TopTop
Begin typing your search above and press return to search.

പത്താം നമ്പര്‍ ജേഴ്‌സികൊണ്ട് ബ്രസീലിനെ വരയ്ക്കുമ്പോള്‍-ഫൈസല്‍ ഖാന്‍ എഴുതുന്നു

പത്താം നമ്പര്‍ ജേഴ്‌സികൊണ്ട് ബ്രസീലിനെ വരയ്ക്കുമ്പോള്‍-ഫൈസല്‍ ഖാന്‍ എഴുതുന്നു

ഫൈസല്‍ ഖാന്‍

റിയോ ഡി ജനിറോയിലെ പ്രസിദ്ധമായ ഇല്‍പാനെമ ബീച്ചിന് സമീപമുള്ള പൊതു പാര്‍ക്കില്‍ വച്ച് റെനാറ്റോ വെലാസ്‌കോ ഒരു ഫുട്ബോള്‍ ജേഴ്‌സി തിളങ്ങുന്ന സൂര്യവെളിച്ചത്തിലേക്ക് നിവര്‍ത്തിപ്പിടിച്ചു. തന്റെ രാജ്യത്തെ ജീവിതത്തിന്റെ ഇരട്ട ഭാവത്തെ അഭിസംബോധന ചെയ്യുന്നതിനായി റൊണാള്‍ഡീന്യോ അണിഞ്ഞ പത്താം നമ്പര്‍ ജേഴ്‌സിയാണ് ഈ ബ്രസീലിയന്‍ കലാകാരന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കായിക ഉപകരണങ്ങളും നിത്യജീവിതത്തിലെ സാധാരണ സാധനങ്ങളും മതി ഈ കലാകാരന് സമൂഹവും കായികരംഗവും തമ്മിലുള്ള അസൂയാവഹമല്ലാത്ത ബന്ധം വിശദീകരിക്കുന്ന ഒരു ചിത്രം രചിക്കാന്‍. എന്നാല്‍ റിയോയില്‍ താമിസിക്കുന്ന വെലാസ്‌കോ, 'സെലേകാഒ ഡ പോബ്രേസിയ ബ്രസീലിയ' (ബ്രസീലിയന്‍ പട്ടിണിയുടെ തിരഞ്ഞെടുപ്പ്) എന്ന് പേരിട്ടിരിക്കുന്ന തന്റെ ചിത്രത്തിന് പ്രധാനമായും ഉപകരണമാക്കിയിരിക്കുന്നത് 2004ലും 2005ലും ഫിഫ ലോക ഫുട്ബോളറായി തിരഞ്ഞെടുത്ത കളിക്കാരന്റെ ദേശീയ ടീമിലെ കുപ്പായമാണ്.

ഒരു ഫുട്ബോള്‍ ഗോള്‍ പോസ്റ്റ് പോലെ രണ്ട് വശത്തായി നാട്ടിയിരിക്കുന്ന രണ്ട് നീണ്ട തൂണുകളില്‍ ഒരു കയറില്‍ കെട്ടിയിട്ടിരിക്കുകയാണ് റൊണാള്‍ഡീന്യോയുടെ ജേഴ്‌സി. കുപ്പായത്തിന്റെ ഒരു വശം ചളി പുരണ്ടിരിക്കുന്നു. എന്നാല്‍ സമീപത്തുള്ള മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികളില്‍ തിളങ്ങി നില്‍ക്കുകയാണ് മറുവശം. ഒരു സുവര്‍ണ ഫുട്ബോള്‍ ബൂട്ടിന് എതിരെ പഴകി തേഞ്ഞ ചെരുപ്പുകള്‍ വച്ചിരിക്കുന്നു. ഒരു വശത്ത് സുവര്‍ണ നിറമുള്ള ഫുട്ബോളിന്‍ മറുവശം ചെളിയില്‍ പുതഞ്ഞിരിക്കുന്നു. ബ്രസീലിന്റെ നാടന്‍ ചാരായമായ കാകാസയുടെ ഒഴിഞ്ഞ കുപ്പിക്കരികില്‍ ഒരു കുപ്പി കൊക്കോ കോള കൂടി ചേര്‍ത്തു വെക്കുന്നതോടെ കലാരൂപം പൂര്‍ത്തിയാവുന്നു.'ബ്രസീലില്‍ രണ്ട് ലോകങ്ങളുണ്ട്. തിളങ്ങുന്ന വലതുപക്ഷം സമ്പന്നരെയും ചെളിനിറഞ്ഞ ഇടതുപക്ഷം ദരിദ്രരേയും പ്രതിനിധാനം ചെയ്യുന്നു,' ജര്‍മ്മനി ലോകകപ്പിന് ആധിത്യം വഹിച്ച 2006ല്‍ റിയോ ഡി ജനീറോയിലെ ദരിദ്ര ജില്ലയായ ബെക്‌സാഡ ഫ്‌ളൂമിനെന്‍സെയില്‍ ആദ്യമായി ഈ ചിത്രം പ്രദര്‍ശിപ്പിച്ച വെലാസ്‌കോ പറയുന്നു. രാജ്യത്തെമ്പാടുമുള്ള ചിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ വേദനകള്‍ ഫുട്ബോള്‍ മൈതാനത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള വേദിയായി പ്രതി-ഫുട്ബാള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ആ സംഘ പ്രദര്‍ശനം മാറി. ' ഒരു പ്രസിദ്ധ ഫുട്ബോള്‍ താരത്തിന്റെ ജീവിതത്തിലൂടെ ബ്രസീലിന്റെ ജീവിതം വരച്ചുകാട്ടാനാണ് ഞാന്‍ ശ്രമിച്ചത്.' ചിത്രകാരന്‍ പറയുന്നു.

