TopTop
Begin typing your search above and press return to search.

കാളി സിനിമയില്‍ കേട്ട ബീപ് ശബ്ദങ്ങള്‍

കാളി സിനിമയില്‍ കേട്ട ബീപ് ശബ്ദങ്ങള്‍

അരുണ്‍ നാരായണന്‍

ആംഗ്രി ഇന്ത്യന്‍ ഗോഡസ്സസ് എന്ന ചലച്ചിത്രം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴായി ഇന്ത്യയില്‍ ഉയര്‍ന്ന് കേട്ടിട്ടുള്ളവയാണ്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍, കീറിയ വസ്ത്രം പോലെ അവളുടെ ജീവിതവും കീറിപ്പോകുമെന്ന് കുറ്റപ്പെടുത്തുന്ന ഇന്ത്യന്‍ സമൂഹത്തിന് നേരെ തിരിച്ച് വച്ച കണ്ണാടിയാണ് ആംഗ്രി ഇന്ത്യന്‍ ഗോഡസ്സസ്. കാളിയും ദുര്‍ഗ്ഗയുമുള്‍പ്പടെ സര്‍വ്വനാശകരായ സ്ത്രീ ദൈവങ്ങളെ മണിയടിച്ച് ദീപമുഴിഞ്ഞ് ആരാധിക്കുന്ന ഇന്ത്യക്കാര്‍ എന്തേ തങ്ങള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ ബഹുമാനിക്കാന്‍ ശീലിക്കാത്തതെന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട് ഈ ചിത്രം. അങ്ങനെ ഉറക്കെ ചോദിക്കേണ്ട പലതും ഉറക്കെ ചോദിച്ചും ഉറക്കെ പറയേണ്ട പലതും ഉറക്കെ പറഞ്ഞുമാണ് ആംഗ്രി ഇന്ത്യന്‍ ഗോഡസ്സസ് കാഴ്ചക്കാരുടെ മനസ്സിലേക്ക് വേരുകളാഴ്ത്തുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തുന്ന ആറ് സുഹൃത്തുകളും അവര്‍ താമസിക്കുന്ന വീട്ടിലെ വേലക്കാരിയും അമ്മൂമ്മയുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. തൊഴിലിടങ്ങള്‍ മുതല്‍ കിടപ്പറകളില്‍ വരെ സ്ത്രീകള്‍ നേരിടുന്ന അവഗണന വരച്ച് കാട്ടാന്‍ ഇത്രയധികം മുഖ്യകഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയതിലൂടെ സിനിമക്ക് സാധിച്ചിട്ടുണ്ട്. ഒടുവില്‍ ശുഭം എന്ന് എഴുതിക്കാട്ടുന്ന ചിത്രമല്ല ആംഗ്രി ഇന്ത്യന്‍ ഗോഡസ്സസ് . യാഥാര്‍ഥ്യങ്ങളെ അതേ സൌന്ദര്യത്തോടെയും തീവ്രതയോടെയും പകര്‍ത്തിവക്കുകയാണ് ചിത്രം. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന സിനിമയാണെങ്കിലും സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പുരുഷ മേധാവിത്ത്വമാണെന്ന ക്ലീഷേ ഫെമിനിസ്റ്റ് ചിന്താഗതി സിനിമയിലില്ല. മറിച്ച് കുറവുകളും പോരായ്മകളുമുള്ളവരാണ് ഈ സിനിമയിലെ കോപം പൂണ്ട് നില്‍ക്കുന്ന ദേവിമാര്‍‍.കൃത്രിമമായി ഒന്നും അനുഭവപ്പെടുത്താതെ ദൃശ്യങ്ങളുടെ സ്വാഭാവികത പകര്‍ത്തിയ ക്യാമറയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. മസിലുള്ള ആണുടലിന്‍റെ പിന്നാലെ പോകുന്ന ബോളിവുഡ് നായികമാരെ ഓര്‍മ്മിപ്പിക്കുന്ന ചില രംഗങ്ങളും, ഇടക്കും ആവസാനഘട്ടത്തിലും കലര്‍ത്താന്‍ ശ്രമിക്കുന്ന നാടകീയതയുമാണ് അല്‍പ്പമെങ്കിലും മുഴച്ച് നില്‍ക്കുന്നത്. എങ്കിലും സിനിമയുടെ ആസ്വാദനത്തെ അവ ബാധിക്കുന്നില്ല.

എന്നാല്‍ എല്ലാ മര്യാദകളെയും ലംഘിച്ച് ഇടക്കിടെ എത്തി അലോസരപ്പെടുത്തുന്നത് സെന്‍സര്‍‍ ബോര്‍ഡിന്‍റെ കത്രികയാണ്. അഡല്‍റ്റ്സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റാണ് സിനിമക്ക് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എന്നിട്ടും ഓരോ ഡയലോഗിനിടയിലും അരോചകമായ ബീപ് ബീപ് ശബ്ദങ്ങള്‍ പ്രേക്ഷകര്‍ക്ക് കേള്‍ക്കാം. പ്രായപൂര്‍ത്തിയായവര്‍ക്കെന്ന മുന്നറിയിപ്പ് കണ്ട് ചിത്രം കാണാനെത്തുന്നവരില്‍ നിന്ന് പോലും സെന്‍സര്‍ ബോര്‍ഡിന് മറച്ച് വെക്കാനെന്താണുളളതെന്ന് ആരും ചോദിച്ച് പോകും. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ ഈ സിനിമ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു തലമുറയ്ക്ക് അത് താല്‍ക്കാലികമായെങ്കിലും നിഷേധിക്കുകയാണ് ബോര്‍ഡ് ചെയ്തത്. ഒരു പക്ഷെ ഇന്ത്യാസ് ഡോട്ടര്‍ നിരോധിച്ചതിന് തുല്യമായ മണ്ടത്തരം. (സെന്‍സര്‍ബോര്‍ഡ് വെട്ടിക്കളിഞ്ഞ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മാതാക്കള്‍ ഒരുക്കിയ വീഡിയോ യുട്യൂബില്‍ ഇപ്പോള്‍ ലഭ്യമാണ്)സിനിമയില്‍ കാളിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന രംഗങ്ങളിലെല്ലാം സെന്‍സര്‍ ബോര്‍ഡ് ദൃശ്യമല്ലാതാക്കിയിട്ടുണ്ട്. സ്ത്രീശക്തിയുടെ മൂര്‍ത്തിഭാവമായി ഹൈന്ദവസംസ്കാരം ആരാധിക്കുന്ന ദേവിയാണ് കാളി. ആ കാളിയെ മറച്ചുകൊണ്ട് സെന്‍സര്‍ബോര്‍ഡും സിനിമ പറയുന്ന ആശയത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്തത്. സ്ത്രീയുടെ ശക്തി മറച്ച് വെക്കാന്‍ ശ്രമിക്കുന്ന, അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവത്തിന്‍റെ പ്രതിനിധികളാവുകയാണ് കാളിക്ക് കത്രിക വച്ച സെന്‍സര്‍ ബോര്‍ഡ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ


Next Story

Related Stories