TopTop
Begin typing your search above and press return to search.

കുഞ്ഞിരാമായണം, ഒഴിവു ദിവസത്തെ കളി, മാന്‍ഹോള്‍, ഇനി ജയരാജിന്‍റെ വീരം; അപ്പു ഭട്ടതിരി/അഭിമുഖം

കുഞ്ഞിരാമായണം, ഒഴിവു ദിവസത്തെ കളി, മാന്‍ഹോള്‍, ഇനി ജയരാജിന്‍റെ വീരം; അപ്പു ഭട്ടതിരി/അഭിമുഖം

അപ്പു ഭട്ടതിരി/ പി ജിഎസ് സൂരജ്

പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് മലയാള പ്രേക്ഷകര്‍; അതാണ് ജയരാജിന്റെ വീരം. അദ്ദേഹത്തിന്റെ നവരസ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. ഷേക്സ്പിയറിന്റെ മാക്ബത്തിനെ ഉപജീവിച്ച് തയ്യാറാക്കിയ ഈ ചിത്രം വടക്കന്‍ പാട്ടു കഥകളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഒരു പിരിയഡ് ഡ്രാമയാണ്. കുഞ്ഞിരാമായണം, ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രജത ചകോരം നേടിയ മാന്‍ഹോള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലായി ജയരാജ് ഒരുക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അപ്പു ഭട്ടതിരി.

സൂരജ്: മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വീരം എന്ന ബിഗ്‌ ബജറ്റ് സിനിമയിലേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്?

അപ്പു: ജയരാജ് സാറുമായി എനിക്ക് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റു നടക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായി കാണുന്നത്. ഒറ്റാല്‍ എന്ന ചിത്രത്തിന്റെ കുറേ ഭാഗം ഞാനാണ് എഡിറ്റു ചെയ്തത്. ആ സമയത്താണ് വീരത്തിന്റെ കഥ എന്നോട് ജയരാജ് സര്‍ പറയുന്നത്. അപ്പോഴേയ്ക്കും സ്ക്രിപ്റ്റ് എല്ലാം പൂര്‍ത്തിയായിരുന്നു. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ചിലവേറിയ സിനിമയായിരിക്കും വീരം. ഇത്രയധികം വിഷ്വല്‍ എഫക്സ് ഉള്ള മലയാള സിനിമ വേറെ കാണില്ല. 105 മിനിട്ട് ഉള്ള സിനിമയില്‍ ഏകദേശം 55 മിനിട്ട് വരുന്ന 700 ഓളം ഷോട്ട്സ് വിഷ്വല്‍ എഫക്സ് ആണ്. എഡിറ്റിങ്ങില്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യം തരുന്ന ആളാണ് ജയരാജ് സര്‍. മലയാളം, ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളില്‍ ഒരേ സമയം ചിത്രീകരിച്ച സിനിമയാണ് വീരം. അതുകൊണ്ട് തന്നെ എഡിറ്റിംഗ് പ്രോസസ്സ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മലയാളവും ഹിന്ദിയും കുറെ ഭാഗം എഡിറ്റു ചെയ്തതിനു ശേഷം ഇംഗ്ലീഷിലേയ്ക്ക് കടക്കുമ്പോള്‍ ആയിരിക്കും എനിക്ക് ചില പുതിയ ഐഡിയസ് വരുന്നത്. പിന്നീടു മലയാളത്തിലും ഹിന്ദിയിലും പോയി അത് മാറ്റി ചെയ്യേണ്ടി വരും.

സൂരജ്: വീരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍...?

