TopTop
Begin typing your search above and press return to search.

കലാമണ്ഡലം രാജശ്രീയില്‍ മുതല്‍ നഴ്‌സ് സൗമ്യ വരെ

കലാമണ്ഡലം രാജശ്രീയില്‍ മുതല്‍ നഴ്‌സ് സൗമ്യ വരെ

അനുശ്രീ/ അമൃത വിനോദ് ശിവറാം

അഭിനയത്തിലെ സ്വാഭാവികതയാണ് അനുശ്രീയെ പ്രേക്ഷകരുടെ ഇഷ്ടനടിയാക്കുന്നത്. ഡയമണ്ട് നെക്ലെയ്‌സ് എന്ന ആദ്യ ചിത്രത്തില്‍ തന്നെ പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പെര്‍ഫോമന്‍സിലൂടെ തുടങ്ങിയ അനുശ്രീ അഭിനയത്തിലുള്ള തന്റെ അനായാസത തുടര്‍ന്നു കിട്ടിയ ഓരോ വേഷത്തിലും പ്രകടമാക്കി. ഇതിഹാസ, ചന്ദ്രേട്ടനെവിടെയാ.. എന്നീ ചിത്രങ്ങളിലൂടെ തന്റെ റെയ്ഞ്ച് കൂടുതല്‍ വ്യക്തമാക്കിയ ഈ നടി മലയാള സിനിമയില്‍ കാമ്പുള്ള സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാന്‍ മു്ന്നില്‍ നില്‍ക്കുന്ന അഭിനേത്രിയാണ്. ഡെയമണ്ട് നെക്ലേയ്‌സിലെ കലാമണ്ഡലം രാജശ്രീയില്‍ തുടങ്ങി മഹേഷിന്റെ പ്രതികാരത്തിലെ നഴ്‌സ് സൗമ്യയിലെത്തിനില്‍ക്കുന്ന അനുശ്രീ തന്റെ പുതിയ സിനിമ വിശേഷങ്ങള്‍ അഴിമുഖത്തിന് വേണ്ടി പങ്കുവയ്ക്കുന്നു.

'മഹേഷിന്റെ പ്രതികാര'ത്തിലെ അനുശ്രീയുടെ കഥാപാത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുമോ?
തീര്‍ച്ചയായും ഉയരുമെന്ന് തന്നെയാണ് വിശ്വാസം. കലാമണ്ഡലം രാജശ്രീയെന്ന ഡയമണ്ട് നെക്ലെയ്‌സിലെ കഥാപാത്രത്തിന് കിട്ടിയ അംഗീകാരവും, സിനിമയുടെ വിജയവും, ഫഹദിന്റെ നായിക വേഷവും ആളുകളുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാനും ഫഹദും ചേരുന്ന ജോടി പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വലിയ ബഹളങ്ങളും അമാനുഷികതയൊന്നും തന്നെ ഇല്ലാതെ സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് 'മഹേഷിന്റെ പ്രതികാരം' പറയുന്നത്. റാണി പദ്മിനിയില്‍ ചാനല്‍ റിപ്പോര്‍ട്ടറായി അഭിനയിച്ച ദിലീഷ് പോത്തനാണ് സംവിധായകന്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്റെ ഇതിലെ കഥാപാത്രം സൗമ്യയെന്ന നേഴ്‌സാണ്. ജീവിത സാഹചര്യങ്ങള്‍കൊണ്ട് സ്വന്തം ഇഷ്ടങ്ങളെയൊക്കെ ത്യജിച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു പെണ്‍കുട്ടി. ഇടുക്കി ജില്ലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. സിനിമ അടുത്തമാസം ആദ്യം റിലീസാകും.സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിക്കാറുണ്ടോ?
ഉണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കില്‍ മാത്രമേ സിനിമ ചെയ്യാന്‍ തയ്യാറാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ ചൂസിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. വാരിവലിച്ച് സിനിമകള്‍ ചെയ്യുന്നതില്‍ വലിയ കാര്യമില്ല. അഭിനേത്രിയാകണമെന്ന് ആ്ഗ്രഹമുണ്ടായിരുന്നെങ്കിലും അതു യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയിരുന്നില്ല. വിവല്‍ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയാണ് ഇവിടെവരെ എത്തിച്ചത്. അവിടെ എന്നെക്കാള്‍ നല്ല കുട്ടികളുണ്ടായിരുന്നു. അവരില്‍ നിന്നും ഞാനൊരു നടിയായി മാറിയത് സ്വപ്‌നം പോലെയാണ് തോന്നുന്നത്. പ്രതീക്ഷിക്കാതെ കൈവന്നതാണെങ്കിലും കിട്ടുന്നത് നല്ല കഥാപാത്രമാകണമെന്നും, നന്നായി പെര്‍ഫോം ചെയ്യണമെന്നും ഞാനാഗ്രഹിക്കുന്നുണ്ട്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്?
രാജശ്രീയില്‍ തുടങ്ങി ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. ചിലരൊക്കെ വന്ന് രാജശ്രീ നന്നായിരുന്നു, 'ഇതിഹാസ'യില്‍ നന്നായിരുന്നു, 'ചന്ദ്രേട്ടനെവിടെയാ'യിലെ കഥാപാത്രം നന്നായിരുന്നു എന്ന് പറയുമ്പോള്‍, അതിനോടൊക്കെ പ്രത്യേക ഇഷ്ടം തോന്നും.ഇപ്പോഴും പത്തനാപുരത്താണോ താമസം?
അതെ പത്തനാപുരത്തെ കമുകുംചേരിയിലാണ് ഇപ്പോഴും താമസിക്കുന്നത്. ജനിച്ച് വളര്‍ന്നതിവിടെയാണ്. നല്ല ശാന്തമായ അന്തരീക്ഷത്തില്‍ താമസിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട് മറ്റെങ്ങോട്ടും മാറി താമസിക്കണമെന്ന് തോന്നിയിട്ടില്ല. ഷൂട്ട് കഴിഞ്ഞ് എന്നും സ്വന്തം വീട്ടില്‍ എത്താന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷമെന്ന് കരുതുന്ന ആളാണ് ഞാന്‍. എറണാകുളത്ത് വന്ന് താമസിച്ചുകൂടെയെന്ന് പലരും ചോദിക്കാറുണ്ട്. എനിക്കത്രയും തിരക്കിനിടയില്‍ താമസിക്കേണ്ട.

പുതിയ സിനിമകള്‍?
രണ്ടരമാസം മുന്‍പാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞത്. അതിന് ശേഷം ഡിഗ്രി അവസാന വര്‍ഷ പരീക്ഷക്ക് വേണ്ടി പ്രിപ്പയര്‍ ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. പുതിയ ചില സ്‌ക്രിപ്റ്റുകള്‍ വന്നിട്ടുണ്ട്. ഇതുവരെ ഒന്നും തീരുമാനത്തിലെത്തിയിട്ടില്ല.

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത ശിവറാം)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories