TopTop
Begin typing your search above and press return to search.

പോര്‍ടോ കാബേല്ലോയിലെ വേശ്യകള്‍; ഷാവേസില്‍ നിന്നു മദുരോയിലെത്തുമ്പോള്‍

പോര്‍ടോ കാബേല്ലോയിലെ വേശ്യകള്‍; ഷാവേസില്‍ നിന്നു മദുരോയിലെത്തുമ്പോള്‍

അനാറ്റെലീ കുര്‍മനെവ്
(ബ്ളൂംബര്‍ഗ് ന്യൂസ്)

യുക്രേയ്ന്‍കാരും അറബികളും ഫിലിപ്പിനോകളും നാവികരായുള്ള ലൈബീരിയയുടെ ചരക്കുകപ്പല്‍ തന്റെ കടല്‍ത്തീരത്തടുക്കുന്നത് എലേനക്ക് കൈനിറയെ ഡോളറുകളും കൊണ്ടാണ്. ഗ്രീന്‍ബാക് ഡോളറുകള്‍ വെനെസ്വേലയില്‍ രാജകീയമാണെന്ന് 32-കാരിയായ ഈ വേശ്യ പറയുന്നു.

കപ്പലിന്റെ വരവിനെക്കുറിച്ചറിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തന്റെ ബാഗ് തയ്യാറാക്കി, അവള്‍ തകര്‍ന്നു തുടങ്ങിയ പോര്‍ടോ കാബേല്ലോയിലേക്ക് പോകുന്നു. അവളുടെ നാടായ, പടിഞ്ഞാറന്‍ സംസ്ഥാനമായ സുലിയയില്‍ നിന്നും 450 കിലോമീറ്റര്‍ ദൂരമുണ്ട് ഈ നഗരത്തിലേക്ക്. വെനെസ്വേലയുടെ സാമ്പത്തിക കരാറുകളും അവരുടെ നാണയമായ ബൊളിവറിന്റെ നിരക്കിടിയുന്നതും വന്‍ വിലക്കയറ്റവും മൂലം ഈ ദൂരം ഏറെ തവണ താണ്ടേണ്ടി വരുന്നുണ്ട് എലേനയ്ക്ക്.

പോര്‍ടോ കാബേല്ലോയില്‍ കറന്‍സി വില്‍ക്കുന്നത് ഇവിടുത്തെ വേശ്യകള്‍ക്ക് ഇരട്ടി വരുമാനമാണ് നേടിക്കൊടുക്കുന്നത്. പൊതുനിരത്തില്‍ ഡോളറുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമായിരിക്കുകയും വേശ്യാവൃത്തി കുറ്റകരമല്ലാതിരിക്കുകയും ചെയ്യുന്ന ഈ രാജ്യത്തെത്തുന്ന നാവികരുടെ ‘ഫോറിന്‍ എക്സ്ചെയ്ഞ്ച് കൌണ്ടറു’കളാണീ വേശ്യകള്‍. ഉപയോഗിക്കുന്നതില്‍ 70 ശതമാനം വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ഇവിടെ ഡോളറുകള്‍ വിരളമായതിനാല്‍ കരിഞ്ചന്തയില്‍ അതിന്റെ വില ശരിയായ നിരക്കിന്റെ 11 ഇരട്ടിയാണ്.

‘ഡോളര്‍ ഇവിടുത്തെ രാജാവാണ്, എന്നാല്‍, അത് നേടാന്‍ വലിയ വിലകൊടുക്കേണ്ടിവരുന്നു’ എന്നാണ് തന്റെ യഥാര്‍ത്ഥ പേര് മറച്ചുപിടിച്ചുകൊണ്ട് പോര്‍ടോ കാബേല്ലയിലെ ഒരു വേശ്യാലയത്തിലെ തന്റെ വാടക മുറിയിലിരുന്നു കഴിഞ്ഞമാസം അവസാനം എലേന പറഞ്ഞത്.