അപ്പു: ആദ്യം തിരുവനന്തപുരം ചിത്രാഞ്ജലിയിലെ സ്റ്റുഡിയോയില്‍ തയ്യാറാക്കിയ വലിയ സെറ്റുകളില്‍ ആയിരുന്നു ചിത്രീകരണം. വിഷ്വല്‍ എഫക്സ് ജോലികള്‍ ഷൂട്ടിംഗ് സമയത്ത് തന്നെ ആരംഭിക്കണം എന്നുള്ളതുകൊണ്ട് എഡിറ്റിംഗ് ആദ്യഘട്ട ചിത്രീകരണത്തോടൊപ്പം തന്നെ ചെയ്യേണ്ടിയിരുന്നു. ചിത്രാഞ്ജലിയിലെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം മഹാരാഷ്ട്രയിലെ എല്ലോറയിലും രാജസ്ഥാനിലും ചിത്രീകരിച്ചു. എഡിറ്റു ചെയ്ത ഭൂരിഭാഗം സീനുകളും ഞാന്‍ കാണുമ്പോള്‍ ഗ്രീന്‍ മാപ്പ് ചെയ്ത രീതിയിലായിരിക്കും. വിഷ്വല്‍ എഫക്സ് കഴിഞ്ഞതിനു ശേഷം ആയിരിക്കും ശരിയായ സീനുകള്‍ എന്തെന്ന് അറിയുന്നത്. ഏകദേശം എട്ടു മാസത്തോളം സമയമെടുത്താണ് എഡിറ്റിംഗ് പൂര്‍ത്തിയാക്കിയത്. വീരത്തിന്റെ പ്രധാനപ്പെട്ട സാങ്കേതിക പ്രവര്‍ത്തകരെല്ലാം ഹോളീവുഡില്‍ നിന്നും ബോളീവുഡില്‍ നിന്നുമുള്ളവരാണ്. ക്യാമറ ചെയ്തിരിക്കുന്നത് മലയാളത്തിലെ സീനിയര്‍ ക്യാമറമാനായ എസ്.കുമാര്‍ ആണ്. ലൈഫ് ഓഫ് പൈ, ഗെയിം ഓഫ് ത്രോണ്‍സ് തുടങ്ങിയവ ചെയ്ത പ്രാണാ സ്റ്റുഡിയോസ് ആണ് വിഷ്വല്‍ എഫക്സ് ജോലികള്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ സ്റേറ്റ് അവാര്‍ഡ് വിന്നര്‍ രംഗനാഥ്‌ രവിയും നാഷണല്‍ അവാര്‍ഡ് വിന്നര്‍ സിനോയ് ജോസഫും ചേര്‍ന്നാണ് സൗണ്ട് മിക്സ്‌ ചെയ്തിരിക്കുന്നത്.

വിഷ്വല്‍ എഫക്സ് ഉള്ളതുകൊണ്ട് ആര്‍ട്ട് വിഭാഗത്തിന് സിനിമയില്‍ വളരെ പ്രാധാന്യം ഉണ്ട്. ഇന്ത്യയിലെ തന്നെ മികച്ച കലാ സംവിധായകനായ ബസന്ത് വരച്ച സ്കെച്ചില്‍ നിന്നും സെറ്റ് ഉണ്ടാക്കി അതില്‍ വിഷ്വല്‍ എഫക്സ് കൂടി വരുമ്പോഴുണ്ടാകുന്ന ബ്യൂട്ടി നേരില്‍ കണ്ടു തന്നെ അനുഭവിക്കണം. കളറിസ്റ്റ് സൂപ്പര്‍വൈസര്‍ ടൈറ്റാനിക് ഉള്‍പ്പെടെ നിരവധി ഹോളിവുഡ് സിനിമകളുടെ കളറിസ്റ്റായ ജെഫ് ഓം ആണ്. ഹാന്‍സ് സിമ്മറുടെ അസോസിയേറ്റ് ആയ ജെഫ്രോണയാണ് വീരത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അവതാര്‍, ദി ഹംഗെര്‍, ദി ക്രോണിക്കിള്‍ ഓഫ് നര്‍ണിയ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ സ്റ്റണ്ട് ഡയറക്ടര്‍ ആയ അലന്‍ പോപ്പില്‍ട്ടന്‍ ആണ് വീരത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ഇവരൊക്കെ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഇത് ബാഹുബലി പോലെയുള്ള ഒരു ചിത്രമല്ല എന്നുകൂടി പറയട്ടെ. ജയരാജ് സാറിന്റെ നവരസ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. ഷേക്സ്പീരിയന്‍ നാടകമായ മാക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥയും തമ്മിലുള്ള സംയോജനമാണ് സിനിമ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം ഇതുവരെ മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരിക്കും വീരം. ത്രീ ഹണ്‍ഡ്രഡ്, ഗ്ലാഡിയേറ്റര്‍ തുടങ്ങിയ സിനിമകളുടെ ഫീല്‍ ആയിരിക്കും വീരത്തിന്. വീരത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്ന രീതിയിലാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. മുംബൈയിലെ തന്നെ ഏറ്റവും മികച്ച ട്രെയിലെര്‍ മേക്കേഴ്സ് ആയ പഠാസ് ബ്രദേഴ്സിലെ വിന്നി പഠാസും രവി പഠാസും ചേര്‍ന്നാണ് വീരത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

നിരവധി വടക്കന്‍ പാട്ട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ശരിയായ രീതിയിലുള്ള വടക്കന്‍ പാട്ട് ഭാഷ സംസാരിക്കുന്ന ആദ്യത്തെ സിനിമയായിരിക്കും വീരം. വടക്കന്‍ പാട്ട് ഭാഷയില്‍ അപാരമായ അവഗാഹമുള്ള എം.ആര്‍ വാര്യരാണ് ഡയലോഗ് എഴുതുന്നത്‌. ഉദയായുടെ വടക്കന്‍ പാട്ട് സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് പില്‍ക്കാലത്ത് എം.ടി, ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം ഇറങ്ങുന്നത്. അന്നുവരെ കാണാത്ത പുതിയ ചന്തുവിന്റെ ദൃശ്യ ഭാഷ്യമായിരുന്നു എം.ടി. വടക്കന്‍ വീരഗാഥയില്‍ അവതരിപ്പിച്ചത്. അത്തരത്തിലുള്ള പരീക്ഷണം അന്നത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതുകൊണ്ട് തന്നെ വടക്കന്‍ വീരഗാഥ വലിയ വിജയമായി മാറി. എന്നാല്‍ ഈ രണ്ടു പാറ്റേണില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് വീരം അണിയിച്ചൊരുക്കിയിരിക്കുന്നത്.

സൂരജ്: എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള കടന്നു വരവ്?

അപ്പു: കുട്ടിക്കാലം മുതല്‍ തന്നെ കംപ്യൂട്ടറുമായി ഞാന്‍ നല്ല സൗഹൃദത്തില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കംപ്യൂട്ടര്‍ സംബന്ധമായ ഏതു ജോലിയും മടുപ്പനുഭവിക്കാതെ വളരെ എളുപ്പത്തില്‍ തന്നെ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. എഡിറ്റിങ്ങും പഠിച്ചു വന്നപ്പോള്‍ വളരെ ഈസിയായി തോന്നി. സിനിമയേയും അതിന്റെ സാങ്കേതിക വിദ്യയേയും കുറിച്ച് അറിയാനുള്ള അതിയായ താല്‍പ്പര്യം കാരണം പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഞാന്‍ ചെന്നൈയിലുള്ള ഐ മാറ്റ് ക്യാമ്പസ്സില്‍ ബി.എ വിഷ്വല്‍ എഫക്സിനു ചേര്‍ന്നു. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ക്കര്‍ സല്‍മാന്‍റെ ആദ്യ ചിത്രം സെക്കന്റ് ഷോയില്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. സിനിമാ സംവിധാനം തന്നെയായിരുന്നു മനസ്സിലുള്ള പ്രധാന ആഗ്രഹം. അതുകൊണ്ട് തന്നെ അതിനു ശേഷം സണ്ണി വെയിനെ നായകനാക്കി Candle Camera എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു.

പിന്നീട് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി എഴുത്തും മറ്റു പ്രവര്‍ത്തനങ്ങളുമായി ഇരിക്കുന്ന സമയത്താണ് സുഹൃത്തും ഇപ്പോള്‍ സ്വതന്ത്ര സവിധയാകനുമായ ബേസില്‍ ജോസഫിന്റെ 'ഒരു തുണ്ട് പടം' എന്ന ഷോര്‍ട്ട് ഫിലിം എഡിറ്റ്‌ ചെയ്യുന്നത്. ഇതറിഞ്ഞുകൊണ്ട് ഈ രംഗത്ത് നില്‍ക്കുന്ന എന്റെ മറ്റു ഫ്രണ്ട്സും എന്നെ സമീപിക്കുകയുണ്ടായി. എഡിറ്റിങ്ങില്‍ പ്രത്യേക താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും ആരെയും ഒഴിവാക്കാന്‍ തോന്നിയില്ല. മുപ്പതോളം ഷോര്‍ട്ട് ഫിലിംസ് എഡിറ്റ് ചെയ്തു. അങ്ങനെയാണ് സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്‌. ഇന്ത്യയിലെ നിരവധി ലൊക്കേഷനുകളില്‍ വച്ച് ചിത്രീകരിച്ച ഒരാള്‍പ്പൊക്കം ഒരു ഓഫ്‌ ബീറ്റ് മൂഡിലുള്ള ചിത്രമായിരുന്നു. മൊത്തം നിര്‍മാണ ചെലവ് ഏകദേശം മുപ്പതു ലക്ഷത്തോളം രൂപയായിരുന്നു. ഒരാള്‍പ്പൊക്കത്തിന് നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ സെലക്ഷന്‍ ലഭിക്കുകയും സനല്‍കുമാര്‍ ശശിധരന് ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡു ലഭിക്കുകയും ചെയ്തു. ഒരാള്‍പ്പൊക്കം കഴിഞ്ഞതിനു ശേഷം ഞാന്‍ എഡിറ്റു ചെയ്തത് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നഭിനയിച്ച കുഞ്ഞിരാമായണം എന്ന ചിത്രമായിരുന്നു. ഷോര്‍ട്ട് ഫിലിം എഡിറ്റു ചെയ്യുമ്പോള്‍ മുതലുള്ള പരിചയം കാരണം ബേസില്‍ എന്നെത്തന്നെ വിളിക്കുകയായിരുന്നു. കുഞ്ഞിരാമായണത്തില്‍ വര്‍ക്ക് ചെയ്തതിനു ശേഷമാണ് ഒരു എഡിറ്റര്‍ എന്ന നിലയില്‍ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

കുഞ്ഞിരാമായണത്തിന്റെ എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ചില ആവശ്യങ്ങള്‍ക്കായി ഞാന്‍ തിരുവനന്തപുരത്തെ എന്റെ വീട്ടിലേയ്ക്ക് വരുന്ന സമയത്താണ് ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍ എന്നോട് പറയുന്നത്. ലൈവ് സൌണ്ട് ആയതുകൊണ്ട് എഡിറ്റിംഗ് അല്ലാതെ പ്രധാനപ്പെട്ട പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികള്‍ ഒന്നും ആ ചിത്രത്തിന് ഉണ്ടായിരുന്നില്ല. കുഞ്ഞിരാമായണത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പക്കാ റിയലിസ്റ്റിക് ദൗത്യമായിരുന്നു ആ ചിത്രം. ഒഴിവു ദിവസത്തെ കളിയുടെ രണ്ടാം പകുതിയില്‍ നമുക്ക് അനുഭവപ്പെടുന്ന സിംഗിള്‍ ഷോട്ട് എന്ന വിസ്മയം ശരിക്കും എട്ടോളം ഷോട്ടുകള്‍ ചേര്‍ത്ത് വച്ച ഒരു സീനായിരുന്നു. എഡിറ്റിങ്ങും വിഷ്വല്‍ എഫക്സും ചേര്‍ന്ന് വന്നപ്പോള്‍ കിട്ടിയ സിംഗിള്‍ ഷോട്ട് ഫീല്‍ ആയിരുന്നു അത്. സമീപകാലത്തൊന്നും ഒരു സമാന്തര സിനിമയ്ക്ക്‌ ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതയാണ് ഒഴിവു ദിവസത്തെ കളിക്ക് ലഭിച്ചത്. ജനപ്രിയ സിനിമയുടെ വേറിട്ട മുഖമായ ആഷിക് അബു ആണ് വളരെ ചങ്കൂറ്റത്തോടെ ഒഴിവു ദിവസത്തെ കളി വിതരണം ചെയ്തത്. റിലീസ് ദിവസം മുതല്‍ ആദ്യത്തെ നാല് ദിവസം വരെ തിരുവനന്തപുരത്തെ ശ്രീ തീയറ്ററില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. പൂര്‍ണമായും സനല്‍ കുമാര്‍ ശശിധരന്‍ എന്ന ഒറ്റ മനുഷ്യന്റെ ചങ്കൂറ്റം മാത്രമാണ് ആ സിനിമയുടെ വിജയം. നമുക്കൊന്നും സത്യത്തില്‍ ഒരുതരത്തിലുള്ള ക്രെഡിറ്റും അവകാശപ്പെടാന്‍ ഇല്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് സൂരജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories