Top

കണ്ണൂരിലെ മൂന്നാം ഒളിപ്പോരുകാര്‍; എബിവിപി നേതാവ് ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നിലെ ചതിപ്രയോഗങ്ങള്‍

കണ്ണൂരിലെ മൂന്നാം ഒളിപ്പോരുകാര്‍; എബിവിപി നേതാവ് ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നിലെ ചതിപ്രയോഗങ്ങള്‍
യുദ്ധം ജയിക്കാൻ ചതിയും വഞ്ചനയും ഒക്കെ പ്രയോഗിക്കുന്ന പതിവ് പണ്ട് കാലം മുതൽക്കേ ഉണ്ടായിരുന്നു. എല്ലാ പുണ്യ പുരാണങ്ങളും ചരിത്രഗ്രന്ഥങ്ങളും ഇത് ശരിവെക്കുന്നു. തിരഞ്ഞെടുപ്പ് ജയിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഏതറ്റം വരെയും പോകുന്നതും ഇന്നിപ്പോൾ പതിവാണ്. സി പി എം വിട്ടു യു ഡി എഫിൽ ചേക്കേറിയ നെയ്യാറ്റിൻകരയിലെ മുൻ എം എൽ എ ആർ സെൽവരാജ് സ്വന്തം വീടിനു തീയിട്ടതുമായി ബന്ധപ്പെട്ട കേസ് ഈ അടുത്ത കാലത്താണുണ്ടായത്. ഇതിന്റെയൊക്കെ ചുവടുപിടിച്ചു തന്നെയാവണം രാഷ്ട്രീയ എതിരാളിയെ വകവരുത്തിയ ശേഷം ആ പാതകം മറ്റൊരു വിരോധിക്കുമേൽ കെട്ടിവെക്കുന്ന ഏർപ്പാട് കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്. ഈ മാസം 19നു കണ്ണൂർ ജില്ലയിലെ നിടുംപൊയിലിനടത്തുവെച്ചു കൊലചെയ്യപ്പെട്ട എ ബി വി പി നേതാവും ആർ എസ് എസ് പ്രവർത്തകനുമായ കൊമ്മേരിയിലെ ശ്യാമപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണവും വെളിച്ചം വീശുന്നത് വർധിച്ചുവരുന്ന ഈ പുത്തൻ പ്രവണതയിലേക്കു തന്നെയാണ്.

ഈ കേസിൽ പിടിയിലായ എസ് ഡി പി ഐ പ്രവർത്തകർ പൊലീസിന് നൽകിയ ആദ്യ മൊഴി തങ്ങളുടെ പ്രവർത്തകനായ അയൂബിനെ ആർ എസ് എസ് പ്രവർത്തകർ വെട്ടിപരിക്കേല്പിച്ചതിനുള്ള പ്രതികാരമായിരുന്നു ശ്യാമപ്രസാദിന്റെ കൊലപാതകം എന്നതായിരുന്നു. എന്നാൽ അയൂബിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയല്ലാതിരുന്നിട്ടും എന്തുകൊണ്ട് ശ്യാമപ്രസാദിനെ തന്നെ തിരഞ്ഞുപിടിച്ചു എന്ന ചോദ്യത്തിന് അവർക്കു ലഭിച്ച മറുപടി അടുത്തകാലത്ത് ആർ എസ് എസ്സുകാരാൽ കൊലചെയ്യപ്പെട്ട സി പി എം പ്രവർത്തകൻ ഒനിയൻ പ്രേമൻ വധക്കേസിലെ രണ്ടാം പ്രതിയാണ് ശ്യാമപ്രസാദ് എന്നതിനാൽ ഈ കൊലപാതകം സി പി എമ്മിന്റെ തലയിൽ കെട്ടിവെക്കാം എന്ന് കരുതി എന്നതാണ്. എന്നാൽ അക്രമം നടത്തി മണിക്കൂറുകൾക്കകം പിടിയിലായതിനാൽ എസ് ഡി പി ഐക്കാരുടെ പദ്ധതി പാടെ പാളുകയായിരുന്നു.

