TopTop
Begin typing your search above and press return to search.

പ്രണയവും കാമവും മരണവും- ആരാച്ചാര്‍ ഒരു വായന

പ്രണയവും കാമവും മരണവും- ആരാച്ചാര്‍ ഒരു വായന

വി കെ അജിത് കുമാര്‍

കാണപ്പെട്ടതും എഴുതപ്പെട്ടതുമായ ചരിത്രത്തിനപ്പുറമുള്ള പ്രണയവും കാമവും രോഷവും പ്രതികാരവുമെല്ലാം തൂക്കുകയറിന്‍റെ കുടുക്കിലൂടെ അടയാളപ്പെടുത്തുന്ന 'ആരാച്ചാര്‍' പുതു ഭാവുകത്വത്തിന്‍റെ പ്രതീകമാണ്. ശക്തമായ പുരുഷാധിപത്യമുള്ള ഒരു മേഖല- പ്രതിയും ശിക്ഷാവിധി പ്രഖ്യാപിക്കുന്നവനും ആരാച്ചാരുമെല്ലാം പുരുഷ ബിംബങ്ങള്‍. ‘സ്വാഭിമാനത്തിന്‍റെ പ്രതികമായി’ത്തന്നെവേണം ഒരു പെണ്‍ സാന്നിധ്യം അവിടെ ദര്‍ശിക്കാന്‍. ചരിത്രത്തിലെ തുക്കുമരങ്ങളില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്‌ പെണ്ണിന്‍റെ കഴുത്തിലേക്ക്‌ കുരുക്ക് വിണത് ഒരു സ്ത്രീ ആരാച്ചാരായത് ഒരു തവണയും. ഇത്തരം സൂചകങ്ങളിലുടെ കടന്നുപോകുന്ന 'ആരാച്ചാര്‍' സ്ത്രീ പക്ഷ വായന തന്നെയാണ് ആവശ്യപ്പെടുന്നത്.

ക്രിസ്തുവിനും മുന്‍പ് ബുദ്ധകാലം മുതല്‍ തൂക്കു മരം നല്‍കുന്ന വധശിക്ഷ നടത്തിപ്പ് കുലത്തൊഴിലായി മാറിയ മല്ലിക്കുകള്‍ വസിക്കുന്ന കൊല്‍കൊത്ത. മറെറാരു ഇന്ത്യന്‍ നഗരചരിത്രവും കൊല്‍ക്കത്തയുടെ ചരിത്രത്തിന് പൂരകമല്ല. പൈതൃകത്തിന്‍റെയും വിശ്വാസത്തിന്‍റെയും നാസ്തികതയുടെയും അജ്ഞാതവും ദുരുഹവുമായ സൗന്ദര്യം കൊല്‍ക്കത്തയുടെമാത്രം പ്രത്യേകതയുമാണ്. ഭുതകാലത്തില്‍ ഭ്രമിച്ച് ജീവിക്കുന്നവരുടെ ഈ നാട് തന്നെ പ്രമേയപരമായി നോവലിനെ അതിന്‍റെ ഔന്നിത്യത്തിലെത്തിക്കുന്നു.‘ലിയോണ കസ്സിയാനി (കോളറകാലത്തെ പ്രണയം) തിരയുന്ന ഒരു പുരുഷനുണ്ട്. ചെറുപ്പത്തില്‍ അവളൊരിക്കലും മുഖം കണ്ടിട്ടില്ലാത്ത ശക്തനായ ഒരു മനുഷ്യന്‍. അവളുടെ വസ്ത്രങ്ങളെല്ലാം നൊടിയിടകൊണ്ട് വലിച്ചുകീറി കാമവിഭ്രാന്തിയില്‍ അവളെ ബലം പ്രയോഗിച്ച് ഭോഗിച്ച് ദേഹമാസകലം മുറിവുകളേല്പ്പിച്ചവന്‍. ആ മുറിവുകളുമായി ഒരു പാറപ്പുറത്ത് കിടക്കുമ്പോള്‍ തന്നെ അവള്‍ കാമിച്ചത്- മോഹിച്ചത് ആ മനുഷ്യനെയായിരുന്നു. മുഖം കണ്ടിട്ടില്ലാത്ത അയാളെ; ശബ്ദം പോലും ഓര്‍മ്മയില്ലാത്ത അയാളെ ഏത് ആള്‍ക്കുട്ടങ്ങള്‍ക്ക് നടുവിലും അവള്‍ തിരഞ്ഞുകൊണ്ടിരുന്നു. ഈ പ്രണയം തന്നെയാണ് ഓര്‍മ്മയിലെത്തുന്നത് ആരാച്ചാരിലെ ചേതനയ്ക്ക് സഞ്ജീവ് കുമാര്‍ മിത്രയോടുള്ള പ്രണയം വായിക്കുമ്പോള്‍. കാമത്തിനും വേദനയ്ക്കും ഇടയില്‍ എവിടെയോ തെളിയുന്ന പ്രണയത്തിന്‍റെ നേര്‍ത്ത ഭാവം. അതിനുചുറ്റും മരണത്തിന്‍റെയും പ്രതികാരത്തിന്റെയും അദൃശ്യ സാന്നിധ്യം നിറയുമ്പോള്‍ മരണം പോലെ നിശ്ചിതമായും അനിശ്ചിതമായും അതുമാറുന്നു. അത് ആര്‍ക്ക് ആരോട് എങ്ങനെ തോന്നുന്ന വികാരമാണ് എന്നുള്ള കണ്ടെത്തലുകള്‍ ബൌദ്ധികതയ്ക്കും ഭൌതികതയ്കും അപ്പുറമുള്ള ചിലതാണെന്ന തോന്നല്‍.. ചേതനയുടെയും സഞ്ജീവിന്റെയും പ്രണയത്തിന്‍റെ ദിനങ്ങള്‍ പോലും അപ്പോഴും യാഥാര്‍ത്ഥ്യമാണോ എന്ന സംശയം ഉണ്ടാകുന്നു. പ്രണയം അവിടെ ആപേക്ഷികമാകുന്നു. സഞ്ജീവിന്‍റെ മാധ്യമ ജിവിതത്തിന്‍റെ ഉയര്‍ച്ചയ്ക്ക് വേണ്ടി അയാള്‍ രൂപപ്പെടുത്തുന്ന പ്രണയമായി അത് വായിക്കപ്പെടുമ്പോള്‍ തന്നെ ശാരീരികമായ സംതൃപ്തിയിലും അത് കയറിയിറങ്ങുന്നു. ഒടുവില്‍ തന്നിലവശേഷിച്ചത് സത്യമായ പ്രണയം തന്നെയാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിയാത്തവിധം സാഹചര്യങ്ങള്‍ മാറിപ്പോകുകയും ചെയ്യുന്നു. യഥാര്‍ത്ഥ രതിമൂര്‍ച്ഛ അനുഭവിക്കാത്തവരാണ് ഇന്ത്യക്കാര്‍ എന്ന ഓഷോ വചനം പോലെ പെണ്ണിനെ സംതൃപ്തിയിലെത്തിക്കാന്‍ കഴിയാത്തവരാണ് സഞ്ജീവിന്റെ വംശാവലിയെന്ന് അയാളുടെ അമ്മ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പ്രണയം കാമവും കാല്പനികതയും കടന്ന് പോകുന്നു.

പ്രേമത്തിന്‍റെ ബംഗാളി ചരിത്രത്തിലെല്ലാം പകയുടെയും കാമത്തിന്റെയും പ്രതികാരത്തിന്റെയും കഥയോടൊപ്പം മല്ലിക്ക് വംശാവലിയുടെ തൂക്കുകയറും ഒരു അടയാളം പോലെ സന്നിവേശിക്കപ്പെടുന്നു. വേശ്യാ തെരുവുകളിലും രാജമന്ദിരങ്ങളിലും കോണ്‍വലീസിന്‍റെ കൊട്ടാരത്തിലും ഒരു പോലെ പ്രണയത്തിന്‍റെ ഈ ചിഹ്നങ്ങള്‍ കടന്നുവരുന്നു. ഇവിടെയെല്ലാം രതിയും കാമവും അതിന്‍റെ ഉന്മത്താവസ്ഥയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു.

പ്രണയവും മരണവും ഇടകലരുമ്പോള്‍ ഉള്ള സാത്വികാവസ്ഥയ്ക്കപ്പുറം ഇവിടെ മൃഗീയതയും അതിദൈന്യതയും സൃഷ്ടിക്കുന്ന ഡിസ്റ്റൊപ്യന്‍ ചിന്ത പലപ്പോഴും വായനയുടെ വഴികളില്‍ നിറയുന്നു. ജനകീയരായ കമ്യുണിസ്റ്റുകളുടെ ഭരണം പോലും അസമത്വം മാത്രമാണ് നല്‍കുന്നത് എന്ന യഥാര്‍ത്ഥ്യമാണ് ഈ ഡിസ്റ്റൊപ്യന്‍ അനുഭവത്തിനു കാരണം. പൈതൃകമായി ലഭിച്ച വിദ്യ അത് തൂക്കുകയറിടുന്നതായാല്‍ പോലും അതിന്‍റെ വൈഭവത്തില്‍ അഭിമാനിച്ച് 'വര്‍ത്തമാനത്തില്‍'ജിവിക്കുന്ന ആരാച്ചാരായ അച്ഛന്, മാസം എഴുപത്തിയഞ്ച് രൂപാ മാത്രം കിട്ടുന്ന തൊഴിലാണെങ്കില്‍ പോലും അതൊരു സ്വപ്നമായവശേഷിക്കുമ്പോള്‍, ജനാധിപത്യ ജിവിതക്രമത്തിന്റെ യഥാര്‍ത്ഥതയില്‍ തന്നെയാണെത്തുന്നത്. അവസരത്തിനൊത്ത് വിലപേശാന്‍ മടിക്കാത്ത അച്ഛനും നവദ്വാരങ്ങളിലൂടെയും പുഴും പ്രാണിയും ശലഭങ്ങളും പുറത്തേക്ക് വമിച്ചും, രതിയുടെ അര്‍ത്ഥമറിയാതെ ക്രുര വേഴ്ചയ്ക്ക് അടിപ്പെട്ടും മരിച്ചുവിഴുന്ന അനാഥ ബാല്യങ്ങളും നിറയുന്ന തെരുവ് എന്ന ജനാധിപത്യ യഥാര്‍ത്ഥ്യം; വളരെ ശക്തമായി ആലേഖം ചെയ്തിരിക്കുന്നു. മനുഷ്യ ശരീരം കത്തിയെരിയുന്ന ഗന്ധവും എണ്ണയില്‍ മുരിയുന്ന പലഹാര ഗന്ധവും ഒരുപോലെ നിറയുന്ന നിംതാലിഘട്ടും ആളുകളുടെ ചിന്താശക്തിയെ ചുഷണം ചെയ്ത് ചര്‍ച്ചചെയ്ത് മുന്നേറുന്ന പുതിയ മാധ്യമ സംസ്കാരവുമെല്ലാം പുതു ഇന്ത്യന്‍ കാഴ്ചകളായി നല്‍ക്കുമ്പോള്‍ തന്നെ ദര്‍ശനപരമായ അപക്വവും കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ നിഴലിക്കുന്ന സ്ത്രീ പക്ഷ കാഴ്ചപ്പാടും കടന്നുവരുന്ന ‘ആരാച്ചാര്‍’ മറ്റൊരു വായനയ്ക്ക് കൂടി വിധേയമാകുന്നുണ്ട്.ഭൂതകാലത്തിന്‍റെ കുരുക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാരനും നോവലിസ്റ്റും തമ്മിലുള്ള അകലം പലപ്പോഴും കൂടി വരുന്നത് ദര്‍ശനപരമായി സൂക്ഷിക്കേണ്ട ഈ എകാത്മകതയുടെ അഭാവം തന്നെയാണ്. തരാ ശങ്കര്‍ ബന്ധോപാധ്യായയും വിഭുതിഭുഷണും ശരത് ചന്ദ്ര ചതോപാധ്യായയും സൃഷ്ടിച്ച ബംഗാളി സാഹിത്യത്തിന്റെ ഒതുക്കം ഒരിക്കല്‍ പോലും കെ ആര്‍ മീരയുടെ ‘ബംഗാളി സംസ്കൃതി’ നല്‍കുന്നില്ല. പിംഗള കേശിനിയും പിംഗള വര്‍ണ്ണിനിയുമായ മരണ ദേവതയുടെ സാന്നിധ്യം നാഡിസ്പന്ദനത്തില്‍ കണ്ടെത്തുന്ന ജിവന്‍ മശായിയെ പോലെയാകേണ്ട (ആരോഗ്യ നികേതന്‍ -തരാ ശങ്കര്‍ ബന്ധോപാധ്യായ) മരണ സാന്നിധ്യം അടുത്തറിയുന്ന ഫണി ഫുഷന്‍ ഗൃദ്ധ മല്ലിക്ക്, കഥാപാത്ര സൃഷ്ടിയില്‍ പരാജയമാകുന്നത് ആ കഥാപാത്രത്തിന്‍റെ അധ്യാത്മിക വളര്‍ച്ചയെ ക്രോസ് കട്ട് ചെയ്യുന്ന തരത്തില്‍ അനൌചിത്യത്തോടെ നിരത്തുന്ന ചരിത്ര പരമ്പരകളുടെ വിവരണങ്ങളാലാണ്. ഒന്നും പൂര്ത്തികരിക്കരുത് എന്ന സൗന്ദര്യ രഹസ്യം ഇടയ്ക്കെല്ലാം ഇയാള്‍ പറയുമെങ്കിലും അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ പരിപുര്‍ണ്ണ ചക്രമായി അയാള്‍ തന്നെ മാറുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

മായ ഏഞ്ചലോവ്: എല്ലാ ശൈത്യങ്ങള്‍ക്കുമപ്പുറം
അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം
കവിത എഴുതിയാല്‍ തേവിടിശ്ശി ആകുമോ?
പെണ്ണുടലിനെ വായിച്ചെടുക്കുന്നത്
നമ്മുടെ സന്ദിഗ്ദ്ധതകളെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് നോവലുകള്‍


പുരുഷ കേന്ദ്രിതമായ വായനയില്‍ ആരാച്ചാരിലെ ആണ്‍ കഥാപാത്രങ്ങള്‍ എല്ലാം വ്യക്തമായ ഒരു പൊതുസ്വഭാവം പ്രകടിപ്പിക്കുന്നവരാണ്. പുതിയ ജിവിതക്രമത്തിന്‍റെ തലങ്ങളില്‍ ഭ്രമിച്ച് ജിവിക്കുന്നവര്‍. അതിനാല്‍ തന്നെയാണ് അതിവിപ്ലവകാരിയായ മനോദ പോലും ഒരു തവണയെങ്കിലും ദുപ്പട്ടയുടെ കുരുക്കില്‍ വീണുപോകുന്നത്. അഥവാ ചേതനയെന്ന പ്ലസ് ടു പെണ്ണിന്‍റെ വിചാരഗതിയില്‍ പോലും എത്താതെ പോകുന്ന വിപ്ലവമേ അയാളിലും അവശേഷിക്കുന്നുള്ളൂ. നായികയുടെ ബഹുമാനമേറ്റുവാങ്ങുന്ന ഒരേ ഒരു പുരുഷനായ രാമുദാ എന്ന സഹോദരന്‍, കൈകാലുകള്‍ അറ്റ് ജിവിതത്തിന്‍റെ നിസ്സഹായതയില്‍ സമയം തള്ളിനിക്കുന്ന ഒരു കാഴ്ചക്കാരന്‍ മാത്രമാകുന്നു. നിരന്തരം കളവു കാണിക്കുകയും പറയുകയും ചെയ്യുന്ന നായകന്‍ സഞ്ജീവ്കുമാര്‍ മിത്ര ഭുതകാലം ഇഷ്ടപ്പെടാത്ത പുതു തലമുറയുടെ പ്രതിനിധിയും. കഥയുടെ അവസാന ഘട്ടത്തില്‍ ബുദ്ധനിര്‍മ്മമതയില്‍ എത്തിച്ചേരുന്ന നായിക ചിരിയുടെ സാത്വികത വിട്ട് കുലത്തൊഴിലിന്‍റെ സാധ്യതയിലുടെ പ്രതികാരത്തിനിറങ്ങുന്നതും നോവലിലെ ദാര്‍ശനിക ദാരിദ്ര്യത്തിന്‍റെ സൂചനയാണ്. അപ്പോള്‍ അടിക്കുറിപ്പായി ഇങ്ങനെ പറയാം.

Do not dwell in the past, do not dream of the future, concentrate the mind on the present moment- Buddha

*Views are personal


Next Story

Related Stories