TopTop
Begin typing your search above and press return to search.

കുമ്മനത്തിന്റെ യാത്ര 'പൊളിച്ചത്' അമിത് ഷായും യോഗിയും..!

കുമ്മനത്തിന്റെ യാത്ര പൊളിച്ചത് അമിത് ഷായും യോഗിയും..!

ജനരക്ഷാ യാത്ര അതിന്റെ നാലാം ദിവസം പിന്നിടുമ്പോള്‍ ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായെ 9 കിലോമീറ്റര്‍ നടത്തി ഉണ്ടാക്കിയ ആവേശം ആറിത്തണുക്കുന്ന കാഴ്ചയാണ് കാണുന്നത്. പയ്യന്നൂരില്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പ്രസംഗം അണികളില്‍ മികച്ച ആവേശം ഉണ്ടാക്കാന്‍ സഹായിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൂടാതെ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനും നരേന്ദ്ര മോദി കഴിഞ്ഞാല്‍ ബിജെപിയിലെ രണ്ടാമനുമായ നേതാവ് തങ്ങളുടെ കൂടെ നടക്കുന്നു എന്നതും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നായിരുന്നു.

എന്നാല്‍ രണ്ടു കാരണങ്ങള്‍ കൊണ്ട് ജനരാക്ഷാ യാത്രയുടെ ആവേശവും ശോഭയും കെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഒന്നാമത്തേത് അമിത് ഷാ പിണറായിയിലൂടെ നടക്കുമെന്ന പ്രഖ്യാപനം പൊളിഞ്ഞത് തന്നെ. വിശ്വസനീയമായ വിശദീകരണമില്ലാത്ത കാരണങ്ങളാല്‍ തന്റെ പരിപാടി വെട്ടിച്ചുരുക്കി അമിത് ഷാ പൊടുന്നനെ കേരളത്തില്‍ നിന്നും പോവുകയായിരുന്നു. പിണറായി വിജയന്‍ എന്ന ‘കൊലയാളി’ മുഖ്യമന്ത്രിയുടെ ‘സാമ്രാജ്യം’ ഇതാ അമിത് ഷാ കീഴടക്കാന്‍ പോകുന്നു എന്ന മട്ടിലായിരുന്നു അതുവരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണം. മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ വര്‍ണിച്ചിട്ടുള്ള യുദ്ധവീരന്‍മാരുടെ കഥ കണക്കെ ഒരു കലാപരിപാടി. കമ്യൂണിസ്റ്റ് പാര്‍ട്ടി അറിയാതെ ഈച്ച പോലും അനങ്ങില്ല എന്നു പ്രചരിപ്പിക്കപ്പെടുന്ന, കേരളത്തിന്റെ മറ്റ് മേഖലകളില്‍ പോലും ആ പ്രചരണത്തിന് നല്ല മാര്‍ക്കറ്റുള്ളപ്പോഴാണ്, അമിത് ഷാ പിണറായി പിടിക്കാന്‍ പോകുന്നു എന്ന പ്രചണ്ഡ പ്രചരണം സൈബറിടത്തിലൂടെ ബിജെപി അഴിച്ചു വിട്ടത്. അതാണ് പൊളിഞ്ഞത്. അതോടെ ട്രോളുകളുടെ പെരുമഴയായി. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഇതാഘോഷിച്ചു. മുഖ്യമന്ത്രി 'നനഞ്ഞ പടക്കം' എന്നു വിശേഷിച്ചപ്പോള്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത് 'കാറ്റുപോയ ബലൂണ്‍' എന്നാണ്.

രണ്ടാമത്തെ കാരണം യോഗി തന്നെ. ഉത്തര്‍ പ്രദേശിനെ കണ്ടു പഠിക്കൂ എന്ന യോഗിയുടെ ഉപദേശമാണ് തിരിച്ചടിച്ചത്. സംസ്ഥാനത്തെ മാധ്യമങ്ങള്‍ മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ അടക്കം യോഗിയുടെ അവകാശവാദങ്ങളിലെ യുക്തിരാഹിത്യം കണക്കുകള്‍ നിരത്തി പൊളിച്ചുകൊടുത്തു. സൈബര്‍ ഇടത്തില്‍ ട്രോളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ‘അഴിഞ്ഞാടി’. പലതും ശുദ്ധഹാസ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതുപോലുമായി. മാധ്യമങ്ങളില്‍ ഈ താരതമ്യ ചര്‍ച്ചയെ ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ ഒരുപാട് വെള്ളം കുടിച്ചു. കുമ്മനത്തിന്റെ ജാഥ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന ഒന്നാണ് എന്നുവരെ പ്രചാരണങ്ങള്‍ ഉണ്ടായി. ബിജെപിയുടെ ദേശീയ നേതാക്കള്‍ കേരളത്തെ ജിഹാദി സംസ്ഥാനമാണ് എന്നു വിശേഷിപ്പിച്ചതും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി.

വരാന്‍ പോകുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും കുറഞ്ഞത് നാലു സീറ്റെങ്കിലും പിടിക്കുക എന്ന ലക്ഷ്യമിട്ട് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും അഴിമതി ആരോപണങ്ങളില്‍ പെട്ട് നഷ്ടപ്പെട്ട പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്താനും വേണ്ടിയാണ് ജനരക്ഷാ യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചത്. സിപിഎമ്മിനെ നേരിട്ടു അടിക്കുന്നതിലൂടെ കോണ്‍ഗ്രസ്സിനെ അരികിലേക്കുതള്ളാം എന്നു ബിജെപി കരുതുന്നു.

പക്ഷേ പാളം തെറ്റിയ ജാഥയെ വീണ്ടും പാളത്തിലേക്ക് കയറ്റുക എന്നത് തന്നെയായിരിക്കും വരും ദിവസങ്ങളില്‍ ജാഥാ മാനേജര്‍മാര്‍ നേരിടുന്ന വെല്ലുവിളി. എന്തു പുതിയ വിഷയമാണ് ചര്‍ച്ചകളിലേക്ക് അവര്‍ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുക എന്നത് തന്നെയാണ് ജനം പൊതുസമൂഹം നോക്കുന്നത്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories