TopTop
Begin typing your search above and press return to search.

അന അല്‍ ഹഖ്‌; സ്വന്തം ആത്മാവിലെ ദൈവാംശം തിരഞ്ഞ് ഒരു പെണ്‍കുട്ടി പാടുകയാണ്- രഞ്ജിനി ജോസ്/ അഭിമുഖം

അന അല്‍ ഹഖ്‌; സ്വന്തം ആത്മാവിലെ ദൈവാംശം തിരഞ്ഞ് ഒരു പെണ്‍കുട്ടി പാടുകയാണ്- രഞ്ജിനി ജോസ്/ അഭിമുഖം

ആത്മാവിലുറവെടുത്ത ഒരു വിശുദ്ധ പ്രണയത്തിന്റെ യഥാര്‍ഥ ഉറവിടം തേടി നടന്ന പ്രണയിനി, ഒടുവില്‍ സ്വന്തം ആത്മാവിലെ ദൈവാംശത്തെ തിരിച്ചറിഞ്ഞ കഥ. പ്രണയം കണ്ടെത്തുന്നതിനു വേണ്ടി അവള്‍ നടത്തിയ ആത്മാന്വേഷണത്തിന്റെ ചുവടുപിടിച്ച് ''എവിടെല്ലാം എന്നെ തിരഞ്ഞുപോയപ്പോഴും അവിടെല്ലാം കണ്ടതോ നിന്നെ മാത്രം''

എന്ന് രഞ്ജിനി ജോസ് പാടുമ്പോള്‍ സൂഫിവിസ്മയങ്ങളുടെ വശ്യത കേള്‍വിക്കാരിലേക്കും പടരുന്നു.

ഇക്കഴിഞ്ഞ നബിദിനത്തിലാണ് ഗായിക രഞ്ജിനി ജോസ് പാടി അഭിനയിച്ച 'അന അല്‍ ഹഖ്‌' എന്ന സൂഫിഗാനം പുറത്തിറങ്ങിയത്. അമ്പിളി എസ്. രംഗന്റെ സംവിധാനത്തില്‍ ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സന്തോഷ് ചന്ദ്രന്റെ സംഗീതം. യൂട്യൂബില്‍ ഇതിനോടകം 'ട്രെന്‍ഡിങ് -20'യില്‍ പത്താം സ്ഥാനത്തിനിപ്പുറം ഈ ഗാനം ഇടംപിടിച്ചുകഴിഞ്ഞു. പുറത്തിറങ്ങി രണ്ടുദിവസംകൊണ്ട് ഗാനം കണ്ടത് എഴുപതിനായിരത്തിലധികം പേര്‍. അഭിനന്ദനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും നടുവിലിരുന്ന് രഞ്ജിനി ജോസ്, സ്വാതി നിബിനുമായി സംസാരിച്ചുതുടങ്ങുന്നു.

സ്വാതി: 'അന അല്‍ ഹഖ്‌' വളരെ പെട്ടെന്നാണ് സംഗീതപ്രേമികള്‍ക്കിടയില്‍ സ്ഥാനംപിടിച്ചത്. സൂഫിഗാനം എന്ന ആശയത്തിലേക്കെത്തിയത്?

രഞ്ജിനി: ഈ ഗാനം ഒട്ടും പ്ലാനിങ്ങോടെ ചെയ്ത ഒന്നായിരുന്നില്ല. ഫസലുദ്ദീന്‍ തങ്ങള്‍ എന്ന കുടുംബസുഹൃത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇതു ചെയ്തത്. അദ്ദേഹം സൂഫിസം പിന്‍തുടരുന്ന ഒരു വ്യക്തിയാണ്. നബിദിനത്തില്‍ നബിക്കുവേണ്ടി ഒരു സമര്‍പ്പണം എന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു പ്രചോദനം. പ്രതിഫലംപോലും വാങ്ങാതെ, കൊമേഴ്‌സ്യല്‍ എന്ന രീതിയില്‍ ഒന്നും ആഗ്രഹിക്കാതെയുള്ള ഒരു സമര്‍പ്പണമായിരുന്നു ഈ പ്രോജക്ട്.

സ്വാ: സൂഫിസം എന്ന ആശയം സ്വാധീനിച്ചിട്ടുണ്ടോ?

ര: എത്തിച്ചേരാന്‍ അത്യാവശ്യം ബുദ്ധിമുട്ടുള്ള ഒരു ആശയമാണ് സൂഫിസം. അതേപ്പറ്റി മലയാളത്തില്‍ ഇതുവരെ ആരും എഴുതിയിട്ടില്ല. സൂഫിച്ഛായകളുള്ള പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പ്രവാചകന്‍ പറഞ്ഞ ഒരു തത്വത്തെ ആധാരപ്പെടുത്തി ഒരു ഗാനം ഒരുപക്ഷേ, ഇതാദ്യമായിരിക്കും. അതുകൊണ്ടുതന്നെ മൂന്നുമിനിറ്റ് പാട്ടില്‍ ആ സാരം അത്രയും ഉള്‍ക്കൊണ്ട് എഴുതുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

15194462_224059038018780_2317417532483762509_o

സ്വാ: 'അന അല്‍ ഹഖ്‌' എന്ന പേര് വന്നവഴി?

ര: 'അന അല്‍ ഹഖ്‌' എന്ന പേരിന്റെ അര്‍ഥം 'ഞാനാകുന്നു സത്യം' എന്നാണ്. സംസ്‌കൃതത്തില്‍ 'അഹം ബ്രഹ്മാസ്മി' എന്നത് സൂചിപ്പിക്കുന്നതും ഇതേ അര്‍ഥം തന്നെയാണ്. ഒരു പെണ്‍കുട്ടി ഉള്ളിലെ പ്രണയത്തെ, ആ ശക്തിയെ തിരഞ്ഞു നടക്കുന്നതാണ് പാട്ടിന്റെ ഉള്ളടക്കം. അന്വേഷണങ്ങള്‍ക്കൊടുവില്‍ അവള്‍ അന്വേഷിക്കുന്ന വ്യക്തി അവളില്‍ തന്നെയുണ്ട് എന്ന സത്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അനല്‍ ഹഖ് എന്ന പേരിന്റെ ഇതിവൃത്തം ഇങ്ങനെയാണ്. വരികള്‍ ശ്രദ്ധിച്ചാലറിയാം.

''എവിടെല്ലാം എന്നെ തിരഞ്ഞുപോയപ്പോഴും

അവിടെല്ലാം കണ്ടതോ നിന്നെമാത്രം

എവിടെല്ലാം നിന്നെ തിരഞ്ഞുപോയപ്പോഴും

അവിടെല്ലാം കണ്ടതീ എന്നെ മാത്രം''

എന്നാണ് പാടുന്നത്. അതായത് ദൈവത്തിന്റെ അംശം നമ്മളിലോരോരുത്തരിലുമുണ്ട്. നമ്മളാ ദൈവത്തെ തിരിച്ചറിയണം എന്ന സത്യത്തിലേക്കുള്ള എത്തിച്ചേരല്‍. ലോകമ്പൊടുമുള്ള സൂഫിസത്തിന്റെ പ്രധാനമായിട്ടുള്ള ഉദ്ദേശ്യമാണ് അനല്‍ ഹഖ്.

സ്വാ: പ്രതികരണങ്ങള്‍ എങ്ങനെ പോകുന്നു?

ര: സുഹൃത്തുകളെല്ലാം വളരെ നല്ല രീതിയിലുള്ള പ്രചോദനമാണ് തന്നത്. ഒരുപാട് വ്യത്യസ്തതകളുള്ള ഒരു സംഗീതമാണ് ഇത്. സൂഫിയുടെ എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ചു എന്നല്ല. സൂഫിയുടെ ഒരു തത്ത്വത്തെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ഗാനം മുന്നോട്ടുപോകുന്നത്. വളരെ സ്ലോയായ ഒരു മെലഡിയാണിത്. നല്ല രീതിയിലും വിമര്‍ശനങ്ങളെന്ന രീതിയിലും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എല്ലാം ഉള്‍ക്കൊള്ളാന്‍ തയ്യാറായി തന്നെയാണ് ഈ ആല്‍ബം ചെയ്തിരിക്കുന്നത്. പ്രവാചകന്റെ സ്‌നേഹത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ശുദ്ധമായ ഉദ്ദേശ്യം മാത്രമേ ഇതിനു പിന്നിലുള്ളൂ.

സ്വാ: പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച്?

ര: ഫസലുദ്ദീന്‍ തങ്ങള്‍ ഈ ഒരാശയം അവതരിപ്പിച്ചതിനുശേഷം ചെയ്യാം എന്നു തോന്നിയപ്പോഴാണ് സന്തോഷ് ചന്ദ്രന്‍ എന്ന മ്യൂസിക് ഡയറക്ടറെ ഇതിലേക്ക് കൊണ്ടുവരുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് പ്രേമം ഉള്‍പ്പെടെയുള്ള സിനിമകള്‍ക്കു പാട്ടെഴുതിയ ശബരീഷ് വര്‍മയാണ്. ദൃശ്യാവിഷ്‌കാരം കൊടുത്തിരിക്കുന്നത് അമ്പിളി എസ്. രംഗനാണ്. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ. എഡിറ്റിങ് പ്രജീഷ് പ്രകാശ്.

സ്വാ: പുതിയ പ്രോജക്ടുകള്‍?

ര: വെല്‍ക്കം ടു സെന്‍ട്രല്‍ ജെയില്‍ എന്ന സിനിമയില്‍ ശങ്കര്‍ മഹാദേവനൊപ്പം പാടിയ 'സുന്ദരീ' എന്ന ഗാനമാണ് അവസാനം പുറത്തിറങ്ങിയത്. ഇനി റിലീസിങ്ങിനു കാത്തിരിക്കുന്നത് ടു ഡേയ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ പാട്ടാണ്. കൂടാതെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'ബഷീറിന്റെ പ്രേമലേഖനം' എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷവും ചെയ്തിട്ടുണ്ട്. അതിന്റെ റിലീസിങ്ങിനു കാത്തിരിക്കുന്നതോടൊപ്പം സ്വന്തമായി ചില ഗാനങ്ങള്‍ പണിപ്പുരയിലുമാണ്.

(കോഴിക്കോട് സ്വദേശിയായ സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് സ്വാതി നിബിന്‍)


Next Story

Related Stories