Top

ഇനിയെങ്കിലും ധൈര്യം കണ്ടെത്തിയില്ലെങ്കില്‍ നമ്മളും ആ ഭീരുക്കളുടെ കൂട്ടത്തിലായിപ്പോകും- അഞ്ജലി മേനോന്‍

ഇനിയെങ്കിലും ധൈര്യം കണ്ടെത്തിയില്ലെങ്കില്‍ നമ്മളും ആ ഭീരുക്കളുടെ കൂട്ടത്തിലായിപ്പോകും- അഞ്ജലി മേനോന്‍
നിര്‍ഭയയ്ക്കു നേരിടേണ്ടി വന്ന ദുരന്തം നമ്മളില്‍ പലരെയും ഉലച്ചു കളഞ്ഞിരുന്നു. എല്ലാവര്‍ക്കും തുല്യാവസരങ്ങളുള്ള ഒരു ലോകത്തെ കുറിച്ചുള്ള നമ്മുടെ വിശ്വാസത്തെയും പ്രതീക്ഷകളെയുമാണ് അതു തകര്‍ത്തത്. ചുറ്റും നടക്കുന്ന അക്രമങ്ങളെ കുറിച്ച് അടക്കാനാവാത്ത ദേഷ്യവും അത്ര തന്നെ നിസ്സഹായതയും അനുഭവപ്പെട്ടത് ഞാനിന്നും ഓര്‍ക്കുന്നു.

ഒരാളുടെ ശരീരത്തിലും മനസ്സിലും ആത്മാഭിമാനത്തിലും വ്യക്തിത്വത്തിലും നിലനില്‍ക്കുന്ന ഇടത്തിലുമെല്ലാം മറ്റുള്ളവര്‍ നടത്തുന്ന അതിലംഘനങ്ങള്‍; സ്‌ക്രീനിലും പുറത്തും എല്ലായിടത്തും അതാണു നടക്കുന്നത്.

ഇപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ ഭാവന ധൈര്യത്തോടെ നേരിടുമ്പോഴും ഒന്നും മിണ്ടാതെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓരോ സംഭവങ്ങള്‍ക്കും ഉപരി ആരും അറിയാതെ പോകുന്ന അനേകം അതിക്രമങ്ങളുടെ നിമിഷങ്ങള്‍ എന്നും ഉണ്ടാകുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ വച്ച് അപരിചിതര്‍ സ്പര്‍ശിക്കുകയും അനാവശ്യ കമന്റുകള്‍ പറയുകയും ചെയ്യുമ്പോള്‍ പ്രതികരിക്കാനാകാതെ ദേഷ്യവും കണ്ണുനീരും അടക്കിപ്പിടിക്കുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്! പീഡനവും ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും അത്തരം പെരുമാറ്റങ്ങളുടെ അടുത്ത പടിയല്ലേ? ഈ പെരുമാറ്റങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുമ്പോള്‍ മറ്റുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതെ തരമില്ല.

ഹീനമായ ആ സംഭവം നടന്നതിനു ശേഷവും മാധ്യമങ്ങളിലൂടെ അതേപ്പറ്റിയുള്ള സ്ത്രീവിരുദ്ധ നിലപാടുകള്‍ വിളിച്ചു പറയുന്നവര്‍ അവരുടെ വക അക്രമങ്ങള്‍ തുടരുകയാണ്. തങ്ങളുടെ ഉള്ളിലെ വൈകൃതങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഛര്‍ദ്ദിച്ചു വയ്ക്കുന്ന ഇക്കൂട്ടര്‍ പൊതുജനങ്ങളുടെ ചിന്തകളെ കൂടി മലീമസമാക്കുന്നു. തുല്യാവകാശമെന്ന ചിന്ത, ലിംഗ വിവേചനത്തെ മനസിലാക്കാനുള്ള അവബോധം ഇതൊന്നും അവരുടെ തലച്ചോറില്‍ ഇല്ല. പക്ഷേ അല്‍പ്പം മനുഷ്യത്വമെങ്കിലും?

ഇതെല്ലാം കഴിഞ്ഞ് പ്രശ്‌നപരിഹാരത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും ഉപദേശങ്ങളാണ്; സ്ത്രീകള്‍ എങ്ങനെ പെരുമാറണം, വസ്ത്രം ധരിക്കണം, സംസാരിക്കണം, പ്രതികരിക്കണം, ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിച്ചു കൂടാ എന്നിങ്ങനെ. കുട്ടികളെ പിന്തുണയ്ക്കുകയും അവരുടെ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്യേണ്ട കുടുംബങ്ങള്‍ തന്നെ അപമാനം ഭയന്ന് പെണ്‍കുട്ടികളോടു പറയുന്നത് പ്രതികരിക്കരുത് എന്നാണ്. ധൈര്യത്തെ കുറിച്ചും ഭീരുത്വത്തെ കുറിച്ചും ഭാവി തലമുറയോടു നമ്മള്‍ എന്താണ് പറഞ്ഞു കൊടുക്കുന്നത്? ഇതിനെല്ലാമിടയിലും ലിംഗവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തുകയും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീകളോടും പുരുഷന്മാരോടും എനിക്കു നന്ദിയുണ്ട്.

പക്ഷേ ആരാണ് ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നത് എന്നു നോക്കേണ്ട സമയമായില്ലേ? ദുര്‍ബലരായ നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്ന അന്യഗ്രഹ ജീവികളാണോ അവര്‍? അല്ലേയല്ല. നമുക്കിടയില്‍ ജനിച്ചു ജീവിക്കുന്നവരും ഒരുപാടു കാര്യങ്ങളില്‍ നമ്മളോട് സാമ്യമുള്ളവരുമാണ് ഈ അക്രമികള്‍. അതുകൊണ്ട് പ്രശ്‌നം നമുക്കുള്ളില്‍ തന്നെയാണെന്ന് മനസ്സിലാക്കണം. ഒരു പ്രത്യേക ലിംഗത്തില്‍ പെട്ടവരെ മാത്രം കുറ്റപ്പെടുത്താനുള്ള ശ്രമമല്ല ഇതെന്നു മനസിലാക്കണം. സ്ത്രീകളും പുരുഷന്മാരും ഈ ഭീകരാവസ്ഥ രൂപപ്പെടുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. നമുക്കു കൈമാറി കിട്ടിയത് അസമത്വങ്ങള്‍ നിറഞ്ഞ ഒരു ലോകമായിരിക്കാം. പക്ഷേ ആ സ്ഥിതി മാറാനായി ഒന്നുംതന്നെ ചെയ്യാത്തിടത്തോളം നമ്മളും പ്രശ്‌നത്തിന്റെ ഭാഗമാണ്.

ഭാവനയ്ക്കു നേരെ നടന്ന അതിക്രമം നമ്മുടെ മുഖമടച്ചു കിട്ടിയ മറ്റൊരടിയാണ്. അവര്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടുകയാണ്. ഒപ്പം കുറ്റവാളികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു. അമര്‍ഷവും കാര്യങ്ങള്‍ മാറണമെന്ന ആഗ്രഹവും ഉണ്ടായിട്ടും നമ്മളെന്താണ് ചെയ്യുന്നത്?

ചര്‍ച്ചകളെന്ന പേരില്‍ വരുന്ന സര്‍ക്കസിന്റെ കാഴ്ചക്കാരായി ഇരിക്കുമോ?

സോഷ്യല്‍ മീഡിയയില്‍ ഘോരഘോരം പ്രസംഗിച്ച ശേഷം ലാഘവത്തോടെ സൈന്‍ ഔട്ട് ചെയ്യുമോ?

അതോ മാറ്റത്തിനായി എന്തെങ്കിലും ചെയ്യുമോ?

ഞങ്ങള്‍ ചിലര്‍ ചേര്‍ന്ന് കേരളത്തില്‍ ഒരു ചെറിയ തുടക്കമിടുകയാണ്. പ്രശ്‌നത്തിന്റെ വേരുകളില്‍ നിന്നുള്ള തുടക്കം. പെണ്‍കുട്ടികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ആണ്‍കുട്ടികളെ കാര്യങ്ങള്‍ അറിയാനും ഉള്‍ക്കൊള്ളാനും പ്രാപ്തരാക്കാനുള്ള ശ്രമത്തിന്റെ തുടക്കം, സ്‌കൂളുകള്‍ തോറും, കുടുംബങ്ങള്‍ തോറും. ഈ മാറ്റത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ parasparamkerala@gmail.com എന്ന മെയില്‍ ഐഡിയില്‍ ഞങ്ങള്‍ക്കെഴുതുക.

ഇനിയെങ്കിലും ധൈര്യം കണ്ടെത്തിയില്ലെങ്കില്‍ നമ്മുടെ സ്ഥാനം എന്നും ആ ഭീരുക്കളുടെ കൂട്ടത്തിലായിരിക്കും.

(https://anjalimenon.wordpress.com/2017/02/19/1339/

സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ തന്റെ ബ്ലോഗില്‍ എഴുതിയത്)


Next Story

Related Stories