അഴിമുഖം പ്രസിദ്ധീകരിച്ച ഫൈസല്‍ ഖാന്‍റെ മുന്‍ ലേഖനങ്ങള്‍

വുവുസേലയില്‍ നിന്ന്‍ പെറ്റേക്കയിലേക്ക്
ഒരുനാള്‍ ഞാനും നെയ്മറെപ്പോലെ വളരും വലുതാകും
ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന ബ്രസീലുകാര്‍
അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?
ലോകം സാവോപോളോയിലേക്ക്


ബ്രസീലിലെ ദരിദ്ര പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രതിഭാധനരായ ചെറുപ്പക്കാര്‍ക്ക് ആവേശം പകരാനായി പലപ്പോഴും തെക്കന്‍ ബ്രസീലിലെ ഒരു പ്രാന്തപ്രദേശത്ത് ജനിച്ച് താരപ്രഭയിലെത്തിയ റൊണാള്‍ഡീന്യോയെ ഉപയോഗിക്കാറുണ്ട്. വെലാസ്‌കോ ഇതുവരെ ഈ മുന്‍ ബാഴ്‌സിലോണ താരത്തെ നേരില്‍ കാണുകയോ അഭിമുഖം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ബെക്‌സാഡ ഫ്‌ളൂമിനെന്‍സെ പ്രദര്‍ശനത്തില്‍ പങ്കെടുത്ത മറ്റ് കലാകാരന്മാരെ പോലെ ബ്രസീലിലെ ഏറ്റവും ജനകീയ കായികവിനോദത്തിലൂടെ പാവങ്ങളുടെ സങ്കടങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനാണ് താനും ശ്രമിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 'ജീവിതത്തിന്റെ ദ്വന്ദമുഖത്തിന്റെ ദൈന്യത ചിത്രീകരിക്കാന്‍ ഞാന്‍ ഫുട്ബോളിനെ ഉപയോഗിക്കുന്നു,'ഇല്‍പനേമ ബീച്ചിലെ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.കഴിഞ്ഞ കോണ്‍ഫഡറേഷന്‍സ് കപ്പിന്റെ സമയത്തും ഇപ്പോള്‍ ലോകകപ്പ് വേളയിലും പ്രതിഷേധക്കാര്‍ ചര്‍ച്ച വിഷയമാക്കാന്‍ ശ്രമിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം എന്ന വലിയ പ്രശ്‌നത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ബ്രസീല്‍ ദേശിയ ഫുട്ബോള്‍ ടീമിനെ വിശേഷിപ്പിക്കുന്ന 'സെലക്കാവോ' എന്ന പദവും അദ്ദേഹം ഉപയോഗിക്കുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അടിക്കുറിപ്പുകളില്‍ ബോധപൂര്‍വമായി വരുത്തിയിരിക്കുന്ന അക്ഷര പിശകുകള്‍ കാണാം (നേരത്തെ പറഞ്ഞ ചിത്രത്തില്‍ 'Brasileria' എന്ന ശരിയായ പദത്തിന് പകരം 'Brazileria' എന്ന് തെറ്റായി ഉപയോഗിച്ചിരിക്കുന്നു). 'വിദ്യാഭ്യാസത്തിന്റെ അഭാവം നിമിത്തം പാവപ്പെട്ടവര്‍ക്ക് വാക്കുകള്‍ ശരിയായി ഉച്ചരിക്കാന്‍ പോലും കഴിയുന്നില്ല എന്ന് കാണിക്കാനാണ് ഞാന്‍ അങ്ങനെ ചെയ്തിരിക്കുന്നത്,' വെലാസ്‌കോ പറയുന്നു.

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം 'ദ ഇക്കണോമിക് ടൈംസ്' ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

Next Story

Related Stories