TopTop
Begin typing your search above and press return to search.

ആങ്ങളമാരെ ആര്‍ക്കാണ് പേടി?

ആങ്ങളമാരെ ആര്‍ക്കാണ് പേടി?

ധന്യ ശ്രീ

ഇന്നും വ്യക്തമല്ലാത്ത എന്തൊക്കെയോ കാരണങ്ങളാൽ മരണമടഞ്ഞ കോന്നിയിലെ മൂന്നു പെണ്‍കുട്ടികൾ (വ്യക്തികളെ സ്ഥലനാമം കൊണ്ടടയാളപ്പെടുത്തുന്നത് ക്ഷമിക്കുക) പരിണമിച്ചു പരിണമിച്ച് ഒരു മെറ്റഫറായി രൂപപ്പെടാൻ സാധ്യതയുണ്ട്. കുടുംബമെന്ന ആണ്‍മേധാവിത്ത സംവിധാനത്തില്‍നിന്നും അതു നല്കുന്ന അസ്വാതന്ത്ര്യവും വിരസതയും വീർപ്പുമുട്ടലും ഏകാന്തതയും എത്ര ഭീകരമായിരുന്നാലും രക്ഷപ്പെടാൻ ശ്രമിക്കുന്ന പെണ്‍കുട്ടികളെയെല്ലാം കാത്തിരിക്കുന്നത് ദുർമരണം മാത്രമാണെന്നൊരു കഥ സദാചാരക്കാര്‍ വിനിമയം ചെയ്തു തുടങ്ങും. തുടങ്ങുമെന്നല്ല, അങ്ങനെ വിനിമയം ചെയ്യപ്പെട്ടു കഴിഞ്ഞു. സൂര്യനെല്ലി, കോന്നി അങ്ങനെ ഒട്ടേറെ ഉദാഹരണങ്ങൾ കാണിച്ച് നമുക്ക് പെണ്‍കുട്ടികളെ പേടിപ്പിച്ചകത്തിരുത്തണം. ബന്ധനമാണെങ്കിലും കുടുംബം നിനക്ക് രക്ഷ തരുന്നുണ്ടെന്ന ധാരണ ഊട്ടിയുറപ്പിക്കണം. ഇങ്ങനെ അരുതുകളെക്കുറിച്ചുള്ള ആയിരം കഥകൾ കേട്ടാണ് ഓരോ പെണ്‍കുട്ടിയും വളരുന്നത്‌. അതിരുകൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് മരണമോ അതിലും ക്രൂരമായ അപമാനം പുരണ്ട ജീവിതമോ ആണ്.

ഇങ്ങനെ പേടിപ്പിച്ചു വളർത്തിയവൾ വളർന്നൊരു പരുവമാകുമ്പോൾ കൂണ്‍പോലെ കുറെ ആങ്ങളമാർ മുളയ്ക്കും. 138 ആങ്ങളമാരുണ്ട്; ഒന്നും പേടിക്കണ്ട എന്നവൾക്ക് ആത്മവിശ്വാസം പകരും. അവളുടെ കയ്യില്‍ രാഖിച്ചരട് കെട്ടിക്കൊടുത്ത് ഇനിയൊന്നും പേടിക്കാനില്ല എന്നാശ്വസിപ്പിക്കും. പെണ്ണ് അല്ലെങ്കിൽ ചരക്ക് എന്നീ ദ്വന്ദങ്ങളിലേ ഒരു ശരാശരി ഇന്ത്യൻ പുരുഷന് സ്ത്രീയെ കാണാൻ കഴിയൂ. അമ്മയും പെങ്ങളും എന്നിൽ ലൈംഗിക വികാരം ഉണര്‍ത്തുന്നില്ല, പക്ഷെ അമ്മയും പെങ്ങളുമാകാത്തവർക്കെല്ലാം എന്നിൽ ആ വികാരം സൃഷ്ടിക്കാൻ കഴിയും, ആ വികാരമേ സൃഷ്ടിക്കാൻ കഴിയൂ എന്ന് രൂഡമൂലമായിപ്പോയി ഈ ആങ്ങളമാരുടെ വിശ്വാസങ്ങൾ. അതുകൊണ്ടാണവൻ "നിന്റെ അമ്മയും പെങ്ങളുമാണെങ്കിൽ ഇങ്ങനെ ചെയ്യുമോടാ"എന്ന് മീശ പിരിച്ചു ചോദിക്കുന്നതും, "നിന്റെ കൂട്ടുകാരിയാണെങ്കിൽ ഇങ്ങനെ ചെയ്യുമോടാ? എന്നൊരിക്കലും ചോദിക്കാത്തതും. ഇങ്ങനെ പകച്ചു പോയ ആണത്തങ്ങളാണ് രാഖിച്ചരടുമായി പരക്കം പായുന്നതും അതു കെട്ടി പെണ്ണത്തങ്ങളെ തന്റെ അനിയന്ത്രിതമെന്നു അവൻ വിശ്വസിക്കുന്ന ലൈംഗിക തൃഷ്ണയ്ക്ക് വെളിയിൽ നിർത്തുന്നതും.തന്റെ ലൈംഗിക തൃഷ്ണയ്ക്ക് വെളിയിലുള്ള സ്ത്രീ, പക്ഷെ അവന്റെ അധികാരത്തിനു വെളിയിലാവുന്നില്ല. താലിച്ചരട് പോലെ രക്ഷാബന്ധൻ കൊണ്ടും അവളുടെ മേൽ അവൻ അധികാരം പ്രയോഗിക്കുകയാണ്. എന്ത് ധരിക്കണം, എങ്ങോട്ട് പോകണം, എപ്പോൾ പോകണം, ആരുടെ കൂടെ പോകണം എന്നെല്ലാം അവനു തീരുമാനിക്കാം. അസ്വാതന്ത്ര്യങ്ങളിൽ അസ്വാരസ്യം പ്രകടിപ്പിച്ചാൽ പുറത്തുള്ള ചതിക്കുഴികൾ നിറഞ്ഞ അപകടകരമായ ലോകത്തെ ഉദാഹരിച്ച് "എല്ലാം നിന്റെ നന്മയ്ക്കു വേണ്ടിയല്ലേ"എന്ന് വാത്സല്യം കാണിക്കാം. നമ്മുടെ കാമ്പസുകളും ഷാള്‍ ധരിച്ചില്ലെങ്കിൽ ചൂരലിനടിക്കുന്ന, ആണും പെണ്ണും ഒരുമിച്ചു ഇരിക്കുന്നതു കണ്ടാൽ വിറളി പിടിക്കുന്ന ആണുങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആശ്വസിക്കുക, എല്ലാം അവളുടെ നല്ലതിന് വേണ്ടിയാണ്. രാത്രിയിൽ പുറത്തുപോക്കും, അന്യമതക്കാരനുമായുള്ള കൂട്ടുകെട്ടും അവളെ മോഹിപ്പിക്കുന്ന അപകടം പിടിച്ച അപരത്വങ്ങളാണ്. അവയിൽ നിന്നൊക്കെ അവൾക്കു രക്ഷ നല്കാൻ ഈ ആങ്ങളമാരുടെ കയ്യിലെ നീട്ടിപ്പിടിച്ച രാഖിച്ചരട് വാങ്ങി കയ്യിൽ കെട്ടിയേ മതിയാവൂ. ഭയപ്പെടുത്തുന്ന സ്ത്രീവിരുദ്ധതയാണ് ഈ വാത്സല്യച്ചരടുകളിൽ പൊതിഞ്ഞു അവർ വെച്ച് നീട്ടുന്നത്. നിങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലാനവ ധാരാളമാണ്. രക്ഷയെന്ന പേരിലും ദേശസ്നേഹമെന്ന പേരിലും വിളമ്പിത്തരുന്നത്‌ കൊടിയ വിഷമാണ്. "ഞങ്ങൾക്ക് അധികാരമുണ്ട്, ഞങ്ങൾ ചോദിക്കും"എന്നീ ആങ്ങളമാർ സദാചാരസംരക്ഷകരാവും. ഒരു ഹിന്ദു യുവതിയുടെ കൂടെ നടന്നു പോകുന്ന മുസ്ലിം യുവാവിനെ മർദിച്ചവശനാക്കും. ഇവിടെ പ്രശ്നം സദാചാരമല്ല, തങ്ങളുടെ അധികാര പരിധിയിൽപ്പെടുന്ന യുവതി രാജ്യത്തിന്റെ പൊതുശത്രുവിനോട് സംസാരിച്ചതിലുള്ള അമർഷമാണ്‌.

അതുകൊണ്ട് പ്രിയപ്പെട്ട ആങ്ങളമാരെ, ഞങ്ങൾക്ക് നിങ്ങളുടെ ചരടും കെട്ടുമൊന്നും വേണ്ട. നിങ്ങൾ തയ്ച്ചു തരുന്ന കുപ്പായത്തിനു പാകമാകാൻ വേണ്ടി ഞങ്ങളാരും ഞങ്ങളുടെ വ്യക്തിത്വങ്ങളെ മുറിച്ചു, വെട്ടി മാറ്റാൻ പോകുന്നില്ല. പെങ്ങൾ അല്ലെങ്കിൽ ചരക്ക് എന്ന ദ്വന്ദത്തിലൂടെയല്ലാതെ പെണ്ണിനെ കാണാൻ പഠിച്ച് വംശീയതയും, വർഗ്ഗവെറിയും കൊണ്ടശുദ്ധമാവാതെ, വിലക്കുകളുടെയും നിയന്ത്രണങ്ങളുടെയും ഉടയതമ്പുരാനാകാതെ നിങ്ങളിങ്ങു വരൂ, അന്ന് കെട്ടിത്തരാം ഐക്യദാർഡ്യത്തിന്റെ ഒരു സ്നേഹച്ചരട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories