TopTop
Begin typing your search above and press return to search.

'സ്വദേശിന്' പ്രചോദനമായ അരവിന്ദ പിള്ളലമാരിയും യുഎസ് പൊലീസിന്‍റെ വംശീയാക്രമണങ്ങളും

സ്വദേശിന് പ്രചോദനമായ അരവിന്ദ പിള്ളലമാരിയും യുഎസ് പൊലീസിന്‍റെ വംശീയാക്രമണങ്ങളും

ഷാരൂഖ് ഖാനെ നായകനാക്കി അശുതോഷ് ഗവാരിക്കര്‍ ഒരുക്കിയ സ്വദേശ് (2004) എന്ന ചിത്രത്തിന് പ്രചോദനമായത് അരവിന്ദ പിള്ളലമാരിയുടെ ജീവിതമാണ്. അരവിന്ദ പിള്ളലമാരിയെ അമേരിക്കയിലെ മേരിലാന്‍ഡില്‍ പൊലീസ് തടഞ്ഞ് വച്ച് ചോദ്യം ചെയ്തു. മേരിലാന്‍ഡിലെ ബെല്‍ എയറിലുള്ള വീടിന് സമീപം രാവിലത്തെ നടത്തത്തിനിടയിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. അതേ സമയം കുടിയേറ്റ വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് ഡിസംബറിലാണ് സംഭവമുണ്ടായിരിക്കുന്നത്.

30 വര്‍ഷമായി ബേല്‍ എയറില്‍ താമസിക്കുന്നയാളാണ് അരവിന്ദ പിള്ളലമാരി. ഇമിഗ്രേഷന്‍ രേഖകള്‍ സംബന്ധിച്ചാണ് സംശയത്തോടെ പൊലീസ് ചോദ്യം ചെയ്തത്. തന്റെ നിറം നോക്കിയുള്ള മോശം പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അരവിന്ദ പിള്ളലമാരി ആരോപിക്കുന്നു. ഒരു അയല്‍ക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് അരവിന്ദയെ ചോദ്യം ചെയ്തത്. രാവിലത്തെ പതിവ് നടത്തത്തിന് ഇറങ്ങിയ താന്‍ തിരിച്ചറിയല്‍ രേഖകള്‍ കയ്യില്‍ കരുതിയിരുന്നില്ലെന്ന് അരവിന്ദ പറഞ്ഞു. നിങ്ങളുടെ ഐഡി എവിടെ നിങ്ങള്‍ അനധികൃത താമസക്കാരിയാണോ എന്നൊക്കെ പൊലീസുകാര്‍ ചോദിച്ചു. അതേസമയം സംഭവത്തെ പൊലീസ് ന്യായീകരിച്ചു. വംശമല്ല അന്വേഷിച്ചതെന്നും ഏത് രാജ്യക്കാരിയാണെന്നാണ് ചോദിച്ചതെന്നുമാണ് പൊലീസുകാരുടെ വാദങ്ങള്‍. രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് നിയമവിരുദ്ധമായി താമസിക്കുകയാണോ എന്ന്് ചോദിച്ചതെന്നും പൊലീസ് പറയുന്നു.

ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ വംശജര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കുമെതിരെ ഇതാദ്യമായല്ല യുഎസ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റമുണ്ടാകുന്നത്. 2015ല്‍ അലബാമയിലെ മാഡിസണില്‍ മകനെ കാണാനെത്തിയ സുരേഷ്ഭായ് പട്ടേല്‍ എന്ന 58കാരനെ പൊലീസ് ഏറെ നേരെ തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. വെളുത്ത വര്‍ഗക്കാരനും വംശവെറിയനുമായ അയല്‍ക്കാരന്റെ പരാതിയിലായിരുന്നു ഇത്. ഒരു കറുത്തവന്‍ വീടിന് സമീപം കറങ്ങി നടക്കുന്നു എന്നായിരുന്നു അയാളുടെ പരാതി. സുരേഷിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഈ കേസില്‍ ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടില്ല.

ആഫ്രിക്കന്‍ - അമേരിക്കനായ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹെല്‍ട്രി ലൂയിസ് ഗേറ്റ്‌സിന്റെ അനുഭവം ദേശീയ ശ്രദ്ധ നേടി. 2009ലായിരുന്നു സംഭവം മസാച്ചുസെറ്റ്‌സിലെ കേബ്രിഡ്ജിലുള്ള സ്വന്തം വീട്ടിലേയ്ക്ക് ഹെന്‍ട്രി ലൂയിസ് കയറി പോകുന്നത് കണ്ട അയല്‍ക്കാരന്‍ പൊലീസിനെ വിളിച്ചു. പൊലീസ് ഹെന്‍ട്രി ലൂയിസിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഹെന്‍ട്രി ലൂയിസ്. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ അന്ന് രംഗത്തെത്തുകയും ചെയ്തു. ആഫ്രിക്കന്‍ അമേരിക്കനായ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഫേ വെല്‍സും 2015ല്‍ പൊലീസ് പീഡനത്തിന് ഇരയായി. അയല്‍ക്കാരന്റെ പരാതിയെ തുടര്‍ന്ന് 19 പൊലീസുകാര്‍ തോക്കുകളും പൊലീസ് നായയുമായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയിലുള്ള വെല്‍സിന്റെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ഇരച്ച് കയറുകയും ഫേ വെല്‍സ് ഒരു കൊള്ളക്കാരിയാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

വായനയ്ക്ക്: https://goo.gl/7iH9Vy


Next Story

Related Stories