TopTop
Begin typing your search above and press return to search.

അന്ന രാജം മല്‍ഹോത്ര: ഇന്ത്യയിലെ ആദ്യ വനിതാ ഐഎഎസ് ഓഫീസര്‍

അന്ന രാജം മല്‍ഹോത്ര: ഇന്ത്യയിലെ ആദ്യ വനിതാ ഐഎഎസ് ഓഫീസര്‍

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ആണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ അത്ര പ്രശസ്തയല്ല. അന്ന രാജം മല്‍ഹോത്ര എന്ന രാജ്യത്തെ ആദ്യ വനിത ഐഎഎസ് ഉദ്യോഗസ്ഥ, പത്തനംതിട്ടയിലെ നിരണം സ്വദേശിയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍, സ്ത്രീകള്‍ സിവില്‍ സര്‍വീസില്‍ വരാന്‍ മടിക്കുന്ന കാലത്താണ് അന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്‌റ ഭാഗമാകുന്നത്. അക്കാലത്ത് സിവില്‍ സര്‍വീസില്‍ വരുന്ന സ്ത്രീകളെ ഐഎഎസില്‍ നിന്ന് പരമാവധി പിന്തിരിപ്പിച്ച് ഐഎഫ്എസിലേയ്‌ക്കോ (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) മറ്റ് സര്‍വീസുകളിലേയ്‌ക്കോ തിരിച്ച് വിടുകയായിരുന്നു പതിവ്. അതാണ് സ്ത്രീകള്‍ക്ക് യോജിക്കുന്നത് എന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ലിംഗവിവേചനത്തോട് പൊരുതി അന്ന ഐഎഎസില്‍ തന്‌റെ സ്ഥാനമുറപ്പിച്ചു. കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി പദവി വഹിക്കുന്ന ആദ്യ വനിതയും അന്നയാണ്.

1927 ജൂലായ് 11ന് നിരണത്ത് ഒ എ ജോര്‍ജിന്‌റേയും അന്ന പോളിന്‌റേയും മകളായാണ് അന്ന രാജം ജോര്‍ജിന്‌റെ ജനനം. എഴുത്തുകാരന്‍ പൈലോ പോള്‍ മുത്തച്ഛനാണ്. ബാല്യവും ആദ്യകാല വിദ്യാഭ്യാസവും കോഴിക്കോടായിരുന്നു. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം തുടര്‍പഠനത്തിനായി മദ്രാസിലേയ്ക്ക് പോയി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ നേടി. 1950ല്‍ അന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതുകയും ഇന്‌റര്‍വ്യൂവിന് യോഗ്യത നേടുകയും ചെയ്തു. ഐഎഎസ് തിരഞ്ഞെടുത്ത അന്നയെ, അന്നത്തെ യു പി എസ് സി ചെയര്‍മാന്‍ ആര്‍ എന്‍ ബാനര്‍ജിയും ബോഡിലുണ്ടായിരുന്ന മറ്റ് ഐസിഎസ് ഉദ്യോഗസ്ഥരും നിരുത്സാഹപ്പെടുത്തി. ഐഎഫ്എസും മറ്റ് കേന്ദ്രസര്‍വീസുകളുമാണ് സ്ത്രീകള്‍ക്ക് യോജിക്കുക എന്ന മനോഭാവമാണ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ അന്ന തയ്യാറായിരുന്നില്ല. മദ്രാസ് കേഡറാണ് അന്ന തിരഞ്ഞെടുത്തത്. നിയമന ഉത്തരവ് വന്നു. കല്യാണം കഴിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും എന്നടക്കമുള്ള ഭീഷണികള്‍ ഉണ്ടായി. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധികള്‍ നീങ്ങി.

എന്നാല്‍ പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നു. സി രാജഗോപാലാചാരിയാണ് അന്ന് മദ്രാസ് മുഖ്യമന്ത്രി. സ്ത്രീകള്‍ സിവില്‍ സര്‍വീസില്‍ വരുന്നതില്‍ രാജഗോപാലാചാരിക്ക് താല്‍പര്യമില്ലായിരുന്നു. അന്നയ്ക്ക് ക്രമസമാധാനവുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല എന്നായിരുന്നു രാജഗോപാലാചാരിയുടെ മുന്‍വിധി. അതുകൊണ്ട് സാധാരണനിലയില്‍ സബ് കളക്ടറായി നിയമിക്കുതിന് പകരം സെക്രട്ടറിയേറ്റില്‍ നിയമിക്കാമെന്നാണ് രാജഗോപാലാചാരി പറഞ്ഞത്. എന്നാല്‍ പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലിയൊക്കെ സിവില്‍ സര്‍വീസിന്‌റെ ഭാഗമായി തനിക്ക് ചെയ്യാന്‍ കഴിയുമെന്ന ഉറച്ച ബോദ്ധ്യം അന്നയ്ക്കുണ്ടായിരുന്നു. അവര്‍ കുതിര സവാരി പരിശീലിക്കുകയും, റൈഫിളും റിവോള്‍വറും അടക്കമുള്ള തോക്കുകള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടുകയും ചെയ്തിരുന്നു. മജിസ്റ്റീരിയല്‍ അധികാരങ്ങളെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

അന്ന രാജം (വലത്) സുഹൃത്തിനൊപ്പം

ഹോസൂര്‍ ജില്ലയില്‍ സബ് കളക്ടറായി അന്ന നിയമിക്കപ്പെട്ടു. അവിടെയും സ്ത്രീ എന്ന നിലയില്‍ കുറച്ച് കാലത്തേയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ഹോസൂരില്‍ ഒരു ഗ്രാമത്തില്‍ കുതിരപ്പുറത്ത് വന്നിറങ്ങിയപ്പോള്‍ അന്നയെ കാണാന്‍ സ്ത്രീകള്‍ കൂട്ടം കൂടി. അന്ന അവരെ പോലൊരാളാണെന്നും അത്തരമൊരാള്‍ക്ക് ഇത്തരമൊരു പദവി വഹിക്കാന്‍ കഴിയുമെന്നും ആ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ബോദ്ധ്യപ്പെട്ടത് അന്നാണ്. പിന്നെയും അന്നയ്ക്ക് മുന്നില്‍ തൊഴില്‍പരമായി പ്രതിസന്ധികളും പ്രശ്‌നങ്ങളും വന്നുകൊണ്ടിരുന്നു. അധികാരമുള്ളവരും അല്ലാത്തവരുമായ പുരുഷന്മാരുടെ സ്ത്രീകളെ സംബന്ധിച്ചുള്ള മുന്‍വിധികളും മനോഭാവവും പ്രശ്‌നമായി തുടര്‍ന്നു. എന്നാല്‍ പിന്നീട് തിരുച്ചിറപ്പള്ളിയില്‍ നടന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി രാജഗോപാലാചാരി അന്നയെ പ്രശംസിച്ചു. സ്ത്രീകള്‍ക്ക് മാതൃകയായി അന്നയെ ഉയര്‍ത്തിക്കാട്ടി. അന്ന രാജം ജോര്‍ജിന്‌റെ പ്രവര്‍ത്തനമികവ്, സ്ത്രീകളെ കൂടുതലായി ഐഎഎസിലേയ്ക്ക് കൊണ്ടുവരാന്‍ പ്രേരണയായതായി യു പി എസ് സി ചെയര്‍മാന്‍ പറഞ്ഞു. അതേ സമയം ഈ സമീപനത്തോടും അന്നയ്ക്ക് വിയോജിപ്പായിരുന്നു. തന്‌റെ പ്രവര്‍ത്തനം മോശമാവുക ആയിരുന്നെങ്കില്‍, അത് കഴിവുള്ള മറ്റ് സ്ത്രീകളെ ബാധിക്കുമായിരുന്നില്ലേ എന്ന് അന്ന ചോദിക്കുന്നു.

സര്‍വീസ് കാലയളവില്‍ ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കീഴില്‍ അന്ന പ്രവര്‍ത്തിച്ചു. 1982ല്‍ ഏഷ്യാഡ് പ്രോജക്ടുമായി ബന്ധപ്പെട്ട് അന്ന് എംപിയായിരുന്ന രാജീവ് ഗാന്ധിക്കൊപ്പവും പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടേയും പ്രശംസ പിടിച്ചു പറ്റി. കൃഷിയും ഭക്ഷ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ച് നല്‍കുന്ന ചുമതല അന്ന നിര്‍വഹിച്ചു. അക്കാലത്ത് എട്ട് സംസ്ഥാനങ്ങളില്‍ ഇന്ദിര ഗാന്ധി നടത്തിയ പര്യടനത്തില്‍ അന്ന അവരെ അനുഗമിച്ചിരുന്നു.

ആര്‍ എന്‍ മല്‍ഹോത്ര

സിവില്‍ സര്‍വീസ് ബാച്ച്‌മേറ്റായിരുന്ന ആര്‍ എന്‍ മല്‍ഹോത്രയെ ആണ് അന്ന വിവാഹം കഴിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മല്‍ഹോത്ര ധനകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985ല്‍ ആര്‍ എന്‍ മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി. വാഷിംഗ്ടണില്‍ ഐഎംഎഫിലെ ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബോംബെയിലെ നവ ഷേവയില്‍ രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചുമതല അന്നയ്ക്ക് ലഭിച്ചു. 1970കളുടെ അവസാനം രാജ്യത്തെ തുറമുഖങ്ങളുടെ സൗകര്യക്കുറവുകളും അപര്യാപ്തതകളും പരിഹരിക്കുന്നതിനായുള്ള ആലോചനകളും ചര്‍ച്ചകളും സജീവമായി. ബോംബെ പോര്‍ട്ട് ട്രസ്റ്റിന് ഏറെ പരിമിതികളുണ്ടായിരുന്നു. അതിനാല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നവ ഷേവയില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. അത് രാജ്യത്തെ ആദ്യത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലായി മാറി.

കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌റെ നിര്‍മ്മാണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തുറമുഖവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും മുമ്പ് അന്ന ഭാഗമായിട്ടുണ്ടായിരുന്നില്ല. ചതുപ്പ് നിലമായിരുന്നു. എല്ലാ ദിവസവും രാവിലെ നേരത്തെ അന്ന വീട്ടില്‍ നിന്നിറങ്ങും. രാവിലെ ഏഴ് മണിക്ക് ഗേറ്റ് വേയ്ക്ക് സമീപത്ത് നിന്ന് ബോട്ട് പിടിച്ച് നവഷേവയിലേയ്ക്ക്. നഗരത്തില്‍ നിന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങളാണ് അവിടെയുണ്ടായിരുന്നത്. ഗ്രാമീണരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. ടെര്‍മിനലിന്‌റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പല തവണ നവ ഷേവയിലെത്തി. അന്നയുടെ പ്രവര്‍ത്തനത്തില്‍ രാജീവ് സംതൃപ്തനായിരുന്നു. 1989 മേയില്‍ നവ ഷേവയിലെ ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 1990ല്‍

അന്നയെ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

വായനയ്ക്ക്: https://goo.gl/HhWQqj

നവ്‌ഷേന കണ്ടെയ്‌നര്‍ തുറമുഖം


Next Story

Related Stories