TopTop
Begin typing your search above and press return to search.

ആറളവും ആദിവാസിയും പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയും

ആറളവും ആദിവാസിയും പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയും

ശ്രീരേഖ സതി

2009-ലാണ് ഞാന്‍ കണ്ണൂരിലെ ചില ആദിവാസി സുഹൃത്തുക്കളോടൊപ്പം ആറളം ഫാം സന്ദര്‍ശിക്കുന്നത്. ഫാം പ്രദേശവും അതോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടക അതിര്‍ത്തിയിലെ കാട്ടുപ്രദേശവും ജൂണ്‍മാസത്തിലെ കൊടും മഴയും ആനഭീഷണിയും നേരിട്ട്, ഞങ്ങള്‍ ജീപ്പിലും നടന്നുമൊക്കെയായി കണ്ടു. കണ്ണൂരിനുള്ളില്‍ ഇത്രയും സുന്ദരമായ ഒരു പ്രദേശം ഒളിഞ്ഞിരിക്കുന്നതായി ഞാനറിഞ്ഞിരുന്നില്ല. അതിനൊപ്പം, ആറളത്തെ ആദിവാസിക്കുടിലുകള്‍ 'പുരോഗമനസംസ്‌കാര'ത്തെക്കുറിച്ചും 'പരിസ്ഥിതി സംരക്ഷണ'ത്തെക്കുറിച്ചും മറക്കാന്‍ പറ്റാത്ത ചില പാഠങ്ങള്‍ക്കൂടിയാണ് എന്‍റെ ഉള്ളില്‍ പതിപ്പിച്ചത്. ഇന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ആദിവാസികള്‍ നില്‍പ്പുസമരം തുടരുമ്പോള്‍ അവരുടെ പ്രധാനനവിഷയങ്ങളിലൊന്നാണ് ആറളം ഭൂമിയിലെ ആദിവാസികളുടെ ജീവന്മരണപ്പോരാട്ടം.

ആറളം ഫാമിലെ കാഴ്ച്ചകള്‍ പലതും കോമണ്‍സെൻസുള്ള ഒരാൾക്കും ന്യായീകരിക്കാന്‍ പറ്റാത്തവയായിരുന്നു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ദൈന്യംദിന ജീവിതങ്ങള്‍. ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമാണ് ആറളം ഫാം. കാടുവെട്ടി കൃഷിയിടത്തില്‍ കീടനാശിനികള്‍ കൊണ്ട് സ്വര്‍ണ്ണം വിളയിച്ചത് ചരിത്രത്തിന്റെ ഭാഗം. അതിന് മുമ്പ് ആറളം ഫലഭൂയിഷ്ടമായ മണ്ണായിരുന്നു. ആറളം പ്രദേശത്ത് അന്‍പതുകളിലും അറുപകളിലും കുടിയേറി പാര്‍ത്തവരാണ് ആദിവാസികളെ ആ ഭൂമിയില്‍ നിന്ന് പുറംതള്ളി ഭൂമിയിലവകാശം സ്ഥാപിച്ചത്. ഇന്ന് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നറിയപ്പെടുന്ന കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ ഫാം 2004-ലാണ് കേരളസര്‍ക്കാര്‍, കേന്ദ്രസ്ഥാപനമായ സ്റ്റേറ്റ് ഫാം കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ നിന്ന് വാങ്ങിയത്. ആദിവാസി വികസന ഫണ്ടില്‍ നിന്ന് 42 കോടി രൂപ നല്‍കിയാണ് ഈ കൊടുക്കല്‍-വാങ്ങല്‍ നടന്നതെന്നതാണ് ആറളവും ഭൂസമരങ്ങളും തമ്മിലുള്ള ചരിത്രപ്രധാനമായ ബന്ധത്തിലെ ഒരു ഘടകം. 2004 ലെ ഗവണ്‍മെന്റ് ഉത്തരവുപ്രകാരം ഫാമിന്റെ പകുതി ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി ഉപയോഗിക്കണം. മറ്റേ പകുതി ഫാമായിത്തന്നെ നിലനിര്‍ത്തി. കേന്ദ്രഗവണ്‍മെന്റിന്റെ ഫാം ആയി മാറിയ ഈ ഇടം ആദിവാസികള്‍ക്ക് അന്യമായി. ഒപ്പം ശാസ്ത്രീയമാര്‍ഗത്തില്‍ കൊക്കോയും കശുവണ്ടിയും റബ്ബറുമൊക്കെ കൃഷി ചെയ്തു സ്വര്‍ണം വിളയിച്ച കൃഷിഭൂമിയില്‍ വിരലിലെണ്ണാവുന്ന ആദിവാസികള്‍ വെറും പണിക്കാരായി മാറി.

90- കളില്‍ തകര്‍ച്ചയിലേക്കു നീങ്ങിയ ഫാം കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോഴാണ് മുത്തങ്ങയ്‌ക്കൊപ്പം ഉയര്‍ന്നുവന്ന ആദിവാസി ഭൂസമരങ്ങളെ ഒതുക്കാന്‍ ഈ ഭൂമിയുടെയൊരു ഭാഗം ആദിവാസികളുടെ പുനരധിവാസത്തിനായി വച്ചുനീട്ടാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചത്. 2009-ലാണ് ആറളം ഫാമിനെ 'ആദിവാസി ക്ഷേമ'ത്തിനുവേണ്ടിയുള്ള ഒരു ഇക്കോ ടൂറിസം പദ്ധതിയാക്കിയത്. ആദിവാസികളുടെ എതിര്‍പ്പിനെ അവഗണിച്ച്, ഒരു ടൂറിസ്റ്റ് ഫാമിലൂടെ ആദിവാസികള്‍ക്കായി തൊഴില്‍ കണ്ടെത്താനാകുമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. അങ്ങനെ പട്ടികജാതി, പട്ടികവർഗ വികസന വിഭാഗത്തിന്റെ കീഴിലുള്ള ഫാമില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍, ഗാര്‍ഡനിംഗ്, ഗാര്‍ഡനിംഗ് സര്‍വീസ് ലാന്‍ഡ്‌സ്‌കെയ്പിംഗ്, ഗാര്‍ഡന്‍ ഡിസൈനിംഗ്, ട്രീ ഗാര്‍ഡനിംഗ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ 'ആദിവാസി ക്ഷേമ'ത്തിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളായി.


ചെങ്ങറയിലും മറ്റു പലയിടത്തുമെന്നപോലെ ഫാമിലെ പണിക്കാരും പട്ടയം വാങ്ങി ഭൂമിതേടിയെത്തിവരും തമ്മിലടിയ്ക്കുന്നതിന് ഇവിടെയും സര്‍ക്കാര്‍ സാക്ഷിനിന്നു. അതിലിടപ്പെട്ടുകൊണ്ട് നേതൃത്വവും പാര്‍ട്ടികളും വേറെവേറെ- പലയിടങ്ങളിലെ സമരങ്ങള്‍ പല നേതൃത്വത്തില്‍. എല്ലാ പുനരധിവാസകഥകളിലും ആദിവാസികളും തൊഴിലാളികളും ഭൂരഹിത പട്ടയഭൂമി തേടിയവരും തമ്മില്‍ സംഘര്‍ഷം. പക്ഷെ, ആര്, എങ്ങനെ, ആരുടെ നേതൃത്വത്തില്‍ സമരം ചെയ്താലും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയെന്നതാണ് വിഷയം. ആദിവാസികള്‍ക്ക് വേണ്ടത് ഭൂമിയാണ്. സി കെ ജാനു പറയും പോലെ ആദിവാസിക്ക് ഭൂമി രക്തവും മാംസവുമാണ്. അതിനുവേണ്ടി കേരളത്തിലങ്ങോളമുള്ള ഭൂരഹിതര്‍ ഒന്നിച്ചാല്‍ കേരളത്തിന്റെ 'വികസനം' സ്തംഭിക്കും.


പേപ്പറില്‍ പുനരധിവാസ പദ്ധതികൾ വളരെ വിശാലമാണ്. അതില്‍ വീട്, വെള്ളം, ഇലക്ട്രിസിറ്റി, സ്‌കൂളുകള്‍, വഴികള്‍, പുതിയ ജോലി സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായം എന്നിവയെല്ലാം ഉള്‍പ്പെടും. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. മനുഷ്യവാസമില്ലാതിരുന്ന കാട്ടുപ്രദേശങ്ങളില്‍ ഒരു തുണ്ടുഭൂമിയില്‍ പ്രകൃതിയോടും വന്യമൃഗങ്ങളോടും (പ്രത്യേകിച്ച് ഒറ്റയാനുകളോട്) മല്ലടിച്ച് ജീവിതം ഒന്നാമധ്യായമെന്നപോലെ തുടങ്ങേണ്ടതും ചിലപ്പോള്‍ ഇവിടെ അവസാനിപ്പിക്കേണ്ടതുമാണ് പുനരധിവാസം എന്ന ശിക്ഷ. പുനരധിവാസഭൂമിയില്‍ എന്തു നടക്കുന്നുവെന്ന് നേരിട്ടറിഞ്ഞാല്‍ മാത്രമെ ബോധ്യപ്പെടൂ. അത് നമ്മളെപ്പോലെ കഥവായിക്കുംപോലെ വായിച്ചിരുന്നാല്‍ മനസ്സിലാക്കാവുന്ന ഒന്നല്ല. അത് ജീവന്മരണ പോരാട്ടത്തിനും അപ്പുറമായ ഒന്നാണ്. അതിലേയ്ക്ക് ആദിവാസി കുടുംബങ്ങളെ തള്ളിവിടാനുള്ള അധികാരം ആര് ആര്‍ക്ക് കൊടുത്തു?

പുരധിവാസ നാടകങ്ങളില്‍ ആദിവാസികളുടെ പരാജയം ഉറപ്പുവരുത്താന്‍ പൊതുവായി സര്‍ക്കാറും കമ്പനികളും പലവിധ തന്ത്രങ്ങളും നടത്തിപ്പോന്നിട്ടുണ്ട്. കാട്ടുപ്രദേശത്തിനും ആദിവാസി പുനരധിവാസ പ്രദേശത്തിനിടയിലുള്ളതുമായ വൈദ്യുതി കമ്പിയിലെ വൈദ്യുതി പ്രവാഹം ഇടയ്ക്ക് നിര്‍ത്തിവയ്ക്കുക അവയിലൊരു സാധാരണ തന്ത്രമാണ്. ഇതോടെ കൃഷിക്കും ജീവനും ഭീഷണിയുമായി ഒരു ജീവന്മരണ പോരാട്ടത്തില്‍ ആദിവാസികളില്‍ പലരും അടിയറവു പറഞ്ഞു പിരിഞ്ഞുപോകും.

ഇത്തരം തന്ത്രങ്ങള്‍ കാലത്തിനും സമയത്തിനുമിടയ്ക്ക് മാറിമാറി വന്നിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ നിന്ന് വലിയകാര്യങ്ങളിലേക്ക് നീളുന്നവ. 36 കോടി വിലയ്ക്ക് ഉണ്ടാക്കിയ 2500- ഓളം മാതൃകാവീടുകള്‍ പുനരധിവാസ ഭൂരഹിതര്‍ക്ക് നിര്‍മ്മിച്ചു കൊടുക്കുമ്പോള്‍, ആദിവാസികള്‍ പുറത്ത് വെളിയ്ക്കിരുന്ന് ശീലമുള്ളവരായതിനാല്‍ മാതൃകാവീടുകളില്‍ കക്കൂസുകള്‍ ആവശ്യമില്ലെന്ന് വ്യാഖ്യാനിച്ചത് ചെറിയ തന്ത്രങ്ങളിലൊന്ന്. ഇന്ന് ആറളത്തു നടക്കുന്ന പുതിയതും എന്നാല്‍ ദീര്‍ഘകാല ഭവിഷ്യത്തുണ്ടാക്കുന്നതുമായ തന്ത്രമാണ് ഏറെ പിന്‍കഥകളുള്ള പൈനാപ്പിള്‍ കൃഷി. മാരകവിഷം ഉപയോഗിക്കുന്ന പൈനാപ്പിള്‍ കൃഷി പുനരധിവാസ ഭൂമിയില്‍ നടത്തി ആദിവാസി കുടിലുകളിലെ കുളങ്ങളിലും കിണറുകളിലും കുടിവെള്ളത്തിലുമെല്ലാം ഒലിച്ചിറങ്ങുന്നവിധം നടത്തുന്ന 'ആദിവാസിക്ഷേമ'ത്തിനെ പുനരധിവാസമെന്നല്ല വിളിക്കേണ്ടത്. അത് പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരലാണ്.പക്ഷേ ഇത്തരത്തിലുള്ള പുനരധിവാസം തട്ടിപ്പാണെന്നുള്ളതും അതിന്റെ രാഷ്ട്രീയവും ആദിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് നടപ്പിലാക്കാനുള്ള 'വലിയ ബുദ്ധിമുട്ടുകള്‍' പലവട്ടം കേരളസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചതാണ്. അതിലെ പ്രധാന ന്യായങ്ങളിങ്ങനെ പോകും: കുടിയേറ്റ മുതലാളികളുടെ ശക്തമായ എതിര്‍പ്പുമൂലം അവരില്‍ നിന്ന് ഭൂമി തിരിച്ചു പിടിയ്ക്കുന്നതിന്റെ അപ്രായോഗികത, ആദിവാസികളും കുടിയേറ്റക്കാരും തമ്മില്‍ കേരളത്തില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു സംഘട്ടനം, നിയമപ്രകാരം ആദിവാസികള്‍ക്ക് 'കൃഷിഭൂമി' നല്‍കണമെന്നുള്ളതുകൊണ്ട് 'കൃഷിഭൂമി' കണ്ടെത്താനാകാത്ത അവസ്ഥ എന്നിങ്ങനെ പോകും ഈ കാരണങ്ങള്‍.

കോടതിയ്ക്കും ന്യായങ്ങളില്ലാതില്ല. 2009-ലെ സുപ്രീം കോടതി വിധിപ്രകാരം കേരളത്തിലെ ആദിവാസികളെക്കുറിച്ച് പഠനങ്ങളില്‍ തെളിഞ്ഞ ഒരു 'സത്യം' - 'ആദിവാസികള്‍ അവരുടെ പ്രാകൃതജീവിതശൈലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു' എന്നതും 'ആവശ്യത്തിന് വിദ്യാഭ്യാസം ലഭിച്ച് നല്ല ഉദ്യോഗങ്ങളിലെത്തിയ അവര്‍ പഴയ പ്രാകൃതജീവിതത്തില്‍ നിന്ന് മുന്‍പോട്ടുപോയി' എന്നതുമായിരുന്നു.

വനം സംരക്ഷിക്കാന്‍ നിയമങ്ങളേറെ. ആ നിയമങ്ങളുടെ ഭാഗമായി അവിടെ ആദിവാസികള്‍ നടന്നു കയറുകപോലും ചെയ്യരുത്. പക്ഷേ ആറളത്തെ ഫാമാക്കി മാറ്റിയതോ ടൂറിസം പദ്ധതിയാക്കിയതോ ലിമിറ്റഡ് കമ്പനിയാക്കിയതോ ആദിവാസികളല്ല. അവിടുത്തെ കച്ചവടം ആദിവാസിക്ഷേമത്തിന് എന്തുമാത്രം, എങ്ങനെയൊക്കെ സഹായിക്കുന്നു? ആരാണീ കമ്പനിയുടെ യഥാര്‍ത്ഥ മുതലാളിമാര്‍? ആദിവാസികളുടെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നതാരുടെ ആവശ്യമാണ്? സ്വകാര്യശക്തികള്‍ അതിലെ ഷെയറുകളിലൂടെ കമ്പനി നടത്തിപ്പ് നിയന്ത്രിക്കുമ്പോഴും പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ നിലനിര്‍ത്തിയാല്‍ ഫാം വരുത്തിവയ്ക്കുന്ന നഷ്ടങ്ങളും ഭവിഷ്യത്തുകളും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ആദിവാസികളുടെയും തലയിലിരിക്കും. ഭൂരഹിതരായ ആദിവാസികളെ പുനരധിവാസകേന്ദ്രങ്ങളില്‍ മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ടിറക്കാനും വയ്യാത്ത അവസ്ഥയിലായിലാക്കുകയും പലമാര്‍ഗ്ഗത്തിലൂടെ അവര്‍ തന്നെ സ്വന്തം പുനരധിവാസശ്രമം ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നതാണ് പുനരധിവാസത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. അതില്‍ ഒറ്റയാനുകളും, ടൂറിസവും മുതല്‍ പൈനാപ്പിള്‍ കൃഷിവരെ എല്ലാം ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും
ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ
വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?
വയനാട്ടിലെ കാട്ടുതീയും മരങ്ങള്‍ നട്ട മനുഷ്യനും
അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്

ദൈവങ്ങളും കമ്യൂണിസവും തമ്മില്‍ നടന്ന ഒരു ചരിത്രസമരത്തില്‍ ദൈവങ്ങള്‍ കീഴടക്കി വളര്‍ത്തി വലുതാക്കിക്കൊണ്ടിരിക്കുന്ന ഒരിടമാണ് കേരളം. അതിന്റെ അതിപ്രശസ്തമായ വികസനചരിത്രത്തിന്റെ കഥയ്‌ക്കൊടുവില്‍ ഭൂമിയില്ലാത്ത ഒരു വിഭാഗം ആദിവാസികള്‍ക്കും ദളിതര്‍ക്കും മൂന്നുസെന്റിന്റെ പിച്ചച്ചട്ടി നല്‍കി നിര്‍ത്തിയിട്ട് ആറിലേറെ ദശാബ്ദങ്ങളായി. ഇക്കാലമത്രയും കൊടുത്തും വാങ്ങിയും കേറിത്താമസിച്ചും പിടച്ചടക്കിയും പലവിധേനയുള്ള പുനരധിവാസ പീഡനങ്ങള്‍ അനുഭവിച്ചാണ് കേരളത്തിലെ ആദിവാസികള്‍ തങ്ങളുടെ സമരങ്ങളുമായി മുന്‍പോട്ട് പോയിട്ടുള്ളത്. നില്‍പ്പുസമരം അതിലെ ഒരു പ്രധാന അധ്യായമാണ്.

പഴയ വികസന വിജയങ്ങളുടെ കഥകള്‍ പോട്ടെ. മുത്തങ്ങയ്ക്ക് ശേഷം ഇങ്ങോട്ടുള്ള കഥകള്‍ മാത്രമെ നില്‍ക്കുന്നവര്‍ ഇപ്പോള്‍ പറയുന്നുള്ളൂ. പുതിയതായിട്ടൊന്നും പറയാതെ, പറഞ്ഞുമടുത്ത അതേ വാക്കുകളിലൂടെ അവര്‍ വീണ്ടും പറയുന്നു; നിലനില്‍ക്കുന്ന കരാറുകള്‍ മാത്രം നടപ്പിലാക്കാന്‍. ഉണ്ടാക്കിവച്ച കരാറുകളുടെയും പാക്കേജുകളുടെയും മഹത്വത്തിനപ്പുറം അവ നടപ്പിലാക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധമാണ് പുതുമയില്ലാത്ത ആവശ്യങ്ങളിലൂടെ പുതമയുള്ള ഈ സമരമുറ. അവരിങ്ങനെ ഒരു നില്‍പ്പു നിന്നാല്‍ ഇരിക്കാന്‍ പറ്റാത്തവിധം എഴുന്നേറ്റുപോകുന്ന ഒരവസ്ഥ കേരളത്തിലെ ദൈവങ്ങള്‍ക്ക് പോലും ഉണ്ടാകും.

ആദിവാസിക്കുട്ടികള്‍ വികസിത കേരളത്തില്‍ പട്ടിണിമൂലം മരിച്ചപ്പോഴും ആദിവാസികളുടെ മൃതദേഹങ്ങള്‍ അടുക്കള കുഴിച്ച് മറവു ചെയ്യുമ്പോഴും വികസനത്തിന്റെ ചാരുകസേരയില്‍ ഇരിക്കുന്നവര്‍ എഴുന്നേറ്റു നില്‍ക്കുക തന്നെ ചെയ്യണം. കേരളത്തിലങ്ങോളമിങ്ങോളം രണ്ടാള്‍ക്കുവേണ്ടി പത്തുമുറിയുള്ള ബംഗ്ലാവുകള്‍ പണിതിട്ടിരിക്കുന്ന എല്ലാ മതങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികളിലും പെട്ട മലയാളിയാണ് കേരളത്തിന്റെ പ്രതിസന്ധി. ആദിവാസികളെ ഹിന്ദുവാക്കുന്ന വാദം പുതിയതല്ല. അതിന്റെ പൂര്‍ത്തീകരണമാകും ഇനി വരും കാലങ്ങളില്‍ നടക്കുക. എന്നാല്‍പ്പിന്നെ വൃത്തിയും വെടിപ്പുമുള്ള ആദിവാസികളെ രാമനെയും സീതയേയും ശിവനെയും പഠിപ്പിച്ച് ഹിന്ദുവാക്കുന്നതിന് പകരം ഹിന്ദുവത്കരണത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ ആദിവാസിക്കും മറ്റ് ഭൂരഹിതര്‍ക്കും പത്തുമുറികളുള്ള 'ഒരില്ലം' പണിതു കൊടുക്കട്ടെ!

(ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സരോജിനി നായിഡു സെന്‍റര്‍ ഫോര്‍ വിമണ്‍സ് സ്റ്റഡീസില്‍ അധ്യാപികയാണ് ശ്രീരേഖ. )


Next Story

Related Stories