TopTop
Begin typing your search above and press return to search.

വെറുപ്പ്‌ പടർത്തുന്ന നാവുകളെ ചങ്ങലക്കിടുക!

വെറുപ്പ്‌ പടർത്തുന്ന നാവുകളെ ചങ്ങലക്കിടുക!

രാജ്യത്തിൻറെ സാംസ്‌കാരിക അന്തരീക്ഷം ഫാസിസത്തിന്റെ കരിനിഴലിൽ ആണ് എന്നത് , സാമാന്യ നിരീക്ഷകർ പോലും സമ്മതിക്കുന്ന കാര്യമാണ്. വിദ്വേഷം പടർത്തുന്ന വിഷലിപ്തമായ പ്രസ്‌താവനകൾ ആണ് ഈ കാലത്തെ അടയാളപ്പെടുത്തുന്നത്."പരസ്പരം വെറുപ്പ്" എന്നതു പൊതുബോധം ആക്കാനുള്ള ശ്രമം ആണ്‌ ഈ പ്രസ്താവനകളുടെ ലക്‌ഷ്യം എന്നത് തിരിച്ചറിയുന്നത്‌ സമൂഹത്തിന്റെ നിലനില്പ്പിനു അത്യന്താപേക്ഷിതം ആണ് . തൊഗാഡിയ , ഗിരിരാജ് സിംഗ് , സാധ്വി നിരഞ്ജൻ, ഒവൈസി തുടങ്ങി ഇങ്ങു ശശികല ടീച്ചര്‍ വരെ വിഷം തുപ്പുന്ന തോക്കുകൾ ആയി രാജ്യത്തെ, അതിന്റെ മതനിരപേക്ഷതയെ വെല്ലു വിളിക്കുന്നു.

കേരളത്തിൽ രണ്ടു ദിവസം മുമ്പ് സമാന പ്രസ്താവന നടത്തിയത് ഇടുക്കി ബിഷപ്പ് ശ്രീ മാത്യു ആനിക്കുഴി ക്കാട്ടിൽ ആണ്. ക്രൈസ്തവരിൽ വര്‍ദ്ധിച്ചു വരുന്ന മിശ്ര വിവാഹത്തെ പറ്റിയുള്ള പരാമര്‍ശം ആണ് വിവാദം ഉണ്ടാക്കിയത്. ലൗ ജിഹാദും എസ് എന്‍ ഡി പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്നായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ ബിഷപ്പ് നടത്തിയ വിവാദ പരാമര്‍ശം.

മറ്റ് മതസ്ഥരായ യുവാക്കള്‍ പ്രണയം നടിക്കുകയും ക്രിസ്തീയ പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് കൂടുകയാണ്. പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശുകയാണ്. ദേവാലയങ്ങളില്‍ വച്ച് നടക്കുന്ന 100 വിവാഹങ്ങളില്‍ ആറെണ്ണം മിശ്രവിവാഹമാണ്. വിശ്വാസികളെന്ന നിലയില്‍ ഇത് തടയേണ്ടതാണ്. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണ്. ഇങ്ങനെ പോകുന്നു ആ പ്രസ്താവനയുടെ രത്നച്ചുരുക്കം. ഓട്ടോ ക്കാർക്കെതിരെ കൂടി പറഞ്ഞതോടെ അദ്ദേഹത്തിന്റെ പിന്നോക്ക വിരുദ്ധത സ്പഷ്ടം ആയി. വിവാദം കത്തിപ്പിടിച്ചതോടെ കേരള മെത്രാൻ സമിതിയും പിന്നീട് ആനിക്കുഴിക്കാട്ടില്‍ തന്നെയും ഖേദം പ്രകടിപ്പിക്കുകയും ഉണ്ടായി .ഒരു പക്ഷേ, ഈ പ്രചാരണം സംഘപരിവാർ ശക്തികൾ ഏറ്റെടുക്കുമായിരുന്നു. അതിൽ എസ് എൻ ഡി പി ക്കെതിരെ പരാമർശം ഇല്ലായിരുന്നെങ്കിൽ.ലവ് ജിഹാദ് പ്രചാരണം വാസ്തവം ഉള്ളതാണോ, ഇല്ലാത്തതാണോ എന്നൊക്കെ സംശയാതീതമായി തെളിയിക്കേണ്ടതിനു പകരം അത് ഒരു ആരോപണത്തിന്റെ പുകമറ മാത്രമായി നിർത്താനാണ് ഈ ശക്തികൾ ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും തെറ്റായ ആരോപണം ആയിരുന്നു അത് എന്നുകൂടി സമൂഹം കണ്ടതാണ്.

പ്രണയ വിവാഹം അത് രണ്ടു മത വിഭാഗത്തിൽപ്പെടുന്ന ആളുകൾ തമ്മിലാകുമ്പോൾ, അതിൽ രാഷ്ട്രീയ ലക്‌ഷ്യം കാണുന്ന പ്രവണത കൂടുകയാണ്. ഈ പ്രവണതയെ സമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നവർ എറ്റു പിടിക്കുകയും ചെയ്യുന്നതോടെ കാലുഷ്യം ഏറുകയാണ്. വിവാഹം എന്ന ഏറെക്കുറെ വ്യക്തിപരമായ കാര്യത്തെ, അല്ലെങ്കിൽ പ്രായപൂർത്തി ആയ ഒരു വ്യക്തി എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കുക എന്നതിന് പകരം ആ തീരുമാനം എടുത്ത വ്യക്തികളെ ജീവിക്കാൻ സമ്മതിക്കാതെ വേട്ടയാടുന്ന പ്രവണത ഒരു രീതിയിലും അംഗീകരിക്കാൻ പൊതുസമൂഹം മുന്നോട്ടു വരരുത്.

ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പുകൾ, നിഗൂഢ താൽപര്യങ്ങൾ പ്രണയ മിശ്ര വിവാഹത്തിന്റെ പുറകിൽ ഉണ്ടെങ്കിൽ അവ പ്രതിരോധിക്കേണ്ടത് അതതു വ്യക്തികളും കുടുംബങ്ങളും ആണ്. സമൂഹം ഒരു പരിധിയിൽ കൂടുതൽ അതിൽ ഇടപെടാൻ ആകുമോ എന്നത് സംശയം ആണ്. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ, അവരെ പ്രാപ്തരാക്കുന്നതിന് പകരം വിദ്വേഷം പടർത്തുന്ന പ്രസ്താവനകൾ ഒരു രീതിയിലും ഉപകരിക്കില്ല. സാമൂഹ്യ സ്പർദ്ധ വർദ്ധിപ്പിക്കുന്ന പ്രസ്താവന നടത്തുന്ന ആളുകൾക്കെതിരെ നിയമനടപടിയും അനിവാര്യം ആണ്.മതവിധേയ ജീവിതവും, മതരഹിത ജീവിതവും , മതേതര ജീവിതവും ഇഷ്ടം പോലെ നയിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് ഇന്ത്യ എന്നത് മറന്നു കൂടാ . മതരഹിത ജീവിതങ്ങളേയും, മതേതര ജീവിതങ്ങളേയും ഒരേപോലെ അസഹിഷ്ണുത യോടെ കാണുന്നതാണ് ഇന്നത്തെ മതവാദി കളുടെ പൊതുവായ ശൈലി. മതതീവ്രവാദികൾ ഒരു പടി കൂടി കടന്നു അങ്ങനെ ജീവിതങ്ങൾ നയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന നിലപാട് കൂടി എടുക്കുന്നു. ഒരു യുവജനപ്രസ്ഥാനം തുടങ്ങിയ "സെക്കുലർ മാട്രി മോണി" വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ഒരു പക്ഷം മതതീവ്രവാദികൾ പ്രതികരിച്ചത് എന്ന് കൂടി നാം ഓർക്കുക.

ഒരു മതത്തിൽ ജനിച്ചവർ ആ മതത്തിൽ ഉള്ളവരുമായി മാത്രം സമ്പർക്കം പുലർത്തുക എന്നിങ്ങനെ അപകടകരമായ രീതിയിൽ ജീവിതങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സഭാ നേതൃത്വങ്ങളെ ആണ് ഇന്ന് കാണാൻ കഴിയുന്നത്‌. ക്രിസ്ത്യാനികൾ അവരുടെ സ്കൂളിൽ പഠിച്ചാൽ മതി എന്നു മൊഴിഞ്ഞ ഒരു പിതാവിനെയും നമ്മൾ കണ്ടതാണ്. സഭാ നേതൃത്വത്തിൽ വർഗീയ വാദികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനയെ ആശങ്കയോടു കൂടി മാത്രമേ കാണാൻ കഴിയൂ.

വിദ്വേഷം പടർത്തുന്ന പ്രസ്താവനകളേയും വെറുപ്പ്‌ പടർത്തുന്ന നാക്കുകളേയും ചങ്ങലക്കിടാൻ സമൂഹം തയ്യാറാവണം. മതത്തിന്റെ സങ്കുചിത മുഴുവൻ സമയ ചട്ടക്കൂടുകളിൽ നിന്ന് പുറത്തു വന്ന്‍ "മതേതര" ജീവിതം ആകർഷകം ആക്കാനുള്ള ചുമതല കൂടി എല്ലാ മനുഷ്യരും ഏറ്റെടുക്കണം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories