TopTop
Begin typing your search above and press return to search.

അനുരാഗ കരിക്കിന്‍ വെള്ളം പ്രേക്ഷക ഇഷ്ടം കവര്‍ന്നതെങ്ങനെ? ഖാലിദ് റഹ്‌മാൻ/അഭിമുഖം

അനുരാഗ കരിക്കിന്‍ വെള്ളം പ്രേക്ഷക ഇഷ്ടം കവര്‍ന്നതെങ്ങനെ? ഖാലിദ് റഹ്‌മാൻ/അഭിമുഖം

ഖാലിദ് റഹ്‌മാൻ/അപര്‍ണ്ണ

ചില സിനിമകളുണ്ട്...ബഹളങ്ങളില്ലാതെ വന്ന് കുറേപ്പേരെ സന്തോഷിപ്പിച്ച് തിരിച്ച്‌ പോകും. പ്രത്യേകിച്ച്‌ അവകാശ വാദങ്ങളോ ആരാധക ബഹളങ്ങളോ ഇല്ലാതെ പ്രേക്ഷകരെ തണുപ്പിച്ചു കടന്നുപോകും. അനുരാഗ കരിക്കിൻ വെള്ളം അത്തരം ഒരു സിനിമയാണ്. പ്രണയത്തെയും പ്രണയ നഷ്ടത്തെ കുറിച്ചുമൊക്കെ പറഞ്ഞു നമ്മുടെ നേഞ്ചാകെ അനുരാഗ കരിക്കിൻ വെള്ളം കൊണ്ട് നിറച്ച ഒന്ന്. അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സംവിധായകൻ ഖാലിദ് റഹ്‌മാൻ സംസാരിക്കുന്നു.

അപര്‍ണ്ണ: ഒരു സ്വതന്ത്ര സംവിധായകൻ ആവണം എന്നു തോന്നിയത് എപ്പോഴാണ്?

ഖാലിദ് റഹ്‌മാൻ: അനുരാഗ കരിക്കിൻ വെള്ളത്തിന്റെ തിരക്കഥ കണ്ടപ്പോൾ. കുറച്ച്‌ കാലം അസിസ്റ്റന്റ് ആയി. ഇനി മുതൽ സംവിധായകനാവാം എന്നൊന്നും ഓർത്തില്ല. അങ്ങനെ സംവിധായകനാകാൻ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് നവീൻ ഭാസ്കർ ഈ കഥ പറയുന്നത്. അപ്പോൾ ഇത് സംവിധാനം ചെയ്യാം എന്ന് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഈ സിനിമയുടെ പേര്, കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം കൊടുത്ത് അവതരിപ്പിക്കുന്ന ശൈലി എല്ലാം തിരക്കഥാകൃത്തിന്റെ സംഭാവനയാണ്.

അ: ഒരർത്ഥത്തിൽ എലിസബത്ത് എന്ന കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അത്ര പ്രാധാന്യമുള്ള റോളിൽ പുതുമുഖത്തെ അഭിനയിപ്പിക്കാൻ കാരണം?

ഖാ: അത്തരമൊരു റോളിൽ പുതുമുഖം ചെയ്താൽ നന്നാവും എന്ന് തോന്നി. എലിസബത്തിനെ അവതരിപ്പിച്ച രജിഷ എന്റെ സുഹൃത്താണ്. അവർക്ക് ഈ കഥാപാത്രമാവാൻ ഉള്ള ശേഷി ഉണ്ടെന്നു തോന്നി. ചെറിയ പരിശീലനത്തിലൂടെ അവർ വളരെ പെട്ടെന്ന് എലിസബത്ത് ആയി മാറുകയും ചെയ്തു.

അ: ആസിഫലിയുടെ അച്ഛനായി ബിജു മേനോൻ.. കേൾക്കുമ്പോ കൗതുകം ഉണ്ടാകുന്നു..!

ഖാ: ബിജു മേനോനോട് ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ അധികം ഇഷ്ടമായി. ഒരു ബുദ്ധിമുട്ടും കൂടാതെ അദ്ദേഹം ഈ റോൾ ഏറ്റെടുക്കുകയും ചെയ്തു. ശരിക്കും ഈ സിനിമ ചെയ്യാൻ പ്രചോദനം ആയതും അദ്ദേഹത്തിന്റെ സഹകരണ മനോഭാവമാണ്.അ: കുടുംബ സിനിമകൾക്ക് പൊതുവെ മാർക്കറ്റ് കുറവാണ് എന്ന് പറയുന്നവരുണ്ട്. താങ്കളുടെ സിനിമക്കൊപ്പം റിലീസ് ആയതൊന്നും കുടുംബ സിനിമകളല്ല..

ഖാ: ഫാമിലി ഡ്രാമയിലെ നമ്മൾ പറയുന്ന ഡ്രാമ കൗതുകമുണ്ടാക്കുന്നതാണേൽ അത്തരം പ്രശ്നങ്ങൾ വരില്ല. പ്രേക്ഷകർ അത് സ്വീകരിക്കും എന്നാണെനിക്ക് തോന്നുന്നത്. സിനിമ നല്ലതാണെങ്കിൽ എല്ലാവരും കാണും. ലാളിത്യത്തെ സ്വീകരിക്കും എന്നാണ് എന്റെ പക്ഷം.നമ്മൾ എല്ലാവരും എവിടെയോ അത്തരം ലളിത ജീവിതം ആഗ്രഹിക്കുന്നുമുണ്ട്.

അ: ഓൺലൈൻ പ്രമോഷനുകളും അത്തരം മാർക്കെറ്റിങ്ങുകളും സോഷ്യൽ മീഡിയ ചർച്ചകളും ഇന്ന് സിനിമ ഷൂട്ടിങ് സമയം മുതൽ തന്നെ തുടങ്ങുന്നു..യഥാർത്ഥത്തിൽ അവ സിനിമകളെ സഹായിക്കുന്നുണ്ടോ?

ഖാ: അനുരാഗ കരിക്കിൻ വെള്ളം പോലൊരു ചെറിയ സിനിമക്ക് അത്തരം ചർച്ചകളും മാർക്കറ്റിങ്ങുമെല്ലാം ഗുണകരമാണ്. ഇതിൽ ഭീകരമായ സസ്പെൻസോ വലിയ തീയേറ്റർ എഫെക്ട്സുകളോ ഇല്ല. സിനിമയെ ആളുകളിലെത്തിക്കാനും സിനിമക്ക് വേണ്ട സപ്പോർട്ട് തരാനുമെല്ലാം അതുകൊണ്ട് സാധിക്കും. ഇതുപോലുള്ള കുഞ്ഞു സിനിമകൾക്ക് പ്രത്യേകിച്ചും.

: നായകൻ നായിക അവരുടെ പ്രണയം ഇടയ്‌ക്ക് വന്നു പോകുന്ന മറ്റു കഥാപാത്രങ്ങൾ. ഇങ്ങനെയൊരു വഴിയിൽ നിന്നും മാറി സഞ്ചരിക്കുന്നുണ്ട് അനുരാഗ കരിക്കിൻ വെള്ളം. സൗബിനും ശ്രീനാഥ്‌ ഭാസിക്കും എല്ലാം സിനിമയിൽ വ്യക്തിത്വവും ഇടവുമുണ്ട്.....

ഖാ: നവീൻ ഭാസ്കറുടെ തിരക്കഥയുടെ മികവ് തന്നെയാണ് അതും. നവീൻ ഭാസ്‌ക്കർ കൃത്യമായി എഴുതി വെച്ചിട്ടുണ്ടായിരുന്നു ഓരോ കഥാപാത്രങ്ങളേയും അവരുടെ ഇടങ്ങളെയും പറ്റി. ഒരു സംവിധായകൻ എന്ന നിലയിൽ അതെന്റെ ജോലി വളരെ എളുപ്പമാക്കി. വെല്ലുവിളികളൊന്നും ഉണ്ടായിരുന്നില്ല അത്തരത്തിൽ. മാത്രവുമല്ല കൃത്യമായ തിരക്കഥ ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിന് ആവശ്യവും ആണ്.
: ഇങ്ങനെയൊരു തീയേറ്റർ റെസ്പോൺസ് പ്രതീക്ഷിച്ചിരുന്നോ?

ഖാ: സിനിമ ആളുകൾക്ക് ഇഷ്ടമാവണം എന്നു തന്നെയാണ് ആഗ്രഹിച്ചിരുന്നത്. ഈ കഥ കേട്ടപ്പോൾ ആളുകൾ ഇഷ്ടത്തോടെ ഓർക്കുന്ന സിനിമയാക്കണം എന്ന് വിചാരിച്ചിരുന്നു. അനുരാഗ കരിക്കിൻ വെള്ളത്തിനു ഒരു WOW ഫാക്ടർ ഉണ്ടാവില്ല. പക്ഷെ കൊള്ളം എന്നൊരു അഭിപ്രായം കേൾക്കും എന്നതായിരുന്നു എന്റെ പ്രതീക്ഷ. ഇപ്പോൾ അത്തരത്തിൽ തന്നെയാണ് കണ്ടവർ പറയുന്നതും. സൂപ്പർ ഹിറ്റ്‌ ആവുമോ എന്നൊന്നും അറിയില്ല. ആ രീതിയിൽ പ്രതീക്ഷകളുടെ ഭാരവും ഉണ്ടായില്ല. ഇപ്പോൾ നല്ലത് എന്ന് കേൾക്കുമ്പോൾ സന്തോഷം... അത്ര മാത്രം.

അ: ഭാവിയിൽ ഏതു തരം സിനിമകൾ സംവിധാനം ചെയ്യാനാണ് ആഗ്രഹം?

ഖാ: അങ്ങനെയൊന്നുമില്ല പ്രേക്ഷകർ സ്വീകരിക്കുന്ന ലളിതമായ കഥകളോടും സിനിമകളോടുമാണ്‌ താല്പര്യം. പ്രേക്ഷകർ ഹൃദയം കൊണ്ട് ഉൾക്കൊള്ളുന്നവ. ഇപ്പോൾ തല്ക്കാലം മറ്റൊരു സിനിമയെപ്പറ്റി ചിന്തിച്ചിട്ടില്ല.
അനുരാഗ കരിക്കിൻ വെള്ളത്തെ പറ്റിയുള്ള ചിന്തകളിൽ, സന്തോഷങ്ങളിൽ തന്നെയാണ് ഞങ്ങള്‍


Next Story

Related Stories