TopTop
Begin typing your search above and press return to search.

അനാര്‍ക്കലി; അതേ പ്രണയം ലക്ഷദ്വീപ് പാക്കിംഗില്‍

അനാര്‍ക്കലി; അതേ പ്രണയം ലക്ഷദ്വീപ് പാക്കിംഗില്‍

സച്ചി-സേതു ദ്വയത്തിലെ സച്ചിയുടെ ആദ്യ സംവിധാന സംരംഭം ആണ് അനാര്‍ക്കലി. എന്ന് നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിക്കും ശേഷം പൃഥ്വിരാജിന്റെ ഹാട്രിക് ഹിറ്റ് ഉണ്ടാവുമോ എന്ന ആകാംക്ഷയും സച്ചിയിലുള്ള പ്രതീക്ഷയും റിലീസ് ദിവസം തീയറ്ററില്‍ നല്ലവണ്ണം ആളെ കൂട്ടിയിരുന്നു. ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന ധാരണയുണ്ടാക്കുന്നതായിരുന്ന ട്രെയിലറും പാട്ടുകളും എല്ലാം.

പൃഥ്വിരാജിന്റെ ശന്തനു എന്ന നാവിക ഉദ്യോഗസ്ഥന്റെയും അയാളുടെ മേലുദ്യോഗസ്ഥന്‍ ജാഫര്‍ ഇമാമിന്റെ (കബീര്‍ ബേദി) മകള്‍ നാദിറ ഇമാമിന്റെയും (പ്രിയാല്‍ ഗോര്‍) സുദീര്‍ഘവും സംഭവബഹുലവും ആയ പ്രണയ കഥയാണ് അനാര്‍ക്കലി. ഇവരുടെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. രണ്ടാം ഘട്ടത്തില്‍ ലക്ഷദ്വീപിലെ സാഹസികനായ റെക്കോര്‍ഡ് ബ്രേക്കര്‍ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ ആയും ജീവിക്കേണ്ടി വരുന്നുണ്ട് ശന്തുനുവിനു. നേവിയിലെ ശന്തനുവിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആയ സക്കറിയ (ബിജു മേനോന്‍), ദ്വീപില്‍ വച്ചു ശന്തനു പരിചയപ്പെടുന്ന ആറ്റ കോയ (സുരേഷ് കൃഷ്ണ) ഡോ. ഷെറിന്‍ മാത്യു (മിയ ജോര്‍ജ്) എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

കൗതുകങ്ങള്‍, വഴക്ക്, വിരഹം, തെറ്റിധാരണ, വില്ലന്മാര്‍ തുടങ്ങി ഒരു വാണിജ്യ പ്രണയ കഥയ്ക്ക് വേണ്ട എല്ലാമുണ്ട് അനര്‍ക്കലിയില്‍. രണ്ടര മണിക്കൂറില്‍ അധികം ദൈര്‍ഘ്യം ഉണ്ടെങ്കിലും സംഭവ ബഹുലമാണ് ഒട്ടു മിക്ക രംഗങ്ങളും. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗ് അങ്ങേയറ്റം പ്രൊഫെഷണല്‍ ആണ്. മലയാള സിനിമയ്ക്ക് അധികം പരിചയമില്ലാത്ത ലക്ഷദ്വീപ് ജീവിതവും കാഴ്ചയും ജസരി ഭാഷയും എല്ലാം പുതുമയുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുന്നുണ്ട്. സുജിത് വാസുദേവന്റെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട് കവരത്തിയെ. വിദ്യാസാഗറിന്റെ ഈണങ്ങള്‍ സിനിമയ്‌ക്കൊപ്പം സിനിമയെ അറിഞ്ഞു തന്നെ നില്‍ക്കുന്നു.സുദീര്‍ഘമായ ഈ പ്രണയ കഥയും കാഴ്ചകളും പക്ഷെ വല്ലാതെ ഉപരിപ്ലവമായി അനുഭവപ്പെടുന്നു. 15 വയസുള്ള കുട്ടിയെ പറ്റി വല്ലാതെ വളര്‍ച്ചയുള്ള പെണ്‍ശരീരമായി തോന്നുന്നു എന്ന് പറഞ്ഞു വെള്ളമിറക്കുന്നത് മനുഷ്യവിരുദ്ധമായി തോന്നി. അത്തരം പ്രലോഭനങ്ങളെ പറ്റിയുള്ള സംസാരം, അത് എത്ര വലിയ തമാശ ആണെങ്കിലും രണ്ടു വ്യക്തികള്‍ക്കിടയില്‍ സംഭവിക്കുന്ന ബന്ധത്തെ പറ്റിയുള്ള കഥ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാക്കുന്നതില്‍ നിന്ന് പ്രേക്ഷകരെ തടഞ്ഞു നിര്‍ത്തും. പിന്നീട് ഉള്ളതൊക്കെ ഏച്ചു കൂട്ടല്‍ ആയി തോന്നും. അനാര്‍ക്കലി, സലിം, സുഫി വരികള്‍, ഖവാലി പോലുള്ള എന്തൊക്കെയോ കാഴ്ചകള്‍, ഇതൊക്കെ എടുത്താല്‍ പൊങ്ങാത്ത ഭാരം നല്‍കി സംവിധായകന്. പ്രതീകങ്ങള്‍ ആയി എത്തിയ വെള്ളവും വെളിച്ചവും ഒന്നും എല്‍ക്കുന്നുമില്ല. പ്രണയ കഥയിലെ വില്ലനായ അച്ഛനും സാഹചര്യങ്ങളും എല്ലാം യുഗ യുഗാന്തരങ്ങളായി ഒരേ ഛായയില്‍ വന്നു പോയ്‌ക്കൊണ്ടേ ഇരിക്കുന്നു.

അഭിനയത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും എടുത്തു പറയാനില്ല. പൃഥ്വിരാജിന്റെ ശന്തനു ആണ് ആദ്യാവസാനം ഉള്ളത്. ഡൈവിംഗ് രംഗങ്ങള്‍ ഒഴിച്ച് ഒന്നും അയാള്‍ക്ക് വെല്ലുവിളി ഉണ്ടാക്കുന്നില്ല. ഇതുവരെ ചെയ്തതില്‍ കൂടുതല്‍ ഒന്നും ചെയ്യാനുമില്ല. മേരിക്കുണ്ടൊരു കുഞ്ഞാടില്‍ തുടങ്ങി ബിജു മേനോന്‍ കോമഡികള്‍ക്ക് ഏതാണ്ട് ഒരേ ശൈലി ആണെങ്കിലും മടുപ്പിക്കുന്നില്ല, മിയ ജോര്‍ജും സുരേഷ് കൃഷ്ണയും സ്വന്തം വേഷങ്ങള്‍ നന്നായി അഭിനയിച്ചു. നാദിറ ആയി എത്തിയ പ്രിയാല്‍ ഗോര്‍ തട്ടത്തിന്‍ മറയത്തിന്റ തെലുങ്ക് റീമേക്ക് സാഹിബ സുബ്രഹ്മണ്യത്തിലെ നായിക ആണ്. പാവകുട്ടികാഴ്ച്ച ആകുക എന്ന പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് തന്നെ സ്വന്തം കഥാപാത്രത്തെ വലിയ പരിക്കുകള്‍ ഇല്ലാതെ കൊണ്ട് പോകാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒറ്റ രംഗത്തില്‍ വരുന്ന രഞ്ജി പണിക്കരെ കൂടാതെ മേജര്‍ രവിയും ശ്യാമ പ്രസാദും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.

ചിരിക്കാനും ആസ്വദിക്കാനും കുറച്ചു സമയം ഉണ്ടെങ്കില്‍ ലക്ഷദ്വീപ് കാഴ്ചകളും ജീവിതവും അനാര്‍ക്കലിയും കണ്ടു മടങ്ങാം. ഹൃദയം കൊണ്ടോ യുക്തി കൊണ്ടോ ഉള്‍ക്കൊള്ളാവുന്ന പ്രണയമോ കാഴ്ചയോ ഈ സിനിമയില്‍ ഇല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories