TopTop
Begin typing your search above and press return to search.

സിറിയന്‍ അഭയാര്‍ത്ഥികളെ കണ്ടില്ലെന്ന് നടിച്ച് സമ്പന്ന അറബി രാഷ്ട്രങ്ങള്‍

സിറിയന്‍ അഭയാര്‍ത്ഥികളെ കണ്ടില്ലെന്ന് നടിച്ച് സമ്പന്ന അറബി രാഷ്ട്രങ്ങള്‍

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ ലോകം പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കാണുന്നത്. തുര്‍ക്കി കടല്‍തീരത്തടിഞ്ഞ ഒരു സിറിയന്‍ കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം അഭയാര്‍ത്ഥികളുടെ കൊടും ദുരിതത്തിന്റെ വിറങ്ങലിപ്പിക്കുന്ന സാക്ഷ്യമായി.

ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും പലായനം ചെയ്യുന്ന ഏതാണ്ട് നാല് ദശലക്ഷം സിറിയക്കാരെ ഉള്‍ക്കൊള്ളാനാകാതെ അയല്‍രാജ്യങ്ങള്‍ പകച്ചുനില്‍ക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതില്‍ പടിഞ്ഞാറന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ശ്രദ്ധ പതിഞ്ഞുകഴിഞ്ഞു.

വളരെ കുറച്ച് അഭയാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളുന്നതിന്റെ പേരിലും മുസ്ലീംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഇടയില്‍ വിവേചനം കാണിക്കുന്നതിനും പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമുണ്ട്. യൂറോപ്പിന്റെ കുടിയേറ്റ, അഭയ സംവിധാനങ്ങള്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നു.

എന്നാല്‍ കൂടുതല്‍ സജീവമായി ഇക്കാര്യത്തില്‍ ഇടപെടേണ്ട ഒരു വിഭാഗത്തിനെതിരെ അത്ര ആക്ഷേപങ്ങള്‍ ഉയരുന്നില്ല എന്നതാണു വസ്തുത: സൌദി അറേബ്യയും പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റ് ധനിക അറബ് രാഷ്ട്രങ്ങളും.

ആംനെസ്റ്റി ഇന്റെര്‍നാഷണല്‍ അടുത്തിടെ ചൂണ്ടിക്കാണിച്ച പോലെ, ആറ് ഗള്‍ഫ് രാജ്യങ്ങള്‍- ഖത്തര്‍, യു.എ.ഇ, സൌദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹറിന്‍- സിറിയന്‍ അഭയാര്‍ത്ഥികളില്‍ ഒരാളെപ്പോലും പുനരധിവസിപ്പിച്ചിട്ടില്ല.

കെന്നെത്ത് റോത്ത് (ഹ്യൂമന്‍ റൈറ്റ്സ് വാച്ച്) നല്കിയ ട്വിറ്റര്‍ സന്ദേശത്തില്‍ ഇത് കാണിക്കുന്നു:അല്ലെങ്കില്‍, ബ്രൂകിംഗ്സ് ഇന്‍സ്റ്റിറ്റ്യൂഷനിലെ ലോയ് ഖതീബ് ട്വീറ്റ് ചെയ്ത ഈ ഭൂപടം. തെക്കുള്ള എണ്ണപ്പണക്കാരായ രാജ്യങ്ങളെ അപേക്ഷിച്ച് സിറിയയുടെ അഭയാര്‍ത്ഥികളെക്കൊണ്ടു നിറയുന്ന അയല്‍രാജ്യങ്ങളുടെയാണത്.ഈ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് സിറിയയുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പവും കയ്യിലുള്ള ധനവും നോക്കിയാല്‍ ഞെട്ടിക്കുന്ന കണക്കാണത്. അറബ് ലോകത്തെ ഏറ്റവും കൂടുതല്‍ സൈനിക ബജറ്റുള്ള, ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള, മറ്റ് അറബ് രാഷ്ട്രങ്ങളിലെ കുടിയേറ്റക്കാരെ സ്വീകരിക്കുകയും പിന്നീട് പൌരന്മാരാക്കുകയും ചെയ്തു നീണ്ട ചരിത്രമുള്ള രാജ്യങ്ങളാണ് ഇവയില്‍ പലതും.

മാത്രവുമല്ല ഈ രാജ്യങ്ങളൊന്നും ഈ പ്രശ്നത്തിലെ മൂകസാക്ഷികളല്ല. പല തലത്തിലായി, സൌദി അറേബ്യ, ഖത്തര്‍, യു എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ പല വിഭാഗങ്ങളും, സിറിയന്‍ സംഘര്‍ഷത്തില്‍ പല രീതിയില്‍ താത്പര്യങ്ങളും ഇടപാടുകളും ഉള്ളവരാണ്. സിറിയന്‍ പ്രസിഡന്‍റ് ബഷര്‍ അല്‍-അസദിനെതിരെ വിവിധ വിമത, ഇസ്ളാമിക സംഘങ്ങള്‍ക്ക് പണം നല്കാനും ആയുധമണിയിക്കാനും ഇവര്‍ ഒളിവിലും തെളിവിലും പങ്ക് വഹിച്ചവരാണ്.

എന്നാല്‍ ഈ രാജ്യങ്ങളൊന്നും അഭയാര്‍ത്ഥികളെ നിര്‍വചിക്കുകയും അവരുടെ അവകാശങ്ങളും അവ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങളുടെ ചുമതലകളും വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 1951-ലെ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ ഒപ്പുവെച്ചവരല്ല. ഒരു സിറിയക്കാരന് ഈ രാജ്യങ്ങളില്‍ കടക്കണമെങ്കില്‍ വിസ ലഭിക്കണം. ഇന്നത്തെ അവസ്ഥയില്‍ അത് അപൂര്‍വമായേ നല്‍കൂ. വിസ കൂടാതെ ഒരു അറബ് പൌരന് സഞ്ചരിക്കാവുന്ന രാജ്യങ്ങള്‍ അല്‍ജീരിയ, മൌറിറ്റാനിയ,സുഡാന്‍, യെമന്‍ എന്നിവയാണെന്ന് ബി ബി സി പറയുന്നു-പ്രായോഗികമായി അഭയം തേടാനാകാത്ത രാജ്യങ്ങള്‍.

UNHCR വക്താവ് പറയുന്നതു സൌദിയില്‍ അഭയാര്‍ത്ഥികളായി രേഖപ്പെടുത്താത്ത 5,00,000 സിറിയക്കാരുണ്ട് എന്നാണ്. ഇവരില്‍ ഭൂരിഭാഗവും അവിടെയെത്തിയത് എന്നാണെന്നും തിട്ടമില്ല.യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ പുതുതായി വന്നവര്‍ നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ കയ്യടക്കുമെന്നും, സുരക്ഷാ, ഭീകരവാദ പ്രശ്നങ്ങളുണ്ടാക്കുമെന്നുമുള്ള ആശങ്കകളുമുണ്ട്. പക്ഷേ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ സംഭാവന മൊത്തമായി 1 ബില്ല്യണ്‍ ഡോളറാണ്. യു.എസ് ഇതിന്റെ നാലു മടങ്ങ് കൊടുത്തു. തന്ത്രപരമായ മണ്ടത്തരം എന്നു പലരും കരുതുന്ന യെമന്‍ ആഭ്യന്തര യുദ്ധത്തിലേക്കുള്ള ഇടപെടലിന് സൌദിയും യു.എ.ഇയും ഒഴുക്കിയ പണവുമായി തട്ടിച്ചാല്‍ ഇത് വെറും ചില്ലറത്തുകയാണ്.

ലെബനനും ജോര്‍ദാനും പോലെ സിറിയയുടെ ദരിദ്രരായ അയല്‍ക്കാരെ വെച്ചു നോക്കിയാല്‍ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ ശേഷിയുണ്ടെന്ന് വാര്‍ത്താ സൈറ്റ് Quartz എഡിറ്റര്‍ ബോബി ഘോഷ് പറയുന്നു.

അഭയാര്‍ത്ഥികള്‍ക്കായി പെട്ടെന്നു പാര്‍പ്പിടമുണ്ടാക്കാനുള്ള ശേഷി ഈ മേഖലയ്ക്കുണ്ട്. ദുബായിലും അബുദാബിയിലും റിയാദിലുമൊക്കെയുള്ള പടുകൂറ്റന്‍ കെട്ടിടങ്ങളുണ്ടാക്കിയ നിര്‍മ്മാണ കമ്പനികളെ ഇതിനായി സമീപിക്കാം. സൌദി അറേബ്യക്ക് വലിയ തോതില്‍ വരുന്ന ആളുകളെ കൈകാര്യം ചെയ്തുള്ള പരിചയമുണ്ട്. മെക്കയിലെ ഹജ് തീര്‍ത്ഥാടനക്കാലത്ത് ദശലക്ഷക്കണക്കിന് ആളുകളെയാണ് അവര്‍ സ്വീകരിക്കുന്നത്. ഇതൊക്കെ മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ലെന്നതിന് കാരണമൊന്നുമില്ല.

താത്പര്യമില്ലായ്മയോ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമോ മാത്രമാണ് കാരണങ്ങള്‍.

“സിറിയന്‍ പ്രതിസന്ധിയിലേ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച അവരുടെ നിലപാടുകള്‍ മാറ്റാറായെന്ന് ഗള്‍ഫ് തിരിച്ചറിയേണ്ട സമയമായി,” പംക്തിയെഴുത്തുകാരന്‍ ക്വാസെമി എഴുതി. “അതാണ് ഇനിയെടുക്കേണ്ടത് ധാര്‍മികമായ, മൂല്യബോധമുള, ഉത്തരവാദിത്തമുള്ള നടപടി.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories