TopTop
Begin typing your search above and press return to search.

അനുരാഗ കരിക്കിന്‍ വെള്ളം; ട്വിസ്റ്റുകള്‍ എന്തിനധികം, നിറയെ ജീവിതമുണ്ടെങ്കില്‍

അനുരാഗ കരിക്കിന്‍ വെള്ളം; ട്വിസ്റ്റുകള്‍ എന്തിനധികം, നിറയെ ജീവിതമുണ്ടെങ്കില്‍

സഫിയ ഒ സി

ചില സിനിമകള്‍ അങ്ങനെയാണ്. ആളും ആര്‍പ്പുവിളികളുമില്ലാതെ ആയിരിക്കും അവ എത്തുക. ഒരു പൂ വിരിയുന്നത് പോലെയായിരിക്കും അത് പ്രേക്ഷകരുടെ ഹൃദയം കവരുക. ഈ അടുത്തകാലത്ത് മഹേഷിന്റെ പ്രതികാരം സംഭവിച്ചത് അങ്ങനെയായിരുന്നു. ഇപ്പോഴിതാ അനുരാഗ കരിക്കിന്‍ വെള്ളവും.

രണ്ട് തലമുറകളുടെ കണ്ണിലൂടെ അനുരാഗത്തെ നോക്കുന്ന ചിത്രങ്ങള്‍ നേരത്തെയും വന്നു പോയിട്ടുണ്ട്. ആഷിക്ക് അബു ഇഷ്ടം കൂടിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ അതുപോലെ ഒന്നായിരുന്നു. ആ കൂട്ടത്തിലേക്കാണ് ഖാലിദ് റഹ്മാന്‍ അനുരാഗ കരിക്കിന്‍ വെള്ളവുമായി നടന്നു കയറുന്നത്.

ചിത്രത്തിന്റെ ആദ്യ ആകര്‍ഷണം പേര് തന്നെയായിരുന്നു. കെ വി ജോബ് സംഗീതം നല്കി യേശുദാസ് പാടിയ 'അല്ലിയാമ്പല്‍ കടവില്ലന്നരയ്ക്ക് വെള്ളം' എന്ന ഗൃഹാതുര പ്രണയ ഗാനത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നതിലൂടെ പ്രതീക്ഷ സൃഷ്ടിക്കാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പോലീസുകാരനായ രഘുവിന്റെയും മകന്‍ അഭിയുടെയും പ്രണയങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. അച്ഛന്‍റേത് നഷ്ടപ്രണയത്തിന്റെ ഓര്‍മ്മയാണെങ്കില്‍ മകന്‍റേത് ഒരു ന്യൂ ജനറേഷന്‍ ബ്രേക്ക് അപ്പ് ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒന്നാണ്. പഴയ കാമുകിയുമായുള്ള പുനഃസമാഗമം (?) അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ പ്രണയ തകര്‍ച്ചയിലൂടെ കടന്നു പോകുന്ന മകന്‍ ആത്മവിശ്വാസ നഷ്ടത്തില്‍ നിന്നും പ്രത്യാശയിലേക്ക് തിരിച്ചെത്തുകയാണ്.പ്രണയമാണ് കേന്ദ്ര പ്രമേയമെങ്കിലും പുതിയ കാലത്തെ ബന്ധങ്ങളിലുള്ള മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട് സംവിധായകനും തിരക്കഥാകൃത്ത് നവീന്‍ ഭാസ്ക്കറും. രഘുവും ഭാര്യ സുമയും അഭിയും കാമുകി എലിസബത്തും തമ്മിലുള്ള ഇടപെടല്‍ ബന്ധങ്ങളിലെ രണ്ടു തലമുറകളുടെ സമീപന വ്യത്യാസത്തെ കാണിക്കുന്നുണ്ട്. ഉള്ളില്‍ എല്ലാ ഒളിപ്പിച്ചു വെച്ച് രഘുവും സുമയും മറ്റൊന്നായി പെരുമാറുമ്പോള്‍ നേരെ വാ നേരെ പോയാണ് പുതിയ തലമുറയുടെ രീതി.

അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത നമ്മുടെ ചുറ്റുപാടില്‍ നിന്നു എന്നു തോന്നുന്ന മട്ടില്‍ പെറുക്കിയെടുത്ത കഥാപാത്രങ്ങളാണ്. ജീവിതത്തിന്റെ സാധാരണത്വവും സ്വാഭാവികതയുമുണ്ട് ആ കഥാപാത്രങ്ങള്‍ക്ക്. മുഖ്യ കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല ഇതിലെ ഓരോ ഉപകഥാപാത്രങ്ങള്‍ക്കും ജീവനും ജീവിതവുമുണ്ട്. രഘുവിന്റെ സുഹൃത്ത് സുധീര്‍ കരമനയുടെ പോലീസുകാരനായാലും അഭിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം എലിയെ പ്രൊപ്പോസ് ചെയ്യുന്ന അഭിയുടെ കൂട്ടുകാരന്‍ ‘പാല്‍കുപ്പി’യായാലും സിനിമയുടെ മുഖ്യശരീരത്തില്‍ ഇഴുകി ചേര്‍ന്ന് കിടക്കുന്നുണ്ട്.ബിജുമേനോനും ആസിഫ് അലിയും സ്ഥിരം ശൈലിയില്‍ നിന്നു മാറി കുറച്ചു കൂടി സൂക്ഷ്മമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നത്തേയും പോലെ സൌബിന്‍ ഷാഹീറും ശ്രീനാഥ് ഭാസിയും കയ്യടി നേടുന്നു. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചത് എലിയെ അവതരിപ്പിച്ച പുതുമുഖ നായിക രജിഷ വിജയനും അഭിയുടെ അമ്മയായി എത്തിയ ആശാ ശരത്തുമാണ്. തുടക്കത്തില്‍ കഥാപാത്രത്തിന് വേണ്ട വെറുപ്പിക്കല്‍ പെരുമാറ്റം നന്നായി അവതരിപ്പിച്ച രജിഷ രണ്ടാം പകുതിയായപ്പോഴും സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതാണ് കണ്ടത്. ജീവിതത്തെയും ബന്ധങ്ങളെയും പ്രണയത്തെയും കുടുംബത്തെയും കുറിച്ച് അവളിലൂടെയാണ് സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത്. ആദ്യം കണ്ട പൊട്ടിപ്പെണ്ണില്‍ നിന്നും മാറി വളരെ വിശ്വസനീയമായരീതിയില്‍ വൈകാരിക സംഘര്‍ഷങ്ങളെ അവതരിപ്പിക്കാന്‍ രജിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭി ബ്രേക്ക് അപ് പറഞ്ഞതിനെ തുടര്‍ന്ന് ബിയര്‍ കഴിച്ച് ബാത്ത് റൂമില്‍ ഇരുന്നു കരയുന്ന എലിസബത്തിനെ എന്തായാലും മറന്നു പോവില്ല. അതുപോലെ തന്നെയാണ് കല്യാണം കഴിഞ്ഞ് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് വാങ്ങിക്കൊണ്ടുവന്ന മസാല ദോശ കഴിക്കുന്ന സുമയും. ഭാര്‍ത്താവിന്റെ ആണ്‍ പ്രതാപത്തിന് കീഴില്‍ നിഴലായി ഒതുങ്ങിക്കൂടുന്ന നിശബ്ദയായ ഭാര്യയെ അവതരിപ്പിക്കാന്‍ ആശ ശരത്തിന് കഴിഞ്ഞിട്ടുണ്ട്.

ജീവിതത്തോട് പ്രകടിപ്പിക്കുന്ന തികച്ചും പോസിറ്റീവായ സമീപനം തന്നെയാണ് അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ പ്ലസ് പോയിന്‍റ്. പ്രേക്ഷകരെ അത്ഭുതപ്പെടുത്താനും രസിപ്പിക്കാനും ഒരുപാട് ട്വിസ്റ്റുകളും കോണ്‍ഫ്ലിക്ടുകളും ഒന്നും വേണ്ട. ചുറ്റുപാടും നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ മതി. ജീവിത സന്ദര്‍ഭങ്ങള്‍ മതി. അതിലൂടെ മാറുന്ന മലയാളി ജീവിതത്തെ ആവിഷ്ക്കരിക്കാന്‍ ഖാലിദ് റഹ്മാനും നവീന്‍ ഭാസ്ക്കറിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. അവര്‍ക്കാകട്ടെ ഈ പെരുന്നാളിന്റെ കയ്യടി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories