TopTop
Begin typing your search above and press return to search.

രോഗികളും ഡോക്ടര്‍മാരും അറിയാന്‍: ഇത് നിങ്ങള്‍ക്കുള്ള ചിത്രമാണ്

രോഗികളും ഡോക്ടര്‍മാരും അറിയാന്‍: ഇത് നിങ്ങള്‍ക്കുള്ള ചിത്രമാണ്

രവി ശങ്കര്‍

ഒരു മാസമായി അപ്പോത്തിക്കിരി ഈ പട്ടണത്തിലുണ്ട്. ഇതിനിടയില്‍, ലോപ്പസുകള്‍ വന്നു പോയി. മംഗ്ലീഷുകാര്‍ വന്നു പോയി. അവതാരങ്ങള്‍ പിറവിയെടുത്തു, മറഞ്ഞു പോയി. പെരുച്ചാഴികള്‍ പോവാന്‍ റെഡിയായി നില്‍ക്കുന്നു. പിന്നാലെ രാജാധിരാജയും, വില്ലാളിവീരനും, ഭയ്യാ ഭയ്യയും.

ഏറ്റവും അവസാനത്തെ ഷോയ്ക്കാണ് കയറിയത്. ഒഴിഞ്ഞ തിയേറ്റര്‍. എട്ടു ആളുകളുണ്ട് കാണാന്‍. മനസ്സമാധാനത്തോടെ കാണാന്‍ കഴിഞ്ഞു.

നല്ലൊരു പടത്തിനെ അതിനാടകീയത കൊണ്ടും സംഗീതം കൊണ്ടും എങ്ങനെ കൊല്ലാം എന്നതിന്റെ മികച്ച ഉദാഹരണമാണ് അപ്പോത്തിക്കിരി. തുടക്കം മുതല്‍ അവസാനം വരെ ഒരു ഓടക്കുഴല്‍ ചെവികളെയും നാഡീവ്യൂഹത്തെ മൊത്തത്തിലും ഇപ്പോഴും തുളച്ചു കൊണ്ടിരിക്കുന്നു. എത്രെയോ നല്ല സിനിമകളെ ഈ സാധുവായ സംഗീതോപകരണം നശിപ്പിക്കുന്നത് കണ്ടിരിക്കുന്നു. അല്‍പ്പം ശോകച്ഛായ വേണ്ടിവന്നാലുടന്‍ ഓടക്കുഴല്‍ പ്രവര്‍ത്തനക്ഷമമാവുകയായി. മലയാള സിനിമയില്‍ ഇതൊരു ഒട്ടോമാറ്റിക് യന്ത്രമാണെന്നു തോന്നുന്നു. അതുമല്ല, പൊതുവേ, മലയാളത്തില്‍ ഏറ്റവും മോശമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒന്നാണ് പശ്ച്ചാത്തല സംഗീതം. മികച്ച സിനിമകള്‍ പോലും ഇതിനു അപവാദമല്ല. അടുത്ത കാലത്ത് കൊള്ളാവുന്ന പശ്ചാത്തല സംഗീതം കേള്‍ക്കാന്‍ പറ്റിയത് മുന്നറിയിപ്പിലാണ്. നിശ്ശബ്ദതയുടെ സംഗീതം എന്നാണ് ഇവര്‍ പഠിക്കാന്‍ പോകുന്നത്?

ബെസ്റ്റ് ഓഫ് അഴിമുഖം

മുന്നറിയിപ്പ്: വെറും സ്റ്റഫല്ല, ജീവിതമാണ്
നഗരം, മാഫിയ, ഗാംഗ് വാര്‍, പോലീസ്.... പിന്നെ കുറച്ച് അസ്തിത്വവാദവും- സ്റ്റീവ് ലോപ്പസ് വിമര്‍ശിക്കപ്പെടുന്നു
സൂപ്പര്‍ചാഴി
ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാന്‍?
കൊറിയന്‍ പടം കോപ്പി അടിച്ചാലും വേണ്ടില്ല; ഒരു നല്ല പടം തരൂ, ന്യൂ ജനറേഷന്‍കാരേ!

നാടകീയത വെറുപ്പിക്കുന്ന തെരുവ് നാടകം തന്നെയായി മാറുന്നുണ്ട് അപ്പോത്തിക്കിരിയില്‍. ഒരാളുടെ ജീവനും കൊണ്ട് ഒരു കൂട്ടര്‍ പാതാളത്തിലേക്കും മറ്റൊരു കൂട്ടര്‍ അവരെ തടുത്തു കൊണ്ടും അയാളുടെ ജീവന്‍ കൊണ്ടുപോകരുത് എന്ന് അപേക്ഷിച്ചുകൊണ്ടും നടത്തുന്ന ഒരു തെരുവുനാടകമാണ് ചിത്രത്തിന്റെ അവസാനഘട്ടത്തില്‍. എഴുപതുകളില്‍ നന്മ, തിന്മ എന്നീ കഥാപാത്രങ്ങളുള്ള നാടകങ്ങള്‍ സുലഭമായിരുന്നു. (നന്മ വെള്ള പൌഡര്‍ പൂശും, തിന്മ കരി പൂശും!) ഇത് അതിനെ കവച്ച് വെക്കും.പക്ഷെ, ഈ കൌമാരാരിഷ്ടതകള്‍ മാറ്റി നിര്‍ത്തിയാല്‍, വളരെ ഗൗരവമുള്ള ഒരു വിഷയത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള ചിത്രമാണ് അപ്പോത്തിക്കിരി. ആതുരസേവന രംഗത്ത് നടക്കുന്ന കൊള്ളരുതായ്മകളുടെ ഒരു നേര്‍ചിത്രം. മള്‍ടി നാഷണല്‍ മരുന്ന് കമ്പനികളുടെ അധികൃതമല്ലാത്ത മരുന്ന് പരീക്ഷണങ്ങളുടെ ഇരയായി നമ്മുടെ ജനത മാറുന്നതിന്റെ ഒരു ചിത്രം ഇതില്‍ യാതൊരു അര്‍ഥശങ്കയ്ക്കും ഇടയില്ലാതെ കാണിക്കുന്നുണ്ട്.

ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൂട്ട് നില്‍ക്കേണ്ടിവരുന്ന ഡോക്ടറാണ് വിജയ്‌ (സുരേഷ് ഗോപി). ചികിത്സാ ചെലവ് സമ്പൂര്‍ണമായും സൌജന്യമാക്കി കൊണ്ടാണ് ഇരകളെ അപ്പോത്തിക്കിരി എന്ന ആശുപത്രി കണ്ടുപിടിക്കുന്നത്.

ഇത്തരം പരീക്ഷണങ്ങള്‍ കൊണ്ട് സമനിലയും ജീവന്‍ തന്നെയും നഷ്ടപ്പെട്ട രോഗികള്‍ ഡോക്ടറുടെ ഉപബോധമനസ്സില്‍ അയാളെ വേട്ടയാടുന്നു. ഇത്തരം ഞെട്ടിപ്പിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ തീവ്രതയോടെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഡോക്ടര്‍ക്ക് ഒരപകടത്തില്‍ തലയ്ക്കു പരിക്ക് പറ്റി അബോധാവസ്ഥയില്‍ അവിടെ തന്നെ അഡ്മിറ്റ്‌ ചെയ്യുന്നതോടെ തുടങ്ങുന്ന ചിത്രം ഡോക്ടറുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ് അവസാനിക്കുന്നത്.ഈ ചിത്രത്തിലെ താരം ശരിയ്ക്ക് സുരേഷ് ഗോപി പോലുമല്ല. ഒരു രോഗിയുടെ അച്ഛനായി വരുന്ന ഇന്ദ്രന്‍സാണ്. സുരേഷ് ഗോപിയുടെ അഭിനയം മികച്ചതാണെങ്കിലും. എടുത്തു പറയേണ്ടത് ജയസൂര്യയുടെ അഭിനയമാണ്. ഇയാളുടെ ഏറ്റവും മികച്ച ചിത്രം ഇതാണെന്ന് പറയാം.

വളരെ പതിഞ്ഞ ഒരു താളം ഉടനീളം സംവിധായകന്‍ മാധവ് രാമദാസന്‍ പുലര്‍ത്തുന്നുണ്ട്. അതിനു ഒത്തു ചേര്‍ന്ന ക്യാമറയാണ് ഹരി നായരുടെത്. മിക്കവാറും മുഴുവന്‍ രംഗങ്ങളും ആശുപത്രിക്ക് അകത്തായതുകൊണ്ട് ലൈറ്റിംഗ് വളരെ പ്രധാനമാണ്.

ചിത്രം ബി ക്ലാസ്സിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ചെന്ന് കാണേണ്ട ചിത്രമാണ് അപ്പോത്തിക്കിരി. അധികം നില്‍ക്കില്ല. ഇത്തരം ഒരു പടം എടുക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ - കേരളത്തിലെ ദിനവും വഞ്ചിക്കപ്പെടുന്ന അനേകം രോഗികള്‍ക്ക് വേണ്ടിയെങ്കിലും.


Next Story

Related Stories