TopTop
Begin typing your search above and press return to search.

കലാമിനെ കറന്‍സിയില്‍ കയറ്റുന്ന ചാണക്യതന്ത്രം

കലാമിനെ കറന്‍സിയില്‍ കയറ്റുന്ന ചാണക്യതന്ത്രം

ആര്‍. സുരേഷ്‌കുമാര്‍

അന്തര്‍ദേശീയ ശ്രദ്ധ നേടിയ രണ്ട് ഖബറടക്കങ്ങള്‍ ജൂലായ് 30ന് ഇന്ത്യയില്‍ നടന്നു. ലോകമാകെ ആദരവ് നേടിയ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെതായിരുന്നു ഒന്ന്. മിസൈല്‍ ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം ഇന്ത്യക്ക് നല്‍കിയ സംഭാവനകളേക്കാള്‍ മഹത്വമാര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വവും ഇന്ത്യയിലെ യുവത്വത്തിന്റെ മാര്‍ഗദര്‍ശിയായ അധ്യാപകനെന്ന സ്ഥാനവുമാണ് കലാമിനെ ആദരണീയനാക്കുന്നത്. ഇന്ത്യയുടെ മിസൈല്‍ ടെക്‌നോളജി കലാമില്ലായിരുന്നെങ്കിലും മുന്നേറുമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. രണ്ടാമത്തെ ഖബറടക്കം മുംബൈ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമന്റേതായിരുന്നു. രണ്ടും ഒരേ ദിവസമായതിലെ യാദൃശ്ചികതക്കു പിന്നില്‍ കൃത്യമായ ചാണക്യ തന്ത്രമുണ്ടായിരുന്നോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യക്ക് അതിന്റെ ഗുഡ് വില്‍ അംബാസഡറായി ഒരു മുസ്ലിം നായകനെ രംഗത്തവതരിപ്പിക്കാന്‍ കഴിയുകയെന്നാല്‍ അതിന്റെ വിപണിമൂല്യം പതിന്മടങ്ങായിരിക്കും. ഒരു ഉന്നത വ്യക്തിത്വത്തിനുടമയാണദ്ദേഹമെങ്കില്‍ അതിലൂടെ ലഭിക്കുന്ന അംഗീകാരം പറയാനുമില്ല. ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗത്തെ പ്രതിനിധീകരിക്കുകയും വര്‍ഗീയകക്ഷിയെന്ന് ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ കക്ഷി അധികാരത്തിലിരിക്കുമ്പോള്‍ അത്തരമൊരാളെ ലോകജനതക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുകയെന്നുകൂടി വരുമ്പോള്‍ അതിലൂടെ ലഭ്യമാകുന്ന സ്വീകാര്യത ആ കക്ഷിയെ സംബന്ധിച്ചു വളരെ വലുതാണ്.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് അതിനാലാണ്. ഒറ്റക്ക് ജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് നിഷേധിക്കാനാവാത്ത ഒരു തുറുപ്പ് ചീട്ടായി കലാമിനെ അവതരിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അനുമതിയോടെയാണ് കലാമിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്ന് അതിനു മുന്‍കൈ എടുത്തവര്‍ പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ കോണ്‍ഗ്രസ് ഭരണമായിരുന്നു തുടര്‍ന്നിരുന്നതെങ്കില്‍ എ.പി.ജെ. അബ്ദുള്‍ കലാം ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനത്ത് എത്തുമായിരുന്നില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അബ്ദുള്‍കലാം എന്ന വ്യക്തിയോടുള്ള ഇഷ്ടക്കുറവല്ല, അദ്ദേഹം സ്ഥാനാര്‍ത്ഥിയായതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കിയിട്ടാവണം ഇടതുപക്ഷം സ്വാതന്ത്ര്യസമരനായികയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ പ്രതീകാത്മകമായി മത്സരിപ്പിച്ചത്.

അബ്ദുള്‍കലാം, യാക്കൂബ് മേമന്‍ എന്നിവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍ മേമന്റെ വധശിക്ഷക്കെതിരെയുള്ള ദയാഹര്‍ജി അബ്ദുള്‍കലാം പ്രസിഡന്റായിരിക്കുന്ന കാലയളവിലാണു വന്നതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. വ്യക്തിപരമായി വധശിക്ഷയെ എതിര്‍ത്തിരുന്ന കലാമിന് അതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നോ? രാഷ്ട്രീയരംഗത്ത് ഒരു കോളിളക്കം സൃഷ്ടിക്കാനും ഇന്ന് കലാമിനെ വിഗ്രഹവല്‍ക്കരിക്കുന്നവര്‍ മതത്തിന്റെ പേരില്‍ അദ്ദേഹത്തെ അപമാനിക്കാനും അതുവഴിയൊരുക്കിയേനെ. എന്നാലിപ്പോള്‍ മതദേശീയതയുടെ വക്താക്കള്‍ക്ക് ആഹ്‌ളാദിക്കാന്‍ വഴിയൊരുക്കിയാണ് അബ്ദുള്‍ കലാം യാത്രയായത്. അവര്‍ മുന്നോട്ടുവച്ച ദേശീയതയുടെ സങ്കല്പത്തെ തള്ളിപ്പറയാതിരുന്ന, ശാസ്ത്രീയമായി ആയുധവല്‍ക്കരിക്കപ്പെട്ട, ശക്തമായ രാഷ്ട്രസങ്കല്ലത്തെ പിന്തുണച്ചിരുന്ന ഒരു ഉയര്‍ന്നവ്യക്തിത്വമായ അബ്ദുള്‍ കലാമിനെ രാജ്യം മുഴുവന്‍ തലകുനിച്ച് പ്രണാമം നല്‍കി വിട നല്‍കിയ ദിവസം തന്നെ ദേശത്തിനെതിരെ കലാപങ്ങള്‍ നയിച്ചതിനു ശിക്ഷിക്കപ്പെട്ട മേമനെ തൂക്കിലേറ്റിയെന്നത് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. കേവലം മതത്തിന്റെ പേരിലല്ല, രാഷ്ട്രരക്ഷയുടെ പേരിലാണ് ഞങ്ങള്‍ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വലതുപക്ഷ മതരാഷ്ട്രീയത്തിന് ലഭിക്കുന്ന അവസരത്തെയാണ് കൃത്യമായി പ്രയോഗിച്ചതെന്ന് കരുതാവുന്നതാണ്.മനുഷ്യാവകാശത്തിന്റെ പേരിലൊന്നും വധശിക്ഷയുടെ ന്യായാന്യായങ്ങളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. കാരണം നൂറുകണക്കിനു നിരപരാധികളുടെ മനുഷ്യാവകാശങ്ങളെ നിഷ്ഠൂരമായി ചവിട്ടിയരക്കുന്നവരില്‍ ചിലര്‍ മാത്രമേ വലയില്‍ കുടുങ്ങുന്നുള്ളു. അവര്‍ക്കുവേണ്ടി ഭരണകൂടം മനുഷ്യാവകാശത്തിന്റെ പേരില്‍ നടപടിയെടുക്കരുതെന്നു പറയുന്ന സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നത് വിമര്‍ശകരും ഓര്‍ക്കണം. അത്തരം വിമര്‍ശനങ്ങളുയരുന്നതിലൂടെ തങ്ങളുടെ ഗ്രാഫ് മുകളിലേക്കു മാത്രമേ പോവുകയുള്ളുവെന്ന് അറിയുന്നവരാണ് ഇന്നത്തെ ഭരണകര്‍ത്താക്കള്‍. കുറ്റവാളിയുടെ മതപശ്ചാത്തലം നോക്കി നടപടി സ്വീകരിക്കുന്നതിനെ മനുഷ്യാവകാശത്തിന്റെ തലത്തിലല്ല, രാഷ്ട്രീയമായാണ് നേരിടേണ്ടത്.

എ.പി.ജെ. അബ്ദുള്‍ കലാമിനെ ഗാന്ധിജിക്കും മുകളില്‍ പ്രതിഷ്ടിച്ചുകൊണ്ട് ഒരു ഉടച്ചു വാര്‍ക്കലിന് സാധ്യതയുണ്ടോയെന്ന പരിശോധനയും ആരംഭിച്ചിരിക്കുന്നു. അവിടെയും തുറുപ്പ്ചീട്ട് കലാമിന്റെ മതപശ്ചാത്തലമായിരിക്കാം. എതിര്‍പ്പുകളെ പരമാവധി കുറയ്ക്കുക തന്നെയായിരിക്കണം ഉദ്ദേശ്യം. സമൂഹമാധ്യമങ്ങളില്‍ ലിങ്ക് രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലോഗുകള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍ കറന്‍സികളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം അബ്ദുള്‍ കലാമിന്റെ ചിത്രം ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ബ്ലോഗില്‍ 12 കാരണങ്ങള്‍ അതിനുവേണ്ടി നിരത്തിയിരിക്കുന്നു. യോജിക്കുന്നവര്‍ക്കും വിയോജിക്കുന്നവര്‍ക്കും അതു രേഖപ്പെടുത്താന്‍ ഓപ്ഷനുമുണ്ട്.'ഗാന്ധിജിയെ അനുകൂലിക്കുന്നവരുടെ അത്രതന്നെ വെറുക്കുന്നവരുമുണ്ട്. എന്നാല്‍ കലാമിനെ ആരുംതന്നെ വെറുക്കുന്നില്ല. ഗാന്ധിജിയെന്ന ഭൂതകാലവും കലാമെന്നത് ഒട്ടേറെപ്പേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനവുമാണ്. ഗാന്ധിജി വിവാഹിതനാണ്, എന്നാല്‍ കലാം സ്വന്തം ജീവിതം രാഷ്ട്രത്തിനുമാത്രമായി സമര്‍പ്പിച്ചു. ഭഗത് സിംഗിന്റെ മരണത്തിന് ഉത്തരവാദിയായി ഗാന്ധിജി മാറിയപ്പോള്‍ കലാം പക്ഷികള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ മതിലില്‍ കൂര്‍ത്ത ഗ്ലാസ്‌ കഷ്ണങ്ങള്‍ വയ്ക്കാന്‍പോലും അനുവദിച്ചില്ല. ഇന്ത്യയുടെ വിഭജനത്തിനു ഉത്തരവാദിയായിരുന്നു ഗാന്ധിജി, എന്നാല്‍ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കാനാണ് കലാം ശ്രമിച്ചത്. രാഷ്ട്രപിതാവാണെന്നാണ് പേരെങ്കിലും സ്വന്തം മക്കളുടെപോലും നല്ല പിതാവായിരുന്നില്ല ഗാന്ധിജി. എന്നാല്‍ കലാം കുഞ്ഞുങ്ങള്‍ക്കും യുവാക്കള്‍ക്കും സ്‌നേഹവും പ്രചോദനവും നല്‍കി. ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റെന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനകീയ രാഷ്ട്രപതിയായിരുന്നു കലാം. രണ്ടാംലോകയുദ്ധത്തിന്റെ അനുകൂല സാഹചര്യങ്ങളെ വൈകാരികമായി ഉപയോഗിച്ച് നേട്ടങ്ങളുണ്ടാക്കിയ ഗാന്ധിജിയെക്കാള്‍ ഒരുപടിമുന്നിലാണ് കലാമിന്റെ വ്യക്തിത്വം. രാഷ്ട്രപിതാവായി ഗാന്ധിജിയെ വിശേഷിപ്പിക്കാമെങ്കില്‍ അതിലേറെ പുതിയ തലമുറകളെ സ്വാധീനിക്കുന്ന രാഷ്ട്രത്തിന്റെ അധ്യാപകനാണ് കലാം. ശാസ്ത്രരംഗത്ത് ഇന്ത്യക്ക് മോചനം നല്‍കിയ കലാമിന് ഗാന്ധിജിക്കൊപ്പം നില്‍ക്കാന്‍ യോഗ്യതയുണ്ട്. കറന്‍സി ഒരു രാജ്യത്തിന്റെ ദേശീയവ്യക്തിത്വത്തെ പ്രതീകവല്‍ക്കരിക്കുന്നതിനാല്‍ ഇന്നത്തെ ഏറ്റവും സ്വാധീനവ്യക്തിത്വമായ കലാമിന്റെ ചിത്രമാണ് അതില്‍കൊടുക്കേണ്ടത്. അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോള്‍തന്നെ അഴിമതിയെക്കുറിച്ചു ചിന്തിക്കാന്‍പോലും ആരും തയ്യാറാവില്ല.' ഇതൊക്കെയാണ് ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിക്കു പകരം കലാമിന്റെ ഫോട്ടോ നല്‍കണമെന്ന് പറയുന്ന ബ്ലോഗിലെ വാദങ്ങള്‍. പരസ്പരവിരുദ്ധവും കലാമിന്റെതന്നെ പ്രവര്‍ത്തനമേഖലയെയും തത്വശാസ്ത്രപരമായ നിലപാടുകളെയും നിരാകരിക്കുന്ന വിധത്തിലുള്ളതുമായ വാദങ്ങളാണ് ഇതില്‍ കാണുന്നത്. അതിനെ അനുകൂലിക്കാനും നിരവധിപേര്‍ രംഗത്തുവരുന്നുണ്ടെന്നത് ചിന്തനീയമാണ്.

ഡോ.എ.പി.ജെ. അബ്ദുള്‍കലാം എന്ന സര്‍വാദരണീയനായ വ്യക്തിത്വത്തെ മുന്നില്‍ നിര്‍ത്തി ചരിത്രത്തിന്റെ അപനിര്‍മാണം നടക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഒരുവിഭാഗം. മറ്റൊരു കാലഘട്ടത്തിലെ ജനകീയപ്രസ്ഥാനങ്ങളെ, അവയിലൂടെ വളര്‍ന്ന ദേശീയ കാഴ്ചപ്പാടുകളെ ചരിത്രത്തിന്റെ അകത്തളങ്ങളില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാകണം ഇതെല്ലാം. അതിന് പരോക്ഷമായി പിന്തുണ സംഘടിപ്പിക്കാനാണോ ഡോ.എ.പി.ജെ. അബ്ദുള്‍കലാം എന്ന വ്യക്തിത്വത്തിന്റെ സ്വീകാര്യതയെ ഉപയോഗിക്കുന്നത്. അദ്ദേഹമൊരു മുസ്ലീമാണെന്നതാണ് ഈനീക്കത്തിനു പിന്നിലെ ചാണക്യസൂത്രം. ഗാന്ധിജിയെക്കുറിച്ച് എതിരഭിപ്രായങ്ങള്‍ രാഷ്ട്രീയമായി ഉണ്ടാകാമെങ്കിലും അദ്ദേഹത്തെക്കാള്‍ മഹാത്മാവായി കലാമിനെ അവതരിപ്പിക്കുന്നതിലെ അപകടം തിരിച്ചറിയപ്പെടുക തന്നെവേണം.

(സാമൂഹ്യനിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories