TopTop
Begin typing your search above and press return to search.

അറബ് രാജ്യങ്ങള്‍ ട്രംപിനെതിരെ; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം അംഗീകരിക്കില്ല

അറബ് രാജ്യങ്ങള്‍ ട്രംപിനെതിരെ; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം അംഗീകരിക്കില്ല

ഇസ്രായേല്‍ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പലസ്തീനിലും അറബ് ലോകത്തും ശക്തമായ പ്രതിഷേധം ഉയരുന്നു. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. രൂപീകൃതമാവുന്ന പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനം ജെറുസലേം ആയിരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍, ഈ വിശുദ്ധ നഗരമാണ് തങ്ങളുടെ തലസ്ഥാനം എന്ന് ഇസ്രായേല്‍ കണക്കാക്കുന്നു. എന്നാല്‍ ഇസ്രായേലിലെ അമേരിക്കന്‍ എംബസിയുടെ ആസ്ഥാനം ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു.

തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നീക്കമായി ട്രംപ് നടപടിയെ വീക്ഷിക്കുമ്പോള്‍ അറബ് ലോകത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇസ്രായേല്‍ തലസ്ഥാനമായി ജെറുസലേമിനെ അമേരിക്ക അംഗീകരിക്കുന്ന നടപടി 'അപകടകരമായ പ്രത്യാഘാതങ്ങള്‍' വിളിച്ചുവരുത്തുമെന്ന് ഞായറാഴ്ച അറബ് ലീഗ് പ്രസ്താവിച്ചു. പലസ്തീന്‍ അധിനിവേശ പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ് വിശുദ്ധ നഗരമെന്ന അമേരിക്കയുടെ ചരിത്രപരമായ നിലപാടില്‍ നിന്നുള്ള വ്യതിയാനമായിരിക്കും ഇതെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബു അലി മാധ്യമങ്ങളോട് പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ ശൈശവദശയിലാണെന്നും ഈ ശ്രമങ്ങള്‍ അട്ടിമറിക്കുന്നതാവും ഇപ്പോഴത്തെ നീക്കമെന്നും പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാര്‍ജ്ജിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പലസ്തീന്‍ ആരംഭിച്ചു കഴിഞ്ഞു. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാനോ പരിശുദ്ധ നഗരത്തിലേക്ക് സ്ഥാനപതി കാര്യലയം മാറ്റി സ്ഥാപിക്കാനോ ഉള്ള യുഎസിന്റെ ഏതൊരു നീക്കവും സമാധാനപ്രക്രിയയുടെ ഭാവിയ്ക്ക് ഭീഷണിയാകുമെന്നും ഈ നടപടി പലസ്തീനും അറബ് ലോകത്തിനും അന്താരാഷ്ട്ര സമൂഹത്തിനും അസ്വീകാര്യമാണെന്നും അബ്ബാസ് പറഞ്ഞു.

http://www.azhimukham.com/palestine-israel-conflict-war-history-arabs-judaism-gaza-west-bank/

അന്താരാഷ്ട്ര ഉടമ്പടികള്‍ തുടര്‍ന്നും ലംഘിക്കുന്നതിനും പലസ്തീന്‍ ഭൂമികള്‍ വീണ്ടും കൈയേറുന്നതിനും ഇസ്രായേലിന് ലഭിക്കുന്ന പച്ചക്കൊടിയായിരിക്കും യുഎസിന്റെ ഈ അംഗീകാരമെന്ന് അറബ് ലീഗ് ചൂണ്ടിക്കാണിച്ചു. സമാധാന പ്രക്രിയയില്‍ 'പക്ഷാപാതമില്ലാത്ത മധ്യസ്ഥനായി' നില്‍ക്കാന്‍ അബു അലി അമേരിക്കന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. യുഎസ് എംബസി മാറ്റി സ്ഥാപിച്ചാല്‍ സംഭവിക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്റ് അബ്ബാസ് പ്രശ്‌നത്തില്‍ ഇടപെടാന്‍ അറബ് ലോകത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും നേക്കാന്മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ ആവാസ വികസന പരിപാടിയിലൂടെ 2014ല്‍ മുതല്‍ സമാധാന പ്രക്രിയ തടസ്സപ്പെടുത്തിയതിന് ഇസ്രായേലിനെ അന്താരാഷ്ട്ര സമൂഹം കുറ്റപ്പെടുത്തുന്നുണ്ട്. അവരുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ യുഎസ് പോലും ഈ നീക്കത്തെ അനുകൂലിച്ചിരുന്നില്ല. 1967ന് മുമ്പുള്ള അതിര്‍ത്തികള്‍ പാലിച്ചുകൊണ്ടുള്ള രണ്ട് രാജ്യങ്ങള്‍ എന്ന യുഎന്‍ നിര്‍ദ്ദിഷ്ട പരിഹാര പ്രകാരം കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ള പ്രത്യേക രാജ്യമാണ് പലസ്തീന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജെറുസലേമാണ് തങ്ങളുടെ തലസ്ഥാനം എന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ അവിടെ പ്രധാനമന്ത്രിയുടെ ഓഫീസും സുപ്രം കോടതിയും പാര്‍ലമെന്റും സ്ഥാപിച്ച് ലോക സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ പുതിയ നീക്കം മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഭയപ്പെടുന്നത്.

http://www.azhimukham.com/isreal-palastine-usa-conflict-piece-two-nation-theory/

എന്നാല്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഉപദേശകനും മരുമകനുമായ ജാരദ് കുഷ്‌നര്‍ പറയുന്നത്. പ്രസിഡന്റ് വിവിധ വസ്തുതകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുഷ്‌നര്‍ വാഷിംഗ്ടണില്‍ നടന്ന വാര്‍ഷീക മധ്യേഷ്യ നയ കോണ്‍ഫറന്‍സായ സബാന്‍ ഫോറത്തില്‍ പറഞ്ഞു. എന്നാല്‍ ജെറുസലേമിന്റെ തല്‍സ്ഥിതിക്ക് മാറ്റം വരുത്താനുള്ള ഒരു നീക്കവും അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് പലസ്തീന്റെ മുഖ്യ മധ്യസ്ഥനായ സായെബ് എറെക്കാട്ട് പറഞ്ഞു. അന്താരാഷ്ട്ര അരക്ഷിതാവസ്ഥത പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സ്ഥാപനങ്ങളെയും നിയമങ്ങളെയും അവഹേളിക്കുന്നതിനും നടപടി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

http://www.azhimukham.com/gaza-massacre-palestin-israel-india-parliament-government-sushama-swaraj-hamid-ansari-opposition-sitaram-yechuri/

Next Story

Related Stories