Top

അഞ്ചേരി ബേബി വധം: കോടതി വിധി പ്രതികളെ സഹായിച്ച സഭ നേതാക്കള്‍ക്കുള്ള മറുപടിയെന്ന് സഹോദരന്‍

അഞ്ചേരി ബേബി വധം: കോടതി വിധി പ്രതികളെ സഹായിച്ച സഭ നേതാക്കള്‍ക്കുള്ള മറുപടിയെന്ന് സഹോദരന്‍
അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളുകയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെയും സിഐടിയു നേതാവ് എ കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോടതി വിധിയെ സ്വാഗതം ചെയ്ത് ബേബിയുടെ സഹോദരങ്ങള്‍. ന്യായം ലഭ്യമാക്കുന്നുവെന്ന പ്രതീക്ഷയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി തന്നിരിക്കുന്നതെന്ന് ബേബിയുടെ സഹോദരന്‍ ബെന്നി അഞ്ചേരി അഴിമുഖത്തോട് പറഞ്ഞു. ബെന്നിയുടെ വാക്കുകള്‍-

'കോടതി, പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ കെകെ ജയചന്ദ്രനും എ കെ ദാമോദരനും അന്ന് തന്നെ(1982 നവംബര്‍ 13-നാണ് ബേബി വധിക്കപ്പെടുന്നത്) പ്രതികളാവേണ്ടവരായിരുന്നു. പക്ഷെ സ്വാധീനം കൊണ്ടായിരുന്നു ഇവര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടാതെ രക്ഷപ്പെട്ടിരുന്നത്. കേസ് ഒഴിവാക്കാന്‍ കോണ്‍ഗ്രസിന്റെ അധികാര സ്ഥാനത്തിരുന്ന ചിലരും സിപിഐഎമും ഒത്തുകളിക്കാന്‍ ശ്രമിച്ചിരുന്നു. ബേബി വധക്കേസില്‍ മാത്രമല്ല, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, ബാലു എന്നിവരുടെ കൊലപാതകങ്ങളില്‍ ഇവര്‍ ഒത്തുകളിക്ക് ശ്രമിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്ന സഭാ നേതാക്കന്‍മാര്‍ക്കും (സഭയുടെ അല്ല) ഈ വിധി ഒരു പാഠമാകും. സഭയുടെ ആശങ്ങള്‍ക്കെതിരായി കൊലപാതക കേസ് പ്രതികളുമായി ധാരണയാവുകയും ചെയ്തവര്‍ക്കുള്ള തക്ക മറുപടിയാണിത്. പ്രതികളെ തെരഞ്ഞെടുപ്പുകളില്‍ സഹായിക്കുകയും അവരുടെ നിലപാടുകളെ അനുകൂലിക്കുകയും ചെയ്തവരാണ് ഈ സഭാ നേതാക്കള്‍. ഇപ്പോള്‍ ഈ നേതാക്കള്‍ക്ക് തങ്ങളുടെ നടപടികള്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്. ഒത്തു കളിച്ചവര്‍ക്കെല്ലാം ഇത് ഒരു പാഠമാണ്.

mani1
കേസിലെ രണ്ടാം പ്രതിയായ എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയതിനാല്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ച് ധാര്‍മ്മികത കാണിക്കേണ്ടതാണ്. പക്ഷെ അദ്ദേഹം അത് ചെയ്യുവാന്‍ സാധ്യതയില്ല. കേസ് വിധി വന്നിട്ടില്ല, വിടുതല്‍ ഹര്‍ജിയാണ് തള്ളിയത് അതിനാല്‍ സാങ്കേതികത്വം പറഞ്ഞുകൊണ്ട് മണി മന്ത്രി സ്ഥാനം തുടരുമെന്നു തന്നെയാണ് കരുതുന്നത്. മണി മന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. രാഷ്ട്രീയമായും സാമ്പത്തികവുമായി മണിക്ക് ധാരാളം സഹായം കിട്ടും. കൂടാതെ ഇടതുപക്ഷ സര്‍ക്കാര്‍ മണിയെ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും. മന്ത്രിസഭയില്‍ നിന്ന് അഴിമതി ആരോപണത്തിനെ തുടര്‍ന്ന് ഒരാള്‍ പുറത്തുപോയതിന് പകരകാനായി എത്തിയ ആളും(മണി) രാജി വച്ച് പുറത്തു പോവുകയെന്നത് അവര്‍ക്ക് (ഇടതുപക്ഷം) ക്ഷീണമാണ്. ഏത് എതിര്‍പ്പും നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.'


കോടതിയുടെ വിധി നീതി പൂര്‍വമാണെന്നും കേസ് നിലനില്‍ക്കുന്നതാണെന്നും ബേബിയുടെ മറ്റൊരു സഹോദരനായ ജോര്‍ജ് അഞ്ചേരി പറഞ്ഞു. കേസ് നീണ്ടു പോകുവാന്‍ കാരണം സിപിഐഎമും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയായിരുന്നവെന്നും കേസുമായി മുന്നോട്ടുപോകുന്നതില്‍ പ്രതികളുടെ ഭാഗത്ത് നിന്നും നേരിട്ട് ഭീഷണികളില്ല, എന്നാല്‍ അല്ലാതെയുള്ള ഭീഷണികളുണ്ടെന്നും ജോര്‍ജ് പറഞ്ഞു. കൊലപാതക കേസിലെ പ്രതിയായ ഒരാള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും എംഎം മണിയെ ഉദ്ദേശിച്ച് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

1982 നവംബര്‍ 13-നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി കൊല്ലപ്പെടുന്നത്. 2012 മെയ് 25ന് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് മണക്കാട് നടത്തിയ പ്രസംഗത്തിനിടെ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ സംബന്ധിച്ച് എംഎം മണി നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിനെ വീണ്ടും സജീവമാക്കിയത്. മണിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഈ കേസ് പുനരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.


(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)Next Story

Related Stories