TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ഇങ്ങനെയൊരു സെല്‍ഫി? -ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ പ്രതികരിക്കുന്നു

എന്തുകൊണ്ട് ഇങ്ങനെയൊരു സെല്‍ഫി? -ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ പ്രതികരിക്കുന്നു

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയെ സംബോധന ചെയ്ത് കഴിഞ്ഞദിവസം പുറത്തുവന്ന ചലച്ചിത്രതാരം അനൂപ് ചന്ദ്രന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മാണി സാറേ...രാജിവയ്ക്കല്ലേ, എന്തു നാണക്കേടു സഹിച്ചും അധികാരത്തില്‍ തുടരണമെന്നാണ് അനൂപ് ചന്ദ്രന്‍ സെല്‍ഫിയിലൂടെ പരിഹസിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു സെല്‍ഫി എന്ന ചോദ്യത്തോട് അനൂപ് ചന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

കരുതിക്കൂട്ടി ചെയ്തതൊന്നുമല്ല, പെട്ടെന്നുണ്ടായൊരു തോന്നല്‍.

വീണുകിട്ടിയ ഒരു ഒഴിവുദിനം കൃഷിടയിടത്തില്‍ ചെലവാക്കാം എന്നു കരുതി. ഉച്ചവരെ അവിടെ പണിയെടുത്തശേഷം വീട്ടിലെത്തിയപ്പോള്‍ കുറച്ച് നേരം ടിവി കാണാമെന്നുവെച്ചു. എത്രയോ ദിവസങ്ങളായി, ഒരേ വിഷയം തന്നെ ചാനലുകളായ ചാനലുകളിലെല്ലാം. മാണി, കോഴ, ബിജു രമേശ്...! ആ നിമിഷം തോന്നിയൊരു പരിഹാസമാണ് അത്തരമൊരു സെല്‍ഫിയുടെ പിറവിക്കു കാരണമായത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്ന രാഷ്ട്രീയക്കാരോട് ജനത്തിന് ഇപ്പോള്‍ തോന്നുന്നത് പരിഹാസമാണ്. അവര്‍ പുച്ഛിക്കുകയാണ്. അത്തരമൊരു പരിഹാസമായിരുന്നു ആ സെല്‍ഫിയിലും.

ഇരുട്ടുമുറിക്കകത്തിരുന്നുകൊണ്ട് അഭിപ്രായം എഴുതാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ അത്തരമൊരു പ്രതികരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സെല്‍ഫി ഒരു പ്രകടനരൂപമാണ്. അതൊരു റെക്കോര്‍ഡ് ആണ്. നാളെ ആരെങ്കിലും അന്വേഷിക്കുമ്പോള്‍, ഇതാ, അനൂപ് ചന്ദ്രന്‍ ഇങ്ങനെയൊരു വിഷയത്തില്‍ അയാളുടെ പ്രതികരണം നടത്തിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. ജനങ്ങളില്‍ എന്തെങ്കിലുമൊരു ഇംപാക്ട് എന്റെ പ്രവര്‍ത്തികൊണ്ട് ഉണ്ടാകണമെന്നു ഞാനാഗ്രഹിച്ചു. സോഷ്യല്‍ മീഡിയ ഇന്ന് മികച്ചൊരു പ്രതികരണവേദിയായി നിലകൊള്ളുന്നുണ്ട്. എനിക്കൊരു കാര്യം സമൂഹത്തിനോട് പറയാനുണ്ട്, ഞാനത് ഏതെങ്കിലും ചാനലില്‍ ചെന്നു പറയുന്നുവെന്നിരിക്കട്ടെ, അവരത് എഡിറ്റിംഗിന് വിധേയമാക്കും. യാതൊരു എഡിറ്റിംഗും ഇല്ലാതെ എന്റെ അഭിപ്രായങ്ങള്‍ നിങ്ങളോട് പറയാന്‍ അവസരമൊരുക്കുന്നുവെന്നതു തന്നെയാണ് സോഷ്യല്‍ മീഡിയ തരുന്ന സേവനം.സാധാരണക്കാരനായ ഒരു പൗരന്‍ എന്ന നിലയിലായിരുന്നു ഞാനത് ചെയ്തത്. എനിക്ക് പ്രതികരിക്കണമെന്ന് തോന്നി, ഞാനതു ചെയ്തു. സത്യസന്ധമായി ഒരു വിഷയം അവതരിപ്പിച്ചാല്‍ അത് കേള്‍ക്കാന്‍ ആളുണ്ടാവും. അനുകൂലമായി മാത്രമല്ല, പ്രതികൂല പ്രതികരണങ്ങളും വരുമെന്നറിഞ്ഞുകൊണ്ടാണ് ഞാനിതിനൊരുങ്ങിയത്. എന്നാല്‍ കണ്ടവരെല്ലാം അത് സ്വീകരിക്കുകയാണുണ്ടായത്, കാരണം അതിലെ പ്രതിഷേധം സമൂഹം ഉള്‍ക്കൊണ്ടതുകൊണ്ടാണ്.

പലരും പരസ്യമായി പ്രതികരിക്കാന്‍ മടിക്കുകയാണ്. ആരെയും വെറുപ്പിക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഈ മടി. ആരോടും ഒന്നിനും നില്‍ക്കരുതേ എന്നു പറഞ്ഞാണ് വീടുകളില്‍ നിന്ന് കുട്ടികളെ പുറത്തേക്ക് അയക്കുന്നത്. അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുക എന്ന പരിശീലനമാണ് ഇത്. ഈ രീതിയില്‍ വളര്‍ന്നുവരുന്നൊരു ജനതയ്ക്ക് എങ്ങനെ പ്രതികരണശേഷിയുണ്ടാകും? നാട്ടിലെന്ത് അഴിമതി നടന്നാലും അക്രമം നടന്നാലും, ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല, ഞാനെന്തിനാ അതില്‍ ഇടപെടാന്‍ പോകുന്നതെന്ന ചിന്തയാണുണ്ടാകുന്നത്. മാറി നില്‍ക്കേണ്ടവരാണോ ജനം? ചിന്തുക്കൂ...സമരങ്ങള്‍ ഇല്ലാതാവുകയാണ്. എന്നെ ബാധിക്കാത്തൊരു കാര്യത്തിന് ഞാനെന്തിന് സമരം ചെയ്യണമെന്നാണ് ചോദിക്കുന്നത്! സമരം നടത്തി നഷ്ടങ്ങള്‍ സഹിക്കണം എന്ന ബോധം നമുക്കിടയില്‍ ശക്തമായി ബാധിച്ചിരിക്കുന്നു. സമരങ്ങള്‍ ബോധപൂര്‍വം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനെ പ്രതിരോധിച്ച് മുന്നോട്ടുവരാനുള്ള ധൈര്യം നമുക്കുണ്ടാകണം. മധ്യപ്രായത്തിലുള്ള കായാണ് വിത്തിനുവേണ്ടി എടുക്കുന്നത്. എങ്കിലെ ഫലപ്രാപ്തിയുണ്ടാകൂ. എന്നാല്‍ ഇപ്പോള്‍ ആദ്യമുണ്ടാകുന്ന കായ് തന്നെ വിത്തിനെടുക്കുകയാണ്. ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെ ന്യൂജനറേഷനെക്കുറിച്ചാണ്. പെണ്ണിന് പതിനെട്ടും ആണിനു ഇരുപതുമാകുമ്പോഴെ ഇപ്പോള്‍ കല്യാണം നടക്കുകയാണ്. ഇവര്‍ക്കേ ലോകപരിചയം കുറവായിരിക്കും. അപ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കോ? ഈ കുട്ടികളെയാണ് നമ്മള്‍ ന്യൂജനറേഷന്‍ എന്നുവിളിക്കുന്നത്. ഇവര്‍ കാര്യങ്ങള്‍ അറിയാന്‍ സമീപിക്കുന്നത് ടെലിവിഷനെയാണ്. എന്താണ് ചാനലുകളില്‍ വരുന്നത്. കുത്തകകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടികളാണ് അവര്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാക്കുന്നയൊന്നും തന്നെയില്ല, മറിച്ച് കോര്‍പ്പറേറ്റ് ആശയങ്ങളോട് ചേര്‍ന്നുപോകുന്ന താല്‍പര്യങ്ങള്‍ ഉണ്ടാക്കുകയാണ്. പഞ്ചായത്ത് ഓഫിസിലോ, കളകട്രേറ്റ് ഓഫിസിലോ, ഒരു റേഷന്‍ കടയിലോ ഞാനിന്നുവരെ ഒരു മോസ്റ്റ് മേഡേണ്‍ ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ കണ്ടിട്ടില്ല. ജീവിതവുമായി ബന്ധമില്ലാത്തവര്‍ക്ക് എങ്ങനെ സമരങ്ങളുമായി ബന്ധമുണ്ടാകാനാണ്.

ന്യൂജനറേഷനോടുള്ള വിയോജിപ്പ് അവിടെയാണ്. പ്രതികരണങ്ങള്‍ക്ക് അവര്‍ തയ്യാറാകുന്നില്ല. ഇതൊരു ആക്ഷേപമല്ല, വിയോജിപ്പ് മാത്രമാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. അവരെയാണ് നമ്മള്‍ ചുംബനസമരങ്ങളില്‍ കണ്ടത്. ആരാണ് ചുംബനസമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍? അവര്‍ ലൈംഗിക ദാഹം തീര്‍ക്കാനെത്തിയ ഒരു കൂട്ടമല്ല, അവര്‍ സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരല്ല, തങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ അധികാരം സ്ഥാപിക്കാനെത്തിയവരെ നേരിടാനെത്തിയവരാണവര്‍, അവര്‍ വിദ്യാഭ്യാസമുള്ളവരാണ്, ഉയര്‍ന്ന ചിന്താഗതിയുള്ളവരാണ്. ചുംബനസമരത്തെ ഞാന്‍ കാണുന്നത് ഒരു ടെസ്റ്റ് ഡോസ് ആയിട്ടാണ്. നാളെ നമ്മളെ വിഴുങ്ങാനിരിക്കുന്ന ഗ്ലോബലൈസേഷന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന സമരങ്ങളുടെ ടെസ്റ്റ് ഡോസ്.

അനൂപ് ചന്ദ്രന്റെ സെല്‍ഫിയെ ആഘോഷിക്കുകയല്ല വേണ്ടത്. ഞാനൊരു കലാകാരനാണ്. സമൂഹത്തെ നിരീക്ഷിക്കാന്‍ സവിശേഷബുദ്ധി ലഭിച്ചവനാണ് കലാകാരന്‍. നീ കണ്ടതെല്ലാം ഞങ്ങളോടു പറഞ്ഞുതരിക, എന്ന് കലാകാരനോട് സമൂഹം പറയുന്നു. അതിനവര്‍ പകരം നല്‍കുന്നതാണ് ബഹുമാനം. കലാകാരന്‍ സമൂഹത്തിന്റെ ബഹുമാനത്തിന് അര്‍ഹനാകുന്നത് അവനില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ ചെയ്യുമ്പോഴാണ്. എളിയ കലാകാരന്‍ എന്ന നിലയില്‍ ഞാനെന്റെ കടമചെയ്യുകയായിരുന്നു. ഒരു വ്യക്തിയെ അധിക്ഷേപിക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. മലിനമാകുന്നൊരു വ്യവസ്ഥിയോട് പ്രതികരിക്കുകയായിരുന്നു. ആ പരിഹാസം ജനങ്ങളുടെതാണെന്നും തങ്ങള്‍ ചെയ്യുന്നതെല്ലാം ജനം സഹിച്ചോളുമെന്നും പ്രതികരിക്കില്ലെന്നുമുള്ള ധാരണ രാഷ്ടീയക്കാര്‍ക്കുണ്ടെങ്കില്‍ ആ ധാരണ തെറ്റാണെന്നു ഞാന്‍ പറഞ്ഞന്നെയുള്ളൂ. ഭരണാധികാരികളും രാഷ്ട്രീയക്കാരും അവരുടെ പ്രവര്‍ത്തികള്‍ കൊണ്ട് സ്വയം പരിഹാസ്യരായി മാറുന്നുണ്ടെന്നു മനസ്സിലാക്കണം.

എനിക്ക് സമൂഹത്തോട് പറയാനുള്ളത് ഒരേയൊരു കാര്യമാണ്, ഇന്ന് നമ്മള്‍ അനുഭവിക്കുന്നൊരു സ്വാതന്ത്ര്യമുണ്ട്. അത് നഷ്ടപ്പെടുത്തിയാല്‍ തിരിച്ചു പിടിക്കാന്‍ കാലങ്ങള്‍ വേണ്ടിവരും, നമുക്കപ്പുറമുള്ള മറ്റെതെങ്കിലും തലമുറയ്ക്കായിരിക്കും അതിന് സാധിക്കുക. അന്നവര്‍ ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെട്ട ഈ തലമുറയെ പരിഹസിക്കും, കഴിവുകെട്ടവരെന്നു വിളിച്ച് ആക്ഷേപിക്കും...


Next Story

Related Stories