TopTop
Begin typing your search above and press return to search.

ഉയര്‍ന്നു പറക്കുന്ന പക്ഷി അഥവ ആറന്മുളയില്‍ അപകടത്തില്‍പ്പെട്ട കുമ്മനം

ഉയര്‍ന്നു പറക്കുന്ന പക്ഷി അഥവ ആറന്മുളയില്‍ അപകടത്തില്‍പ്പെട്ട കുമ്മനം

കെ എ ആന്റണി

എല്ലാ പക്ഷികളും ഉയര്‍ന്നേ പറക്കാറുള്ളൂ. ഉയര്‍ന്നുയര്‍ന്ന് ആകാശദൂരങ്ങള്‍ താണ്ടാന്‍ ശ്രമിക്കുന്ന മഴപുള്ളുകള്‍ക്കും മുകളില്‍ പറക്കുന്ന ഒന്നാണ് വിമാനം. കേരളത്തിന്റെ മലയോര ഭൂമിയായ പത്തനംതിട്ട ജില്ലയിലേക്കും അത്തരത്തില്‍ ഒരു വിമാനം വിഭാവനം ചെയ്തവരുടെ കൂട്ടത്തില്‍ പി ജെ കുര്യനും ഒരുപാട് വിദേശമലയാളികളും ഉണ്ടായിരുന്നു. അവര്‍ കണ്ടെത്തിയ സ്ഥലമാകട്ടെ ഒരു വയല്‍ ഭൂമിയും. അതിലേക്ക് പിന്നീടു വരാം.

കാര്‍ഷികവൃത്തി പീഠഭൂമികളിലും സാധ്യമാണെന്ന് തെളിയിച്ചവരാണ് പത്തനംതിട്ടക്കാര്‍. മലമടക്കുകള്‍ക്കിടയിലെ സമതലങ്ങള്‍ തന്നെയായിരുന്നു അവര്‍ക്ക് അഭയം. മുരിക്കനെ പോലെ കായല്‍കെട്ടി കുട്ടനാടന്‍ കൃഷിഭൂമികള്‍ സൃഷ്ടിച്ച അതേ വൈഭവം തന്നെ പത്തനംതിട്ടക്കാരും ചെയ്തപ്പോള്‍ അവിടെയും കൃഷിഭൂമികള്‍ ഉണ്ടായി; ഈ കൃഷിഭൂമികളൊന്നും പെട്ടെന്നു പൊട്ടിമുളച്ചവയല്ല. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനും എത്രയോ വര്‍ഷം മുമ്പ് മലയാളി കര്‍ഷക സമൂഹങ്ങള്‍ കണ്ടെത്തിയ നന്മയുടെ ചില ഉദാഹണങ്ങളില്‍ ഒന്നു തന്നെയാണ് പത്തനംതിട്ടയിലെ പാടശേഖരവും.

മുന്നെ പറയാന്‍ ബാക്കിവച്ചത് ഇവിടെ തുടങ്ങുന്നു. മലകള്‍ക്കിടയില്‍ സ്വച്ഛന്ദമായി കിടന്നിരുന്ന പാടശേഖരങ്ങളില്‍ പെട്ടെന്നൊരുന്നാള്‍ കൃഷി നശിക്കുന്നു. കൊയ്യാനും കള പറിക്കാനും ഞാറുനടാനും ആളെ കിട്ടാതെയും കൊയ്‌തെടുത്തത്രയും ആര്‍ക്കും വേണ്ടാതാവുകയും ചെയ്തപ്പോള്‍ കൃഷി നിലച്ചു. ഈ കൃഷി നിലപ്പിക്കുന്നതിനു പിന്നിലെ തന്ത്രങ്ങളിലേക്ക് ഒന്നു ചുഴിഞ്ഞാലോചിച്ചാല്‍ ഒരുപാട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ മുഖം തെളിഞ്ഞുകാണാന്‍ കഴിയും. തൃശൂരിലെ കോള്‍നിലങ്ങളെ പോലെ തന്നെ. ആറന്മുളയിലെ പാടശേഖരവും നിശ്ചേഷ്ടമായി എന്നു തോന്നിയ സമയത്ത് പറന്നിറങ്ങിയ ഏതോ കഴുകന്‍ കണ്ണുകള്‍ തന്നെയാണ് കെജിഎസ് ഗ്രൂപ്പിന് വിമാനത്താവള പദ്ധതി ഒരുക്കാന്‍ ആറന്മുളയിലെ കൃഷിയിറക്കാത്ത പാടങ്ങള്‍ കാട്ടി കൊടുത്തതും കങ്കാണി പണം വാങ്ങിയതും. ഇവരെയൊക്കെ സഹായിക്കാന്‍ ചില രാഷ്ട്രീയനേതാക്കളും ഉണ്ടായിരുന്നു. ഇതത്രയും തുടരുന്ന പുതിയ കഥയിലെ പഴങ്കഥ.

ആറന്മുള ഒരു പൈതൃകഗ്രാമം ആണെന്നും അവിടെയൊരു ക്ഷേത്രമുണ്ടെന്നും ആറന്മുള വള്ളംകളി കെങ്കേമമാണെന്നുമൊക്കെയുളള ചിന്ത സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിക്കാണു തോന്നിത്തുടങ്ങിയത്. അവര്‍ തുടങ്ങിവച്ച സമരത്തില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടിക്കാരും എഴുത്തുകാരും സിനിമാക്കാരുമൊക്കെ കടന്നുവന്നു. അങ്ങനെ എം ടി രമേശ് എന്ന ബിജെപിക്കാരന് ആറന്മുളയില്‍ അത്യാവശ്യം ഒരു മേല്‍വിലാസവുമായി. സത്യം പറയണമല്ലോ, രമേശ് ചെയ്തത് ഒരു നല്ലകാര്യമാണ്. ഒരു നാടിനു ഭക്ഷണമൊരുക്കേണ്ട പാടശേഖരങ്ങളെ തീര്‍ത്തും നശിപ്പിച്ച് ആകാശപ്പക്ഷിയെ ഇറക്കാന്‍ ബദ്ധപ്പെട്ടവര്‍ക്കെതിരെ നടത്തിയ ആ ചെറുത്തുനില്‍പ്പിനെ ശ്ലാഘിക്കുക തന്നെവേണം. സുഗതകുമാരി ടീച്ചറും എം എ ബേബിയും സുരേഷ് ഗോപിയുമൊക്കെ ആ മഹാ ചെറുത്തുനില്‍പ്പില്‍ പങ്കാളികളായത് ആര്‍എസ്എസ് അജണ്ട കണ്ടായിരുന്നില്ല. കര്‍ഷകരുടെ കണ്ണീരും നാട്ടാരുടെ നെടുവീര്‍പ്പുകളും മണ്ണിന്റെ ഉപ്പായി മാറുകയായിരുന്നു. പ്രശ്‌നം മൂത്തതോടെ വിമാനത്താവളത്തിനുവേണ്ടി നികത്തിയ നിലമത്രയും പൂര്‍വസ്ഥിതിയിലാക്കാന്‍ കടലാസില്‍ ഉത്തരവായെങ്കിലും നടന്നില്ല. ഇപ്പോള്‍ വീണ്ടും പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം ചാലുകീറിയ ഭൂമിയില്‍ കെജിഎസ് ഗ്രൂപ്പ് പിടിമുറുക്കുമ്പോള്‍ വലഞ്ഞുപോകുന്നത് കുമ്മനം രാജശേഖരനാണ്.കുമ്മനം ഒരു കുഴപ്പക്കാരനല്ല. ഒരു അയ്മനംകാരനും അത്രമേല്‍ കുഴപ്പക്കാരനാകാന്‍ കഴിയുമെന്നു തോന്നുന്നുമില്ല. അമിത് ഷായുടെ ഗോള്‍ഡന്‍ ഷോകളെ കുറിച്ച് കൃത്യമായ പഠനം നടത്താതെ ബിജെപിയുടെ കേരള അധ്യക്ഷ പദവി എന്ന തൊപ്പി ഏറ്റുവാങ്ങുമ്പോള്‍ ഒരു അയ്മനംകാരന്റെ കര്‍ഷക തൊപ്പിയാണ് ഇല്ലാതാവുന്നത്.

ഇന്നലെ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ.ജി. ഉണ്ണികൃഷ്ണനും അയാള്‍ക്കൊപ്പം അഞ്ഞൂറിലേറെപ്പേരും ബിജെപി വിട്ടുവെന്നുള്ള യാഥാര്‍ത്ഥ്യം കുമ്മനത്തെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നു കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാണ്.

കെജിഎസ് ഗ്രൂപ്പ് തട്ടിപ്പിലൂടെയാണ് വീണ്ടും പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുമതി നേടിയതെന്ന് പറയുന്ന കുമ്മനത്തിന് ബലൂചിസ്ഥാനെ കുറിച്ചുള്ള മോദിയുടെ വിവാദപ്രസംഗത്തിന്റെ ഗുട്ടന്‍സും പിടികിട്ടിയിട്ടില്ല. ഇനിയിപ്പോള്‍ തോറ്റുപോകുന്ന ആറന്മുളയിലെ ബാക്കി പ്രവര്‍ത്തകരെ എങ്ങനെ തിരിച്ചുകൊണ്ടുവരാന്‍ ആകും എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലാണ് കുമ്മനവും.

അല്ലെങ്കിലും കാര്യങ്ങള്‍ കേരളത്തിലേക്കായി അമിത് ഷാ നേരത്തെ തന്നെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. പാളയത്തില്‍ പടയൊരുക്കി ആരെയൊക്കെ എപ്പോള്‍, എവിടെയൊക്കെ, എങ്ങനെ ഒപ്പം നിര്‍ത്താം എന്ന് ഗവേഷണം നടത്തി വിജയിച്ചയാളാണ് അമിത് ഷാ. കേരളത്തിലും കുമ്മനം പരീക്ഷണത്തിലൂടെ ഒരു എംഎല്‍എ യെ കിട്ടിയ സന്തോഷമൊന്നും ഇപ്പോള്‍ അമിത് ഷായ്ക്ക് കാണുന്നില്ല. ആര്‍ത്തിപൂണ്ട് വേട്ടയ്ക്കിറങ്ങിയ അമിത് ഷായെയും വേട്ടയില്‍ താത്പര്യം ഇല്ലാത്ത കുമ്മനത്തെയും ഒരേ വണ്ടിയില്‍ കെട്ടാനാകില്ല.

തലയെഴുത്ത്: സ്വയം അങ്ങോട്ടു ചെന്നു കീഴടങ്ങിയ ഐ എസ് ആര്‍ ഒ മുന്‍ മേധാവി ജി മാധവന്‍ നായരാണ് പ്രശ്‌നക്കാരന്‍ എന്ന വെള്ളാപ്പള്ളിയുടെ കുശുമ്പ് ഏറ്റെടുക്കുന്ന അമിത് ഷാ, ഇപ്പോള്‍ വെള്ളാപ്പള്ളിയേയും മകനെയും വിട്ട് മാണിയേയും മകനെയും തേടി നടന്ന കാലത്തും ഒരു വിമാനം അങ്ങോട്ടു പറത്താത്തതിന്റെ ദേഷ്യത്തില്‍ തന്നെയാണ്. കേരളത്തിലെ മൊത്തം ബിജെപി ഘടകങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെടാന്‍ പോവുകയാണ്. ശാഖക്കാരും ആര്‍എസ്എസുകാരും തലപ്പത്തെത്തുമ്പോള്‍ പത്തനംതിട്ടക്കാരെപ്പോലെ കേരളത്തില്‍ നിന്നും പാര്‍ട്ടിവിട്ടുപോവുന്നവര്‍ ഒരുപാട് ഉണ്ടാവും. ആറന്മുളയിലെ രാജി ഇതിന്റെ തുടക്കം മാത്രം.

ഇതിനു മുമ്പും തലശേരിയിലെ പാനൂരില്‍ നിന്നും കണ്ണൂരിലെ അമ്പാടിമുക്കില്‍ നിന്നും ബിജെപിക്കാര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നപ്പോള്‍ കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങിയവരെ ഇനിയും നമ്മള്‍ ജാഗ്രതയോടെ കാണേണ്ടി വരും. അടുത്ത കലാപം ആറന്മുളയില്‍ ആകണണമെന്നില്ല. എവിടെയുമാകാം. മതഭ്രാന്ത് ഏതു മതക്കാരുടെതായാലും ചോരയില്‍ അലിയുന്ന ഈ സംതൃപ്തി അത്ര സുഖകരമല്ലെന്നു ചെയ്യുന്നവരെങ്കിലും മനസിലാക്കിയാല്‍ നന്ന് എന്നു പറയുവാനുള്ള വിഡ്ഡിത്തം ആര്‍ക്കും അവശേഷിക്കാത്തിടത്തോളം കാലം ഇത്തരം കലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories