TopTop
Begin typing your search above and press return to search.

റൊണാള്‍ഡ് വെയ്ന്‍: വെറും 800 ഡോളറിന് ഓഹരി വിറ്റു കളഞ്ഞ ആപ്പിള്‍ സഹസ്ഥാപകന്‍

റൊണാള്‍ഡ് വെയ്ന്‍: വെറും 800 ഡോളറിന് ഓഹരി വിറ്റു കളഞ്ഞ ആപ്പിള്‍ സഹസ്ഥാപകന്‍

ബാരി റിതോല്ട്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സ്റ്റീവ് ജോബ്‌സ് ആരാണെന്ന് സകലര്‍ക്കും അറിയാം. സാങ്കേതിക വിദ്യ, വ്യാപാര വിപണി എന്നിവയില്‍ താത്പര്യമുണ്ടെങ്കില്‍ സ്റ്റീവ് വോസ്‌നിയാക് ആരെന്നും അറിയുമായിരിക്കും.

എന്നാല്‍ റൊണാള്‍ഡ് വെയ്ന്‍ ആരാണെന്ന് വല്ല ധാരണയുമുണ്ടോ?

1976 ഏപ്രിലില്‍ ആപ്പിള്‍ കമ്പ്യൂട്ടറിന്റെ മൂന്നാം സഹസ്ഥാപകനായിരുന്നു; 10 ശതമാനം ഓഹരിയുടമയും. ചില കൗതുകവും കാലിക പ്രസക്തവുമായ കാരണങ്ങളാല്‍ അദ്ദേഹം തന്റെ ഓഹരി അന്ന് വെറും 800 ഡോളറിന് വിറ്റു. ഇല്ലായിരുന്നെങ്കില്‍ ആ 10 ശതമാനം ഓഹരിയിപ്പോള്‍ 62.93 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ആപ്പിള്‍ ഓഹരികളായി മാറുമായിരുന്നു.

ഏതാണ്ടിങ്ങനെയാണ് ആ ഓഹരിക്കണക്ക്... $800-ല്‍ നിന്നും $63 ബില്ല്യണ്‍. ഇതായിരിക്കാം ഒരുപക്ഷേ ഏറ്റവും മോശം ഓഹരിക്കച്ചവടം.

ഇതില്‍ നമുക്കെല്ലാവര്‍ക്കുമുള്ള ചില പാഠങ്ങളുണ്ട്. അതിലേക്കു കടക്കും മുമ്പ് ഒന്നു വഴിതിരിയാം.

40 വര്‍ഷം മുമ്പ് 1976-ല്‍ ഏപ്രില്‍ ഒന്നിനാണ് ആപ്പിള്‍ പിറവിയെടുത്തത്. കമ്പോള വിദഗ്ദനും കാര്യദര്‍ശിയുമായ ജോബ്‌സും സമര്‍ത്ഥനായ എഞ്ചിനീയറും ഹാക്കറുമായ വോസ്‌നിയാക്കും ഒരു ഗാരേജില്‍ ആപ്പിളിനുവേണ്ടി അധ്വാനിച്ച കാലം സിലിക്കന്‍ വാലിയിലെ ചരിത്രഗീതങ്ങളാണ്. എന്നാല്‍ ഒന്നാം ദിവസം മുതല്‍ അതിലുണ്ടായിരുന്ന, മൂന്നാമത്തെ പങ്കാളി വെയ്ന്‍ വേണ്ടവിധത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടാതെപോയി.

അയാളുടെ സംഭാവനകള്‍ ഒട്ടും ചെറുതായിരുന്നില്ല. അയാളാണ് കമ്പനി മുദ്ര രൂപപ്പെടുത്തിയത്, ആപ്പിള്‍ 1 user's manual തയ്യാറാക്കിയത്, കമ്പനിയുടെ ശരിക്കുള്ള പങ്കാളിത്ത കരാര്‍ ഉണ്ടാക്കിയതും. പക്ഷേ ആപ്പിളുമൊത്ത് രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും വെയ്ന് മതിയായി, ഏപ്രില്‍ 12നു തന്റെ ഓഹരി $800-നു വിറ്റു. വോസ്‌നിയാക്കിന്റെ ആത്മകഥയില്‍ autobiography ('iWoz: Computer Geek to Cult Icon: How I Invented the Personal Computer, Co-Founded Apple, and Had Fun Doing It') വെയ്നിന്റെ സംഭാവനയെപ്പറ്റി എഴുതി, 'ആപ്പിളിന്റെ ആദ്യകാലത്ത് റോണ്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു.'

വെയ്ന്‍ ആപ്പിള്‍ വിട്ടിട്ട് ഈയാഴ്ച്ച 40 വര്‍ഷം തികയുന്നു. ഭാവി പ്രവചനാതീതമാണ്. ചിലര്‍ക്ക് ചില സൂചനകള്‍ തോന്നിയേക്കാം. ജോബ്‌സ് അങ്ങനെ സങ്കീര്‍ണമായ സാങ്കേതികവിദ്യ ലളിതമാക്കിയ, ഒരു കമ്പ്യൂട്ടര്‍, ഒരു ചെറിയ ടച്ച് സ്‌ക്രീനില്‍ ഒതുക്കിയ ഒരാളാണ്. വോസ്‌നിയാക് അസാധ്യമെന്ന് തോന്നിയതിനെ ഒരു എഞ്ചിനീയറിംഗ് പ്രശ്‌നമാക്കി ചുരുക്കിയ ആളാണ്. പക്ഷേ 1976ല്‍ ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ കമ്പനിയാകുമെന്ന് ആരും കരുതിയിരിക്കില്ല.


റൊണാള്‍ഡ് വെയ്ന്‍

രണ്ടു സ്റ്റീവുമാരുടെയും കൂടെ വെയ്ന്‍ ചേര്‍ന്നപ്പോള്‍ അയാള്‍ തന്റെ 40-കളിലായിരുന്നു. മുന്‍ കച്ചവടങ്ങളടക്കമുള്ള അനുഭവങ്ങള്‍. വ്യക്തിപരമായ ബാധ്യതകളടക്കം വരുന്ന പങ്കാളിത്ത കച്ചവടത്തിന്റെ അപായങ്ങള്‍ അയാള്‍ക്കറിയാമായിരുന്നു.

ആ സംരംഭത്തിന് അയാളുടെ അപായ സഹിഷ്ണുത ചേരുന്നതായിരുന്നില്ല.

Atari-ക്കു വേണ്ടി ജോലി ചെയ്യുമ്പോഴാണ് വെയ്ന്‍ ജോബ്‌സുമായി സൗഹൃദത്തിലാകുന്നത്. ചെറുപ്പക്കാരായ തന്റെ പങ്കാളികളുടെ അനുഭവക്കുറവും ജോബ്‌സിന്റെ എടുത്തുചാട്ടവും പല ആദ്യസംരംഭങ്ങളെയും പോലെ നഷ്ടത്തില്‍ കലാശിപ്പിക്കുമെന്ന് കരുതിയ വെയ്ന്‍ ഒഴിയുന്നതാണ് യുക്തിയെന്ന് തീരുമാനിച്ചു.

അയാളുടേത് ഒരു 'മുതിര്‍ന്നയാളുടെ മേല്‍നോട്ടം' കൂടിയായിരുന്നു. പങ്കാളിത്ത കച്ചവടത്തിലെ അപായങ്ങളായാലും 20-കാരായ രണ്ടുപേരോടൊത്ത് പോകുന്നതായാലും അതയാള്‍ക്ക് പറ്റിയ സ്ഥലമായിരുന്നില്ല.

ഒരു കമ്പനി അല്ലാതെ ആപ്പിളിനെ ഒരു പങ്കാളിത്ത സ്ഥാപനമാക്കി തുടങ്ങുക എന്നതായിരുന്നു ഏറ്റവും ചെലവുകുറഞ്ഞതും വേഗത്തിലുള്ളതുമായ വഴി.

പക്ഷേ ഏറ്റവും മോശം വഴികളിലൊന്നും അതുതന്നെയായിരുന്നു.

സംരംഭം പൊളിഞ്ഞാല്‍ പങ്കാളിത്ത ഘടന സ്ഥാപകരെ സംരക്ഷിക്കില്ല എന്ന് ഏത് അഭിഭാഷകനുമറിയാം. ഒരു നിശ്ചിത ബാധ്യതാ കോര്‍പ്പറേഷന്‍ സ്ഥാപിക്കുക എന്നതാണു ശരിയായ മാര്‍ഗം. വിവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളും ആസൂത്രണത്തിന്റെ ആവശ്യകതകളും സംരംഭസ്ഥാപകരെ മറ്റ് ഘടനകള്‍ നോക്കാന്‍ പ്രേരിപ്പിക്കാം.

നികുതി പ്രത്യാഘാതങ്ങളും വ്യക്തി ബാധ്യതകളും മനസിലാക്കണം. ഒരു നല്ല അഭിഭാഷകന്‍ ഇതിന് അത്യാവശ്യവുമാണ്.

ആരുടെ കൂടെയാണ് ജോലി ചെയ്യുന്നത്, എന്താണ് ചെയ്യുന്നത് എന്നത് നിങ്ങളുടെ സന്തോഷത്തിനും ജീവിത സംതൃപ്തിക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു പുതിയ സ്ഥാപനം തുടങ്ങുക എന്നാല്‍ ഒരു കൂട്ടം ആളുകളുമൊത്ത് രാവും പകലും പ്രവര്‍ത്തിക്കുക എന്നതാണ്. നിങ്ങളുടെ ജീവിതപങ്കാളി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അടുത്ത ബന്ധം ഇവരുമായാകും. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി ഒത്തുപോകുന്നത് നിങ്ങളുടെ ജീവിതസംതൃപ്തിയില്‍ ഏറെ സ്വാധീനമുണ്ടാക്കും. വെയ്ന്‍ ആപ്പിളില്‍ നിന്നിരുന്നെങ്കില്‍ അയാള്‍ സമ്പന്നനായേനെ, പക്ഷേ തീര്‍ത്തും അസ്വസ്ഥനും.

ആപ്പിളിന്റെ ആദ്യദിനങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞതായിരുന്നു. വേണ്ടത്ര ആസൂത്രണവും പരസ്പര ഏകോപനവും ഇല്ല എന്നു തോന്നിച്ച നാളുകള്‍. അതുകൊണ്ടുതന്നെ ആദ്യപങ്കാളിത്തം നിലനിന്നില്ല. ഇടിക്കൂട്ടിലെ രാജാവായിരുന്ന മൈക് ടൈസണ്‍ പറഞ്ഞപോലെ, 'വായില്‍ ഒരിടി കിട്ടുന്നവരെ എല്ലാവര്‍ക്കും ഒരു പദ്ധതിയുണ്ടായിരിക്കും'. പക്ഷേ ശാന്തമായിരിക്കുന്ന സമയത്ത് ഉണ്ടാക്കിയ ഒരു പദ്ധതി, ഒരു അടിയന്തരപദ്ധതിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചില തെരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്. കാര്യങ്ങളെല്ലാം തകിടം മറിഞ്ഞ് നിങ്ങള്‍ക്കെതിരാകുമ്പോള്‍ ഉണ്ടാക്കുന്ന ഒന്നുപോലെയല്ല അത്.

കൂട്ടുപലിശ ഒരു അത്ഭുതകരമായ സംഗതിയാണ്; നിങ്ങളൊരു സംരംഭം തുടങ്ങുമ്പോള്‍ മുന്നേ ചട്ടങ്ങള്‍ക്കൊപ്പം പുതിയവ കൂട്ടിയാല്‍ അതെത്ര ലാഭമുണ്ടാക്കും എന്നതിനെക്കുറിച്ച് നിങ്ങള്‍ ഒട്ടും ആലോചിക്കാനേ സാധ്യതയില്ല. പക്ഷേ വിജയിക്കുന്ന എല്ലാ കമ്പനികളും അതാണ് ചെയ്യുന്നത്.


വെയ്ന്‍ രൂപകല്‍പന ചെയ്ത ആപ്പിളിന്റെ ആദ്യ ലോഗോ

ഇത്തരം ലാഭം വീണ്ടും വീണ്ടും 40 വര്‍ഷം നിക്ഷേപിച്ചാല്‍, നിങ്ങളുടെ പക്കലുണ്ടാകുന്നത് ഗണ്യമായൊരു തുകയാണ്. തീര്‍ച്ചയായും, $63 ബില്ല്യണ്‍ ഒരു ഭീമന്‍ തുകയാണ്. 99.999 ശതമാനം സംഭവങ്ങളിലും അത്ര നേട്ടം ഉണ്ടാകില്ല. പക്ഷേ അവയും സമയം കഴിയുന്തോറും ഇങ്ങനെ കൂട്ടിക്കൊണ്ടേയിരിക്കും. ഒരു ശരാശരി വിജയത്തിലുള്ള കമ്പനി പോലും ദശലക്ഷക്കണക്കിന് ഡോളര്‍ അങ്ങനെയുണ്ടാക്കും. അതാണ് കൂട്ടിവെക്കലിന്റെ അത്ഭുതം.

മൂല്യനിര്‍ണയം മനസിലാക്കുക; ഒരു കമ്പനിയുടെ സാധ്യത എന്താണെന്ന് മനസിലാക്കാത്തത് എല്ലാ കാലത്തുമുള്ള പ്രശ്‌നമാണ്. ലോകം കുറച്ചു കൊല്ലത്തിനുള്ളില്‍ നാടകീയമായി മാറാം. 1997ലെ Wired മാസികയുടെ 'Pray' എന്നെഴുതിയ, ആപ്പിള്‍ പാപ്പരാകുന്നതിന്റെ വക്കില്‍ നിന്നപ്പോഴത്തെ മുഖചിത്രം ഓര്‍മയില്ലേ. എന്തും സംഭവിക്കാം.

അതിനു മൂന്നു കൊല്ലം മുമ്പ് വെയ്ന്‍ ആപ്പിളിനെ സംബന്ധിച്ചു മോശം ഇടപാടുകളാണ് നടത്തിയത്. യഥാര്‍ത്ഥ പങ്കാളിത്ത കരാര്‍ ജോബ്‌സും വോസ്‌നിയാകും ഒപ്പിട്ടത് 1994-ല്‍ വെറും $500നു വിറ്റു. ആപ്പിള്‍ പൊതുഓഹരികളിലേക്ക് പോയതിന് 14 കൊല്ലത്തിന് ശേഷമായിരുന്നു ഇത്. കമ്പനി ഒരു വിശുദ്ധഗോത്രം പോലെ ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു.

2011ല്‍ അതേ കരാര്‍ രേഖ 1.35 ദശലക്ഷം ഡോളറിനാണ് ലേലത്തില്‍ പോയത്. വസ്തുക്കളുടെ സങ്കീര്‍ണമായ വിപണിമൂല്യം മനസിലാക്കാത്തത് വിലയേറിയ പിഴവുകള്‍ സൃഷ്ടിക്കും. നിങ്ങളെങ്ങനെയോ അതില്‍ ആനന്ദിക്കുക. അടിസ്ഥാന മനുഷ്യാവശ്യങ്ങള്‍ വീട്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഭക്ഷണം, വസ്ത്രം എന്നിവയും സാമ്പത്തിക സുരക്ഷിതത്വവും നല്‍കുന്നതിനപ്പുറം പണത്തിന്റേത് നിഷേധാത്മകമായി കുറയുന്ന മൂല്യമാണ്.

സമ്പത്ത് എപ്പോഴും സന്തോഷമല്ല. കോടീശ്വരന്മാരുടെ ലക്ഷ്യബോധമില്ലാത്ത, നശീകരണവാസനയുള്ള മക്കളെപ്പോലെ. ഇതില്‍ നിന്നുള്ള പാഠങ്ങള്‍ അമ്പരപ്പിക്കുന്നവയല്ല. മുകളിലെ ഏത് സംഗതിക്കൊപ്പവും 'നിക്ഷേപം' എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത് അത് നിങ്ങളുടെ സമ്പാദ്യത്തില്‍ എത്ര പ്രസക്തമാണെന്ന് നോക്കാവുന്നതാണ്.

വെയ്നിനിപ്പോള്‍ 83 വയസായി.ആഴ്ച്ചയില്‍ ഒന്നുരണ്ട് ദിവസം വീഡിയോ പോക്കര്‍ യന്ത്രത്തില്‍ ഭാഗ്യം പരീക്ഷിക്കും. ഒരുകാലത്ത് കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജാക്‌പോട്ടായിരുന്നു അയാളുടെ കയ്യില്‍. ഇപ്പോഴും ഒരു ജാക്‌പോട്ട് ജയിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്.


Next Story

Related Stories