കാരിക ഹിംസയ്ക്കും, പലപ്പോഴും കായികമായ ഹിംസയ്ക്കുതന്നെയും, കളമൊരുക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ അവയോട് പ്രത്യക്ഷ സാമീപ്യം സ്ഥാപിക്കുന്ന രീതിയും, കേരളത്തിലെ മുസ്ലിം വിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് അനാവശ്യമായ വിധിപ്രസ്താവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷ തന്ത്രങ്ങളും പത്രത്തില്‍ വളര്‍ന്നുവരുന്നതായിക്കാണുന്നു. ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ ഗോമാംസം നിഷിദ്ധമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്, അതുപോലെ മുസ്ലിം വിശ്വാസിക്ക് വിളക്കു കത്തിക്കാമെന്നും കത്തിച്ചുകൂടെന്നും കരുതുന്നവരുണ്ട്. പൊതുവിരുന്നുകളില്‍ ഗോമാംസം വേണ്ടെന്ന നിശ്ശബ്ദസമ്മതം നാട്ടില്‍ പലപ്പോഴുമുണ്ട്. അതുപോലെ പൊതുചടങ്ങുകളില്‍ വിളക്കു കത്തിക്കാതിരിക്കാന്‍ തീരുമാനിച്ചാല്‍ മതി.എന്നാല്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള തീര്‍പ്പുകളെക്കുറിച്ചാരായുന്നതിനു പകരം, പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്ന, മുസ്ലിം സമുദായത്തെ കൂടുതല്‍ അന്യവത്ക്കരിക്കാനിടവരുത്തുന്ന, ചര്‍ച്ചകളാണ് ഈ പത്രത്തില്‍. കഴിഞ്ഞ ദിവസം ഇതില്‍ക്കണ്ട ഒരു ലേഖനം-ശ്രീ സി ആര്‍ പരമേശ്വരന്‍ എഴുതിയത് - ചര്‍ച്ചാമര്യാദകളുടെ എല്ലാ പരിധികളെയും ലംഘിച്ചതായിത്തോന്നി. അതിലെ വാദങ്ങളെ വിശദമായി മറ്റൊരിടത്ത് പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. പക്ഷേ കേവലം വ്യക്തിവൈരാഗ്യം പോലും മുസ്ലിംസമുദായത്തെ ശിശുവത്ക്കരിക്കാനായി വിനിയോഗിക്കപ്പെട്ടാല്‍ അത് ഈ പത്രത്തിന് സ്വീകാര്യമാകുമെന്ന സത്യം സഹിക്കാനാവുന്നില്ല എന്നു പറഞ്ഞേ തീരൂ.

നെഹ്രുവിയന്‍ ആദര്‍ശങ്ങളുടെ പുറംകുപ്പായം ധരിച്ച, എന്നാല്‍ അവയ്ക്കു വിരുദ്ധം തന്നെയായ, ആദര്‍ശങ്ങളെയും പ്രതിഭാസങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്ന രീതി ഇന്ന് കച്ചവടമാദ്ധ്യമങ്ങള്‍ പൊതുവെ സ്വീകരിച്ചിട്ടുണ്ട്. അവയെ പ്രതിരോധിക്കേണ്ട ചരിത്രപരമായ ബാദ്ധ്യതയില്‍ നിന്ന് എത്ര സമര്‍ത്ഥമായാണ് ഈ പത്രം ഒഴിഞ്ഞിരിക്കുന്നത്! നെഹ്രുവിയന്‍ വിദേശനയത്തെ ഉപേക്ഷിച്ചുകൊണ്ടാണ് ഇന്നത്തെ ഭരണക്കാര്‍ ഹിംസാത്മകമായ രാജ്യാഹന്തയെ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയെ സേവിക്കൂ എന്നാല്‍ ഇന്ന് ഇന്ത്യന്‍ ജനങ്ങളുടെ പൊതുവിഭവങ്ങളെ ചെറിയവിലയ്ക്ക് കൈവശപ്പെടുത്താന്‍ അടുത്തുകൂടിയിരിക്കുന്ന വിദേശസ്വദേശമൂലധനശക്തികളെ പിന്‍താങ്ങൂ എന്നാണര്‍ത്ഥം. മുന്‍പ്രസിഡന്റ് ശ്രീ അബ്ദുള്‍ കലാമിനെ നെഹ്രൂവിയന്‍ വ്യക്തിത്വമായി കാണാന്‍ കഴിയുമോ? അതോ അദ്ദേഹം ഒരു പ്രച്ഛന്ന നെഹ്രൂവിയന്‍ മാത്രമാണോ? കലാമിന് ആദരപൂര്‍വ്വമായ യാത്രാമൊഴി ചൊല്ലിക്കൂട എന്നല്ല ; എന്നാല്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങളെ അവഗണിക്കാനുള്ള സ്വാതന്ത്ര്യം നെഹ്രൂവിയന്‍-ഗാന്ധിയന്‍ പ്രത്യയശാസ്ത്രങ്ങളുടെ കാവലാളായി അവതരിച്ച പത്രത്തിന് ഇല്ലെന്നാണ് എന്റെ തോന്നല്‍. Drug Lord എന്നത് മോശം, Missile Man എന്നാല്‍ നല്ലതോ? അങ്ങനെയുള്ള ധാര്‍മ്മികസംശയം പോലും ഉയര്‍ത്താന്‍ ഈ പത്രം ശ്രമിക്കുന്നില്ലെന്നത് എന്നെ അസ്വസ്ഥമാക്കുന്നു.

എന്താലും ഈ തീരുമാനം കൊണ്ട് എനിക്ക് വലിയ നഷ്ടം ഉണ്ടാകാനിടയില്ല. കാരണം, ഇന്ന് കേരളമെന്ന മൊത്തം ഭൂഭാഗത്തോട്, ജനതയോട്, എന്നെ ബന്ധിപ്പിക്കുന്നത് പത്രങ്ങളല്ല - എഡിഷനുകള്‍ പെരുകിയതോടെ അവയുടെ വെളിച്ചം വീഴുന്ന വട്ടവും ചുരുങ്ങുമല്ലോ. സത്യംപറഞ്ഞാല്‍ ആ തോന്നലുണ്ടാക്കുന്നത് ഫേസ് ബുക്കടക്കമുള്ള നവമാദ്ധ്യമങ്ങളും ആനുകാലികങ്ങളുമാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ആ സ്വഭാവം നിലനിര്‍ത്തുന്നുവെന്നത് ആശ്വാസകരമാണ്).

കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല, കത്തു ചുരുക്കുന്നു,

വിശ്വാസപൂര്‍വ്വം
ജെ ദേവിക

കടപ്പാട് : http://kafila.org/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories