TopTop
Begin typing your search above and press return to search.

അഭയാര്‍ത്ഥികളും വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങളും

അഭയാര്‍ത്ഥികളും വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങളും

പാട്രിക് ഡോനാഹ്യൂ
(ബ്ലൂംബര്‍ഗ്)

പുതുവര്‍ഷത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലീന മര്‍ക്കല്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.

പുതുവര്‍ഷത്തലേന്ന് കോളോണിലെ ആഘോഷങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കിരയായതായി പരാതി നല്‍കിയത് അഞ്ഞൂറിലേറെ വനിതകളാണ്. കുറ്റം ചെയ്തവരെന്നു സംശയിച്ച് പൊലീസ് പിടികൂടിയ 32 പേരില്‍ 22 പേരും അഭയാര്‍ത്ഥികളായിരുന്നു.

മധ്യപൂര്‍വേഷ്യയില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ജര്‍മനിയുടെ വാതില്‍ തുറന്നിടുന്ന മെര്‍ക്കലിന്റെ നയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് ഇതു പുതിയ ആയുധമായി. പരാതിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ 2016ന്റെ തുടക്കം മെര്‍ക്കലിന് അപകടം നിറഞ്ഞതായിക്കഴിഞ്ഞു.

കോളോണില്‍ നടന്ന അഭയാര്‍ത്ഥി വിരുദ്ധ പ്രകടനത്തെ പിരിച്ചുവിടാന്‍ പൊലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നുവെന്നത് കാര്യങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു.

തുര്‍ക്കിയുടെ സഹകരണത്തോടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ഇതുവരെ മെര്‍ക്കലിന് വലിയ പുരോഗതി നേടാനായിട്ടില്ല. ഇറാനും സൗദിയും തമ്മിലുള്ള സംഘര്‍ഷം സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ സ്ലോവാക്യയും പോളണ്ടും പുനരധിവാസ പദ്ധതിയെ നേരത്തെമുതല്‍ എതിര്‍ക്കുകയുമാണ്.

'വര്‍ഷാരംഭം അത്ര നന്നല്ല', ബര്‍ലിന്‍ ഹെര്‍ട്ടി സ്‌കൂള്‍ ഓഫ് ഗവേണന്‍സിലെ രാഷ്ട്രമീമാംസ ശാസ്ത്രജ്ഞന്‍ ആന്‍ദ്രിയ റോമ്മെലി പറയുന്നു. ' അഭയാര്‍ത്ഥികളെ ജര്‍മന്‍സമൂഹത്തില്‍ ഇഴചേര്‍ക്കാന്‍ ശക്തവും നന്നായി ആലോചിച്ച് തയാറാക്കിയതുമായ പദ്ധതി വേണം. അത് ഉണ്ടാകാന്‍ പോകുന്നില്ല. അഭയാര്‍ത്ഥികള്‍ക്കും ഞങ്ങള്‍ക്കും ഇത് കഠിനമായിരിക്കും.'

110 ലക്ഷം അഭയാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെത്തിയത്. ചില സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആയിരം പുരുഷന്മാരടങ്ങുന്ന സംഘം നൂറോളം വനിതകളെ ആക്രമിക്കുകയെന്നത് തികച്ചും അപ്രതീക്ഷിതമായ വെല്ലുവിളിയാണെന്ന് റോമ്മെലി ചൂണ്ടിക്കാട്ടുന്നു.മെര്‍ക്കലിന്റെ നിലപാടുകള്‍ വളരെ അയഞ്ഞവയാണെന്നാണ് വിമര്‍ശകപക്ഷം. അഭയാര്‍ത്ഥികളുടെ സാമൂഹികസംയോജനവും വംശീയപ്രശ്‌നങ്ങളും കത്തിപ്പടരുന്ന സമൂഹത്തില്‍ പുതിയ അക്രമം കൂടുതല്‍ വാഗ്വാദങ്ങള്‍ക്കു വഴിവയ്ക്കുന്നു. 10വര്‍ഷത്തെ ചാന്‍സലര്‍ ഭരണത്തെ പ്രശ്‌നഭരിതമാക്കുന്ന ഇത് ജനപിന്തുണ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ മെര്‍ക്കലിനെ നിര്‍ബന്ധിതയാക്കും.

അഭയാര്‍ത്ഥികളെ എതിര്‍ക്കുന്ന പെഗിഡ ഗ്രൂപ്പ് കോളോണില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത് എന്നതില്‍നിന്ന് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാണ്. പ്രകടനക്കാര്‍ കുപ്പികളും പടക്കങ്ങളും വലിച്ചെറിഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ബലപ്രയോഗത്തിനു മുതിര്‍ന്നതെന്ന് വക്താവ് തോമസ് ഹെല്‍ദ് അറിയിച്ചു.

പടിഞ്ഞാറന്‍ നഗരമായ മെയ്ന്‍സില്‍ നടന്ന നാഷനല്‍ പോളിസി യോഗത്തില്‍ മെര്‍ക്കലിനെതിരെ അപ്രതീക്ഷിത രാഷ്ട്രീയ വിമര്‍ശനങ്ങളും ഉയര്‍ന്നു. കുറ്റം ചെയ്യുന്ന അഭയാര്‍ത്ഥികളെ പുറത്താക്കുന്നതിലുള്ള നിയമതടസങ്ങള്‍ കുറയ്ക്കാമെന്ന് മെര്‍ക്കലിനും മറ്റുനേതാക്കള്‍ക്കും സമ്മതിക്കേണ്ടിവന്നു.

സിഡിയുവില്‍ എതിരാളികളില്ലാത്ത മെര്‍ക്കലിന് ഇപ്പോഴും മികച്ച ജനപിന്തുണയുണ്ട്. അഭയാര്‍ത്ഥികളെ പൂര്‍ണമായും തടയേണ്ടതില്ല എന്ന മെര്‍ക്കലിന്റെ നയത്തിന് മെയ്ന്‍സില്‍ പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി നേതാക്കള്‍ അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ തുര്‍ക്കിയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുക എന്നതിനെയും പിന്താങ്ങുന്നു.

എആര്‍ഡി ടെലിവിഷന്‍ നടത്തിയ പ്രതിമാസവോട്ടെടുപ്പ് ഭരണകക്ഷിയായ സിഡിയുവിന്റെ പിന്തുണ രണ്ടുശതമാനം വര്‍ധിച്ച് 39 ശതമാനത്തിലെത്തിയെന്നു കാണിക്കുന്നു. ഇന്‍ഫ്രാടെസ്റ്റ് ഡിമാപ് പോളിങ് അനുസരിച്ച് അഭയാര്‍ത്ഥികള്‍ക്ക് പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്നവരുടെ എണ്ണം ഡിസംബറിലെ 72 ശതമാനത്തില്‍നിന്ന് 61 ശതമാനമായി കുറയുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കേണ്ടെന്ന മെര്‍ക്കലിന്റെ തീരുമാനം ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലമാണെന്ന ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിഷേധിച്ചു. ഫോറത്തില്‍ പങ്കെടുക്കാന്‍ ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല എന്നാണ് മെര്‍ക്കലിന്റെ മുഖ്യ വക്താവ് സ്‌റ്റെഫാന്‍ സെയ്‌ബെര്‍ട്ട് അറിയിച്ചത്.യൂറോപ്യന്‍ യൂണിയന് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ തുര്‍ക്കി സര്‍ക്കാര്‍ പാലിക്കുമെന്നാണ് മെര്‍ക്കലിന്റെ പ്രധാന പ്രതീക്ഷ. സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിസ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഗ്രീസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനുള്ള നടപടികള്‍ തൃപ്തികരമല്ലെന്നാണ് മെര്‍ക്കലിന്റെ നിലപാട്.

കുടിയേറ്റക്കാരുടെ എണ്ണം സാരമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നു മെര്‍ക്കല്‍ പറയുന്നുണ്ടെങ്കിലും ഇത് സമയബന്ധിതമാക്കാനോ സമയപരിധി നിശ്ചയിക്കാനോ അവര്‍ തയാറല്ല.

കോളോണ്‍ പൊലീസിന് ഞായറാഴ്ച ലഭിച്ച 516 പരാതികളില്‍ 40 ശതമാനവും ലൈംഗിക അതിക്രമങ്ങളെപ്പറ്റിയാണ്. ഹംബര്‍ഗില്‍ പൊലീസില്‍ കഴിഞ്ഞയാഴ്ച ഇത്തരം 70 പരാതികളാണു ലഭിച്ചത്.

കോളോണ്‍ സംഭവത്തില്‍ സംശയിക്കപ്പെടുന്ന 32 പേരില്‍ 22 പേരും അഭയാര്‍ത്ഥികളാണെന്ന് ബര്‍ലിനിലെ ആഭ്യന്തരമന്ത്രാലയം പറയുന്നു. ഒന്‍പത് അള്‍ജീരിയക്കാര്‍, എട്ട് മൊറോക്കോക്കാര്‍, ഇറാന്‍, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്ന് യഥാക്രമം അഞ്ച്, നാല്, ഒന്ന് ആളുകള്‍ എന്നിങ്ങനെയാണ് ഇവരിലുള്ളത്. മൂന്നു ജര്‍മനിക്കാരും ഒരു അമേരിക്കക്കാരനും സെര്‍ബിയക്കാരനും ഇതിലുണ്ട്.

മധ്യപൂര്‍വേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള കുടിയേറ്റം തുടങ്ങുന്നതേയുള്ളൂവെന്നാണ് പ്രശ്‌നത്തിന്റെ ഗൗരവം കാണിച്ചുകൊണ്ട് ജര്‍മന്‍ വികസനമന്ത്രി ജെര്‍ഡ് മുള്ളര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കുടിയേറ്റക്കാരുടെ വന്‍കൂട്ടം വരാനിരിക്കുന്നതേയുള്ളൂ,' അഫ്രിക്കയിലെ ജനസംഖ്യയില്‍ പ്രതീക്ഷിക്കുന്ന വന്‍ വര്‍ധന മുന്‍നിര്‍ത്തി മുള്ളര്‍ പറഞ്ഞു. ' വിദ്യാഭ്യാസം, പരിശീലനം, ആ മേഖലകളിലെ സാധ്യതകള്‍ എന്നിവയില്‍ നാം കൂടുതല്‍ നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു.'

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories