TopTop
Begin typing your search above and press return to search.

ക്രിക്കറ്റിന്റെ പുതിയ സാര്‍ ചക്രവര്‍ത്തി എന്തിന്റെ പ്രതീകമാണ്

ക്രിക്കറ്റിന്റെ പുതിയ സാര്‍ ചക്രവര്‍ത്തി എന്തിന്റെ പ്രതീകമാണ്

ടീം അഴിമുഖം

അനുരാഗ് താക്കുര്‍ ഞായറാഴ്ച്ച ബി സി സി ഐ അദ്ധ്യക്ഷനായി. ബി സി സി ഐയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അദ്ധ്യക്ഷന്‍. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെതന്നെ ഏറ്റവും ശക്തമായ ക്രിക്കറ്റ് സമിതിയുടെ തലവന്‍. അതിധനികരായ ബി സി സി ഐക്ക് അനുരാഗ് താക്കുറിനെക്കാള്‍ പ്രായം കുറഞ്ഞ ഒരു അധ്യക്ഷനെ ഇതുവരെ ഉണ്ടായിട്ടുള്ളൂ-1963 മുതല്‍ 1966 വരെ ബി സി സി ഐയെ നയിച്ച ഫത്തേസിങ് റാവു ഗെയ്ക്വാഡ്.

ക്രിക്കറ്റ് ഭരണസമിതിയുടെ തലപ്പത്തേക്കുള്ള താക്കുറിന്റെ കയറ്റം പെട്ടന്നായിരുന്നു എന്നു തോന്നാം. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും ബാധിച്ച പകര്‍ച്ചവ്യാധികളില്‍ പലതിന്റെയും പ്രതീകമാണയാള്‍. അയാളുടെ ഉയര്‍ച്ച വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഡല്‍ഹിയുടെ പുറത്തുള്ള ഒരാളെന്ന നിലയില്‍ വ്യവസ്ഥാപിതമായ അഴുക്കുകളെ തുടച്ചുനീക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം വെറും തെരഞ്ഞെടുപ്പ് വാചകമടി മാത്രമായിരുന്നു എന്നുകൂടിയാണ്. പൊതുജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ യുവജനതയുടെ സ്വപ്നങ്ങളെ തടഞ്ഞുനിര്‍ത്തുന്ന രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിലെയും കുറച്ചുപേരുടെ വാഴ്ച്ചയെ ശക്തിപ്പെടുത്താന്‍ സഹായിക്കുക മാത്രമാണു അദ്ദേഹം ചെയ്യുന്നത്.

അനുരാഗ് താക്കുര്‍ പാര്‍ലമെന്റ് അംഗവും ഒരു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ മകനുമാണ്. 2015 മാര്‍ച്ചിലാണ് ബി സി സി ഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ക്രിക്കറ്റ് ഭരണം ബി ജെ പി കൈപ്പിടിയിലൊതുക്കുന്നതിന്റെ സൂചനയാണോ താങ്കളെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്,“അങ്ങനെയല്ല. ഞാനൊരു സംഘത്തിലും പെട്ടയാളല്ല. രണ്ടു കൂട്ടരും ഞാന്‍ അദ്ധ്യക്ഷനാകണം എന്നു ആവശ്യപ്പെട്ടു. പ്രത്യേക വിഭാഗങ്ങളില്ല എന്നതിന് തെളിവാണിത്. ബി സി സി ഐയില്‍ കോണ്‍ഗ്രസും ബി ജെ പിയും എന്നൊന്നുമില്ല.”

ആധുനിക ഇന്ത്യയില്‍ അധികാരത്തെയും സ്വാധീനങ്ങളെയും നിശ്ചയിക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ലളിതവത്കരിക്കുകയാണ് താക്കുറിന്റെ പ്രസ്താവന. അപ്പം പങ്കിടുന്ന കാര്യത്തിലും, കഴിക്കാന്‍ അവകാശമുന്നയിക്കുന്നതിലും രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല. 2000-ല്‍ അന്ന് 25 വയസ് മാത്രം മാത്രം പ്രായമുണ്ടായിരുന്ന,രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയ താക്കുര്‍ സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ ക്രിക്കറ്റ് സമിതി അദ്ധ്യക്ഷനായി. അയാളുടെ അച്ഛന്‍ പ്രേം കുമാര്‍ ധൂമാലായിരുന്നു സംസ്ഥാന മുഖ്യമന്ത്രി.ആ വര്‍ഷം നവംബറില്‍ ഹിമാചല്‍ പ്രദേശും ജമ്മു കാശ്മീരും തമ്മില്‍ നടന്ന ആഭ്യന്തര ഫസ്റ്റ്ക്ലാസ് മത്സരമായ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറെ നാടകീയമായി ഹിമാചല്‍ ക്യാപ്റ്റനായി താക്കുര്‍ മൈതാനത്തിറങ്ങി. കോമാളിത്തമായിരുന്നു അത്. ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പും കൂടാതെ, കാര്യമായി ക്രിക്കറ്റും കളിക്കാതെ ഒരു സംസ്ഥാന ക്രിക്കറ്റ് സമിതി അദ്ധ്യക്ഷന്‍ നായകനായി സ്വയം തീരുമാനിച്ചു കളത്തിലിറങ്ങിയ ആദ്യത്തേയും അവസാനത്തെയും കാഴ്ച്ചയായിരുന്നു അത്.

അവഗണിക്കപ്പെടേണ്ട ആ കളിപരിചയത്തിന്റെ ബലത്തില്‍ താക്കുര്‍ ദേശീയ ജൂനിയര്‍ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ അംഗമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാര്‍ക്ക് മാത്രമേ ആ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാകാന്‍ കഴിയൂ എന്നൊരു മാനദണ്ഡം ഉണ്ടായിരുന്നു.

പല മുഖ്യധാര മാധ്യമങ്ങളും യുവരാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അയാളെ പ്രശംസിക്കുന്നുണ്ടാകാം. പക്ഷേ രാഷ്ട്രീയഭേദമെന്യേ പടര്‍ന്നുകിടക്കുന്ന, നെഹ്റു കുടുംബമടക്കമുള്ള, അധികാരം കുത്തകയാക്കി വെക്കുകയും പൊതുജീവിതത്തില്‍ നിന്നും സുതാര്യതയും ധാര്‍മികതയും മാറ്റിനിര്‍ത്താന്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന ആ കുത്തകാധികാര ചെറുകൂട്ടത്തിന്റെ അവിഭാജ്യ ഘടകമാണ് ഇയാളും എന്നതാണു വസ്തുത. ഇന്ത്യ ഒരു ഉദാര ജനാധിപത്യ രാജ്യമാകണമെങ്കില്‍ ഇത് അവസാനിപ്പിച്ചേ മതിയാകൂ.

Next Story

Related Stories