സാധാരണ വെനെസ്വേലക്കാര്‍ക്ക് നിയന്ത്രിത വിലയില്‍ കിട്ടാന്‍ കടകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കേണ്ടി വരുന്ന അരിയും പഞ്ചസാരയും എണ്ണയും അടക്കമുള്ള വസ്തുക്കള്‍, ബ്ലൂ ഹൌസ് വേശ്യാലയത്തിലെ എലേനയുടെ മുറിയില്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോഴാണു നേരത്തെ പറഞ്ഞ ഡോളര്‍ വ്യാപാരത്തിന്റെ ഗുണം മനസ്സിലാവുക.

കരിഞ്ചന്ത

2013 ഏപ്രിലില്‍ ഹൂഗോ ഷാവെസ് അന്തരിച്ച്, ഇപ്പോഴത്തെ പ്രസിഡണ്ട് നികോളസ് മദുരോ അധികാരത്തിലേറിയ ശേഷം ബൊളിവറിന്റെ വിനിമയ നിരക്ക് 23-ല്‍ നിന്നും 71ലേക്ക് കുത്തനെ ഇടിഞ്ഞിരുന്നു. പത്തു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ഫോറിന്‍ റിസര്‍വിന്റെ, രാജ്യത്തിന് പുറത്തേക്കുള്ള ഒഴുക്ക് തടയാനായി കറന്‍സിയുടെ വിതരണം സര്‍ക്കാര്‍ കടുത്ത നിയന്ത്രണത്തിലാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ഇറക്കുമതിക്കുള്ള ഔദ്യോഗിക വിനിമയ നിരക്ക് ഒരു ഡോളറിന് 6.3 ബൊളിവര്‍ എന്നതാണ്.

ഈ ഡോളര്‍ കമ്മി, വെനെസ്വേലയെ സോവിയറ്റ് യൂണിയനെയും ക്യൂബയെയും പോലെ ഒരു ദ്വിതല സമൂഹമാക്കി മാറ്റുകയാണെന്ന് ബാള്‍ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈയ്ഡ് ഇകണോമിക്സ് പ്രൊഫസറായ സ്റ്റീവ് ഹാന്‍കെ പറയുന്നു. ഡോളറുകള്‍ കൈവശപ്പെടുത്താന്‍ കഴിയുന്ന വേശ്യകളും, ടൂര്‍ ഏജന്റുമാരും വിമാനത്താവളത്തിലെ ടാക്സിക്കാരും മറ്റും അത് കൂടിയ വിലക്ക് മറിച്ചു കൊടുത്ത് വിലക്കയറ്റത്തെ നേരിടുന്നു. എന്നാല്‍, അതിനു സാധിക്കാത്തവരുടെ ജീവിതനിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുന്നു.

തന്റെ സോഷ്യലിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാനായി ബൂര്‍ഷ്വാസികള്‍ നിര്‍മിച്ചതാണ് ഡോളറിന്റെ കരിഞ്ചന്ത എന്നും അത് ‘വഴിപിഴച്ച’താണെന്നും പ്രസിഡണ്ട് മദുരോ ആരോപിക്കുന്നു.

വളരുന്ന 'വ്യവസായം'

ബൊളിവറിന്റെ വില നിയന്ത്രിക്കാന്‍ ഷാവെസ് തുടങ്ങിവച്ച, കഴിഞ്ഞ 11 വര്‍ഷമായി കരിഞ്ചന്തക്കാരെ ജയിലിലടച്ചും ഇത്തരം കേന്ദ്രങ്ങള്‍ അടപ്പിച്ചും നാലു സമാന്തര വിനിമയ സംവിധാനങ്ങള്‍ സ്ഥാപിച്ചും ഒക്കെ അനൌദ്യോഗിക വിനിമയ നിരക്കിന്റെ വളര്‍ച്ച തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

വെനെസ്വേലയിലെ ഏറ്റവും വലിയ തുറമുഖമായ പോര്‍ടോ കാബേല്ലയില്‍ വളര്‍ച്ചയുള്ള ഒരേയൊരു വ്യവസായം വേശ്യാവൃത്തിയാണ്. ഒരു വരാന്തയും അടുക്കളയും ഉള്ള, വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്ന ബ്ലൂ ഹൌസ് വേശ്യാലയത്തിലെ സ്ത്രീകള്‍ക്ക് മൂന്നു നേരവും കൃത്യമായി ഭക്ഷണം ലഭിക്കുന്നു. അതിനുചുറ്റും കൊളോണിയല്‍ കാലത്തെ വ്യാപാരകേന്ദ്രമായിരുന്ന നഗരത്തിലെ കവലകളും തെരുവുകളും അഴുക്കുചാലിന്റെയും ചവറുകൂനകളുടെയും ദുര്‍ഗന്ധം പേറി നശിച്ചുകൊണ്ടിരിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഇന്ത്യൻ പുരുഷന്‍ എത്രത്തോളം നല്ലവനാണ്?
ഈ ജെന്‍ഡര്‍ ആര്‍ക്കാണ് പ്രശ്നം?
ഞാനുമാണ് നിര്‍ഭയ, എങ്കില്‍
തേജ്പാല്‍ ക്രൂശിക്കപ്പെടുമ്പോള്‍...മാത്യൂ സാമുവല്‍ പ്രതികരിക്കുന്നു
പെണ്‍കുട്ടികള്‍ എടുക്കുന്ന സെല്‍ഫികള്‍


എലെനയെപ്പോലെ സുലിയയില്‍ നിന്നുമുള്ള, ശരിയായ പേര് പറയാനിഷ്ടപ്പെടാത്ത, പൌല പറയുന്നതു തന്റെ കുടുംബത്തെ മുഴുവന്‍ സംരക്ഷിക്കാന്‍ ഈ ജോലി സഹായിക്കുന്നു എന്നാണ്. പഴയ ജോലികൊണ്ടെനിക്ക് എന്റെ അമ്മയെയും മകളേയും മാത്രമേ കഷ്ടിച്ച് നോക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഡോളറുകള്‍ മാത്രമാണു രക്ഷപ്പെടാനുള്ള വഴി. എന്റെ അമ്മാവന്‍മാര്‍ക്കും മറ്റും ബൊളിവറില്‍ ലഭിക്കുന്ന ശമ്പളം ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായിരിക്കുന്നു, പൌല കൂട്ടിച്ചേര്‍ക്കുന്നു.

ഒരു മണിക്കൂറിന് 60 ഡോളര്‍ എന്നതാണ് പോര്‍ടോ കാബേല്ലയിലെ വേശ്യകള്‍ നാവികരോട് ഈടാക്കുന്ന നിരക്ക്. വിദേശികള്‍ക്ക് താമസസൌകര്യവും ടെലിഫോണ്‍ കാര്‍ഡുകളും ടാക്സികളും ഏര്‍പ്പാടാക്കികൊടുക്കുമ്പോള്‍ അവര്‍ പ്രതിഫലം ഡോളറില്‍ വാങ്ങുകയും മുറിയുടമകള്‍ക്കും ടാക്സിഡ്രൈവര്‍കാര്‍ക്കും അത് ബൊളിവറില്‍ നല്കുകയും ചെയ്യും.

ഡോളര്‍ പ്രതിസന്ധി

സാധാരണയായി ഡോളറില്‍ പ്രതിഫലം നല്‍കുന്ന ഒരാളില്‍ നിന്നും ഒരു വേശ്യക്ക് 6800 ബൊളിവര്‍ ലഭിക്കുന്നതുകൊണ്ടു കരിഞ്ചന്തയിലെ കറന്‍സി വിനിമയത്തില്‍ അവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നു. ഇതേ സേവനം നിവൃത്തികേടുകൊണ്ട് ബൊളിവറില്‍ പ്രതിഫലം മേടിച്ചുകൊണ്ടു ചെയ്താല്‍ ആ സ്ഥാനത്ത് 3000 ബൊളിവര്‍ മാത്രമേ കിട്ടുകയുള്ളൂ.

‘ഏതെങ്കിലും കടയില്‍ ഒരു മാസം ജോലിചെയ്താല്‍ കിട്ടുന്നത് ഞങ്ങള്‍ക്കിവിടെ രണ്ടുമണിക്കൂര്‍ കൊണ്ടുണ്ടാക്കാം’, ഗിസെല്‍ എന്നു സ്വയം പരിചയപ്പെടുത്തിയ മറ്റൊരു വേശ്യ, ക്ലബ്-440 എന്നൊരു സ്ട്രീപ്റ്റീസ് ജോയിന്റില്‍ ഇരുന്ന്, 12 വര്ഷം പഴക്കമുള്ള വിലകൂടിയ വിസ്കി കുടിച്ചുകൊണ്ടു പറയുന്നു.

ഡോളറിന്റെ ലഭ്യത കുറഞ്ഞതുകൊണ്ട് കുടിവെള്ളം മുതല്‍ ടോയ്ലറ്റ് പേപ്പര്‍ വരെയുള്ള സാധനങ്ങളുടെ വിലയില്‍ 59 ശതമാനം വരെയാണ് ഈ വര്‍ഷത്തില്‍, മാര്‍ച്ച് വരെയുള്ള കാലയളവില്‍ (അതിനു ശേഷമുള്ള കണക്കുകള്‍ ലഭ്യമല്ല) വര്‍ധനയുണ്ടായിരിക്കുന്നത്. ഇത്തരം വന്‍ വിലക്കയറ്റത്തിന്റ്റെയും ക്ഷാമത്തിന്റ്റെയും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായി കഴിഞ്ഞ മൂന്നു മാസങ്ങളായി നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ കുറഞ്ഞത് 42 പേരാണ് കൊല്ലപ്പെട്ടത്.

സംരക്ഷിത നീക്കങ്ങള്‍

ബ്ലൂംബര്‍ഗ് സര്‍വേ നടത്തിയ ഏഴു സാമ്പത്തിക വിദഗ്ദ്ധരുടെ ഗവേഷണഫലങ്ങള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വെനിസ്വെലിയന്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അത് 1.3 ശതമാനം ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് ഗ്രൂപ്പിലെ വിദഗ്ധര്‍ കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു. ജി.ഡി.പി. കഴിഞ്ഞ വര്‍ഷം ഒരു ശതമാനം ഉയര്‍ന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

‘സമാന്തര’ ഡോളര്‍ വ്യവസ്ഥയെ തങ്ങള്‍ തകര്‍ക്കുമെന്ന് പുതിയ കറന്‍സി മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ധനകാര്യ വൈസ് പ്രസിഡണ്ട് കഴിഞ്ഞ മാര്‍ച്ച് 20-നു പ്രഖ്യാപിച്ചിരുന്നു. സികാഡ്II എന്നറിയപ്പെടുന്ന ഈ വ്യവസ്ഥ ഔദ്യോഗിക വിനിമയ നിരക്കില്‍ നിന്നും 88 ശതമാനം മൂല്യമിടിവില്‍ ഏതാണ്ട് 50 ബൊളിവര്‍ വീതം എന്ന നിയന്ത്രിത അളവില്‍ ഡോളറുകള്‍ വാങ്ങാന്‍ കമ്പനികളെയും വ്യക്തികളെയും അനുവദിക്കുന്നു.

ഷാവേസില്‍ നിന്നു മദുരോയിലെത്തുമ്പോള്‍

സികാഡ്II തുടങ്ങിയ മുതല്‍ കരിഞ്ചന്തയിലെ ബൊളിവറിന്റെ മൂല്യം 17 ശതമാനം ഇടിഞ്ഞുവെന്ന് നിരക്കുകള്‍ നിരീക്ഷിക്കുന്ന ഡോളര്‍ടുഡേ.കോം എന്ന വെബ്സൈറ്റ് പറയുന്നു.

കരിഞ്ചന്ത നിരക്കുകളെക്കുറിച്ച് അഭിപ്രായമാരാഞ്ഞു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ആഭ്യന്തര നയങ്ങള്‍ മൂലം പേരുവെളിപ്പെടുത്താന്‍ ആവാത്ത ഒരു ധനകാര്യ മന്ത്രാലയ വക്താവ് ഫോണ്‍ വിളികള്‍ക്കും ഇ-മെയിലുകള്‍ക്കും മറുപടി നല്‍കിയില്ല. കരിഞ്ചന്ത, വിലക്കയറ്റം, ക്ഷാമം എന്നിവയെ നേരിടാനുള്ള പ്രസിഡന്റിന്റെ നീക്കങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഭ്യന്തര നയം തന്നെ കാരണം എന്ന്‍ പേര് വെളിപ്പെടുത്താനാവാത്ത പ്രസിഡന്ടിന്റെ കാര്യാലയത്തിലെ വക്താവ് വിസമ്മതിച്ചു.

പോര്‍ടോ കാബേല്ലയിലെ പഴയ വാണിജ്യ നഗരത്തില്‍ തകരം കൊണ്ട് മറച്ച വീട്ടില്‍ തന്റെ സഹോദരിയ്ക്കും 85 വയസ്സായ അമ്മയ്ക്കും ഒപ്പമാണ് കള്ളുവില്‍പ്പനക്കാരന്‍ ലൂയിസ് ആല്‍ബെര്‍റ്റോ പരേഡെസ് താമസിക്കുന്നത്. അയാളുടെ വീട്ടിലെ ചുവരുകള്‍ വെനെസ്വേലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കൊടികളും മദുരോ, ഷാവെസ് എന്നിവരുടെ ചിത്രങ്ങളും കൊണ്ടും, അയാളുടെ സഞ്ചരിക്കുന്ന മദ്യക്കട സര്‍ക്കാര്‍ അനുകൂലിയായ മേയര്‍ റാഫേല്‍ ലകാവയുടെ ചിത്രങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു.

എന്നാല്‍, ഷാവേസിന്‍റെ പിന്‍ഗാമിയില്‍ ഈ 52-കാരനു വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് അയാളുടെ ഈ വാക്കുകളില്‍ നിന്നും മനസ്സിലാവുന്നു. വീട്ടിലിരുന്നു കാപ്പി കുടിച്ചുകൊണ്ട് പരേഡെസ് പറയുന്നു “മദുരോ ഒരു പൂര്‍ണ പരാജയമാണ്. ആളുകള്‍ക്ക് മടുത്തു തുടങ്ങി. അധികം വൈകാതെ ഇത് പൊട്ടിത്തെറിക്കുമെന്നാണ് എനിക്കു തോന്നുന്നത്”.

ഒഴിഞ്ഞ അലമാരകള്‍

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എപ്പോഴും സ്റ്റോക് തീര്‍ന്നിരിക്കുന്നതിനാല്‍ തന്റെ കടയിലേക്ക് ആവശ്യമായ കാപ്പിക്കുരുക്കള്‍ നിയന്ത്രിത വിലയുടെ എട്ട് മടങ്ങ് വരെ നല്കി കരിഞ്ചന്തയില്‍നിന്ന് വാങ്ങേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് 4,200 ബൊളിവര്‍ (കരിച്ചന്ത നിരക്കില്‍ 60 ഡോളറുകള്‍) മാത്രം മാസാവരുമാനമുള്ള പരേഡെസ് പറയുന്നു.

കഴിഞ്ഞ തവണ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ക്ഷാമവിവരങ്ങള്‍ അനുസരിച്ചു ജനുവരിയില്‍ ആവശ്യ വസ്തുക്കളില്‍ നാലില്‍ ഒന്നെങ്കിലും കടകളില്‍ ലഭ്യമല്ലായിരുന്നു. 2010-നു ശേഷം ആദ്യമായി കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദാരിദ്ര്യ രേഖക്ക് കീഴെ ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം ആറു ശതമാനം കൂടി 27.3 ശതമാനമായിയെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട് പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ അനൌദ്യോഗികമാണെന്ന് പ്രസിഡണ്ട് മദുരോ പറഞ്ഞു.

ഗിസെലിനെയും എലേനയെയും പൌലയെയും പോലെയുള്ള സ്ത്രീകള്‍ക്ക് അവരുടെ ജീവിതങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും സംരക്ഷിക്കുന്ന ഒരേയൊരു മാര്‍ഗമാണ് ഡോളറുകള്‍ ലഭിക്കുന്ന വേശ്യാവൃത്തി.

“ഞങ്ങള്‍ പഠിച്ചിട്ടില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഈ തൊഴില്‍ ചെയ്യാതിരുന്നാല്‍ ഞങ്ങള്‍ മറ്റെന്താണ് ചെയ്യുക? ഭക്ഷണത്തിനുള്ള വക പോലും തരാത്ത കുറഞ്ഞ കൂലിക്കു പണിയെടുക്കണോ? ഞങ്ങളീ ജോലി ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ തെരുവിലെറിയപ്പെടും” ഗിസെല്‍ പറയുന്നു.


Next Story

Related Stories