കേരളത്തിൽ രാഷ്ട്രീയ ചതിപ്രയോഗങ്ങൾ മുൻപും നടന്നിട്ടുണ്ട്. കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന പി ടി ചാക്കോ ആർ എസ് പി നേതാവ് ബേബി ജോൺ തുടങ്ങി ഒട്ടനവധിയാളുകൾ ബലിയാടുകളും. ചാക്കോയുടെ കാര്യത്തിൽ പീച്ചി യാത്രയിൽ കാറിലുണ്ടായിരുന്ന അജ്ഞാത യുവതിയായിരുന്നു എതിരാളികളുടെ ആയുധമെങ്കിൽ ബേബിജോണിനെ കുരുക്കിയത് ഒരു സരസ്സന്റെ അപ്രത്യക്ഷമാകലായിരുന്നു. ബേബിജോൺ കൊന്നു കായലിൽ തള്ളിയെന്നു പ്രചരിപ്പിക്കപ്പെട്ട സരസൻ ഏറെ വര്‍ഷം കഴിഞ്ഞു തിരിച്ചെത്തിയതുപോലെ ചാക്കോയുടെ കാറിലെ അജ്ഞാത യുവതിയും പിന്നീട് അന്ന് എന്താണ് സംഭവിച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. സരസൻ തിരിച്ചെത്തും വരെ തളരാതെ, പതറാതെ ബേബി ജോൺ പിടിച്ചു നിന്നുവെങ്കിൽ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ തന്റെ പീച്ചി യാത്രയുടെ ചുരുൾ ആഴിയും മുൻപ് തന്നെ ചാക്കോ ഹൃദയം പൊട്ടി മരിച്ചിരുന്നു.

http://www.azhimukham.com/kerala-bjp-state-president-kummanam-rajashekaran-and-his-demands-for-afspa-in-kerala/

ആദ്യം പറഞ്ഞ ചതി പ്രയോഗവും രണ്ടാമത് പറഞ്ഞ ചതി പ്രയോഗവും പ്രത്യക്ഷത്തിൽ ഒരേപോലെയെന്നു തോന്നിപ്പിക്കാമെങ്കിലും ആദ്യം പറഞ്ഞതിന് വ്യാപ്തി കൂടുമെന്നതിനാൽ പ്രഹര ശേഷിയും കൂടും എന്നതാണ് യാഥാർഥ്യം. ഒരു രാഷ്ട്രീയ പാർട്ടിയെയോ ഒരു ഗ്രാമത്തെയോ ഒരു സംസ്ഥാനത്തെയോ മാത്രം ബാധിക്കുന്ന ഒന്നായി അതിനെ ലഘൂകരിച്ചു കാണുന്നത് അശാന്തിയുടെ ദിനങ്ങൾ ക്ഷണിച്ചു വരുത്തൽ തന്നെയാകും. ഇങ്ങനെ പറയേണ്ടി വരുന്നത് ഏതാണ്ട് നിത്യേനയെന്ന പോലെ ചർച്ച ചെയ്യപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങൾക്കു ഒരു പുതിയ മാനം കൈവന്നിരിക്കുന്നുവെന്നത് കൊണ്ട് കൂടിയാണ്. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിൽക്കുന്നവർ പരസ്പരം പോരടിക്കുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥ മാറി മൂന്നാമത് ഒരു കളിക്കാരൻ കൂടി രംഗത്ത് വരാനിരിക്കുന്നു എന്നത് മാത്രമല്ല അവർ എല്ലായിടങ്ങളിലും (രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- ഭരണ സംവിധാന രംഗങ്ങളിൽ) നുഴഞ്ഞുകയറി സർവ്വനാശം വിതക്കാൻ സജ്ജരായിക്കൊണ്ടിരിക്കുന്നുവെന്നത് കൂടിയാണ്.

http://www.azhimukham.com/film-criticism-on-movie-eeda-and-its-politics-by-anna/

കണ്ണൂർ നിടുംപൊയിലിൽ എസ് ഡി പി ഐക്കാർ ചെയ്തതു എൻ ഡി എഫ് ആയിരുന്ന കാലത്തു തന്നെ അവർ തുടങ്ങിവെച്ച ഒളിയുദ്ധ സിദ്ധാന്തത്തിന്റെ തുടർച്ചമാത്രമാണ്. മുസ്ലിം ലീഗിൽ നുഴഞ്ഞു കയറി നാദാപുരത്തും ഈയടുത്ത കാലത്തു പയ്യന്നൂരിനടുത്ത കവായിലും ഒക്കെ അവർ തുടരുന്ന ഒളിയുദ്ധം ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ കാണാതെ പോകുന്നത് ഇത് ചിലപ്പോഴെങ്കിലും തങ്ങൾക്കു ഗുണം ചെയ്യുന്നുവെന്ന മണ്ടൻ ചിന്തകൊണ്ട് മാത്രമെന്ന് കരുതുന്നതും ശരിയല്ലെന്നു തോന്നുന്നു. ഇങ്ങനെ ഒരു മൂന്നാം ഒളിയുദ്ധക്കാരനെ കലാപകുതുകികളായ അവരിൽ ചിലരും വല്ലാതങ്ങു സ്നേഹിച്ചു പോയിട്ടില്ലേ എന്ന് സംശയിക്കേണ്ടതുണ്ട്. കുടിപ്പക തീർക്കുന്ന തങ്ങളുടെ കൊലാപരിപാടിയിൽ ഇടക്കൊക്കെ ഈ മൂന്നാം കക്ഷിയുടെ മേല്‍വിലാസം അവരും തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നു എന്ന് തന്നെവേണം കരുതാൻ. ഇപ്പോഴും തർക്ക വിഷയമായി തുടരുന്ന തലശ്ശേരി ഫസൽ വധക്കേസിൽ ബി ജെ പി-ആർ എസ് എസ് സ്വീകരിക്കുന്ന നിലപാടും ടി പി ചന്ദ്രശേഖരൻ കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ കൊലപാതകി സംഘം സഞ്ചരിച്ച വാഹനത്തിൽ പതിച്ചിരുന്ന സ്റ്റിക്കറുമൊക്കെ ഇത്തരം ഒരു സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.

http://www.azhimukham.com/kannur-political-revenge-cpim-bjp-murder-ka-antony-azhimukham/

ഒടുവിൽ ഒരു കാര്യം കൂടി. കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകളുടെ പേരിൽ കണ്ണീരൊഴുക്കി ഇതിനകം തന്നെ ആഗോള പ്രസിദ്ധി നേടിയ മാന്യ ശ്രീ കുമ്മനത്തെ ശ്യാമപ്രസാദ് മരിച്ചിട്ട് ദിവസങ്ങൾ ഇത്രയായിട്ടും സംഭവം നടന്ന സ്ഥലത്തേക്കോ ബലിദാനിയുടെ വീട്ടിലേക്കോ കണ്ടില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഓരോ ആർ എസ് എസുകാരനും മരിക്കുമ്പോൾ കെട്ടി എഴുന്നള്ളിക്കപ്പെടുന്ന കേന്ദ്രമന്ത്രിമാരെയും കണ്ടില്ല. പ്രതികൾ മാർക്സിസ്റ്റുകാർ അല്ലാത്തതുകൊണ്ടാവാം! കുറ്റം പറയരുതല്ലോ. കുമ്മനം ഈ വരുന്ന 30 നോ 31 നോ വരുമെന്ന് കേൾക്കുന്നു. എങ്കിലും ഈ തണുത്ത പ്രതികരണത്തിനു പിന്നിലും കഥയിലെ പ്രധാന വില്ലനായ മൂന്നാം ഒളിപ്പോരുകാരോട് എന്തോ ഒരു മമത പതിയിരിക്കുന്നില്ലേ എന്ന് ഒരു സംശയം. വെറും ഒരു സംശയം മാത്രം.

http://www.azhimukham.com/kannur-political-murder-salim-kumar-face-book-post-azhimukham/

Next Story

Related Stories