TopTop
Begin typing your search above and press return to search.

ലക്സംബര്‍ഗിനെ കുഴപ്പത്തിലാക്കിയ ശാന്തനായ ആ മനുഷ്യന്‍

ലക്സംബര്‍ഗിനെ കുഴപ്പത്തിലാക്കിയ ശാന്തനായ ആ മനുഷ്യന്‍

സ്റ്റെഫാനിക് ബൊദോനി, ടോം മാകെന്‍സീ
(ബ്ലൂംബര്‍ഗ് ന്യൂസ്)


ചില നികുതി രേഖകള്‍ പകര്‍ത്തിയ വെറുമൊരു കണക്കുനോട്ടക്കാരനായാണ് അന്‍റോയിന്‍ ഡെല്‍ടൌര്‍ തന്നെ കാണുന്നത്. എന്നാല്‍ ലക്സംബര്‍ഗിനെ ഞെട്ടിച്ച, അയാള്‍ തടവിലായേക്കാം. യൂറോപ്യന്‍ യൂണിയനില്‍ തുടരലകള്‍ ഉണ്ടാക്കിയ ആ രേഖകളുടെ പേരില്‍.

പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേര്‍സില്‍ (PwC) കണക്കുപരിശോധകനായിരിക്കെ കണ്ട കാര്യങ്ങളില്‍ മനം മടുത്താണ് ഡെല്‍ടൌര്‍ ആ ജോലി വിട്ടത്. ലക്സംബര്‍ഗ് അധികാരികളും ബഹുരാഷ്ട്ര കമ്പനികാലും തമ്മില്‍ ഏര്‍പ്പെട്ട നിരവധി രഹസ്യ നികുതി കരാറുകളടങ്ങിയ ശേഖരത്തിന്റെ പകര്‍പ്പുമെടുത്താണ് അയാള്‍ പടിയിറങ്ങിയതെന്ന് മാത്രം.

“ഞാന്‍ ചെയ്തതെല്ലാം പൊതുതാത്പര്യത്തിലാണ്. പൊതുതാത്പര്യത്തില്‍ പ്രവര്‍ത്തിച്ച ഞാന്‍ എന്തിന് കടുത്ത ശിക്ഷ നേരിടണമെന്ന് എനിക്കു മനസിലാകുന്നില്ല,” ഒരഭിമുഖത്തില്‍ അയാള്‍ പറഞ്ഞു.

ഡിസംബര്‍ 12-നു അയാളുടെ 29-ആം പിറന്നാളിന് രണ്ടാഴ്ച്ച മുമ്പ്, മോഷണം, വ്യാപാര രഹസ്യങ്ങളുടെ ലംഘനം, രേഖകള്‍ ചതിയിലൂടെ കൈക്കലാക്കുക എന്നീ കുറ്റങ്ങള്‍ ഒരു ലക്സംബര്‍ഗ് ന്യായാധിപന്‍ ഡെല്‍ടൌറിന് മേല്‍ ചുമത്തി. 2012-ല്‍ PwC നല്കിയ ഒരു പരാതിക്കു പുറത്തായിരുന്നു ഇത്. പരമാവധി അഞ്ചു വര്‍ഷം തടവ് വരെ ലഭിക്കാം.

ഒരു സാധാരണക്കാരന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന തികച്ചും ശാന്തനായ ഡെല്‍ടൌര്‍ രേഖകളുടെ പകര്‍പ്പ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ എഡ്വാര്‍ഡ് പെറിന് നല്‍കി. ലക്സംബര്‍ഗിലെ നികുതി വെട്ടിപ്പിനെ കുറിച്ച് ഒരു വാര്‍ത്താചിത്രം ഉണ്ടാക്കാന്‍ 2012-ല്‍ പെറിന്‍ അതുപയോഗിച്ചു. കഴിഞ്ഞ വര്‍ഷം ലക്സ്-ലീക്സ് വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യപ്രവര്‍ത്തകരുടെ സംഘം ഈ രേഖകള്‍ പുറത്തുവിട്ടു.നികുതി ഉത്തരുവുകളെന്ന പേരില്‍ എങ്ങനെ കരാറുകളിലൂടെ ലക്സംബര്‍ഗില്‍ അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ നികുതി, ലാഭത്തിന്റെ ഒരു ശതമാനം വരെയാക്കി കുറച്ചതെന്ന് 28,000ത്തോളം വരുന്ന രേഖകള്‍ വെളിവാക്കുന്നു. ജീന്‍ ക്ലോഡ് ജന്‍ക്കെര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന 18 കൊല്ലക്കാലത്താണ് ഈ ഇടപാടുകളില്‍ ഏറെയും നടന്നത്. ലക്സംബര്‍ഗിലും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും നടന്ന നികുതി ഇടപാടുകള്‍ അന്വേഷിക്കുന്ന യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡണ്ടാണ് ഇപ്പോള്‍ ജന്‍ക്കെര്‍.

ഇത്തരം ഇടപ്പാടുകള്‍ക്ക് താന്‍ കൂട്ടുനിന്നു എന്ന ആരോപണം നിഷേധിക്കുന്ന ജന്‍ക്കെര്‍ തനിക്കവയുടെ രാഷ്ട്രീയ ഉത്തരവാദിത്തം ഉണ്ടെന്നും സമ്മതിക്കുന്നു. തന്നെ ഞെട്ടിച്ച ഒരു സുനാമി എന്നാണ് രേഖകള്‍ പുറത്തായപ്പോള്‍ ധനമന്ത്രി പിയറി ഗ്രമേഗ്ന പറഞ്ഞത്. തുടര്‍ന്ന് നികുതി ഉത്തരവ് നടപടിക്രമങ്ങള്‍ വ്യക്തവും മുന്‍കൂട്ടി അറിയാവുന്ന തരത്തിലുള്ളതുമാക്കാന്‍ ലക്സംബര്‍ഗ് നിയമനിര്‍മ്മാണം നടത്തി.

യൂറോപ്യന്‍ യൂണിയനില്‍ ഇത്തരം ഇടപാടുകള്‍ വിപുലമാക്കാന്‍ പ്രേരിപ്പിച്ചതായിരുന്നു ലക്സ് ലീക്സ് എന്നു ഗ്രമേഗ്ന പറഞ്ഞു. ഇ യു സര്‍ക്കാരുകളുടെ നികുതി ധാരണകള്‍ അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചിരിക്കുന്നു.

ഇതെല്ലാം “ഞാന്‍ ചെയ്തതിനെ ന്യായീകരിക്കുന്നു”, ഡെല്‍ടൌര്‍ പറഞ്ഞു.

PwCക്കു എന്നാല്‍ വ്യത്യസ്തമായ നിലപാടാണ്. മോഷണം ഡെല്‍ടൌര്‍ സമ്മതിച്ചെന്നും 5 കുറ്റാരോപണങ്ങള്‍ ചുമത്തിയെന്നും പറയുന്നു. തങ്ങളുടെ ഇടപാടുകാരുടെ രേഖകളുടേയും കണക്കുകളുടെയും രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് അവര്‍ ആവര്‍ത്തിച്ചു.

2008-ല്‍ ഡെല്‍ടൌര്‍ സ്വദേശമായ ഫ്രാന്‍സില്‍ നിന്നും PwC-യില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി ലക്സംബര്‍ഗിലെത്തി. കുറച്ചു മാസങ്ങള്‍ക്കുശേഷം കണക്കുപരിശോധകനായി ജോലിയും ലഭിച്ചു.

“ചില സ്ഥാപനങ്ങള്‍ നല്‍കേണ്ട നികുതിയുടെ 2-3% മാത്രമേ നല്‍കുന്നുള്ളൂ എന്നു ഞാന്‍ കണ്ടു.”

“എനിക്കു ദേഷ്യമല്ല, അനീതിയാണിത് എന്നാണ് തോന്നിയത്-അനീതി. പ്രതിസന്ധിഘട്ടത്തില്‍ മിക്ക യൂറോപ്പുകാരും തങ്ങളുടെ ബജറ്റ് സന്തുലിതമാക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചില രാജ്യങ്ങള്‍ ഇത്തരം അന്യായമായ രീതികളെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നു ഞാന്‍ കരുതുന്നു.”

മറ്റൊരു ന്യായമായ ജോലിക്കാണ് അയാള്‍ പിന്നീട് ശ്രമിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിലെ നാന്‍സിയില്‍ ഉദ്യോഗസ്ഥനാണ് ഡെല്‍ടൌര്‍. “രാജിവെക്കാന്‍ നേരത്ത് സ്ഥാപനത്തിന്റെ രേഖകളിലൂടെ ഞാന്‍ ഒന്നു നോക്കി. അപ്പോഴാണ് നിരവധി നികുതി ഉത്തരവുകള്‍ ഞാന്‍ കണ്ടെത്തിയത്. ഞാനത് പകര്‍ത്താന്‍ തീരുമാനിച്ചു.”

ഇതുപോലൊന്ന് താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന് അയാള്‍ പറഞ്ഞു.

“ഈ രേഖകള്‍ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു. എനിക്കല്‍പം പരിഭ്രമവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനവ എന്റെ കയ്യില്‍ മാത്രമായി സൂക്ഷിക്കാതിരുന്നത്.”

കുറച്ചു മാസങ്ങള്‍ക്കുശേഷം അയാള്‍ ആ രേഖകള്‍ തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്‍ പെറിന് കൈമാറി. തുടര്‍ന്നാണത് ഡെല്‍ടൌറിന്റെ അറിവോടെയല്ലാതെ ICIJ-യുടെ കൈവശമെത്തിയത്.

“കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്നാണ് എന്റെ സംഭാവനയെന്ന് മനസിലാക്കി. അതാണ് നമുക്കിപ്പോള്‍ വേണ്ടതും.”ആമസോണ്‍, ഫിയറ്റ് ഫിനാന്‍സ്, ആപ്പിള്‍. സ്റ്റാര്‍ബക്സ് തുടങ്ങിയ കമ്പനികല്‍ക്കെതിരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ നികുതി ഇടപാടുകളുടെ പേരില്‍ യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. തങ്ങള്‍ നിയമാനുസൃതമാണ് പ്രവര്‍ത്തിച്ചതെന്ന് എല്ലാ കമ്പനികളും പറയുന്നു. ICJI-യുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ നിന്നും നികുതി ഉത്തരവുകള്‍ നേടിയ കമ്പനികളുടെ വിശദാംശങ്ങള്‍ ഇ യു നിയന്ത്രകന്‍ ആരാഞ്ഞിരിക്കുകയാണ്.

എഡ്വാര്‍ഡ് സ്നോഡനും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാഞ്ജെയും താരങ്ങളായി മാറിയെന്ന് ഗൂഗിള്‍ അദ്ധ്യക്ഷന്‍ എറിക് ഷ്മിഡ്ത് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അങ്ങനെ താരമൊന്നുമല്ലെന്ന് ഡെല്‍ടൌര്‍ പറഞ്ഞു.

“ഞാന്‍ മാതൃകകളെ പിന്തുടര്‍ന്നതല്ല. സ്നോഡന്റെ ഫ്രഞ്ച് സഹോദരനാണ് ഞാനെന്നു എന്റെ അഭിഭാഷകനാണ് കളിയായി പറഞ്ഞത്. ഞാന്‍ ചെയ്തതിനെക്കാള്‍ എത്രയോ വലിയ കാര്യമാണ് സ്നോഡന്‍ ചെയ്തത്. അദ്ദേഹം ജനാധിപത്യത്തിനാണ് സംഭാവന നല്കിയത്. ലക്സ് ലീക്‍സിലൂടെ ഞാനും അത് ചെയ്തെന്നാണ് ഞാന്‍ കരുതുന്നത്.”

HSBC ഇടപാടിലെ കള്ളക്കളികളുടെ രേഖകള്‍ ചോര്‍ത്തി ഫ്രഞ്ച് സര്‍ക്കാരിന് നല്കിയ ഹെര്‍വ് ഫാല്‍സിയാനിയടക്കം മറ്റ് വെളിപ്പെടുത്തലുകാരുമായി താനിപ്പോള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഡെല്‍ടൌര്‍ പറഞ്ഞു.

“ഈ രണ്ടു വെളിപ്പെടുത്തലുകളും നികുത്തിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ്. സ്വിസ് ലീക്സ് വ്യക്തികളെ കുറിച്ചാണെങ്കില്‍ ലക്സ് ലീക്സ് വ്യാപാര സ്ഥാപനങ്ങളെ കുറിച്ചാണ്.”

ഫെല്‍സിയാനിക്ക് കിട്ടിയ പോലെ തനിക്ക് വധഭീഷണിയൊന്നും ലഭിച്ചിട്ടിലെന്ന് ഡെല്‍ടൌര്‍ പറഞ്ഞു. ലക്സംബര്‍ഗ് മാധ്യമങ്ങളില്‍ വന്ന ചില രൂക്ഷമായ പ്രതികരണങ്ങളൊഴികെ.

“ഞാന്‍ പേടിക്കണ്ടതായിട്ടുണ്ടാകാം.”


Next Story

Related Stories