TopTop
Begin typing your search above and press return to search.

പാലായില്‍ നിന്നൊരു കാര്‍ ആപ്പ്

പാലായില്‍ നിന്നൊരു കാര്‍ ആപ്പ്

ജെ. ബിന്ദുരാജ്

മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോകമാണിത്. എന്തും ഏതും സുഗമമാക്കാന്‍ ഇന്ന് ആയിരക്കണക്കിന് ആപ്ലിക്കേഷനുകള്‍ വിവിധ മേഖലകള്‍ക്കും ബിസിനസുകള്‍ക്കുമായി സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ രൂപപ്പെടുത്തിയിരിക്കുന്നു. ബാങ്കിങ് മേഖല തൊട്ട് റീട്ടെയ്ല്‍ വിപണനം വരെയുള്ള മേഖലകളില്‍ അവ പരമാവധി ഉപയോഗിക്കപ്പെടുന്നുണ്ട്. വാഹനവിപണിയിലേക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കടന്നുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ജി എസ് എം/ജി പി എസ് മൊഡ്യൂളുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്ന് വാഹന ഉടമയ്ക്ക് വാഹനത്തിന്റെമേല്‍ കൂടുതല്‍ ആധിപത്യം നല്‍കുന്നതിനു പുറമേ കൂടുതല്‍ ആഡംബരവും നല്‍കുന്നുണ്ടെന്നതാണ് വാസ്തവം.

ഇനി പാലാക്കാരനായ എം ടെക് വിദ്യാര്‍ത്ഥിയെ പരിചയപ്പെടാം. പാലാ സെന്റ് ജോസഫ് കോളെജിലെ വിദ്യാര്‍ത്ഥിയായ ആന്റോ മാനുവല്‍ പാലയ്ക്കല്‍ നാളെ വാഹനവിപണിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നുറപ്പുള്ള ഒരു ആപ്ലിക്കേഷനാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇ കാര്‍ എക്‌സ് എന്നു ചുരുക്കപ്പേരുള്ള ഇലക്‌ട്രോണിക് കാര്‍ ആക്‌സസ് എന്ന ആപ്ലിക്കേഷനിലൂടെ വരാനിരിക്കുന്ന വാഹനകാലത്തിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരന്‍. വാഹനത്തിനു പുറത്തു നിന്നുകൊണ്ട് വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്യാനും വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാനും സെന്‍ട്രല്‍ ലോക്കിങ്ങ് സംവിധാനം പ്രവര്‍ത്തിപ്പിക്കാനും ഹെഡ്‌ലൈറ്റുകളും ഹോണും പ്രവര്‍ത്തിപ്പിക്കാനുമൊക്കെ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. പാലാ സെന്റ് ജോസഫ് കോളെജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ മേധാവി പ്രൊഫസര്‍ മധുകുമാറിന്റേയും അസിസ്റ്റന്റ് പ്രൊഫസര്‍മാരായ അരുണ്‍ പിയുടേയും ശ്രീഷ് പി ആറിന്റേയും മേല്‍നോട്ടത്തിലാണ് പ്രോജക്ടിന്റെ ഭാഗമായി ആന്റോ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.എന്താണ് ഇ കാര്‍ എക്‌സ്? ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായാണ് ഈ കാര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരു ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയറും മെക്കാനിക്കല്‍ ഉപകരണവും സോഫ്റ്റ്‌വെയറും ഏകോപിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച ഈ ആപ്ലിക്കേഷന്‍ ഏതു രീതിയിലൊക്കെയാണ് കാര്‍ ഉടമയ്ക്ക് ഗുണകരമാകുന്നതെന്ന് നോക്കാം. ഇ കാര്‍ എക്‌സ് എന്ന ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും കാറില്‍ ഒരു എംബഡഡ് ഇലക്‌ട്രോണിക് ബോര്‍ഡ് പിടിപ്പിക്കുകയും ചെയ്താല്‍ ഇതിന്റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകും. നാല് അക്കങ്ങള്‍ ഉള്ളതോ 10 അക്കങ്ങള്‍ ഉള്ളതോ ആയ ഒരു പാസ്സ്‌വേര്‍ഡിന്റെ സഹായത്തോടെ അത് സുരക്ഷിതമാക്കുകയാണ് പിന്നീട് ചെയ്യുന്നത്. മൊബൈലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ എംബഡഡ് ബോര്‍ഡ് സ്വീകരിക്കുന്നതിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ആപ്ലിക്കേഷനുണ്ടെങ്കില്‍ കാര്‍ ഇലക്‌ട്രോണിക് മോഡിലിട്ടു കഴിഞ്ഞാല്‍ പിന്നെ കീയുടെ ആവശ്യമേയില്ല. കാര്‍ തുറക്കുന്നതു തൊട്ട് പവര്‍ വിന്‍ഡോകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു വരെയും വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ച് ഗ്ലാസ് വൃത്തിയാക്കുന്നതു തൊട്ട് എയര്‍ കണ്ടീഷനിങ് പാര്‍ക്ക് ലൈറ്റുകള്‍ ഓണ്‍ ആക്കുന്നതു വരെയുള്ള കാര്യങ്ങള്‍ മൊബൈലിലൂടെ ചെയ്യാനാകും.

''പുതിയ തലമുറയില്‍പ്പെട്ടവരേയും വളരെ തിരക്കുള്ളവരേയും ഉദ്ദേശിച്ചാണ് ഞാന്‍ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ക്ലയന്റിനേയും കൊണ്ടൊരു യാത്ര പോകുന്നുണ്ടെങ്കില്‍ തന്റെ ഓഫീസ് മുറിയിലിരുന്നു തന്നെ പവര്‍ വിന്‍ഡോകള്‍ താഴ്ത്തി അകത്തെ ചൂടു വായു കളഞ്ഞശേഷം എയര്‍ കണ്ടീഷന്‍ സംവിധാനം ഓണ്‍ ആക്കാനാകും. ക്ലയന്റുമായി താഴെ എത്തുന്ന സമയംകൊണ്ട് വാഹനത്തിന്റെ അകം യാത്രയ്ക്ക് സജ്ജമായി തണുത്തിരിക്കുകയും ചെയ്യും,'' ആന്റോ മാനുവല്‍ പറയുന്നു. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നതാണ് ചുടൂപിടിച്ചിരിക്കുന്ന കാറില്‍ പെട്ടെന്ന് കയറി എസി ഓണാക്കി പോകുന്നതെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഈ ആപ്ലിക്കേഷന്‍ അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു.വാഹനമോഷ്ടാക്കള്‍ക്ക് വാഹനം മോഷ്ടിക്കാനാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ''റിലേ കണ്ടെത്തി അത് കട്ടു ചെയ്താല്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ടാക്കാന്‍ മോഷ്ടാവിന് കഴിയുകയുള്ളു. അത്ര എളുപ്പമുള്ള കാര്യമല്ല. വാഹനം സെന്‍ട്രല്‍ ലോക്ക് ചെയ്യാന്‍ മറക്കുന്നവര്‍ക്കും കീ മറന്നുവയ്ക്കുന്നവര്‍ക്കുമൊക്കെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള പ്രവര്‍ത്തനമാകും കൂടുതല്‍ നല്ലത്,'' ആന്റോ പറയുന്നു. ഇതിനു പുറമേ ആപ്ലിക്കേഷനില്‍ മറ്റു ചില ഉപയോഗങ്ങളുമുണ്ട്. വാഹനത്തിന്റെ എഞ്ചിന്‍ ഓവര്‍ഹീറ്റാകുകയോ ഓയില്‍ ലീക്ക് ഉണ്ടാകുകയോ ചെയ്താല്‍ അതറിയാന്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വിവരം ഉടനടി തന്നെ കൈമാറി ഓട്ടോമാറ്റിക്കലായി എസ് എം എസിലൂടെ ഉടമയേയും സര്‍വീസ് സെന്ററിനേയും അറിയിക്കുമെന്നതാണ് അതിലൊന്ന്. വാഹനം അപകടത്തില്‍പ്പെടുന്നപക്ഷം പോലീസ് സ്‌റ്റേഷനിലേക്കും ഹോസ്പിറ്റലിലേക്കും എസ് എം എസ് പോകാനുള്ള സംവിധാനവും ഉണ്ട്. ഇതിനു പുറമേ റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റന്‍സും ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്. പിന്നില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ സെന്‍സറുകളുടെ സഹായത്തോടെ അത് തിരിച്ചറിഞ്ഞ് ആപ്ലിക്കേഷനില്‍ ചുവപ്പു അടയാളങ്ങള്‍ തടസ്സങ്ങളെ കാണിക്കാന്‍ പ്രത്യക്ഷമാകും.

ഉല്‍പന്നത്തിന്റെ പേറ്റന്റ് ലഭിച്ചശേഷം വിവിധ കാര്‍ നിര്‍മ്മാതാക്കളുമായി ഇതിന്റെ വിപണനത്തിനായി സമീപിക്കുമെന്നാണ് ആന്റോ പറയുന്നത്. ഈ സംവിധാനം കാറില്‍ പിടിപ്പിച്ചു നല്‍കുന്നതിന് 7500 രൂപ മാത്രമേ ചെലവു വരികയുള്ളുവെന്നും ആന്റോ കൂട്ടിച്ചേര്‍ക്കുന്നു.

പാലായിലെ തടിക്കച്ചവടക്കാരനായ മാനുവല്‍ ജോസഫിന്റേയും വീട്ടമ്മയായ ഷേര്‍ലിയുടേയും മൂന്നു മക്കളില്‍ മൂത്തയാളാണ് ആന്റോ മാനുവല്‍. ആന്റോയുടെ ആപ്ലിക്കേഷന്‍ ലോകം കൂടുതല്‍ വലുതാകട്ടെയെന്നും വാഹനലോകത്തിന് അത് തുടര്‍ന്നും മുതല്‍ക്കൂട്ടാകട്ടെയെന്നും ആശംസിക്കുന്നു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories