TopTop
Begin typing your search above and press return to search.

അനിര്‍ബന്‍ ഭട്ടാചാര്യ, എന്റെ പിഎച്ച്ഡി വിദ്യാര്‍ത്ഥി

അനിര്‍ബന്‍ ഭട്ടാചാര്യ, എന്റെ പിഎച്ച്ഡി വിദ്യാര്‍ത്ഥി

തനിക സര്‍ക്കാര്‍

അഭിപ്രായ രൂപീകരണം നടത്താനും അത് കാമ്പസിനുള്ളില്‍ ഭയമില്ലാതെ പ്രകടിപ്പിപ്പിക്കാനുമുള്ള സ്വാന്തന്ത്ര്യം സംരക്ഷിക്കാനായി കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരോടും കസ്റ്റഡിയിലുള്ള മറ്റുള്ളവരോടും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അചഞ്ചലമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ അത് എക്കാലവും അവരുടെ ജന്മാവകാശമായിരുന്നു. ആ പ്രക്രിയയിലൂടെ നമ്മുടെ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഈ ആദര്‍ശങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയ്ക്കു പിന്നില്‍ ഈ വിദ്യാര്‍ത്ഥികളോട് അവര്‍ക്കുള്ള സ്‌നേഹമുണ്ട്. അതിന് ശരിയായ കാരണങ്ങളുമുണ്ട്.

കനയ്യ കുമാറിന്റെയും ഉമര്‍ ഖാലിദിന്റെയും സൂപ്പര്‍വൈസര്‍മാര്‍ ഈ ഗവേഷണ വിദ്യാര്‍ത്ഥികളെപ്പറ്റി എഴുതിക്കഴിഞ്ഞു. എംഫില്‍ തീസിസിനുശേഷം എന്റെ കീഴിലാണ് അനിര്‍ബന്‍ ഭട്ടാചാര്യ പിഎച്ച്ഡി പ്രബന്ധം തുടങ്ങിയത്. ഞാന്‍ വിരമിച്ചശേഷം എനിക്കൊപ്പം മറ്റൊരു സൂപ്പര്‍വൈസറും അനിര്‍ബന്റെ പ്രബന്ധം നോക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം അനിര്‍ബനെപ്പറ്റി ഞാന്‍ എന്തുകരുതുന്നു എന്നു പറയാം.

പശ്ചിമബംഗാള്‍ സര്‍വകലാശാലയിലെ പ്രഫസറാണ് അനിര്‍ബന്റെ അച്ഛന്‍. അമ്മ ഹോം മേക്കറും. എന്നും ഗൗരവപ്രകൃതിയും ശാന്തനുമായ വിദ്യാര്‍ത്ഥിയായിരുന്നു അനിര്‍ബന്‍. തന്റെ യോഗ്യതകളും കഴിവുകളും മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിലും അവസരം ഉപയോഗിച്ച് അദ്ധ്യാപകരുടെ മുന്നില്‍ ആളാകുന്നതിലും വിമുഖന്‍. ക്ലാസിലും സെമിനാറുകളിലും അവന്റെ ചോദ്യങ്ങള്‍ ചെത്തിമൂര്‍പ്പിച്ചവയായിരുന്നു. ബൗദ്ധികപ്രശ്‌നങ്ങളുമായി തുടര്‍ച്ചയായ, കലര്‍പ്പില്ലാത്ത സംവാദത്തിന്റെ ഫലം. അനിര്‍ബന്റെ അക്കാദമിക് റെക്കോഡുകള്‍ മികച്ചവയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് പരീക്ഷയില്‍ ഈയിടെ അവന്‍ ഒന്നാമതെത്തി.അതിസമര്‍ത്ഥനും ചിന്താശേഷിയുള്ളവനുമായ ഗവേഷകനായാണ് അവനെപ്പറ്റി എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. എത്ര കഠിനമായ വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തനായിരുന്നു. പാഠരേഖകള്‍ സംബന്ധിച്ച എന്റെ സംശയങ്ങളും എതിര്‍പ്പുകളും അവന്‍ ശ്രദ്ധയോടെ കേട്ടു. അതിനുശേഷം ചിന്തിച്ചുറപ്പിച്ച സ്വന്തം വാദം ശക്തമായി അവതരിപ്പിച്ചു. എന്റെ പല നിര്‍ദേശങ്ങളും വേണ്ടെന്നു വച്ച് പുതിയവ കൊണ്ടുവന്നു. അത്തരം ബൗദ്ധിക സ്വാതന്ത്ര്യമാണ് ജെഎന്‍യുവിലെ മിക്ക അദ്ധ്യാപകരും വിദ്യാര്‍ത്ഥികളില്‍നിന്നു പ്രതീക്ഷിക്കുന്നത്. 'കോളനി ഭരണകാലത്ത് ഉത്തര ബംഗാളിലെ തേയിലത്തോട്ടങ്ങള്‍' എന്നതാണ് ഗവേഷണവിഷയം. അനിര്‍ബന് ഗവേഷണത്തോട് അതീവ പ്രതിബദ്ധതയുമുണ്ട്.

പൊടിപിടിച്ച ചരിത്രരേഖകളെ അനിര്‍ബന്‍ സ്‌നേഹിക്കുന്നു. വെസ്റ്റ് ബംഗാള്‍ ഐബി ആര്‍ക്കൈവ്‌സില്‍ ഞാന്‍ അവനെ പതിവായി കാണാറുണ്ട്. എല്ലാവരെക്കാളും മുന്‍പേ എത്തുന്ന അവന്‍ ആളൊഴിഞ്ഞശേഷവും അവിടെ തുടരും. താല്‍പര്യം ജനിപ്പിക്കുന്ന എന്തെങ്കിലും ഫയലുകളില്‍നിന്നു ലഭിച്ചാലുടന്‍ എന്റെ മേശയ്ക്കരികിലെത്തി അതിന്റെ പ്രസക്തി വിവരിക്കും. ചരിത്രരേഖകളോട് അവനുള്ള അഭിനിവേശം അളവില്ലാത്തതാണ്. ചിലപ്പോഴൊക്കെ ഒരു അദ്ധ്യായത്തില്‍ ഒതുങ്ങാത്തത്ര വിവരങ്ങളാണ് അവന്‍ ശേഖരിക്കുക. തോട്ടം ഉടമകളുടെ ചൂഷണത്തിലും കൊളോണിയല്‍ ഭരണത്തിന്റെ ഇതുമായുള്ള കൂട്ടുകെട്ടിലും അവനുള്ള ക്ഷോഭവും കൂലികളുടെ പരിതാപകരമായ അവസ്ഥയോടുള്ള സഹതാപവും കണ്ടാല്‍ ഇതൊക്കെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളാണെന്നു തോന്നിപ്പോകും.

ജര്‍മനിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ തൊഴിലാളി ചരിത്രത്തില്‍ മികച്ച പരിപാടിക്ക് അപേക്ഷിക്കാന്‍ ഞാന്‍ അവനോടു പറഞ്ഞു. അവന്‍ തയാറായില്ല. 'എനിക്കാവശ്യമുള്ള ചരിത്രരേഖകളെല്ലാം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഉത്തര ബംഗാളിലുമാണ്. ഞാന്‍ എന്തിനു വിദേശത്തു പോകണം?' എന്നായിരുന്നു ചോദ്യം.

ജെഎന്‍യുവില്‍ സൂപ്പര്‍വൈസര്‍മാര്‍ ഗവേഷകരുമായി ഒരുമിച്ചും ഒറ്റയ്ക്കും കൂടിക്കാഴ്ച നടത്താറുണ്ട്. അത്തരം ദീര്‍ഘവും സ്വതന്ത്രവുമായ ചര്‍ച്ചകളില്‍ സൂപ്പര്‍വൈസര്‍മാര്‍ സഹായിക്കുന്നതിനൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ പരസ്പരവും സഹായിക്കും. ഇക്കാര്യത്തില്‍ അനിര്‍ബന്‍ മുന്നിലായിരുന്നു. തന്റെ ഗവേഷണവുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍പ്പോലും കാര്യങ്ങള്‍ പെട്ടെന്നു മനസിലാക്കാനുള്ള കഴിവും താല്‍പര്യവും കൈമുതലാക്കി അനിര്‍ബന്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവന്റെ നര്‍മബോധം ഇത്തരം സെഷനുകളെ സജീവമാക്കുന്നത് എനിക്ക് ആനന്ദദായകമായിരുന്നു. ബൗദ്ധിക അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുമ്പോള്‍പ്പോലും പെരുമാറ്റത്തില്‍ വളരെ മാന്യനും മര്യാദയുള്ളവനുമായിരുന്നു അനിര്‍ബന്‍.അനീതിക്കും ചൂഷണത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ തൊഴിലാളികള്‍ക്കു ലഭിച്ച ശിക്ഷയെപ്പറ്റിയായിരുന്നു ഞങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്ത അവസാന അദ്ധ്യായം. അത്തരം തൊഴിലാളികളെ കൊടുംചൂടില്‍ തടവിലിട്ട, തകരമേല്‍ക്കൂരയുള്ള തടവറയെപ്പറ്റി ദീര്‍ഘവും വികാരനിര്‍ഭരവുമായ വര്‍ണന ആ അദ്ധ്യായത്തിലുണ്ടായിരുന്നു.

ഗവേഷണത്തിന്റെ അവസാനവര്‍ഷത്തിലാണ് അനിര്‍ബന്‍. അവന്‍ സ്‌നേഹിക്കുന്ന ആ ഗവേഷണം, അനാരോഗ്യത്തെയും രോഗങ്ങളെയും മറികടന്ന് അവന്‍ ഇത്രയധികം സമയം ചെലവിട്ട ആ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമോ? ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ ജെഎന്‍യുവിനെ അനുവദിക്കുമോ?

(ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ മുന്‍ പ്രൊഫസറായ തനിക സര്‍ക്കാര്‍ ദി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ എഴുതിയ ലേഖനം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories