TopTop
Begin typing your search above and press return to search.

40 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ ഒരു സ്വവര്‍ഗ്ഗ വിവാഹം

40 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ ഒരു സ്വവര്‍ഗ്ഗ വിവാഹം

റോബര്‍ട് ബാണ്‍സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“എന്റെ കൈവശം ലൈസന്‍സും ഫാഗോറ്റ് (സ്വവര്‍ഗഭോഗി) ലെറ്ററും ഉണ്ട്, കാണണമെന്നുണ്ടെങ്കില്‍,” ആന്റണി സള്ളിവന്‍ ആവേശത്തോടെ പറഞ്ഞു.

മനോഹരമായ ഒരു കാലിഫോര്‍ണിയ ദിവസമാണിത്, നല്ല വെയിലും കാറ്റും. വള്ളിച്ചെടികള്‍ പടര്‍ന്നുകയറിയ കെട്ടിടത്തിനു വെളിയില്‍ വിന്‍ഡ്ഷൈമുകളുടെ ഒച്ച കേള്‍ക്കാം.

ഈ സ്ഥലം മാനേജ് ചെയ്യുന്ന എഴുപത്തിമൂന്നുകാരന്‍ സള്ളിവന്റെ കയ്യില്‍ എപ്പോഴും രേഖകളുണ്ടാകും.

ലൈസന്‍സില്‍ പറയുന്നത് ഇതാണ്, ആന്റണി കോര്‍ബറ്റ് സള്ളിവനും റിച്ചാര്‍ഡ് ഫ്രാങ്ക് ആദംസും ഏപ്രില്‍ 21, 1975ല്‍ കൊളറാഡോയിലെ ബൌള്‍ഡറില്‍ വെച്ച് വിവാഹിതരായി. രണ്ടു പുരുഷന്മാര്‍ക്ക് വിവാഹിതാരാകാന്‍ അനുവാദം നേടാമെന്ന് ആളുകള്‍ക്ക് തോന്നുന്നതിനും ഒരുപാട് മുന്പാണിത്.

തന്റെ വിവാഹത്തെപ്പറ്റി അധികാരികളെ അറിയിച്ച ശേഷം തന്റെ പുതിയ ഭര്‍ത്താവും ഓസ്ട്രേലിയന്‍ പൌരനുമായ ആദംസിന് സ്പൌസ് വിസയുടെ കാലാവധി നീട്ടിത്തന്നു നാടുകടത്തല്‍ ഒഴിവാക്കണം എന്ന സള്ളിവന്റെ കത്തിന് മറുപടിയായാണ്‌ യുഎസ് ഗവണ്‍മെന്‍റ് ഈ കത്തെഴുതിയത്.

അപേക്ഷ നിരസിച്ചുകൊണ്ട് ഇമിഗ്രേഷന്‍ വകുപ്പ് ചൂണ്ടിക്കാട്ടിയ കാരണം ഇങ്ങനെ:“രണ്ടു ഫാഗോറ്റുകള്‍ (സ്വവര്‍ഗാനുരാഗി) തമ്മില്‍ ഒരു വിവാഹബന്ധമുണ്ടെന്ന് തെളിയിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു”.

ഈ നിരസിക്കലിന് ശേഷം ചരിത്രപ്രധാനമായ ഒരു കോടതി വ്യവഹാരം ഉണ്ടാവുകയും ഈ രണ്ടുപുരുഷന്‍മാര്‍ക്ക് പിന്നീട് നാടുവിടേണ്ടി വരികയും വന്നു.

ഇതെല്ലാം- ഈ വിപ്ലവകരമായ വിവാഹവും ഗവണ്മെന്റിന്റെ ഈ മറുപടിയും ഒക്കെയാണ് ആദ്യമായി ഫെഡറല്‍ കോടതി മുന്‍പാകെ സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കാനുള്ള ഒരു കേസ് ഉണ്ടാകാന്‍ കാരണമായത്. 2012ല്‍ മരിച്ച ആദംസും സള്ളിവനും തമ്മിലുള്ള നാല്‍പ്പത്തൊന്നു വര്‍ഷം നീണ്ട പ്രേമം അങ്ങനെ അനശ്വരമായി.കഥയില്‍ മറ്റൊരു ട്വിസ്റ്റ്‌ കൂടിയുണ്ട്. അതാണ്‌ ഈ മാസം സ്വവര്‍ഗവിവാഹങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്‍കാന്‍ സുപ്രീംകോടതി തീരുമാനിക്കാനുള്ള കാരണം.

സള്ളിവനും ആദംസും അമേരിക്കയില്‍ നില്‍ക്കണോ അതോ അവരെ സ്വീകരിക്കുന്ന ഒരു രാജ്യം തേടിപ്പോകണോ എന്ന അവസാനവാക്ക് എഴുതിയ ജഡ്ജി ആന്റണി കെന്നഡിയാണ്. അന്ന് സര്‍ക്യൂട്ട് ജഡ്ജ് ആയിരുന്ന അദ്ദേഹമാണ് ഇന്ന് സുപ്രീംകോടതുയുടെ ഗേ അവകാശങ്ങളുടെ പ്രധാന ജഡ്ജി.

സള്ളിവനെതിരെയുള്ള വിധിയില്‍ നിന്ന് കെന്നഡി ഒരിക്കല്‍ സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ ഒരു പ്രധാനതീരുമാനമേടുക്കേണ്ടയാളായി മാറുമെന്നതിനെപ്പറ്റി യാതൊരു സൂചനയുമുണ്ടായിരുന്നില്ല. റോമര്‍ വി ഇവാന്‍സ് കേസ് (1996), ആന്റിഹോമോസെക്ഷ്വല്‍ സോഡോമി നിയമങ്ങള്‍ നീക്കം ചെയ്തത് (2003) എന്നിങ്ങനെ പലതിലും പ്രധാനവിധി പറഞ്ഞത് കെന്നഡിയാണ്.

എന്നാല്‍ എണ്‍പത്തിയഞ്ചില്‍ കെന്നഡിയുടെ വിധി തന്നെയാണ് സള്ളിവനെ ഡീപോര്‍ട്ട്‌ ചെയ്യാനുള്ള തീരുമാനം ശരിവെയ്ക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാരെ സഹായിച്ചത്. അതുകൊണ്ടാണ് ആദംസും സള്ളിവനും ലണ്ടനിലേക്ക് വിമാനം കയറേണ്ടിവന്നതും. കെന്നഡി ഒരിക്കല്‍ സുപ്രീംകോടതിയിലെ സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിന്റെ നേതാവായിമാറുമെന്ന് സള്ളിവന്‍ ഒരിക്കലും ചിന്തിച്ചിരിക്കാന്‍ വഴിയില്ല. എന്നാല്‍ തന്റെ കേസില്‍ കെന്നഡി എടുത്ത തീരുമാനത്തെ വിമര്‍ശിക്കാനും സള്ളിവന്‍ തയ്യാറാകുന്നില്ല.

“എന്റെ കാഴ്ചപ്പാടില്‍ അയാള്‍ അയാളുടെ ജോലിചെയ്യുക മാത്രമാണ് ചെയ്തത്”, സള്ളിവന്‍ പറയുന്നു.

മാത്രമല്ല, അതൊരുപാട് കാലം മുന്‍പായിരുന്നു. “ഞാന്‍ എന്നെ, ഞങ്ങളെ ആ സാഹചര്യത്തില്‍ ചേര്‍ത്ത് ആലോചിച്ചുനോക്കുകയായിരുന്നു”.1971ല്‍ ലോസ് ആഞ്ചലസിലെ ഒരു ഗേ ബാറില്‍ വെച്ചാണ് സള്ളിവനും ആദംസും തമ്മില്‍ കാണുന്നത്. പിറ്റേന്നും ഗ്രേറ്റ ഗാര്‍ബോയുടെ ഹോളിവുഡ് വോക്ക് ഓഫ് ഫേമില്‍ വെച്ച് കാണാന്‍ അവര്‍ തീരുമാനിച്ചു. പിന്നീട് നാല്‍പ്പത്തൊന്നു വര്‍ഷം അവര്‍ ഒരുമിച്ച് ജീവിച്ചു.

“ഞാനുമായി ഇത്ര ചേര്‍ച്ചയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല”, സള്ളിവന്‍ പറയുന്നു. “പഞ്ചാരവാക്ക് പറയുന്നതല്ല, പക്ഷെ അയാള്‍ എനിക്ക് എല്ലാമായിരുന്നു, ഞാന്‍ അയാള്‍ക്കും.”

എന്നാല്‍ 1971ല്‍ ഗേ ആണെന്ന് തുറന്നുസമ്മതിക്കുന്നതിനെക്കാള്‍ വലിയൊരു പ്രശ്നമുണ്ടായിരുന്നു. ആദംസ് ഒരു പൌരനായിരുന്നെങ്കിലും ആദംസിന്റെ ഫിലിപ്പിനോ അമ്മ ആദംസിനു പണ്ട്രണ്ടുവയസുള്ളപ്പോള്‍ ഒരു അമേരിക്കനെ വിവാഹം കഴിച്ചശേഷം അവര്‍ അമേരിക്കയിലെത്തിയതാണ്. സള്ളിവന്‍ ഒരു ഓസ്‌ട്രേലിയനായിരുന്നു. ഒരു ലോകയാത്രയ്ക്കിടെ ടൂറിസ്റ്റ് വിസയില്‍ ലോസ് ആഞ്ചലസിലെത്തിയതാണ് സള്ളിവന്‍.

കുറച്ചുകാലം സള്ളിവന്‍ ഇമിഗ്രേഷന്‍ പ്രശ്നം പരിഹരിച്ചത് ഇടയ്ക്കിടെ മെക്സിക്കോയില്‍ പോയതിനുശേഷം അമേരിക്കയിലേക്ക് തിരിച്ചെത്തിക്കൊണ്ടാണ്. എന്നാല്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇത് വൈകാതെ കണ്ടെത്തിയതോടെ സള്ളിവന് വ്യത്യസ്തമായ ഒരു നീക്കം വേണ്ടിവന്നു.

സഹായവാഗ്ദാനം നടത്തിയ ഒരു സ്ത്രീസുഹൃത്തിനെ അയാള്‍ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹത്തെപ്പറ്റിയും എന്നാണു ഒടുവില്‍ രതിയിലേര്‍പ്പെട്ടതെന്നും ഒക്കെ ചോദിച്ച ഒരു ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് മുന്നില്‍ സള്ളിവന്‍ സത്യം തുറന്നുപറഞ്ഞു. ഓസ്ട്രേലിയയില്‍ സൌകര്യങ്ങള്‍ക്ക് വേണ്ടി വിവാഹങ്ങള്‍ സാധാരണയായിരുന്നു, എന്നാല്‍ അത് അമേരിക്കയില്‍ സ്വീകാര്യമല്ല എന്ന് സള്ളിവന് യാതൊരു ധാരണയുമില്ലായിരുന്നു.

സള്ളിവന്റെ വിവാഹം റദ്ദുചെയ്തശേഷം ദമ്പതികള്‍ മറ്റൊരു പരിഹാരമാര്‍ഗം കണ്ടെത്തി.

ക്ലേല റോറക്സ്‌ എന്ന യുവഫെമിന്സിറ്റ് ക്ലാര്‍ക്കിന്റെ കഥ അവര്‍ ആയിടെയാണ് അറിഞ്ഞത്. ജോലിയില്‍ പ്രവേശിച്ച് അധികകാലം കഴിയും മുന്പ് രണ്ടുഗേ വ്യക്തികള്‍ വന്നു അവരോട് തങ്ങള്‍ക്ക് വിവാഹം കഴിക്കാമോ എന്ന് തിരക്കി. അവര്‍ വിവാഹിതരാകാന്‍ പാടില്ല എന്ന് പറയുന്ന ഒരു നിയമവും റോറക്സിന് കണ്ടെത്താനായില്ല. ഒരു കണ്‍ട്രി അറ്റോര്‍ണിയോട് തിരക്കിയപ്പോള്‍ അയാള്‍ക്കും ഗേ വിവാഹം എതിര്‍ക്കുന്ന നിയമമൊന്നും കാണാന്‍ കഴിഞ്ഞില്ല.

“എനിക്ക് ഗേ-ലെസ്ബിയന്‍ സമൂഹത്തില്‍ നിന്നുള്ള ആരെയും പരിചയമുണ്ടായിരുന്നില്ല. സ്വവര്‍ഗരതിയെപ്പറ്റിത്തന്നെ എനിക്ക് ധാരണയുണ്ടായിരുന്നില്ല.” റോറക്സ്‌ ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വേര്‍തിരിവുകളെപ്പറ്റി ചിന്തിച്ചിരുന്ന ഒരാളെന്ന നിലയില്‍ അതേ വേര്‍തിരിവുകള്‍ ഇക്കാര്യത്തിലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞു.

അങ്ങനെ 1975 മാര്‍ച്ച് 27ന് ഡേവ് മക്കോര്‍ഡിന്റെയും ഡേവ് സമോരയുടെയും വിവാഹലൈസന്‍സ് അവര്‍ നല്‍കി. അതിനുശേഷം റോറക്സിനുനേരെ വിദ്വേഷക്കത്തുകളും വധഭീഷണിയും താക്കീതുകളും ലഭിച്ചു. റോറക്സ്‌ ബൌള്‍ഡറിനെ ഒരു ലിബറല്‍ കോളേജ് ടൌണാക്കിമാറ്റുകയാണെന്നും ഒരു ആധുനിക സോദോം ഗോമോറയാക്കുകയാണെന്നും ആളുകള്‍ ആരോപിച്ചു.

കഥയുടെ പ്രശസ്തമായ ബാക്കിഭാഗത്തില്‍ ഒരു ദിവസം അവര്‍ ജനലിനുവെളിയില്‍ നോക്കിയപ്പോള്‍ ഒരു മനുഷ്യന്‍ ഒരു കുതിരയെയുമായി വരുന്നത് കണ്ടു. കൂടെ കുറെ റിപ്പോര്‍ട്ടര്‍മാരും.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു. സള്ളിവനെയും ആദംസിനെയും പറ്റിയുള്ള ഒരു ഡോക്യുമെന്ററിയില്‍ അവര്‍ ഓര്‍ക്കുന്നത് ഇങ്ങനെ, “ഒരു പുരുഷന് ഒരു പുരുഷനെയും ഒരു സ്ത്രീക്ക് ഒരു സ്ത്രീയെയും വിവാഹം കഴിക്കമെങ്കില്‍ എന്തുകൊണ്ട് ഒരു പഴയ കൌബോയ്ക്ക് അയാളുടെ ഉറ്റസുഹൃത്തിനെ വിവാഹം കഴിച്ചുകൂടാ? ഡോളി എന്ന കുതിരയുടെ കാര്യമാണ് അയാള്‍ പറഞ്ഞുവന്നത്.

എന്നാല്‍ റോറക്സ്‌ തയ്യാറായിരുന്നു. ഡോളിയുടെ പ്രായം ചോദിച്ചപ്പോള്‍ അവള്‍ക്ക് എട്ട് വയസാണെന്ന് അയാള്‍ പറഞ്ഞു. “ഞാന്‍ എന്റെ പേന താഴ്ത്തി വെച്ച ശേഷം പറഞ്ഞു, ക്ഷമിക്കണം, ഡോളിക്ക് പ്രായപൂര്‍ത്തിയായില്ല.”

ഇതൊക്കെ ആദംസും സള്ളിവനും കാണുന്നുണ്ടായിരുന്നു. അവര്‍ ബൌള്‍ഡറില്‍ ചെന്നു ലൈസന്‍സ് നേടിയ ശേഷം ഒരു ഗേ പള്ളിയില്‍ വിവാഹിതരായി. ഇമ്മിഗ്രേഷന്‍ ഒഫീസറുടെ ചോദ്യം ഓര്‍മ്മിച്ചതിനാല്‍ അവര്‍ വേഗം തന്നെ ഒരു സുഹൃത്തിന്റെ വീടിന്റെ ഗസ്റ്റ് റൂമില്‍ പോയി, പിന്നീട് റിപ്പോര്‍ട്ടര്‍മാരോട് അവരുടെ വിവാഹബന്ധം പൂര്‍ണ്ണമായി എന്നറിയിച്ചു.

ആറുമാസത്തിന് ശേഷം ആദംസ് പങ്കാളിയുടെ പേരില്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഈ കത്ത് അയച്ചത്.

കത്തുതുറന്ന സള്ളിവന്‍ താന്‍ വായിക്കുന്നത് വിശ്വസിക്കാനായില്ല. അയാള്‍ അത് ആദംസിന് കൊടുത്തശേഷം പറഞ്ഞു, “ഇതാണ് നിങ്ങളുടെ ഗവണ്‍മെന്‍റ്”.

ഇന്ന് അങ്ങനെ പറഞ്ഞതില്‍ അയാള്‍ക്ക് ഖേദമുണ്ട്. “ഇതിന്റെ ക്രെഡിറ്റ് ഞാന്‍ അമേരിക്കയ്ക്ക് നല്‍കും. ഞാനും റിച്ചാര്‍ഡും ഇത് മറ്റൊരു രാജ്യത്തായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഞങ്ങളുടെ വാദം കേള്‍ക്കുകപോലും ചെയ്യില്ല. ഇവിടെ അമേരിക്കയില്‍ ഞങ്ങളുടെ വാദം കേട്ടു.”

അവരുടെ കേസ് ലോസ് ആഞ്ചലസില്‍ മുഴുവന്‍ പ്രശസ്തമായി. ഓസ്ട്രേലിയന്‍ ഭാര്യയെപ്പറ്റിയും വിവാഹത്തിനെ എപ്പോഴും ക്വൊട്ടേഷന്‍ മാര്‍ക്കില്‍ പെടുത്തിയതും ഒക്കെ. എന്നാല്‍ സള്ളിവന്‍ തനിക്ക് കിട്ടിയ ശ്രദ്ധ ആസ്വദിച്ചു.

“ഞങ്ങള്‍ ചെയ്യുന്നത് പത്രങ്ങള്‍ അറിഞ്ഞാല്‍- ഞങ്ങള്‍ സ്ഥിരം വാര്‍ത്തയില്‍ വന്നാല്‍- സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു സുരക്ഷിതത്വം ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.”, സള്ളിവന്‍ പറയുന്നു. “മാധ്യമങ്ങള്‍ ഞങ്ങളോട് നന്നായി പെരുമാറാനുണ്ടായ ഒരു കാരണം ഒരുപക്ഷെ ഞങ്ങളുടെ സത്യസന്ധതയായിരിക്കും.”

അവരുടെ ആദ്യവാര്‍ത്താകോണ്‍ഫറന്‍സില്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചതായി സള്ളിവന്‍ ഓര്‍ക്കുന്നു, “ഓ, പക്ഷെ കിടക്കയില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?”

“അതില്‍ വിഷമിക്കുന്നതിന് പകരം ഞാന്‍ പറഞ്ഞു, “നിങ്ങളും ഭാര്യയും കിടക്കയില്‍ എന്താണ് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും പറയാന്‍ എനിക്ക് സന്തോഷമേയുള്ളൂ.” ആ മുറി മുഴുവന്‍ ആര്‍ത്തുവിളിച്ചു.”

ഗേ അവകാശ പ്രസ്ഥാനങ്ങളുടെ ചിലര്‍ അത്ര പ്രതികൂലിച്ചില്ലെന്ന് സള്ളിവന്‍ പറയുന്നു. ചിലര്‍ കരുതിയത് വിവാഹത്തിനുവേണ്ടിയുള്ള ഒരു കേസ് വിജയിക്കില്ലെന്നാണ്. മറ്റുചിലര്‍ പറഞ്ഞത് ലൈംഗികസ്വാതന്ത്ര്യത്തിനാവണം പ്രാധാന്യം നല്‍കേണ്ടത് എന്നാണ്, സള്ളിവന്‍ പറയുന്നു. ഒരു നേതാവ് സള്ളിവനോട് പറഞ്ഞത് “ഈ വിപ്ലവം ബന്ധങ്ങള്‍ക്കുവേണ്ടിയല്ല എന്നാണ്.”അത് ഭാഗികമായെങ്കിലും ശരിയായിരുന്നു. അമേരിക്കന്‍ കോടതിയുടെ ഒന്‍പതാം സര്‍ക്യൂട്ട് പ്രകാരം സള്ളിവനും ആദംസും കൊളറാഡോയില്‍ വെച്ച് നിയമപരമായി വിവാഹിതരായിരുന്നെങ്കിലും ഇമിഗ്രേഷന്‍ കാര്യങ്ങളുടെ മേല് കോണ്‍ഗ്രസിനായിരുന്നു അധികാരമുണ്ടായിരുന്നത്. അതിനാല്‍ സാധാരണ ഉപയോഗിക്കുന്ന തരത്തില്‍ സ്ത്രീ- പുരുഷന്മാര്‍ തമ്മിലുള്ള വിവാഹത്തില്‍ സ്പൌസ് എന്നുപയോഗിക്കുന്നതിനെ വിപുലീകരിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. ഈ വിധി പരിശോധിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

സള്ളിവനെ വാദിയാക്കി ഇരുവരും വീണ്ടും ശ്രമിച്ചു. തനിക്ക് വിധിച്ച ഡീപോര്‍ട്ടേഷന്‍ ഒരു കഠിനദുരിതമാണെന്നും അതില്‍ നിന്ന് ഇളവുവേണമെന്നും അവര്‍ വാദിച്ചു.

ഈ കേസു കേട്ട ജഡ്ജികളുടെ പാനലില്‍ കെന്നഡിയുണ്ടായിരുന്നു. സള്ളിവന്റെ വാദങ്ങളായ “ആദംസുമായുള്ള ബന്ധമവസാനിപ്പിക്കുന്നത് അങ്ങേയറ്റം വേദനിപ്പിക്കുമെന്നതും ഓസ്ട്രേലിയയിലേയ്ക്ക് പോയാല്‍ അനാവശ്യദുരിതങ്ങള്‍ ഉണ്ടാകുമെന്നും", “ആ സമൂഹത്തില്‍ സ്വവര്‍ഗാനുരാഗികളെ സ്വീകരിക്കുന്നില്ല" എന്നും, "സ്വന്തം കുടുംബാംഗങ്ങള്‍ പോലും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നും” ഒക്കെയുള്ള വാദങ്ങള്‍ കെന്നഡി കേട്ടു.

എന്നാല്‍ കെന്നഡി അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. “സള്ളിവന്റെ വാദങ്ങള്‍ എല്ലാം മുഖവിലയ്ക്ക് എടുക്കുമ്പോഴും അവ ഒരു കഠിനദുരിതമായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്കുമുന്നില്‍ മാറുന്നില്ല.” അയാള്‍ കൂട്ടിച്ചേര്‍ത്തു, “ഡീപ്പോര്‍ട്ടേഷനില്‍ എല്ലായ്പ്പോഴും സ്വകാര്യനഷ്ടങ്ങളും വൈകാരികവിഷമങ്ങളും ഉണ്ടാകാറുണ്ട്.”

ഈ കേസ് വ്യത്യസ്തമാണെന്ന് മറ്റൊരു ജഡ്ജി സൂചിപ്പിച്ചു. “മിക്ക ഡീപോര്‍ട്ട്‌ ചെയ്യപ്പെടുന്നവരും സ്വന്തം നാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അരികിലേക്കാണ് തിരിച്ചുപോകാറ്. എന്നാല്‍ സള്ളിവന്റെ കാര്യം വ്യത്യസ്തമാണ്, ആദംസിന് ഓസ്ട്രേലിയയിലേക്ക് ഏമിഗ്രേറ്റ് ചെയ്യാന്‍ അനുമതി ലഭിക്കില്ല.”

അതായിരുന്നു അവരുടെ നിയമയുദ്ധത്തിന്റെ അന്ത്യം. വേര്‍പിരിയുന്നതിനു പകരം രണ്ടുപേരും യൂറോപ്പിലെത്തി. കുറച്ചുനാള്‍ അവര്‍ കിഴക്കന്‍ അയര്‍ലണ്ടിലാണ് ജീവിച്ചത്. എന്നാല്‍ അമേരിക്ക നാടായി മാറിയിരുന്നുവെന്നും ആദംസിന്റെ കുടുംബമാണ് അവര്‍ക്ക് ആകെയുള്ള കുടുംബമെന്നും അവര്‍ തിരിച്ചറിഞ്ഞു.

അങ്ങനെ ഒരു ദിവസം സള്ളിവന്‍ മെക്സിക്കോയിലേയ്ക്ക് പറന്നു. അവിടെ അയാളെ കൂട്ടാന്‍ ഒരു സുഹൃത്ത് വന്നിരുന്നു. ഒരു തൊപ്പി വെച്ചുകൊണ്ടു അവര്‍ ബോര്‍ഡറിലെത്തി. അവിടെവെച്ച് ഒരു കാവല്‍ക്കാരന്‍ അവരെ തടഞ്ഞുനിറുത്തി കാറിനുള്ളില്‍ നോക്കി. എല്ലാവരും അമേരിക്കക്കാരല്ലേ? അയാള്‍ ചോദിച്ചു. അതേ എന്ന് അയാള്‍ തന്നെ മറുപടി പറഞ്ഞശേഷം അവരെ കടത്തിവിട്ടു.

സള്ളിവനും ആദംസും ലോസ് ആഞ്ചലസില്‍ വെച്ച് വീണ്ടും കണ്ടു. പതുക്കെ അവരുടെ ജീവിതം തുടര്‍ന്നു. ഇമിഗ്രേഷന്‍ ഒളിവുകാലം എന്നാണു ഇതിനെ സള്ളിവന്‍ വിളിക്കുന്നത്.

ഈക്കാലമത്രയും സള്ളിവന്‍ ഒരു ബില്‍ഡിംഗ് മാനേജരായി ജോലിനോക്കുകയും ടാക്സ് അടയ്ക്കുകയും ചെയ്തു. ഗവണ്‍മെന്‍റ് ഒരിക്കലും അവരുടെ വീട്ടുപടിക്കല്‍ എത്തിയില്ല.

സ്വവര്‍ഗാനുരാഗികളുടെ ലോകം മാറി. കെന്നഡിയുടെ വിധിയും അതിന്റെ ഒരു ഭാഗമായിരുന്നു. സള്ളിവന്‍ അതിശയിച്ചു. “അയാളെ നിയമിച്ചത് റൊണാള്‍ഡ്‌ റീഗന്‍ ആയിരുന്നില്ലേ!” അയാള്‍ പറഞ്ഞു.

"ഒരാള്‍ മാറുമ്പോള്‍ അതില്‍ നാം സന്തോഷിക്കണം. ഒരിക്കല്‍ അയാള്‍ ഒരു സ്വവര്‍ഗ അനുകൂല തീരുമാനമെടുത്തു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഞാന്‍ കരുതിയത് ഞങ്ങളുടെ കേസില്‍ നിന്ന് അയാള്‍ ചിലപാഠങ്ങള്‍ പഠിച്ചുവെന്നാണ്. അങ്ങനെ കരുതാനാണ്‌ എനിക്കിഷ്ടം, പക്ഷെ അങ്ങനെയാവണമെന്നില്ല.”

റോറക്സും അങ്ങനെ ആലോചിക്കാറുണ്ട്. നിയമപാലകര്‍ നിറുത്താന്‍ ആവശ്യപ്പെടുന്നതിനുമുന്‍പ് അവര്‍ ആറു ദമ്പതികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. പിന്നീട് സ്വന്തം കാലാവധി തീരും മുന്പ് അവര്‍ ഒരാളെ വിവാഹം കഴിച്ചു ബൌള്‍ഡറില്‍ നിന്ന് പോവുകയായിരുന്നു.

പിന്നീട് അവര്‍ അവിടെ തിരികെവരികയും ഗേ അവകാശങ്ങളെ പിന്താങ്ങുകയും ഒക്കെ ചെയ്തു. സുപ്രീംകോടതിയുടെ ഇനി വരാന്‍പോകുന്ന തീരുമാനം അവരെയും കെന്നഡിയെപ്പറ്റി ചിന്തിപ്പിച്ചു.

“ഈ വിഷയത്തില്‍ അയാള്‍ വീണ്ടും ഒരു പ്രധാനവോട്ടായി മാറുന്നത് അവിശ്വസനീയമാണ്.”, അവര്‍ പറയുന്നു. "സള്ളിവന്റെ കേസിനെപ്പറ്റി അയാള്‍ ചിന്തിക്കാറുണ്ടോ എന്ന് ഞാന്‍ ആലോചിച്ചുനോക്കാറുണ്ട്.”

കെന്നഡി ഈ ലേഖനത്തിനു വേണ്ടി അഭിമുഖം തരാന്‍ വിസമ്മതിക്കുകയായിരുന്നു.

സ്വവര്‍ഗവിവാഹം എന്നാ വിഷയം മുന്നോട്ടുപോകവേ സള്ളിവനും ആദംസും അവരുടെ കഥ പങ്കുവയ്ക്കുന്നുണ്ട്. സള്ളിവന്റെ ഇമിഗ്രേഷന്‍ നില ഇപ്പോഴും തീരുമാനമായിട്ടില്ല. പല സ്റ്റേറ്റുകളിലും സ്വവര്‍ഗവിവാഹം സാധ്യമാകുന്നതോടെ സള്ളിവന്റെ വക്കീല്‍ പറയുന്നത് അവര്‍ അതിനെ ഉപയോഗിക്കണമെന്നാണ്. എന്നാല്‍ അവര്‍ എതിര്‍ത്തു.

ഞങ്ങളുടെ ബൌള്‍ഡര്‍ വിവാഹത്തെ ഞങ്ങള്‍ വിശ്വസിക്കുന്നു, സള്ളിവന്‍ പറയുന്നു.

എന്നാല്‍ ഡിസംബര്‍ 2012ള്‍ ആദംസ് കാന്‍സര്‍ ബാധിച്ച് മരണാസന്നനായപ്പോള്‍ വക്കീല്‍ വീണ്ടും അവരോട് വാഷിംഗ്‌ടണിള്‍ പോകാന്‍ ആവശ്യപ്പെട്ടു. ഒരു വിവാഹമെന്നതിനെക്കാള്‍ ഒരു വിവാഹവാഗ്ദാനപ്പുതുക്കല്‍ ചെയ്യാം എന്ന് സള്ളിവന്‍ സമ്മതിച്ചു. സംവിധായകന്‍ തോമസ്‌ മില്ലര്‍ ഇത് റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് താന്‍ മൈക്രോഫോണ്‍ ധരിച്ചിട്ടുണ്ടെന്നത് ഓര്‍ക്കാതെ സള്ളിവന്‍ മറ്റൊരുമുറിയില്‍ പോയിരുന്ന് കരഞ്ഞു.ആ വിവാഹം നടന്നില്ല. ആദംസ് അതിനടുത്ത ദിവസം മരിച്ചു.

എന്നാല്‍ ഒരു ദിവസം സള്ളിവന് ജോലിക്ക് പെര്‍മിറ്റ്‌ ലഭിച്ചു. മറ്റൊരുദിവസം ഗവണ്മെന്റില്‍ നിന്ന് ഒരു കത്ത് വന്നു.

ഫെഡറല്‍ ഗവണ്മെന്റിന്റെ കാഴ്ചപ്പാട് മാറുന്ന സാഹചര്യത്തില്‍ സള്ളിവന്‍ പ്രസിഡന്റ് ഒബാമയ്ക്ക് ഒരു കത്തെഴുതിയിരുന്നു.

ഫാഗോട്ട് ലെറ്റര്‍ എഴുതിയതിന് റിച്ചാര്‍ഡിനോട് മാപ്പ് പറയാനാമെന്നും ഒരു അമേരിക്കന്‍ പൌരനെന്ന നിലയില്‍ അത് തന്റെ റെക്കോര്‍ഡില്‍ ഉണ്ടാകുന്നത് റിച്ചാര്‍ഡ് അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു ഞാന്‍ എഴുതിയത്. "കാരണം അയാള്‍ തന്റെ രാജ്യത്തെ സ്നേഹിച്ചിരുന്നു."

മറുപടി വന്നത് യു എസ് സിറ്റിസന്‍ഷിപ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്റ്ററായ ലിയോണ്‍ റോഡ്രിഗ്വസില്‍ നിന്നാണ്.

“താങ്കളോടും മിസ്റ്റര്‍ ആദംസിനോടും കാണിച്ച തരം നിന്ദ കാണിക്കാന്‍ പാടില്ലാത്തതാണ്. വര്‍ഷങ്ങളോളം നിങ്ങള്‍ അനുഭവിച്ച നിന്ദയ്ക്ക് എന്റെ ആത്മാര്‍ത്ഥമായ ക്ഷമാപണം. താങ്കളുടെ നഷ്ടത്തില്‍ ആത്മാര്‍ഥമായ ഖേദവും."

ഏജന്‍സിയുടെ മുന്‍പാകെ സള്ളിവന്‍ ഒരു വിഡോവര്‍ പെന്‍ഷന് അപേക്ഷിച്ചിട്ടുണ്ടെന്നു അവരുടെ വക്കീല്‍ പറയുന്നു.

സള്ളിവനും മില്ലറും അവരുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വാഷിംഗ്‌ടണ്‍ ഡിസിയിലുണ്ടാകും. ഏപ്രില്‍ 28ന് സ്വവര്‍ഗ വിവാഹത്തെപ്പറ്റി സുപ്രീംകോടതി തീരുമാനമെടുക്കുന്നത് വരെ അവര്‍ അവിടെ തുടരും.

സ്വവര്‍ഗ വിവാഹത്തിന്റെ ഏറ്റവും മികച്ച വാദിയായി തന്നെ കാണാനാകില്ലെന്ന് സള്ളിവന്‍ പറയുന്നു. സര്‍ക്കാര്‍ വിവാഹകാര്യങ്ങളില്‍ ഇടപെടണം എന്ന് സള്ളിവന് താല്‍പ്പര്യമില്ല. ഒരുപക്ഷെ വിവാഹം പള്ളികള്‍ക്ക് വിട്ടുകൊടുക്കണം. ബന്ധങ്ങളെ നിയമപരമാക്കാന്‍ സര്‍ക്കാര്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തണം.

ഇന്റര്‍വ്യു കഴിഞ്ഞ് കുറച്ചുദിവസത്തിന് ശേഷം സള്ളിവന്‍ വീണ്ടും ഒരു ഇ-മെയില്‍ എഴുതി. ആദംസും താനും വിവാഹിതരാകാന്‍ നിബന്ധിതരായിരുന്നോ എന്ന് ചോദിച്ചാല്‍ അതേ എന്നാണു ഉത്തരം എന്ന് പറഞ്ഞു.

“ദമ്പതികള്‍ക്ക് സമൂഹം നല്‍കുന്ന അവകാശങ്ങള്‍ നേടാനുള്ള ഏകവഴി വിവാഹമല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹിതരാകുമായിരുന്നോ? അറിയില്ല”, അദ്ദേഹം എഴുതുന്നു.

"ഞങ്ങളുടെ ബന്ധം യഥാര്‍ത്ഥമായിരുന്നു. വിവാഹത്തിന്റെ ആത്മീയവശം ഞങ്ങളുടെ ബന്ധത്തിനുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു, ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു."


Next Story

Related Stories