TopTop
Begin typing your search above and press return to search.

ചൈനയിലെ വിവാദ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറിക്കുള്ളില്‍ നടക്കുന്നത്

ചൈനയിലെ വിവാദ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറിക്കുള്ളില്‍ നടക്കുന്നത്

ഷായ് ഒസ്റ്റര്‍
(ബ്ലൂംബര്‍ഗ്)

സമയം രാവിലെ ഒന്‍പത്. ഷാങ്ഹായിയുടെ പ്രാന്തപ്രദേശത്ത് പെഗാട്രണ്‍ കോര്‍പറേഷന്റെ വന്‍ ഫാക്ടറിയില്‍ പിങ്ക് ജാക്കറ്റണിഞ്ഞ ആയിരക്കണക്കിനു ജോലിക്കാര്‍ ഐ ഫോണ്‍ നിര്‍മാണം തുടങ്ങുകയാണ്.

പുരുഷ, വനിതാ ജീവനക്കാര്‍ ഫേസ് സ്‌കാനറുകളിലൂടെയും ബാഡ്ജ് സ്വൈപ്പിങ്ങിലൂടെയും കടന്ന് ജോലിക്കു കയറുന്നു. ഓവര്‍ടൈം ജോലി അധികമാകുന്നില്ല എന്നുറപ്പുവരുത്താനാണ് കര്‍ശനമായ സുരക്ഷാപരിശോധനകള്‍. രണ്ടു മിനിട്ടില്‍ത്താഴെ സമയം കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാകുന്നു.

ലോകത്ത് ഏറ്റവും ലാഭകരമായ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കപ്പെടുന്ന ഇടമാണിത്. ആപ്പിളിന്റെ കര്‍ശന നിരീക്ഷണത്തിലുള്ള വിതരണ ശൃംഖലയുടെ ഭാഗം. ചൈനയിലെ തൊഴിലാളികള്‍ക്ക് ദൈര്‍ഘ്യവും കടുപ്പവുമേറിയ ഓവര്‍ടൈം ചെയ്യേണ്ടിവരുന്നുവെന്ന വര്‍ഷങ്ങള്‍ നീണ്ട ആരോപണത്തിനൊടുവില്‍ തൊഴിലാളികളുടെ ഓവര്‍ടൈം സമ്പാദ്യം കണക്കില്‍കവിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആപ്പിളും പെഗാട്രണും പുതിയ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയാണ്. ഇത് എങ്ങനെയാണു പ്രവര്‍ത്തിക്കുക എന്നു കാണിക്കുന്നതില്‍ അവര്‍ ഉല്‍സുകരാണ്. ഇതാദ്യമായാണ് ഫാക്ടറിക്കുള്ളില്‍ കടക്കാന്‍ പടിഞ്ഞാറന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദം ലഭിക്കുന്നത്.

ഫാക്ടറിയില്‍ ബിഗ് ജോണ്‍ (മേയര്‍) എന്നറിയപ്പെടുന്ന ജോണ്‍ ഷിയു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടറെ സ്ഥലം കാണിക്കുകയാണ്. അന്‍പതിനായിരത്തോളം പേര്‍ ഐ ഫോണ്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഇവിടത്തെ പ്രസിഡന്റാണ് ജോണ്‍. റോള്‍ കോള്‍, ഐഡി പരിശോധനകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സമയം പാഴാക്കാതെ ഓരോ നിമിഷവും ഐ ഫോണ്‍ നിര്‍മാണത്തിന് ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുക ജോണിന്റെ ചുമതലയാണ്.

'ഓരോ നിമിഷവും വിലപ്പെട്ടതാണ്,' ജോണ്‍ പറയുന്നു.

ക്യാമറയുള്ള ഉപകരണങ്ങള്‍ കണ്ടെത്താനുള്ള മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കുശേഷം - പുറത്തിറങ്ങാത്ത ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ പുറംലോകത്തെത്തുന്നതു തടയാനാണിത് - തൊഴിലാളികള്‍ തറയിലെ ആരോ ചിഹ്നങ്ങളെയും ഭിത്തിയിലെ പ്രചോദനം നല്‍കുന്ന പോസ്റ്ററുകളെയും അനുഗമിക്കുന്നു. അപകടങ്ങളും ആത്മഹത്യകളും തടയാനായി മധ്യഭാഗത്ത് സേഫ്റ്റി നെറ്റില്‍ പൊതിഞ്ഞ ഒരു സ്റ്റെയര്‍കേസ് കയറുന്ന തൊഴിലാളികള്‍ ലോക്കറില്‍നിന്ന് ഹെല്‍മറ്റുകള്‍ എടുക്കുന്നു. ഷൂ മാറ്റി പകരം പ്ലാസ്റ്റിക് സ്ലിപ് ഓണുകള്‍ ധരിക്കുന്നു. 320 ജോലിക്കാരുള്ള പ്രോഡക്ഷന്‍ യൂണിറ്റ് 9.20ന് നാലുനിരകളിലായി റോള്‍ കോളിന് ഹാജരാകുന്നു.'ഗുഡ് മോണിങ്' മേയറുടെ നിരീക്ഷണത്തില്‍ അവര്‍ ആശംസിക്കുന്നു. മേയര്‍ക്കൊപ്പം ഐ പാഡുകളുമായെത്തിയിരിക്കുന്ന സൂപ്പര്‍ വൈസര്‍മാരുണ്ട്. അവര്‍ തൊഴിലാളികളെ നിരീക്ഷിക്കുന്നു. ആറുമിനിട്ടിനുള്ളില്‍ തൊഴിലാളികള്‍ ജോലി തുടങ്ങുന്നു. കണ്‍വേയര്‍ ബല്‍റ്റുകളില്‍ നീങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കൂട്ടിയിണക്കുന്നു. സന്ദര്‍ശന ദിവസം ഒരു തൊഴിലാളി അവധിയിലായിരുന്നു. ആ ഷിഫ്റ്റിന്റെ മേല്‍നോട്ടക്കാരന്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തി അത് ഉത്പാദനത്തെ ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു.

സിയു യാന്‍, ഷെന്‍ ജിയാങ് റോഡുകളുടെ മൂലയിലുള്ള ഫാക്ടറി ഐഫോണ്‍ നിര്‍മാണത്തിനുള്ള രഹസ്യസങ്കേതങ്ങളില്‍ ഒന്നാണ്. 90 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള ഫാക്ടറിയില്‍ നടുക്ക് ഫയര്‍ഹൗസ്, പൊലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫിസ് എന്നിവയുണ്ട്. ഷട്ടില്‍ ബസുകളും കഫെറ്റീരിയകളും പുല്‍ത്തകിടികളും കുളങ്ങളുമുണ്ട്. ചൈനീസ് വാസ്തുശില്‍പ രീതിയില്‍ ചാരവും തവിട്ടും കലര്‍ന്ന കെട്ടിടങ്ങള്‍. ജൂണില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഷാങ്ഹായ് ഡിസ്‌നിലാന്‍ഡ് ഇവിടെ നിന്ന് 20 മിനിറ്റ് അകലെയാണ്.

'ഒരു റിപ്പോര്‍ട്ടര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുന്നതിന്റെ അര്‍ത്ഥം അവര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി ഉപരിതലത്തിലെങ്കിലും കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നു എന്നാണ്,' ഓക്‌സ്‌ഫോഡ് കെല്ലോഗ് കോളജിലെ അദ്ധ്യാപകനായ ജെന്നി ചാന്‍ പറയുന്നു. 'എന്നാല്‍ ഇപ്പോഴും എങ്ങനെയാണ് തൊഴിലാളികളുടെ പ്രവര്‍ത്തനരീതിയെന്ന് അവര്‍ നമ്മോടു പറയുന്നില്ല.'

ഫാക്ടറി ഉള്ളില്‍ പല രഹസ്യങ്ങളും സൂക്ഷിക്കുന്നുവെന്നാണ് ചൈന ലേബര്‍ വാച്ചിന്റെ അഭിപ്രായം. അടിസ്ഥാന ശമ്പളം വളരെക്കുറവായതിനാല്‍ ഓവര്‍ടൈമില്ലാതെ തൊഴിലാളികള്‍ക്കു ജീവിക്കാനാകില്ല. 2015 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കമ്പനി ജീവനക്കാര്‍ക്കു നല്‍കിയ 1261 പേ സ്ലിപ്പുകള്‍ അമിത ഓവര്‍ടൈമിന്റെ തെളിവാണെന്ന് അവര്‍ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് കരാര്‍ ഉത്പാദകരാണ് പെഗാട്രണ്‍. ഫോക്‌സ് കോണാണ് ഒന്നാമത്.

സര്‍ക്കാര്‍ അവധിദിനങ്ങളടങ്ങിയ കാലത്ത് ശമ്പളം മൂന്നിരട്ടിയായിരുന്നപ്പോഴാണ് ലേബര്‍ വാച്ച് കണക്കെടുപ്പു നടത്തിയതെന്നാണ് പെഗാട്രണ്‍ നിലപാട്. ചൈന ലേബര്‍ വാച്ച് വിവരങ്ങള്‍ ആരാഞ്ഞ് ഒരിക്കലും അവരെ സമീപിച്ചിട്ടില്ലെന്നും ആപ്പിളും പെഗാട്രണു പറയുന്നു. ആപ്പിളില്‍നിന്നു പ്രതികരണം ലഭിച്ചില്ലെന്നാണ് ലേബര്‍ വാച്ചിന്റെ മറുപടി. മാര്‍ച്ച് മുതല്‍ 441 പേസ്ലിപ്പുകള്‍ കൂടി ലഭിച്ചെന്നും അത് ഓവര്‍ടൈം തുടരുന്നതിനു തെളിവാണെന്നും അവര്‍ വാദിക്കുന്നു.

'ടേണ്‍സ്റ്റില്‍ സിസ്റ്റം പ്രോഗ്രാമിങ്ങിലൂടെ മാറ്റാവുന്നതാണ്,' ലേബര്‍വാച്ച് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലി കിയാങ് പറയുന്നു. ഐഡി പരിശോധനകള്‍ മുഖംമൂടിയാണെന്നും അല്ലെങ്കില്‍ ഇത്രയധികം ഓവര്‍ടൈം ജോലിക്കാരുണ്ടാകില്ലെന്നും കിയാങ് ചൂണ്ടിക്കാട്ടുന്നു.ഇലക്ട്രോണിക് ഇന്‍ഡസ്ട്രി സിറ്റിസണ്‍ഷിപ് കൂട്ടായ്മയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്നും ഓവര്‍ടൈം മാസം 80 മണിക്കൂറില്‍ കവിയാറില്ലെന്നുമാണ് പെഗാട്രണ്‍ പറയുന്നത്. സപ്ലയര്‍ കമ്പനികള്‍ വ്യവസായത്തിലെ പെരുമാറ്റച്ചട്ടം പാലിക്കുന്നവരാണെന്ന് ആപ്പിളും പറയുന്നു. ചൈനയില്‍ മാസം 36 മണിക്കൂറാണ് അനുവദനീയമായ പരമാവധി ഓവര്‍ടൈം. എന്നാല്‍ അവരുടേത് സീസണല്‍ ജോലിയാണെന്നതിനാല്‍ ഇതില്‍ മാറ്റം വരുത്താമെന്നാണ് പെഗാട്രണ്‍ വാദം.

ആപ്പിളിന്റെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ ടിം കുക്കിന് ഈ സൂക്ഷ്മപരിശോധന സ്റ്റീവ് ജോബ്‌സിന്റെ കീഴില്‍ ഓപ്പറേഷന്‍സ് തലവനായിരിക്കെ അദ്ദേഹം സ്ഥാപിച്ച ആഗോള സപ്ലൈ ശൃംഖലയോടു നേരിട്ടുള്ള വെല്ലുവിളിയാണ്. 2015ല്‍ 1.6 മില്യണ്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി 640 ഓഡിറ്റുകള്‍ നടത്തിയെന്ന് ആപ്പിള്‍ പറയുന്നു. 2013ല്‍ പെഗാട്രണില്‍ നിരവധി തൊഴിലാളികളുടെ മരണത്തെത്തുടര്‍ന്ന് ആപ്പിള്‍ വൈദ്യശാസ്ത്രവിദഗ്ധരെ നിയോഗിച്ചു. ഒരു പതിനഞ്ചുകാരന്‍ ന്യുമോണിയ ബാധിച്ചാണു മരിച്ചതെന്നു കണ്ടെത്തി. മറ്റുള്ളവരുടെ മരണകാരണം വെളിപ്പെടുത്തിയില്ല. തൊഴില്‍സാഹചര്യങ്ങളുമായി ബന്ധമുള്ളതായിരുന്നില്ല മരണകാരണമെന്ന് ആപ്പിള്‍ പറയുന്നു.

'ഉത്പന്നങ്ങളുടെ നിര്‍മാണം ഒരു കുറ്റമല്ല,' കലിഫോര്‍ണിയയിലെ കപര്‍ട്ടിനോയില്‍ ആപ്പിളും പെഗാട്രണും തമ്മിലുള്ള ബന്ധത്തിനു മേല്‍നോട്ടം വഹിക്കുന്ന ഡെനീസെ യാവോ പറയുന്നു. 'ഞങ്ങള്‍ തൊഴിലാളികളെ പീഡിപ്പിച്ചു പണിയെടുപ്പിക്കുകയാണെന്നാണ് ആളുകളുടെ ധാരണ. ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ തൊഴില്‍സ്ഥലമെന്നാല്‍ എന്തെന്ന് ഞങ്ങള്‍ക്ക് അവരെ കാണിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.'

അതിനുവേണ്ടി പെഗാട്രണ്‍ പുതിയ ഐഡി സിസ്റ്റം സ്വീകരിച്ചു. ഇത് സമയം, ശമ്പളം, ഡോര്‍മിറ്ററി ഫീസ്, ഉച്ചഭക്ഷണം തുടങ്ങിയവയെ പിന്തുടരുന്ന ഒരു ഡാറ്റാബേസുമായി ബന്ധിതമാണ്. ഇതോടെ ഓവര്‍ടൈം നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി പാലിക്കാനാകുന്നുവെന്നു പെഗാട്രണ്‍ പറയുന്നു. അടിയന്തരജോലികള്‍ ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ മാത്രമാണ് അപവാദം. പുതിയ ഓഡിറ്റ് അനുസരിച്ച് സപ്ലയറുടെ പ്രവൃത്തിസമയം ആഴ്ചയില്‍ 60 മണിക്കൂര്‍ എന്ന നിബന്ധന 2015ല്‍ 97 ശതമാനം പാലിക്കപ്പെട്ടതായി ആപ്പിള്‍ കാണിക്കുന്നു. മുന്‍വര്‍ഷത്തേതില്‍നിന്ന് അഞ്ചുശതമാനം കൂടുതല്‍.

കൂടുതല്‍ പണമുണ്ടാക്കാനുള്ള വഴി ചില ജോലിക്കാര്‍ക്ക് ഇഷ്ടമാണെന്നും എന്നാല്‍ ആ രീതി അവസാനിച്ചുകഴിഞ്ഞെന്നും ചൈന ലേബര്‍വാച്ച് വഴി പരിചയപ്പെട്ട ഒരു തൊഴിലാളി പറഞ്ഞു. പ്രതികാരനടപടി ഭയന്ന് മാ എന്നു മാത്രം പേരുവെളിപ്പെടുത്തിയ അവരുടെ അഭിപ്രായം ഇങ്ങനെയാണ്: 'പരമാവധി ജോലിസമയം 60 മണിക്കൂറാണ്. എന്നാല്‍ ശമ്പളം കുറവായതിനാല്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ആളുകള്‍ തയാറാണ്. ഓവര്‍ടൈം ശമ്പളം കൂടുതലാണ്. അതിനാല്‍ ഞങ്ങള്‍ കൂടുതല്‍ ഓവര്‍ടൈം ആഗ്രഹിക്കുന്നു.'

മൂന്നുവര്‍ഷം മുന്‍പ് മാ ജോലിക്കുചേര്‍ന്നപ്പോള്‍ തൊഴിലാളികള്‍ പതിവായി പരിധിയില്‍ക്കവിഞ്ഞ് പണത്തിനായി ജോലി ചെയ്യുമായിരുന്നു. അത് ഇപ്പോള്‍ സാധ്യമല്ല.

താന്‍ ഡിസൈന്‍ ചെയ്യാന്‍ സഹായിച്ച സിസ്റ്റമാണ് അത് സാദ്ധ്യമാക്കിയതെന്ന് ഷെയു പറയുന്നു. അത് ടേണ്‍സ്റ്റിലുകളെ (turnstiles) റോള്‍ കോള്‍ ഐ പാഡുകളുമായും ഓരോ ജോലിക്കാരുടെയും ബാഡ്ജുമായും ബന്ധിപ്പിക്കുന്നു. തൊഴിലാളികള്‍ 60 മണിക്കൂര്‍ ജോലി പൂര്‍ത്തിയാക്കുകയോ തുടര്‍ച്ചയായി ആറുദിവസത്തെ ജോലി ചെയ്യുകയോ ചെയ്താല്‍ മാനേജര്‍മാര്‍ക്ക് സന്ദേശം ലഭിക്കുന്നു. പരിധി ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സിസ്റ്റം പ്രവേശനം നിഷേധിക്കുന്നു.

'ശനിയാഴ്ചയും ഞായറാഴ്ചയും ഫാക്ടറിക്കുള്ളില്‍ കടക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന തൊഴിലാളികളെ നിങ്ങള്‍ക്ക് കാണാം,' മുന്‍ നിര്‍മാണത്തൊഴിലാളിയായ ഗുവോ വാന്‍ലി പറഞ്ഞു. കൂടുതല്‍ പണമുണ്ടാക്കാന്‍ വേണ്ടി വാരാന്ത്യത്തില്‍ പണിയെടുക്കാനെത്തുന്നവരാണ് ഇങ്ങനെ കുടുങ്ങുന്നത്.

ശമ്പളത്തിലെ സുതാര്യതയാണ് പെഗാട്രണ്‍ അറിയിക്കാനാഗ്രഹിക്കുന്ന ഒരു കാര്യം. ക്യാംപസിനുള്ളിലുള്ള ടച്ച് സ്‌ക്രീനുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് അവരുടെ ജോലിസമയം, പേ സ്ലിപ്പുകള്‍, താമസ, ഭക്ഷണ ചെലവുകള്‍ എന്നിവ അറിയാം. ഓവര്‍ടൈം ഉള്‍പ്പെടെ മാസം ശരാശരി 4200 - 5500 യുവാന്‍ (650 - 850 ഡോളര്‍) ആണ് ശമ്പളം. ഓട്ടമേറ്റഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഉപയോഗിക്കാന്‍ തൊഴിലാളികളെ സഹായിക്കുന്ന ജോലിക്കാരി തന്റെ അടിസ്ഥാനശമ്പളം 2,020 യുവാന്‍ ആണെന്നു കാണിച്ചു. ഐ ഫോണ്‍ 6ന് ചൈനയിലെ വില 4488 യുവാനാണ്.

'എന്തിനെപ്പറ്റിയാണ് തൊഴിലാളികള്‍ക്ക് ഏറ്റവും ഉത്കണ്ഠയുണ്ടാകുക? സമ്പാദിക്കുന്ന പണത്തെപ്പറ്റിത്തന്നെ,' ഷെയു പറഞ്ഞു. പേറോള്‍ തുറന്നുകൊടുക്കാനുള്ള തീരുമാനം വിഷമകരമായിരുന്നുവെന്ന് ബിഗ് ജോണ്‍ പറയുന്നു. കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്ന ഇതിനോട് തൊഴിലാളികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.

ചൈനയുടെ മാറുന്ന സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തെയാണ് പെഗാട്രണ്‍ പ്രതിനിധീകരിക്കുന്നത്. തൊഴില്‍ച്ചെലവുകള്‍ കൂടിയപ്പോഴും ആഗോള ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലയുടെ കേന്ദ്രമായി നിലനില്‍ക്കാന്‍ ചൈനയ്ക്കായി. പെഗാട്രണിനെയും ഫോക്‌സ്‌കോണിനെയും പോലുള്ള കരാര്‍ കമ്പനികളാണ് ലോകത്ത് ലാപ്‌ടോപ്, ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്‌സ് എന്നിങ്ങനെ എന്തിന്റെയും ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ജനസംഖ്യയില്‍ ഏറെയും പ്രായമേറി വരുന്നതിനാല്‍ ഇപ്പോള്‍ ഉത്പാദനക്ഷമതയിലും ജോലിക്കാരെ നിലനിര്‍ത്തുന്നതിലുമാണ് ശ്രദ്ധ. സാധാരണ ഫാക്ടറികള്‍ ആധുനിക രീതിയില്‍ സൗജന്യ വൈ ഫൈ, ടിവി ലോഞ്ചുകള്‍, ക്ലീനിങ് സേവനങ്ങള്‍, വിവിധ തലത്തിലുള്ള ഡോര്‍മിറ്ററികള്‍ എന്നിവയുള്ള ഫാക്ടറികള്‍ക്കു വഴിമാറുന്നു.

'എല്ലാ സംരംഭങ്ങളും ശമ്പളവും ആനുകൂല്യങ്ങളും സ്ഥലസൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ്,' ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സിലെ പ്രഫസര്‍ ജിയാങ് യിങ് പറയുന്നു. ' തൊഴിലാളികള്‍ക്ക് നിയമത്തെപ്പറ്റി അവബോധമുണ്ട്. അത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫാക്ടറികളെ നിര്‍ബന്ധിതരാക്കുന്നു.'

അതേസമയം ജോലിക്കാരെ നിലനിര്‍ത്താന്‍ പാടുപെടുകയാണ് ഫാക്ടറികള്‍. തൊഴിലാളികളുടെ എണ്ണം കുറയുകയും ഉള്ളവര്‍ തന്നെ പല ജോലികളിലേക്കു മാറുകയും ചെയ്യുന്നതിനാലാണിത്. എന്നിട്ടും പെഗാട്രന്റെ ഷാങ്ഹായ് ഫാക്ടറിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ജോലിക്കാരെ നിലനിര്‍ത്തല്‍ നിരക്ക് 20 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം അത് ശരാശരി 16 ശതമാനമായിരുന്നു.

കഫെറ്റീരിയയില്‍ ഒരു സംഘം വനിതകള്‍ ഉച്ചഭക്ഷണസമയമായ 50 മിനിറ്റിനുള്ളില്‍ മടങ്ങാന്‍ തിരക്കുകൂട്ടുന്നു. ചൈനയുടെ പലഭാഗങ്ങളില്‍നിന്നുമുള്ളവരാണവര്‍. എല്ലാവരും ഇവിടെ ജോലിക്കു വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.

'മറ്റു ഫാക്ടറികളെക്കാള്‍ ആയാസരഹിതമാണ് ഇവിടത്തെ ജോലി', സഹോദരനൊപ്പം ഇവിടെ ജോലിക്കു വരുന്ന സു ന പറഞ്ഞു. ' ഞങ്ങള്‍ക്ക് ഒരിക്കലും 60 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നില്ല.


Next Story

Related Stories