Top

ഇങ്ങനെയാണോ പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത്? വയനാട്ടിലെ അങ്കണ്‍വാടികളുടെ അവസ്ഥ അറിയൂ

ഇങ്ങനെയാണോ പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത്? വയനാട്ടിലെ അങ്കണ്‍വാടികളുടെ അവസ്ഥ അറിയൂ
കണക്കുകളില്‍ കുട്ടികള്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം കുറവ്. വയനാട് ജില്ലയിലെ അങ്കണ്‍വാടികളിലെ അവസ്ഥ ഇതാണ്. അക്ഷരമുറ്റത്തേക്കുള്ള ആദ്യ ചുവടാണ് അങ്കണ്‍വാടികളെങ്കിലും വയനാട്ടില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അങ്കണ്‍വാടികളില്‍ കുട്ടികളെ ചേര്‍ക്കുന്നു എന്നതുമാത്രമെ ഇവിടെ നടക്കുന്നുള്ളൂ. രജിസ്റ്ററില്‍ കുട്ടികള്‍ ഉണ്ട്. പക്ഷേ എണ്ണത്തിന് അനുസരിച്ചുള്ള കുട്ടികളെ അങ്കണ്‍വാടികളില്‍ കാണില്ല. അവരായിട്ട് വരില്ല, മാതാപിതാക്കള്‍ക്കും അതിലത്ര താത്പര്യമില്ല. പിന്നെയുള്ള മാര്‍ഗം ജീവനക്കാര്‍ ഓരോ വീടുകളും കയറിയിറങ്ങി കുട്ടികളെ ' പിടിച്ചുകൊണ്ടുവരണം.

വിദ്യാഭ്യാസരംഗത്ത് പഴയകാലത്തെ അപേക്ഷിച്ചു വയനാട് ജില്ല ഏറെ പുരോഗമിച്ചിട്ടുണ്ട്. എങ്കിലും അങ്കണ്‍വാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതാണ് ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ ഇതിലെ വിരോധാഭാസം എന്തെന്നാല്‍ ആദിവാസിക്കുട്ടികള്‍ അടക്കം മുപ്പതിനായിരത്തില്‍ ഏറെ കുരുന്നുകള്‍ ഓരോ വര്‍ഷവും പുതുതായി അങ്കണ്‍വാടികളില്‍ എത്തുന്നുണ്ട് എന്നതാണ്. ജില്ലയിലെ കഴിഞ്ഞ നാലു വര്‍ഷത്തെ കണക്ക് പരാശോധിച്ചാല്‍ അങ്കണ്‍വാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചു വരുന്നതായി സാമൂഹ്യനീതി വകുപ്പും പറയുന്നുണ്ട്. പക്ഷേ ഈ കണക്കുകള്‍ രേഖകളില്‍ മാത്രമാണ്. കുട്ടികള്‍ ചേരുന്നതല്ലാതെ അവര്‍ അവിടെ തുടര്‍ന്നു പഠിക്കാന്‍ താതപര്യപ്പെടുന്നില്ല, അതിനായി ആരും ഉത്സാഹം കാണിക്കുന്നുമില്ല.

ജില്ലയില്‍ ആകെയുള്ള 874 അങ്കണ്‍വാടികളില്‍ 2013-ല്‍ 31,773 കുട്ടികളാണ് അങ്കണ്‍വാടികളില്‍ ചേര്‍ന്നതെങ്കില്‍ 2014 ആയപ്പോഴേക്കും അത് 33,209 ഉം 2015- ല്‍ 34,819 ഉം 2015 ല്‍ 34,819 ആയും വര്‍ദ്ധിച്ചു. 2016-ല്‍ 34,742 എന്ന സംഖ്യയില്‍ മാത്രമാണ് നേരിയ കുറവ് ഉണ്ടായത്. ഈ കണക്കുകള്‍ നില്‍ക്കുമ്പോള്‍ തന്നെ മിക്ക അങ്കണ്‍വാടികളിലും വിരലിലെണ്ണാവുന്ന കുട്ടികളാണ് പഠനത്തിനെത്തുന്നത് എന്നതാണു ഗൗരവതരമായ വിഷയം. ചേരുന്ന കുട്ടികളുടെയും പഠനത്തിനെത്തുന്ന കുട്ടികളുടെയും കണക്കില്‍ ഇത്ര വലിയ അന്തരം വരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ്: 1. മാതാപിതാക്കളുടെ താത്പര്യക്കുറവ്, 2. ഉദ്യോഗസ്ഥരുടെയും അങ്കണ്‍വാടി ജീവനക്കാരുടെയും അനാസ്ഥ. സാധാരണ ഗതിയില്‍ ഒരു അങ്കണ്‍വാടിക്ക് പ്രവര്‍ത്തിക്കാന്‍ മിനിമം 10 കുട്ടികള്‍ എങ്കിലും വേണം. എന്നാല്‍ ഇവിടുത്തെ മിക്ക അങ്കണ്‍വാടികളിലും 12 നു മുകളില്‍ കുട്ടികള്‍ ചേര്‍ന്നിട്ടുള്ളതായി രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസിലാകും. എന്നാല്‍ ഈ അങ്കണ്‍വാടികളിലും അഞ്ചില്‍ താഴെ മാത്രമാണ് കുട്ടികള്‍ വരാറുള്ളത്.'കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സമൂഹത്തിനും ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കിയും കോളനികളില്‍ സ്ഥിരം സന്ദര്‍ശനം നടത്തി എങ്ങനെയും കുട്ടികളെ സ്ഥാപനങ്ങളിലെത്തിക്കാന്‍ ഐ.സി.ഡി.എസ് ഓഫീസും (സംയോജിത ശിശു വികസന പദ്ധതി) വര്‍ക്കേഴ്‌സിനും ഹെല്‍പ്പേഴ്‌സും ശ്രമിക്കാറുണ്ട്. ഇനിയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കുട്ടികളെ അങ്കണ്‍വാടികളില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കും'  ചൈല്‍ഡ് ഡെവലപ്പ്‌മെന്റെ പ്രോജക്റ്റ് ഓഫീസര്‍ സൗമ്യ വര്‍ഗീസ് പറയുന്നു.

വര്‍ക്കേഴ്‌സിനെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന വിഹിതമായി കിട്ടുന്ന 10,000 രൂപ കൊണ്ടും ഹെല്‍പ്പേഴ്‌സിന് കിട്ടുന്ന 5000 രൂപയുമൊക്കെ പലപ്പോഴും അങ്കണ്‍വാടികളിലെ ജീവനക്കാരുടെ അധ്വാനത്തിനെക്കാള്‍ ഒരുപാട് താഴെയാണ് എന്നു പറഞ്ഞാലും അതിശയോക്തി ആവില്ല. പ്രത്യേകിച്ച് ആദിവാസി കോളനികളിലെ കുട്ടികളുടെ കാര്യത്തില്‍. കളിച്ചും മീന്‍ പിടിച്ചും സമയം ചിലവഴിക്കാനാണ് ഇവിടുത്തെ കുട്ടികള്‍ക്കു താത്പര്യം. ഇവരെ പിടിച്ചുകൊണ്ടു വരിക എന്നത് അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും വലിയൊരു അധ്വാനമാണ്. കൈയില്‍ കിട്ടുന്നവരെ കുളിപ്പിച്ച് ഉടുപ്പിടുവിച്ച് വേണം അങ്കണ്‍വാടികളില്‍ എത്തിക്കാന്‍.

സീസണായാല്‍ കുട്ടികളില്‍ പലരും മുതിര്‍ന്നവര്‍ക്കൊപ്പം അടയ്ക്ക പറിക്കാനും കാപ്പി പറിക്കാനുമൊക്കെ പോകും. ആദ്യം കൂട്ടിന് പോകുന്ന ഇവര്‍ക്കു വളരുന്നതിനുസരിച്ച് ചെറിയ ജോലികളും അതിനനുസരിച്ചുള്ള വരുമാനവും കിട്ടുന്നതോടെ പഠനത്തോട് എന്നന്നേക്കുമായി വിട പറയും. ഒരാളില്‍ നിന്നും മറ്റ് കുട്ടികളിലേക്കും ഈ ശീലം വ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ പറയുന്നത്.

'മറ്റുള്ളവരെപ്പോലെ കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കി വിടാനുള്ള സൗകര്യങ്ങളൊന്നും ആദിവാസി കോളനികളില്‍ ഇല്ല. വസ്ത്രമോ ഭക്ഷണമോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് കോളനിക്ക് പുറമേ ഉള്ളവര്‍ മുന്നൂറും നാനൂറും രൂപ കൂലി കൊടുക്കാമെന്ന് പറഞ്ഞ് ജോലിക്ക് വിളിക്കാന്‍ വരുന്നത്. പലപ്പോഴും ലഹരിയും നല്‍കും. പണം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്ത് സ്‌കൂള്‍ പഠനം എന്ന് ചിന്തിക്കും. കൃത്യമായ ബോധവത്കരണം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തിനും വേണം. ആദിവാസിക്കുട്ടികള്‍ പണിക്ക് പോകേണ്ടവരാണെന്ന ചിന്ത ഇല്ലാതാക്കണം.''
ആദിവാസി സംഘടനാ പ്രവര്‍ത്തകനായ ശശി പന്നിക്കുഴി പറയുന്നു.

ജില്ലയിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികളില്‍ നല്ലൊരു ശതമാനവും പഠനത്തിനായി എത്തുന്നില്ല. അതിനിടയിലും അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ചില കോളനികളിലെ അങ്കണ്‍വാടികളില്‍ ദിവസേന ശരാശരി 12 കുട്ടികള്‍ വീതം എത്തുന്നത് ശുഭ സൂചനയാണ്. പക്ഷേ ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാമൂഹിക നീതി വകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ല. പുല്‍പ്പള്ളി കൊട്ടമുരട്ട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടി ഇതിന് ഉദാഹരണമാണ്. ഷീറ്റു കൊണ്ടുള്ള മേല്‍ക്കൂരയും ഇല്ലികള്‍കൊണ്ട് മറച്ച വശങ്ങളുമാണ് ഇതിനുള്ളത്. ഒരു ചിതല്‍ കൂടാരംപോലെ തോന്നും കണ്ടാല്‍. കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനം ഏതു സമയത്തും നിലം പൊത്താം എന്ന നിലയിലാണ്. പത്തൊന്‍പത് കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ അങ്കണവാടിയില്‍ ദിവസേന പത്ത് കുട്ടികള്‍ അക്ഷരം പഠിക്കുന്നുമുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമായി ഇരുന്നു പഠിക്കാന്‍ ഒരു അങ്കണവാടി വേണമെന്ന ആവശ്യത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്നു നാട്ടുകാരനായ വേണു പറയുന്നു.

ജില്ലയിലെ ഒട്ടുമിക്ക അങ്കണ്‍വാടികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നുമില്ല. ഷെഡ്ഡുകളില്‍ അടക്കം പ്രവര്‍ത്തിക്കുന്നവയും ആവശ്യത്തിന് കസേരകളോ ബെഞ്ചുകളും ഇല്ലാത്തവയും നിരവധിയാണ്. സംയോജിത ശിശു വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന പഞ്ചായത്തുകളായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തില്‍ മാത്രം 103 അങ്കണ്‍വാടികളാണ് ഉള്ളത്. അതില്‍ പലതും വാടക കെട്ടിടങ്ങളിലോ താത്കാലിക ഷെഡ്ഡുകളിലോ ആണ് പ്രവര്‍ത്തിക്കുന്നത്.

സ്ഥലപരിമിതി, ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തത്, കളിസ്ഥലം ഇല്ലാത്തത്, അടച്ചുറപ്പുള്ള കെട്ടിടങ്ങള്‍ ഇല്ലാത്തതൊന്നും അധികൃതര്‍ക്ക് പരിഹരിക്കേണ്ട പ്രശ്‌നങ്ങളായി തോന്നുന്നില്ല എന്നതാണ് ഖേദകരം. ഇതൊന്നും ചോദ്യം ചെയ്യാനും ആരും വരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തകരോ വിദ്യാഭാസ പ്രവര്‍ത്തകരോ ജില്ലയില്‍ കുറവായതു കൊണ്ടല്ല. പക്ഷേ, ആരും തയാറാകുന്നില്ല.

കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള പോഷകാഹാര ക്ഷേമ പദ്ധതികള്‍ കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം തുടങ്ങിവയെല്ലാം നടത്തുന്ന ഗ്രാമത്തിലെ ഏറ്റവും വലിയ പ്രധാന സ്ഥാപനമെന്ന നിലയില്‍ അങ്കണ്‍വാടികളുടെ പ്രാധാന്യം ഏറെയാണ്. കെട്ടിടമടക്കമുള്ള അസൗകര്യങ്ങള്‍ പലപ്പോഴും ഇത്തരം പദ്ധതികള്‍ക്ക് തടസമാകാറുണ്ട്.

ജില്ലയില്‍ അങ്കണ്‍വാടികള്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 89 അങ്കണ്‍വാടികള്‍ ഇന്നുമുണ്ട്. സ്വകാര്യവ്യക്തികള്‍ നല്‍കിയ കെട്ടിടത്തിന് വാടക നല്‍കാതെ പല പഞ്ചായത്തുകളും അങ്കണ്‍വാടികളെ കൈവിടുകയാണ്. കമ്മ്യൂണിറ്റി സെന്ററുകള്‍ പോലുള്ള പൊതസ്ഥാപനങ്ങളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടികള്‍ പോലും ജില്ലയില്‍ ഉണ്ട്. ഈ ഒരു അവഗണനാ മനോഭാവം മാറിയില്ലെങ്കില്‍ കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിന്റെ ആദ്യ പടി ഒരു പക്ഷേ നിന്ന് പോയേക്കാം.

ഇതാണ് ജില്ലയിലെ അങ്കണവാടികളുടെ അവസ്ഥ. കണക്കുകളിലെ കുട്ടികളെ മുഴുവന്‍ അങ്കണവാടികളില്‍ എത്തിക്കാന്‍ നൂതന ആശയങ്ങളും പദ്ധതികളും നടത്തിയാല്‍ അത് ജില്ലയിലെ വളര്‍ന്ന വരുന്ന വിദ്യാഭ്യാസ തലമുറക്ക് അനുഗ്രഹമായേക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


Next Story

Related Stories