TopTop
Begin typing your search above and press return to search.

അപഥ സഞ്ചാരികള്‍ക്ക് ഇതാ ഒരു കൈപ്പുസ്തകം

അപഥ സഞ്ചാരികള്‍ക്ക് ഇതാ ഒരു കൈപ്പുസ്തകം

സഫിയ ഒ സി

അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം
ഗ്രേസി
മാതൃഭൂമി ബുക്ക്സ്
വില: 75.00

പുരുഷാധിപത്യ വ്യവസ്ഥിതി സ്ത്രീ ജീവിതങ്ങളുടെ മേല്‍ വരുത്തിവെക്കുന്ന ദുരന്തങ്ങളാണ് ഗ്രേസിയുടെ മിക്ക കഥകളുടെയും ഇതിവൃത്തം. കുടുംബ ജീവിതത്തിലെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീയുടെ തീക്ഷ്ണമായ മാനസിക സംഘര്‍ഷങ്ങള്‍, സ്ത്രീ ആയതുകൊണ്ട് മാത്രം നേരിടേണ്ടിവരുന്ന ദൈന്യതകള്‍, നിരാശകള്‍, കല്പനകള്‍, വിലക്കുകള്‍ എന്നുവേണ്ട ഒരു സ്ത്രീ അനുഭവിക്കുന്ന ആന്തരിക / ബാഹ്യ ജീവിതത്തിന്റെ അടയാളപ്പെടുത്തലാകുന്നുണ്ട് ഗ്രേസിയുടെ കഥകള്‍. ‘പടിയിറങ്ങിപ്പോയ പാര്‍വതി’ മുതല്‍ ‘ഉടല്‍ വഴികള്‍’ വരെ എത്തുന്ന സമാഹാരങ്ങളില്‍ ഒരു സ്ത്രീയായി തലയുയര്‍ത്തിപ്പിടിച്ച് നിന്നുകൊണ്ട് സ്ത്രീ സ്വത്വത്തെ ആവിഷ്ക്കരിക്കുകയാണ് ഗ്രേസി.

പെണ്ണിന്റെ തുറന്നെഴുത്തുകളെ സമൂഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. എഴുതുന്ന സ്ത്രീ അല്ലെങ്കില്‍ സ്വന്തമായി അഭിപ്രായമുള്ള സ്ത്രീ വഴിപിഴച്ചവളാണ് എന്നൊരു പൊതുബോധം നമ്മുടെ സമൂഹം എപ്പോഴും വെച്ചുപുലര്‍ത്തിയിരുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. രാജലക്ഷ്മിയും മാധവിക്കുട്ടിയും ഏറ്റുവാങ്ങേണ്ടിവന്ന ധ്വംസനങ്ങള്‍ വളരെ വലുതാണ്‌. ചിന്തിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുക എന്നത് തന്നെയായിരുന്നു പുരുഷാധിപത്യ സമൂഹം എക്കാലത്തും ചെയ്തുപോന്നിരുന്നത്‌.വീടിന്‍റെ ഉള്ളകങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീക്ക് അകത്ത് നിന്ന് നിരവധി സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. സ്ത്രീ വീട്ടകങ്ങളില്‍ നിന്ന് പുറത്തിറങ്ങി തൊഴിലിടങ്ങളില്‍ എത്തുമ്പോള്‍ അവള്‍ക്ക് നേരിടേണ്ടിവരുന്നത്‌ വീട്ടിനകത്തെ ഉത്തരവാദിത്വവും ജോലിസ്ഥലത്തെ ഉത്തരവാദിത്വവും മാത്രമല്ല തന്നെ ഒരു സ്ത്രീയായി മാത്രം കാണുന്ന തന്‍റെ ശരീരത്തിന് നേരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാനുള്ള മാനസികമായ കരുത്തുകൂടി അവള്‍ നേടിയെടുക്കേണ്ടതുണ്ട്.

പുരുഷമേല്‍ക്കൊയ്മയുടെ അതിരുകള്‍ ലംഘിച്ചുകൊണ്ട് തനിക്ക് ശരിയെന്നുതോന്നുന്നത് ഉറച്ച ശബ്ദത്തില്‍ പറയാന്‍ ഗ്രേസി എന്ന എഴുത്തുകാരിക്ക് മടിയില്ല. ഒരു സ്ത്രീ ഇപ്പോഴും എല്ലാം ഉള്ളിലൊതുക്കിവെക്കണം എന്ന ആണധികാര സാമൂഹ്യ ബോധത്തെ തകര്‍ത്തുകൊണ്ടാണ് ‘അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം’ എന്ന ആത്മഭാഷണവുമായി ഗ്രേസി വായനക്കാരുടെ മുന്നിലെത്തുന്നത്. പറയാനുള്ളത് അടക്കിപ്പിടിച്ച് പറയാന്‍ അവര്‍ തയ്യാറല്ല.

ഒരു എഴുത്തുകാരി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തന്‍റെ ആന്തരികവും വൈകാരികവുമായ അനുഭവങ്ങളെ സത്യസന്ധമായി തന്നെ ഗ്രേസി ആവിഷ്ക്കരിക്കുന്നുണ്ടിതില്‍. വഴിതെറ്റി വന്ന ഒരു ഫോണ്‍കോളിലൂടെ കേട്ട ശബ്ദത്തിനു തീക്ഷ്ണമായ യൌവനത്തിന്റെ ഗന്ധമുണ്ടായിരുന്നു. അതുകേട്ടപ്പോള്‍ ‘എനിക്ക് നാല്പത് കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം പൊടുന്നനെ തണുത്ത വിരല്‍കൊണ്ട് പിന്‍കഴുത്തില്‍ തൊട്ടു.’ എന്ന് തുറന്നു സമ്മതിക്കുന്നുണ്ട് എഴുത്തുകാരി. നാല്പതു കഴിഞ്ഞെങ്കിലും തന്റെ ശബ്ദം ഫോണില്‍ നന്നേ മധുരിക്കും എന്ന തിരിച്ചറിവ് അവരുടെ ഉള്ളില്‍ ഒരു വെളിച്ചം തെളിക്കുന്നു. ശബ്ദം മാത്രമായ ഒരു ആണ്‍ സുഹൃത്തിനെ അവര്‍ ആഗ്രഹിച്ചിരുന്നു. കെട്ടുപാടുകളൊക്കെ കുടഞ്ഞു കളഞ്ഞു ആകാശത്തേക്ക് കുതിക്കുന്ന ഒരു പക്ഷിയുടെ സ്വാതന്ത്ര്യം അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. യൌവനം തുടിക്കുന്ന രണ്ടു ശബ്ദങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന് പുതിയൊരു സൌരഭ്യം ഉണ്ടാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. തമ്മില്‍ കാണാതെ ഒഴുകിയ അവരുടെ സൌഹൃദ നദി പരസ്പരം കാണണം എന്ന അയാളുടെ വാശിക്കുമുന്നില്‍ അവര്‍ അവസാനിപ്പിക്കുകയാണ്. ഒരു സ്ത്രീയായതുകൊണ്ട്‌ മാത്രമുള്ള പരിമിതിയാണത്. സൌഹൃദത്തിനും പ്രണയത്തിനുമിടയില്‍ വളരെ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമേയുള്ളൂ എന്ന തിരിച്ചറിവായിരിക്കാം അയാളെ കാണാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

‘അപഥ സഞ്ചാരികള്‍ക്കൊരു കൈപ്പുസ്തകം’ എന്ന നോവല്‍ എഴുതിയ ചെറുപ്പക്കാരന്‍ അമ്മയാകാന്‍ പ്രായമുള്ള സ്ത്രീയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം വിളിച്ചു പറയുമ്പോള്‍ “എങ്കില്‍ താന്‍ ചത്തോളു! ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല!” എന്നാണ് അവര്‍ പറയുന്നത്. ആരും നടക്കാത്ത വഴിയെ സഞ്ചരിക്കുന്നവര്‍ക്ക് വേണ്ടി ഒരു കൈ പുസ്തകം തയ്യാറാക്കിയ ആ ചെറുപ്പക്കാരന്‍ വിധിവൈപരീത്യത്താല്‍, ഉപയോഗം കൊണ്ട് ഉറച്ചുപോയ അപഥ സഞ്ചാരത്തില്‍ തന്നെ എത്തിച്ചേര്‍ന്നുവല്ലോ എന്ന് എഴുത്തുകാരി ആശ്ചര്യപ്പെടുന്നു.

കുട്ടിക്കാലത്ത് കണക്കിനോടുള്ള ഭയം മറികടക്കാന്‍ കൂട്ടുകാരിയോടൊപ്പം കാളിയെ കാണാന്‍ പോകുന്ന ഗൃഹാതുരതയും കണക്കു സാറിനോടുള്ള പ്രണയം കൊണ്ട് മാത്രം പത്താം ക്ളാസ്സില്‍ കണക്കിനു 80% മാര്‍ക്ക് വാങ്ങുന്നതും പ്രീഡിഗ്രീ പഠന കാലത്ത് ഒരു ദിവസം സ്കൂളില്‍ കണക്ക് സാറിനെ കാണാന്‍ പോകുന്നതും തിരസ്കൃതയാകുന്നതും മഹാരാജാസ് പഠനകാലത്തെ സൌഹൃദങ്ങളും പ്രണയ തകര്‍ച്ചയും മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മ്മകളും പാരലല്‍ കോളേജ് അധ്യാപന അനുഭവങ്ങളും സുഹൃത്തിന്റെ മരണവും കരിനാക്കിനെ കുറിച്ചുള്ള ധാരണകളും ഒരാത്മഗതം പോലെ പറഞ്ഞുപോകുന്നുണ്ട് ഈ പുസ്തകത്തില്‍.സ്ത്രീ വെറും ശരീരം മാത്രമാണെന്ന് ചിന്തിക്കുന്ന ഞരമ്പ് രോഗികളില്‍ നിന്ന് നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളെയും ഒറ്റയ്ക്ക് ബസ് കാത്തു നില്‍ക്കുമ്പോള്‍ അശ്ലീല ആംഗ്യം കാണിച്ചു ക്ഷണിക്കുന്ന പുരുഷന്റെ വൃത്തികെട്ട ലൈംഗിക കാമനകളെയും പ്രതിരോധിക്കാനാവാതെ നിസ്സഹായയായിനില്‍ക്കേണ്ടി വരുന്ന നിമിഷങളിലൂടെ കടന്നുപോകാത്ത സ്ത്രീകള്‍ പൊതുവേ കുറവായിരിക്കും. തന്‍റെ കഥവായിച്ച് ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്നവനെ ഫ! തെണ്ടി എന്നാട്ടാനുള്ള ചങ്കൂറ്റം കാണിക്കുന്നുണ്ട് ഈ എഴുത്തുകാരി. സ്ത്രീ എഴുതുന്നതു തന്നെ തെറ്റാണെന്നു ധരിച്ചിരുന്ന പുരുഷ കേന്ദ്രീത സാമൂഹ്യാവസ്ഥ സ്ത്രീ ലൈംഗികതയെ കുറിച്ചെഴുതുമ്പോള്‍ എങ്ങനെ അസഹിഷ്ണുത കാണിക്കാതിരിക്കും.

പുരുഷാധിപത്യ വ്യവസ്ഥിതില്‍ പുലരുന്ന ലിംഗ രാഷ്ട്രീയത്തിന്റെ അനീതികളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയില്‍ നിരവധി പരിമിതികളെ മറികടക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നുമുണ്ട് ഗ്രേസി. കോളേജ് പഠനകാലത്ത്‌ തന്നെ എഴുതിത്തുടങ്ങിയെങ്കിലും വിവാഹിതയായതിനു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രേസി പിന്നിട് എഴുതിത്തുടങ്ങുന്നത്. ‘എന്റെ മകള്‍ ഒരിയ്ക്കലും ഒരു എഴുത്തുകാരി ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. സര്‍ഗാത്മകത ഒരു ശാപം തന്നെയാണ്. അത് കുറച്ച് പണവും പ്രശസ്തിയും തരും പക്ഷേ ഹൃദയത്തിന് ഒരിയ്ക്കലും സാസ്ഥ്യം തരികയില്ല.’ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത് ഏകാധിപത്യ പരമായ ശാഠ്യങ്ങള്‍ക്കെതിരെയുള്ള കലാപവും കൂടിയാണ്. സമൂഹം സ്ത്രീക്ക് പരമ്പരാഗതവും അംഗീകൃതവുമായി ചില പദവികള്‍ നല്കിയിട്ടുണ്ട്. മകള്‍, ഭാര്യ, അമ്മ എന്നിങ്ങനെ ഒരു വൃത്തത്തില്‍ കറങ്ങി പൂര്‍ത്തിയാകുമ്പോഴാണ് സ്ത്രീ സ്വത്വം പൂര്‍ണ്ണമാകുന്നത് എന്ന ബോധമാണത്. ചരിത്രപരമായ അടിമത്വം, സാമൂഹികമായ നീതി നിഷേധം, സാമ്പത്തികമായ അസ്വാതന്ത്ര്യം, ഇവയൊക്കെ സ്ത്രീയെ ഒരുപകരണത്തിന്റെ അവസ്ഥയിലേക്ക് തരംതാഴ്ത്തുന്നുണ്ട്. എഴുത്തുകാരിയായ സ്ത്രീയാവുമ്പോള്‍ അതിന് മൂര്‍ച്ചകൂടുന്നു.

“നാലപ്പാട്ടെ കമല എങ്ങനെയാണ് ഇത്രയും ധൈര്യശാലിയായ ഒരെഴുത്തുകാരിയായിത്തീര്‍ന്നത്? പറഞ്ഞുവരുമ്പോള്‍ നാലപ്പാട്ട് നാരായണ മേനോന്റെയും അനന്തരവള്‍ ബാലാമണിയമ്മയുടെയും പിന്‍ബലം. ക്ഷേത്രങ്ങളില്‍പ്പോലും രതിചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന ഒരു സംസ്കൃതിയുടെ തുണ. ലൈംഗികതയില്‍ മറ്റേത് സാമുദായത്തിലെ സ്ത്രീകളെക്കാളും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന തുറവി. കപട സദാചാരവാദികളുടെ നാടായ കേരളത്തിന് വെളിയിലുള്ള ജീവിതം.” ഇതൊക്കെ ഉണ്ടായാലും മറ്റൊരെഴുത്തുകാരിക്ക് ഇത്രമേല്‍ ധൈര്യവതികള്‍ ആകാനാവില്ലെന്നും മാധവിക്കുട്ടി ഒരപൂര്‍വ്വ ജന്‍മമായിരുന്നെന്നും അവര്‍ അനുസ്മരിക്കുന്നു. പ്രണയത്തെ കുറിച്ചും സ്ത്രീ പുരുഷ ബന്ധത്തെകുറിച്ചും അസംതൃപ്തരായ ദാമ്പത്യ ജീവിതത്തില്‍ വീര്‍പ്പുമുട്ടുന്ന സ്ത്രീ ജീവിതത്തെ കുറിച്ചും ഏറ്റവും കൂടുതല്‍ എഴുതിയത് മാധവിക്കുട്ടിയാണ്. തുറന്നെഴുതിയതിന്റെ പേരില്‍ സദാചാരവാദികളാല്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട എഴുത്തുകാരിയും മാധവിക്കുട്ടി തന്നെ.

ഇന്ന് ജീവിതത്തിന്‍റെ സമഗ്ര മേഖലകളിലും സ്ത്രീ അവളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. എന്നിരുന്നാലും കലയിലും സാഹിത്യത്തിലും എന്നുവേണ്ട ഒരു സ്ത്രീക്ക് തന്‍റെ വ്യക്തിത്വം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ പറ്റുന്ന ഇടങ്ങളെ ഉള്‍ക്കൊള്ളാനാകാത്ത പുരുഷമേല്‍ക്കൊയ്മ അവള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുന്നുണ്ട് പലപ്പോഴും. ‘അപഥ സഞ്ചാരികള്‍ക്ക് ഒരു കൈ പുസ്തകം’ ഒരു സ്ത്രീയുടെമാത്രം വൈകാരികമായ ഇടങ്ങളിലൂടെയുള്ള നിശ്ശബ്ദമായ ഒരു യാത്രയാണ്. കൊച്ചു പെണ്‍കുട്ടിയായും കൌമാരക്കാരിയായും കാമുകിയായും അമ്മയായും ഭാര്യയായും അമ്മൂമ്മയായും ഒരു സ്ത്രീക്കുമാത്രം നടത്താനാവുന്ന വേഷപ്പകര്‍ച്ചകളിലൂടെയുള്ള യാത്ര.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories