TopTop
Begin typing your search above and press return to search.

നുമ്മ കൊച്ചിയിലേക്ക് പാര്‍ക്കാനെത്തുന്ന സച്ചിന് ഒരു തുറന്ന കത്ത്

നുമ്മ കൊച്ചിയിലേക്ക് പാര്‍ക്കാനെത്തുന്ന സച്ചിന് ഒരു തുറന്ന കത്ത്

ഈസി

പ്രിയ സച്ചിന്‍ ,

നുമ്മ കൊച്ചിയിലേക്ക് താമസത്തിനെത്തുന്നുവെന്നറിഞ്ഞു. വീടു കണ്ടിഷ്ടായെന്നും.

ക്രിക്കറ്റുകളി ടീവീലും നാട്ടുമ്പുറത്തെ ചെക്കന്മാരോട് കൂടേയും കണ്ടും കളിച്ചുമറിഞ്ഞു വന്ന കാലം മുതല്‍ ഈ നാള് വരെ ഗ്രൌണ്ടില്‍ നുമ്മയ്ക്ക് ഒന്നു മുതല്‍ പൂജ്യം വരെ ഒറ്റ ലബ്ബെയുള്ളൂ. അത് നിങ്ങയാണ്. നിങ്ങ മാത്രം. സ്കൂള്‍ കോളേജ് കാലങ്ങളില് നിങ്ങളെ നമ്പി പന്തയം വച്ചു കാശുണ്ടാക്കി സിറ്റി ബേക്കറിയില്‍ നിന്നു വയറു പൊട്ടെ ഷാര്‍ജാ ഷേക്ക് വാങ്ങി കുടിച്ചിട്ടുണ്ട്. അങ്ങയുടെ കാലത്തെ ടീമിനു ചീര്‍സ് ചെയ്യാനും ആ കാലത്തെ മാച്ചുകള്‍ കണ്ടു തിമിര്‍ക്കാനും കിട്ടിയ ഭാഗ്യം എവ്ടേം പെരുമയോടെ പറയാറുണ്ട്. എല്ലാക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ വരെ അറിയപ്പെടുന്ന അങ്ങയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച രണ്ടു ബോളിംഗ് പ്രകടനങ്ങളും നുമ്മ കൊച്ചിയിയിലുമാണല്ല...കൊടും ചൂടത്ത് കൊച്ചിയില്‍ വന്ന് ആസ്ത്രേലിയേടേം പാക്കിസ്ഥാന്റേം അഞ്ചു വിക്കറ്റുകള്‍ എറിഞ്ഞിട്ട കാലത്തെ രോമാഞ്ചമോണ്ടല്ലോ ദേ ദിങ്ങ്ട് നോക്യെ...ദിപ്പഴും മാറീട്ടില്ല. മാത്രോവല്ല, നിങ്ങ ഗ്രൌണ്ട് വിട്ട നാള്‍ മുതല്‍ നുമ്മ മാച്ചുകള്‍ ഫോളോ ചെയ്യുന്നതും മുഖം കോടീട്ടാണ്.

പുത്തന്‍ വീട്ടില്‍ ഉടനെ താമസമാവും സ്പോര്‍ട്സ് സിറ്റി തുടങ്ങും എന്നൊക്കെയും കേള്‍ക്കുന്നു. സ്ഥലം കേരളവും നഗരം കൊച്ചിയും എന്‍റെ ഉള്ളില്‍ അല്‍പ്പം തനിമലയാളിത്തരം ഐഡന്റിറ്റി പൊളിറ്റിക്സ് ബാക്കിയുണ്ടായത് കൊണ്ടും കൂടി പറയുകയാണ്‌ - നടന്നാല്‍ കൊള്ളാം. വളരെ നല്ലത്. പ്രോപ്പര്‍ട്ടി കമ്പനിക്കാര്‍ ഓഫര്‍ വച്ചു കൊണ്ടു വന്നതാണെന്നും ചില കരക്കമ്പിയൊക്കെ പലരും പറയ്‌ണുണ്ട്. മൈന്‍ഡ് ചെയ്യണ്ട. ദേശീയ ഗെയിംസിനു വന്നു വലിയ പരിക്കൊന്നും ഇല്ലാതെ പോയതില്‍ തെല്ലില്ലാത്ത സന്തോഷമുണ്ട് ട്ടൊ. നിങ്ങ മായിരി തന്നെ നാഷണല്‍ ഗെയിംസിനു കൂ(പാ)ടിയ ഞങ്ങ ലാലേട്ടന്‍ അതിന്‍റെ ക്ഷീണം തീര്‍ത്തു വരുന്നേയുള്ളൂ. പിന്നെ ബാക്കി അണ്ടര്‍ഗ്രൌണ്ട് ഏര്‍പ്പാടുകള്‍ കമ്പ്ലീറ്റ് ഞങ്ങ കേരളത്തിന്‍റെ അഭിമാനം ചാണ്ടി ആന്‍ഡ്‌ ടീംസ് ‘ഹിതൊക്കെ എന്ത്' ലൈനില്‍ ഡീല്‍ ചെയ്തിട്ടുണ്ട്. സൊ ഡോണ്ട് വറി.

പക്ഷെങ്കില് പറയാന്‍ വന്നത് ദതൊന്നുമല്ല. രണ്ടു മൂന്നു കൊല്ലം മുന്‍പ് അങ്ങയെ രാജ്യത്തെ പരമോന്നത ജനപ്രതിനിധി - നിയമ നിര്‍മാണവേദിയായ രാജ്യസഭയിലെ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ നെറെ സന്തോഷിച്ചു. ആര്‍ട്ടിക്കിള്‍ എണ്‍പതിന്റെ മാറ്റു കൂടിയെന്നും നുമ്മ രാജ്യത്തെ അന്തര്‍ദേശീയ കായിക ഭൂപടത്തില്‍ മോശമല്ലാത്ത ഒരു സ്ഥാനത്തെത്തിക്കാന്‍ സഭയില്‍ ശ്രദ്ധാപൂര്‍വ്വം ഇടപെടലുകള്‍ നടത്തുമെന്നും കരുതി.പക്ഷേ സത്യം പറയാല്ലോ, നിരാശയുണ്ട്. പാര്‍ലമേന്റെറിയന്‍ എന്ന നിലയ്ക്കുള്ള അങ്ങയുടെ ക്രഡന്ഷ്യല്‍ കാണാനിടയായി. നോക്കൂ, ഈ കാലയളവിലെല്ലാം ആകെ മൂന്നോ നാലോ തവണയാണ് അങ്ങേയ്ക്ക് സഭയില്‍ ഹാജരാവാന്‍ കഴിഞ്ഞത്! ഒറ്റ ചോദ്യമോ ഒരു ചര്‍ച്ചയോ ഇതേ വരെ ഇല്ല. ഒരു ബില്ലിലോ ഒരു കമ്മറ്റിയിലോ ഒന്നും അങ്ങയുടെ പങ്കാളിത്തമേ കാണാനില്ല!

എന്‍റെ പരിമിതമായ അറിവു വച്ച് പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് ഒരു രാജ്യസഭാ അംഗത്തിനു പ്രവര്‍ത്തന ഫണ്ടായി ലഭിക്കുക. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായതിനാല്‍ രാജ്യത്തെവിടെയും അങ്ങേയ്ക്കത് ചെലവഴിക്കുകയും ചെയ്യാം. (അതിനിടെ മുംബൈ സബര്‍ബന്‍ മണ്ഡലത്തെയാണ്‌ താന്‍ പ്രതിനിധീകരിക്കുന്നത് എന്നറിയിച്ചെന്നും കേട്ടിരുന്നു) കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു നയാപൈസാ പോലും അങ്ങു വിനിയോഗിച്ചിട്ടില്ലെന്നും ! ഒള്ള കാര്യം പറയാല്ലോ. പകച്ചു പോയി!

തിരക്കുകളുണ്ടാവാം,അങ്ങിടയ്ക്കെപ്പോഴോ സൂചിപ്പിച്ചതുപോലെ വ്യക്തിപരമായ കാരണങ്ങള്‍ ആവാം, ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായികമേഖലകളില്‍ അങ്ങു നടത്തുന്ന ഇടപെടലുകള്‍ കാണാതെയുമല്ല, എങ്കിലും നോക്കൂ, പതിനായിരങ്ങളോ മറ്റോ മാത്രം ജനങ്ങളുള്ള നത്തോലി രാഷ്ട്രങ്ങള്‍ വരെ ലോക കായിക ഭൂപടത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുമ്പോള്‍ നൂറു നൂറ്റമ്പതു കോടി മനുഷ്യന്മാരില്‍ നിന്നും എണ്ണിപ്പെറക്കിയെടുക്കാന്‍ മാത്രം കായികരത്നങ്ങളെ നിര്‍മ്മിച്ചെടുക്കാനേ നമുക്കു പറ്റുന്നുള്ളൂ എന്നിരിക്കേ,ഇന്ത്യയുടെ പാര്‍ലമെന്‍റ് അംഗം എന്ന വിലപ്പെട്ട സ്ഥാനമുപയോഗിച്ച്‌ അങ്ങേയ്ക്ക് കെട്ടഴിച്ചു വിടാവുന്ന പ്രവര്‍ത്തനങ്ങളുടെ സാദ്ധ്യതകള്‍ വളരെ വലുതല്ലേ ? ഉലകിലെ ഒരു പ്രധാന കായികശക്തിയായി നുമ്മ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന്‍റെ ഭാഗമായി നിന്നു കൊണ്ട് അങ്ങേയ്ക്ക് ഏറ്റെടുക്കാവുന്ന, ശ്രദ്ധ ക്ഷണിക്കാവുന്ന, ലോബിയിംഗ് നടത്താവുന്ന തൌസണ്ട് ഓഫ് തിങ്ങ്സ്‌? അതോ ഇനി ആ സംവിധാനത്തില്‍ അത്ര വിശ്വാസം പോരാ എന്നാണോ?

എന്തായാലും കൊച്ചിയില്‍ വന്നു താമസിക്കുമ്പ സമയം കിട്ടുമ്പോള്‍ അവിടെ അടുത്ത് കളമശേരി വരെ ഒന്നു പോണം. അങ്ങയുടെ രാജ്യസഭാ കൊളീഗ് ആയിരുന്ന പി രാജീവിന്‍റെ വീടവിടെയാണ്. സഭയില്‍ അധികമങ്ങനെ പോയിട്ടില്ലാത്തത് കൊണ്ട് കണ്ടു പരിചയം കാണാന്‍ വഴിയില്ല - പിന്നെ, അങ്ങയുടെയും സിനിമാതാരം രേഖയുടെയും രാജ്യസഭയിലെ പേരിനു മാത്രമുള്ള സാന്നിദ്ധ്യത്തെ സഭയുടെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയത് ശ്രീ.പി രാജീവാണ്. ചെറിയ കെറുവുണ്ടാവും, മറന്നേക്കൂ. എങ്കിലും പുള്ളി പുലിയാണ്. സഭാചട്ടങ്ങള്‍, വിഷയങ്ങള്‍ ഇവ പഠിച്ചവതരിപ്പിക്കുന്നതില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ആശാന്‍. അടുത്തൂണ്‍ പറ്റാന്‍ നേരം സകല പ്രതിപക്ഷ നേതാക്കളും അങ്ങോരെ സഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പറഞ്ഞു ക്ലാപ്പ് ചെയ്ത കക്ഷിയാണ്.

കായികരംഗത്തും അല്ലാതെയുമൊക്കെ പാര്‍ലമെന്‍റ്റി സംവിധാനങ്ങള്‍, അതുവഴി ചെന്നെത്താവുന്ന, നേടിയെടുക്കാവുന്ന സംഗതികളുടെ സാദ്ധ്യതകള്‍ അവയൊക്കെ എങ്ങനെ ഉപയോഗപെടുത്താമെന്നെല്ലാം രാജീവേട്ടനോട് ചര്‍ച്ച ചെയ്യാം. വാണി ടീച്ചറും മാളുവും ചാരുവും ഒക്കെ അങ്ങയുടെ കുടുംബത്തിനും നല്ല സുഹൃത്തുക്കളായിരിക്കും.

കൊച്ചിയിലെ തന്റെ പുതിയ വീടിന് മുന്‍പില്‍ സച്ചിന്‍

ബാന്ദ്രയിലും കൊച്ചിയിലും ഒക്കെ അങ്ങു ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. എല്ലാ നഗരങ്ങളിലും സിഗ്നേച്ചര്‍ ആയി വരുന്ന ഒരു പ്രതിഭാസം. അസമത്വം കൂടി വരികയും , പാവങ്ങളുടെ ജീവിതം കൂടുതല്‍ അസഹനീയവും സമ്പന്നക്കൂട്ടരുടെ മുതലുകള്‍ ദിനം പ്രതി കൂടിവരികയും ചെയ്യുന്ന മറ്റൊരു ഇന്ത്യയും കൂടി ചുറ്റിലുമുണ്ട്. കൂടാതെ രാജ്യത്തിന്‍റെ സദ്‌മാനസത്തെ ചൂഴ്ന്നു കയറുന്ന മത വര്‍ഗീയ സ്വേച്ഛാധിപത്യ പ്രവണതകളും.രാജ്യാന്തര ഗിമ്മിക്കുകളും ഇല്ലാത്ത പൊക്കം പറച്ചിലും ഒക്കെ ഒരു വഴിയേ നടക്കുമ്പഴും ജീവിതത്തിന്‍റെ അറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടം ഓടുന്ന കോടിക്കണക്കിനു പാമരന്മാരുടെ നഗരങ്ങള്‍ കൂടിയാണ് ഇന്നും മുംബൈയും കൊച്ചിയും എല്ലാം.

കൊച്ചി പഴയ കൊച്ചി അല്ലങ്കിലും കൊച്ചീലെ പല മനുഷ്യര്‍ടേം ജീവിതവണ്ടിയ്ക്ക് കൊച്ചീടത്ര സ്പീഡില്ല. കൊച്ചിക്കായലുകളില്‍ സാധാ മനുഷ്യര്‍ സഞ്ചരിക്കുന്ന, പതിറ്റാണ്ടുകളായി പഴകിയ പലകകളില്‍ ഓടിച്ചു തകര്‍ന്നു മുങ്ങിയ ബോട്ടില്‍ നിന്നും ജീവനുകള്‍ ജലമെടുത്ത സ്ഥലം അങ്ങയുടെ പുതിയ വീട്ടില്‍ നിന്നും അകലെയല്ല. മൂലധനം കുമിയുന്ന നഗരറാണിയായി കൊച്ചി മാറുമ്പോള്‍ കിടപ്പാടത്തിനും കുടിവെള്ളത്തിനും പരക്കം പായുന്ന മനുഷ്യപ്രാണികളും, വ്യവസായികളും സെലിബ്രിറ്റികളും വികസനവും വന്നുകൂടുമ്പോള്‍ ഒരിഞ്ചു ഭൂമിയുടെ പൊന്നും വില താങ്ങാന്‍ കഴിയാത്ത പാവത്തുങ്ങളും ഉത്തരങ്ങള്‍ തേടി അലയുന്ന കൊച്ചി കൂടിയാണിത്. ‘പ്രബുദ്ധ മലയാളി’ ആ വാക്കിന്‍റെ ശരിക്കുമുള്ള അര്‍ത്ഥമന്വേഷിച്ച് കുന്തം വിഴുങ്ങി വട്ടായി നടക്കുന്ന കാലവും.

അങ്ങയോട് ഇങ്ങനെയൊന്നും സംസാരിക്കാനുള്ള വരണീയതയൊന്നും എനിക്കില്ലേയില്ല. അങ്ങയുടെ പരോപകാരതല്പരതയും മനുഷ്യസ്നേഹ - കാരുണ്യ പ്രവര്‍ത്തനങ്ങളുമൊന്നും കാണാതെയുമല്ല കേട്ടോ. പുകവലി പരസ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് ശൌചാലയ സൌകര്യങ്ങള്‍ നിര്‍മിക്കുന്നതിനു മുന്‍കൈയ്യെടുത്തത്തിനും ക്യാന്‍സര്‍ നിര്‍മാര്‍ജന ഫണ്ട് റൈസിംഗിനും ഫുട്ബോള്‍ വെഞ്ച്വറുകള്‍ക്കും ഒക്കെ എന്‍റെ കയ്യടി. നോ പ്രോബ്ലംസ്. ലോകത്തിന്‍റെയൊ ഭാരതത്തിന്റെയോ ഏതു മൂലയിലും പോയി വീടുവാങ്ങാന്‍ കെപ്പുണ്ടായിട്ടും ഞങ്ങ കൊച്ചിയിലേക്ക് തന്നെ വന്നതിന് ഒരു കൊട്ട നെറെ സ്നേഹോം .

കേറിത്താമസത്തിനു നുമ്മയൊന്നും വിളിക്കില്ലെന്നറിയാം.എന്നാലും വെല്‍ക്കം ടു നുമ്മ കൊച്ചി. നൈസ് ടു മീറ്റ്‌ യൂ….

സസ്നേഹം

ഈസിക്കൊച്ച്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories