Top

ഓര്‍ഗാനിക് ഫാമിംഗ് കുത്തകകള്‍ നടത്തുന്നത്; അനില്‍ അക്കര എം എല്‍ എ/ അഭിമുഖം

ഓര്‍ഗാനിക് ഫാമിംഗ് കുത്തകകള്‍ നടത്തുന്നത്; അനില്‍ അക്കര എം എല്‍ എ/ അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

തൃശൂര്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തിയ അനില്‍ അക്കര അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു എസ് വിജയന്‍: സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം താങ്കള്‍ക്കായിരുന്നു അതിനെപറ്റി എന്താണ് പറയാനുള്ളത്?


അനില്‍ അക്കര: പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ല എന്നത് ശരിയാണ്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഒരിക്കലും ഇത്രയും കനത്ത് മത്സരം ഉണ്ടാകും എന്നും പ്രതീക്ഷിച്ചിരുന്നില്ല.


വി: സിഎന്‍ ബാലകൃഷ്ണന്‍ ആണ് കോണ്ഗ്രസ്സിന്റെ തൃശൂര്‍ ജില്ലയിലെ പരാജയത്തിന് കാരണം എന്ന് താങ്കള്‍ പറഞ്ഞത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു..


അ: സിഎന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലത്തിലാണ്‌ ഞാന്‍ ഇത്തവണ മത്സരിച്ചത്. ജില്ലയില്‍ ഞാന്‍ മാത്രമാണ് ജയിച്ചത്. ബാക്കിയുള്ളവരെല്ലാം തോല്‍ക്കാന്‍ കാരണം അദ്ദേഹം ആണ് എന്ന് പറയാന്‍ സാധിക്കില്ല. ജില്ലയുടെ ചുമതലകൂടി ഉണ്ടായിരുന്ന മന്ത്രി ആയിരുന്നു അദ്ദേഹം. മണ്ഡലത്തിലും ജില്ലയിലും നടപ്പിലാക്കിയ വികസന പ്രവര്‍ത്തങ്ങള്‍ ഒന്നും ഇത്തവണ ചര്‍ച്ചയായില്ല, പകരം എതിര്‍കക്ഷി ഉയര്‍ത്തിവിട്ട ആരോപണങ്ങളാണ് ചര്‍ച്ചയായത്. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം സിഎന്‍ ബാലകൃഷ്ണന്‍റെ ചുമലില്‍ മാത്രം കൊണ്ട് വെക്കാന്‍ കഴിയില്ല. സ്ഥാനാര്‍ഥികളെ വ്യക്തിപരമായി ടാര്‍ഗെറ്റ് ചെയ്താണ്‌ ഇടത് പക്ഷം പ്രചരണം നടത്തിയത്. ജാതി പറഞ്ഞും വര്‍ഗീയത പറഞ്ഞുമാണ് അവര്‍ വോട്ടു നേടിയത്. ആരോപണമുന്നയിച്ചു എന്നൊക്കെ ഉള്ളത് മാധ്യമ സൃഷ്ടികളായി കണ്ടാല്‍ മതിയാകും.

വി: സര്‍ക്കാരിന്റെ ജൈവകൃഷി നയത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുകയാണ്, സ്വന്തമായി ജൈവ കൃഷി നടത്തി വിജയിച്ച ആളെന്ന നിലയില്‍ എന്താണ് ഈ വിഷയത്തില്‍ താങ്കളുടെ നിലപാട്?


: ജൈവ കൃഷി എന്നതിനെ ഇപ്പോള്‍ ഫണ്ട് കിട്ടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആളുകള്‍ സമീപിക്കുന്നത്. അതില്‍ എത്രമാത്രം ആത്മാര്‍ത്ഥമായി ജൈവ കൃഷിയെ സമീപിക്കുന്നവര്‍ ഉണ്ട് എന്ന് അന്വേഷിച്ചു നോക്കണം. അപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെടും. ജൈവ കൃഷിയ്ക്ക് അനുകൂലമായി സംസാരിക്കുകയും പുറത്തുപോയി വില കുറഞ്ഞ പച്ചക്കറികള്‍ വാങ്ങുകയും ചെയ്യുന്നവരാണ് നമ്മള്‍ മലയാളികള്‍. ആ ശീലം മാറാതെ നമ്മള്‍ ജൈവ കൃഷിയെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പ്രധാനമായും ജൈവ കൃഷിയെ സംരക്ഷിക്കുവാന്‍ വേണ്ടി നടപടികള്‍ പ്രായോഗികമായി സ്വീകരിക്കാന്‍ കഴിയുന്നത് തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ക്കാണ്.

വി: ജൈവകൃഷി നടത്തിയാലും കച്ചവടത്തിനെത്തുമ്പോള്‍ അവിടെ കീടനാശിനികള്‍ തളിക്കാറുണ്ട്. ജൈവ കൃഷി ചെയ്താലും ആളുകള്‍ക്ക് ലഭിക്കുന്നത് വിഷമയമായ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. അപ്പോള്‍ എവിടെയാണ് ജൈവകൃഷിയുടെ പ്രാധാന്യം?

അ: സത്യത്തില്‍ ജൈവകൃഷി എന്ന സംവിധാനം എന്താണ് എന്ന് ഇവിടെ പലര്‍ക്കും അറിയില്ല. അത് രണ്ടു തരത്തിലുണ്ട്. ഓര്‍ഗാനിക് ഫാമിങ്ങും പാരമ്പര്യ കൃഷി രീതിയുമുണ്ട്. പാരമ്പര്യ കൃഷി രീതിയാണ് യഥാര്‍ത്ഥ ജൈവകൃഷി. പക്ഷെ ഇപ്പോള്‍ നടക്കുന്നത് ഓര്‍ഗാനിക് ഫാമിങ്ങിന് വേണ്ടിയുള്ള ക്യാമ്പയിനുകള്‍ ആണ്. അത് വ്യാവസായിക അടിസ്ഥാനത്തില്‍ കുത്തകകള്‍ നടത്തുന്നതാണ്. നമുക്ക് പാരമ്പര്യ കൃഷി രീതികളെയാണ് പ്രോത്സാപ്പിക്കേണ്ടത്. നാടന്‍ വിത്തുകള്‍ ഉത്പാദിപ്പിച്ചു വീടിനു ആവശ്യമായ സാധനങ്ങള്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കണം.അപ്പോള്‍ മരുന്ന് തളിക്കേണ്ടി വരില്ല. പലരും പറയുന്നു വിളവെടുത്തത്തിനു ശേഷം കീടനാശിനി തളിക്കുന്നു എന്ന്. എനിക്കതിനോട് വിയോജിപ്പുണ്ട്. അകെ അങ്ങനെ ചെയ്യുന്നത് കോളിഫ്ലവറില്‍ മാത്രമായിക്കും. ബാക്കിയുള്ളതിനൊന്നും അങ്ങനെ തളിക്കുന്നില്ല. ഇത് പാരമ്പര്യം കൃഷി രീതിയിലെ കാര്യമാണ് പറഞ്ഞത്. വിള ചീത്തയാകാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ മിത്രകീടങ്ങളെ ഉല്‍പാദിപ്പിക്കണം. അതുപോലെ ഇന്ന് തീരുമാനിച്ച് നാളെ കൃഷി ചെയ്യാന്‍ കഴിയുന്നതല്ല. അതിനു വ്യക്തമായ പ്ലാനും തയ്യാറെടുപ്പുകളും സമയവും ഒക്കെ ആവശ്യമാണ്‌. അല്ലാതെ സര്‍ക്കാര്‍ ഒരു ഉത്തരവിട്ട് പിറ്റേദിവസം കൃഷി ആരംഭിക്കാനൊന്നും കഴിയില്ല.
വി: ഗവണ്മെന്‍റ് ഓര്‍ഗാനിക് ഫാമിംഗ് കുത്തകകളെ അമിതമായി പ്രോത്സാഹിപ്പിക്കുകയാണോ?

: അരി മുതല്‍ ഉപ്പുവരെ സകല ഉല്‍പ്പന്നങ്ങളും കുത്തക കമ്പനികള്‍ നമ്മുടെ കമ്പോളങ്ങളില്‍ എത്തിക്കുന്നുണ്ട്. അവിടെ തീവിലയാണ് ഇതിനെല്ലാം. ഓര്‍ഗാനിക് ഫാമിംഗ് അല്ല കുഴപ്പം അനാവശ്യമായ വിലക്കയറ്റമാണ്. ആ വിലക്കയറ്റം സൃഷ്ടിക്കുന്ന കമ്പനികളെ വേണം എതിര്‍ക്കാന്‍. സര്‍ക്കാര്‍ വിലക്കയറ്റം തടയാനും വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുവാനുമാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്. അതില്‍ കൃഷി മന്ത്രിയെയും സര്‍ക്കാരിനെയും കുറ്റം പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ അത് ശാസ്ത്രീയമായി നടപ്പിലാക്കണം. അല്ലാത്തപക്ഷം എങ്ങുമെത്താന്‍ പോകുന്നില്ല.

വി: കോണ്‍ഗ്രസ്സില്‍ ഒരു പുനസംഘടന ആവശ്യമാണ്‌ എന്ന് കരുതുന്നുണ്ടോ?

: പുതിയ കെപിസിസി പ്രസിഡന്റായി വിഎം സുധീരനെ തെരഞ്ഞെടുത്ത ശേഷം അതിനു താഴേക്കുള്ള പുനസംഘടന നടന്നിട്ടില്ല. രമേശ്‌ ചെന്നിത്തലയുടെ സമയത്തുള്ള കമ്മിറ്റി തന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എംഎം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ വൈസ് പ്രസിഡന്റ്മാരായിരുന്ന അതേ സമിതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. അധ്യക്ഷന്‍ മാത്രമാണ് മാറിയത്, മറ്റുള്ളവര്‍ ആരും മാറിയിട്ടില്ല. താഴേതട്ടിലുള്ള പുനസംഘടന ഉടന്‍ നടത്തേണ്ടതുണ്ട്.

വി: ബിജെപി കോണ്ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്, അസ്സമിലടക്കം കോണ്ഗ്രസിന് കാലിടറിയിരിക്കുന്നു. ഇപ്പോള്‍ കേരളത്തിലും വലിയ തിരിച്ചടിയാണ് നേരിട്ടത്..

അ: അസ്സമില്‍ മാത്രമാണ് ബിജെപി അധികാരത്തില്‍ എത്തിയത്. മറ്റിടങ്ങളില്‍ എല്ലാം നടന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ്. അവിടെയെല്ലാം കോണ്ഗ്രസ് തന്നെയാണ് ജയിച്ചത്. ഗുജറാത്തില്‍ അടക്കം ഉപ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ജയിച്ചു. അതെന്തേ ആളുകള്‍ ചര്‍ച്ച ചെയ്യാത്തത്? കേരളത്തിലേത് ഒരു തിരിച്ചടി ഒന്നുമല്ല. എല്ലാതവണയും ഇങ്ങനെ തന്നെയാണല്ലോ, യുഡിഎഫും എല്‍ഡിഎഫും മാറിമാറി വരും.അതില്‍ എന്താണ് തിരിച്ചടി? ദേശിയ തലത്തില്‍ ഇപ്പോഴും ബിജെപിയ്ക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)


Next Story

Related Stories