അഴിമുഖം പ്രതിനിധി
സെപ്തംബര്‍ രണ്ടാം വാരം ആണ് ആപ്പിള്‍ ഐഫോണ്‍ 7 റിലീസ് ചെയ്യുക എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഊഹാപോഹങ്ങള്‍ പലതും ഇതൊടനുബന്ധിച്ച് അരങ്ങു കൊഴുപ്പിക്കുന്നുണ്ട്. എല്ലാ തവണയും പോലെ ഈ റിലീസിനെയും ടെക് ലോകം കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്. കിട്ടിയ വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഇത്തവണ വിപ്ലവകരമായ ചില മാറ്റങ്ങളോടെയാകും ഐഫോണ്‍ ഏഴാമനും കൂട്ടരും എത്തുക.
പ്രധാന കാര്യം ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നിവ പുറത്തിറങ്ങുക 3.5 എംഎം ഹെഡ്ഫോണ് ജാക്ക് ഇല്ലാതെയാകും എന്നത് തന്നെയാണ്. ഫോണ്‍ വിപണിയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചവരാണ് ആപ്പിള്‍. ഇപ്രാവശ്യം അത് ഹെഡ്ഫോണ് ജാക്കില്‍ തന്നെയാകും. ഇനി ഹൈസ്പീഡ് യുഎസ്ബി സി ടൈപ് ലൈറ്റ്നിംഗ് ഇയര്‍പോഡ്സ് ആകും ഐഫോണിനോപ്പം ലഭിക്കുക.
ചൈനീസ് സോഷ്യല്‍ മീഡിയയായ വീബോയില്‍ ഐഫോണ്‍ സെവന്റെ ലീക്കായ വീഡിയോ പറന്നുകളിക്കുന്നുണ്ട്. ഇതില്‍ ഫോണിന്റെ ആന്റിന പൊസിഷനും, ക്യാമറ ബംപും കാണാന്‍ കഴിയും. വീഡിയോയില്‍ സുപ്രധാനമായ മറ്റൊന്ന് കൂടി കാണാന്‍ കഴിയും. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍.
ഡ്യുവല്‍ ക്യാമറയോടെയാകും ഐഫോണ്‍ എത്തുക എന്നാണ് ഉയരുന്ന ഊഹാപോഹങ്ങളില്‍ പ്രധാനപ്പെട്ടത്. 4k വീഡിയോകള്‍ എടുക്കാന്‍ കരുത്തു നല്കുന്നതാവും ക്യാമറ. ഹെഡ്ഫോണ് ജാക്കിനെ ആപ്പിള്‍ ഒഴിവാക്കുന്നത് ഈ രണ്ടു ക്യാമറക്കണ്ണുകളെ പ്രതിഷ്ഠിക്കാന്‍ ആണെന്നും പറയപ്പെടുന്നു. ഇമേജ് സെന്‍സറുകളിലും മാറ്റം ഉണ്ടാവും എന്ന് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. വലിയ ക്യാമറ ബംപ് വരുന്നതിനര്‍ത്ഥം വലിയ സെന്‍സര്‍ തന്നെ വരാന്‍ സാധ്യതയുണ്ട് എന്നാണ്.
മറ്റൊന്ന് എന്‍ട്രി ലെവല്‍ ഐഫോണുകള്‍ ആയ 16 ജിബി മോഡലുകള്‍ ആപ്പിള്‍ പിന്‍വലിക്കുന്നു എന്നുള്ളതാണ്. അതിനര്‍ത്ഥം ഇനി ഉണ്ടാവുക 32.64 ജിബി മുതല്‍ മുകളിലോട്ട് സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഫോണുകള്‍ ആകും.
കരുത്തുറ്റ എ10 ചിപ്പ്സെറ്റ് ആകും ഐഫോണിനു കരുത്തുപകരുക. കണക്കുകള്‍ പ്രകാരം ഐപാഡ് പ്രോയിലുള്ള എ9എക്സ് ചിപ്പിന്റെ അതേ പവര്‍ ഈ ചിപ്സെറ്റിനു നല്‍കാനാകും.
രൂപത്തില്‍ കാര്യമായ മാറ്റമൊന്നും ആപ്പിള്‍ വരുത്തിയിട്ടില്ല.ഐഫോണ്‍ 6ന്റെ ഇളയ സഹോദരനാണ് 7. നിറത്തിലും മാറ്റങ്ങളുണ്ട്. ബ്ലാക്ക് വേരിയന്റ് ഇനിയുണ്ടാവില്ല. സ്പേസ് ബ്ലാക്കിനെ പര്ഷ്കരിച് പുതിയ ഒരു നിറം ആപ്പിള്‍ കൊണ്ടുവരും എന്നും വാദങ്ങള്‍ ഉണ്ട്. റോസ് ഗോള്‍ഡ് എന്ന ഒരു പുതിയ നിറം ആപ്പിള്‍ കൊണ്ടുവന്നതാണ് അതിനു കാരണം.
വിലയുടെ കാര്യത്തിലും വന്നിട്ടുണ്ട് ചില ‘ലീക്ക്’ കഥകള്‍. വീബോയില്‍ വന്നത് പ്രകാരം 32ജിബിയ്ക്ക് 5288 യുവാനും 64ജിബിയ്ക്ക് 7088 യുവാനും ആണ് നല്‍കേണ്ടി വരിക.
ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞത് ഐഫോണ്‍ 7 എല്ലാവരെയും തങ്ങളുടെ ഡിവൈസുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കും എന്നാണ്. അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇനി വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഫോണ്‍ 6 മോഡലിന് അത്ര വലിയ ചലനം മാര്‍ക്കറ്റില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. അതിന്റെ കൂടി നഷ്ടം 7 നികത്തും എന്നാണ് ആപ്പിള്‍ കരുതുന്നത്.