TopTop

സിറിയ തോറ്റ ജനതയല്ല; ഒരു ചൈനീസ് പാഠം

സിറിയ തോറ്റ ജനതയല്ല; ഒരു ചൈനീസ് പാഠം

അഴിമുഖം പ്രതിനിധി

കാല്‍പന്തുകളത്തില്‍ സിറിയയുടെ മുമ്പില്‍ കാലിടറി വീണപ്പോള്‍ തകര്‍ന്നു വീണത് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ഫുട്ബോള്‍ സൂപ്പര്‍ പവര്‍ എന്ന സ്വപ്നമായിരുന്നു. ആരാധകരുടെ രോഷം അണപൊട്ടിയൊഴുകി. അവര്‍ ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റിനെ പുറത്താക്കണമെന്ന് അലറി വിളിച്ച് തെരുവിലിറങ്ങി. യുദ്ധവും കലാപവും കൊണ്ട് തകര്‍ന്നു തരിപ്പണമായ സിറിയ തൊടുത്തുവിട്ട പന്ത് ഗോള്‍പോസ്റ്റും കടന്ന് ചെന്നുകൊണ്ടത് ചൈനയിലെ ഫുട്‌ബോള്‍ ആരാധകരുടെ ചങ്കില്‍ തന്നെയായിരുന്നു. വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സിറിയ ചൈനയെ തോല്‍പ്പിച്ചത്.

ചൈനയെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള പ്രസിഡന്റ് സി ജിന്‍പിംഗിന്റെ നടപടികള്‍ ആരാധകരില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ആ ആവേശത്തിന്റെ ശവപ്പെട്ടിക്കാണ് സിറിയന്‍ കളിക്കാര്‍ ആണി അടിച്ചത്എന്നാല്‍ ആഭ്യന്തര യുദ്ധംമൂര്‍ച്ഛിച്ച് തകര്‍ന്നു തരിപ്പണമായ സിറിയ തങ്ങളെ പരാജയപ്പെടുത്തിയത് അവരുടെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണെന്ന് ചൈനീസ് ആരാധകര്‍ക്ക് അറിയാം. തങ്ങളുടെ താരങ്ങള്‍ അവരുടെ പ്രതിഭയുടെ മുന്നില്‍ ഒന്നുമല്ലാതെയായി പോയതിന് കാരണം അവരെ തെരഞ്ഞെടുത്തവരാണ് എന്ന തിരിച്ചറിവാണ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ തിരിയാന്‍ ആരാധകരെ പ്രേരിപ്പിച്ചത്.

ഫിഫ റാങ്കിംഗില്‍ ചൈനയുടെ സഥാനം 78ഉം സിറിയയുടെ സ്ഥാനം 114ഉം ആണ്. ഫുട്‌ബോള്‍ വിപ്ലവം സൃഷ്ടിക്കാന്‍ ആയിരക്കണക്കിന് അക്കാദമികളാണ് അധികൃതര്‍ ചൈനയില്‍ തുടങ്ങിയിരിക്കുന്നത്. കൂടാതെ ബ്രസീല്‍ ഉള്‍പ്പടെയുള്ള ഫുട്‌ബോള്‍ സമ്പുഷ്ടമായ രാജ്യങ്ങളില്‍ നിന്ന് പരിശീലകരെ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടും നാല്‍പതിനായിരത്തോളം വരുന്ന ആരാധകരെ നിരാശരാക്കികൊണ്ട് വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചൈനയെ സിറിയ 1-0 ന് തകര്‍ത്തു കളഞ്ഞു.
മൈതാനത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടായിട്ടും ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന തങ്ങളെക്കാള്‍ റാങ്കിംഗില്‍ ഏറെ പിന്നിലുള്ള ഒരു കുഞ്ഞന്‍ രാജ്യം മലര്‍ത്തിയടിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും ചൈനീസ് ആരാധകര്‍ക്ക് മാറിയിട്ടില്ല. സിറിയയുടെ കാല്‍പന്ത് യോദ്ധാകള്‍ തറപറ്റിച്ചത് സമ്പത്തുകൊണ്ട് എന്തും വിലക്കെടുക്കാന്‍ കഴിയുമെന്ന അഹങ്കരിക്കുന്ന ഒരു ഭരണകൂടത്തെയും കൂടിയാണ്.

ഈ തോല്‍വിയോടെ 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടില്‍ കയറാനുള്ള ചൈനയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. യോഗ്യത റൗണ്ട് കടക്കാനുള്ള അവസാന വാതിലും അടയുന്നതിന് മുമ്പ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കായ് സെന്‍ഹ്യൂവയെ പുറത്താക്കി പ്രതിഭയുള്ള കളിക്കാരെ ടീമിലെടുക്കണമെന്നാണ് ആരാധകരുടെ ആവിശ്യം. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ മുഴുവന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നേരെയുള്ള വിമര്‍ശനമാണ്.

'വര്‍ഷങ്ങളായി യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന സിറിയയുടെ ടീം മാനേജര്‍ നേടുന്നത് തുച്ഛമായ 2000 യുവാനാണ് (240 പൗണ്ട്). എന്നാല്‍ എല്ലാ മാസവും ചൈനിസ് കളിക്കാരുടെ വരുമാനം മാത്രം ലക്ഷകണക്കിന് യുവാനാണ്. കഴിഞ്ഞ രാത്രിയിലെ അനുഭവം കാരണം ചൈനീസ് ഫുട്‌ബോള്‍ ടീമിനെക്കുറിച്ച് ചിന്തിക്കാനുള്ള നല്ലൊരു സമയമാണ്.' ചൈനീസ് സാമൂഹിക മാധ്യമമായ വീബോയില്‍ വന്ന ഒരു വിമര്‍ശന കുറിപ്പാണിത്.

കളിയുടെ ആദ്യപകുതിയില്‍ കളം നിറഞ്ഞു നിന്ന ചൈനയെ രണ്ടാം പകുതിയില്‍ സിറിയ ഞെട്ടിച്ചു. ഇങ്ങനെയാണ് ഫുട്‌ബോള്‍ കളിക്കേണ്ടത് എന്ന് അവര്‍ കാട്ടികൊടുത്തു. സിറിയയുടെ മെഹമൂദ് അല്‍ മാവ്‌സിന്റെ കാലില്‍ നിന്നു പോയ ആ പന്ത് ചൈനീസ് വല കുലുക്കിയപ്പോള്‍ കൂടെ കുലുങ്ങിയത് ചൈനയുടെ ഫുട്‌ബോള്‍ സമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള അധികാരികളുടെ കസേരകളും കൂടെയായിരുന്നു.ഏതായാലും പണക്കൊഴുപ്പും തിണ്ണമിടുക്കുംകൊണ്ട് കാല്‍പന്തില്‍ മുന്നേറാമെന്ന ചൈനീസ് അധികൃതരുടെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടിയാണ് സിറിയ കാണിച്ചു തന്നത്. വിലകൂടിയ പരിശീലന ഉപകരണങ്ങളും പേരുകേട്ട പരിശീലകരും, മറ്റുള്ള അനുബന്ധ സൗകര്യങ്ങളും ഒക്കെ ആവിശ്യമാണെങ്കിലും പ്രതിഭയുള്ള താരങ്ങള്‍ വേണമെന്ന അടിസ്ഥാന പാഠം മറന്നതിന്റെ ഫലമാണ് ചൈനയുടെ ഈ തോല്‍വി.

ആ വിജയം സിറിയ അര്‍ഹിച്ചിരുന്നു. കാരണം പലതിലും തോറ്റുപോയ ഒരു ജനതയ്ക്ക് ആശ്വാസം നല്‍കുന്നത് ഇത്തരം വിജയങ്ങള്‍ മാത്രമാണ്. അത് അവരുടെ വികാരപ്രകടനങ്ങളിലും കാണാന്‍ കഴിയും.


Next Story

Related Stories