TopTop
Begin typing your search above and press return to search.

ഇന്നലെ ഗോള്‍ മഴ, ഇന്ന് ഗോള്‍ വേനല്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

ഇന്നലെ ഗോള്‍ മഴ, ഇന്ന് ഗോള്‍ വേനല്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

വിക്ടര്‍ മഞ്ഞില

ഒരു ലോക കപ്പ് സെമി ഫൈനലിന്‍റെ നിലവാരത്തില്‍ എത്താത്ത ഒരു മത്സരം. രണ്ട് ടീമുകളും തീരെ റിസ്ക്കെടുക്കാതെ വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. ഗോളടിക്കാനായില്ലെങ്കിലും ഗോളടിപ്പിക്കാതെയിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ മത്സരം വളരെ വിരസമായിരുന്നു. എടുത്തു പറയേണ്ടുന്ന നീക്കങ്ങളോ പോസ്റ്റിലേക്കുള്ള അടിയോ ഒന്നും തന്നെ കാണാത്ത മത്സരം.

ഡി ജോംഗ് ഈ മത്സരത്തില്‍ ഹോളണ്ടിന് വേണ്ടി കളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചു. മെസിയെ കളിപ്പിക്കാതിരിക്കുക എന്ന ജോലിയാണ് അദ്ദേഹം ഏറ്റെടുത്തത്. മാത്രമല്ല തന്‍റെ സഹായി ഡി മറിയയുടെ അഭാവം മെസിയുടെ കളിയില്‍ നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു. മെസിക്ക് പന്ത് കിട്ടുമ്പോള്‍ രണ്ടും മൂന്നും കളിക്കാരാല്‍ വളയപ്പെടുന്നതും സ്വന്തമായുള്ള ചില മുന്നേറ്റ ശ്രമത്തില്‍ പന്ത് നഷ്ടപ്പെടുന്നതും കാണാമായിരുന്നു. തന്നെയുമല്ല കളിയില്‍ ഇടപെടാതെ ഗ്രൌണ്ടില്‍ നടക്കുന്ന മെസിയെയാണ് പലപ്പോഴും കണ്ടത്.അര്‍ജന്‍റീനയുടെ മുന്നേറ്റ നിരയെ തടയുന്നതില്‍ ഹോളണ്ട് ശരിക്കും വിജയിച്ചു. അതില്‍ എടുത്തു പറയേണ്ടത് വ്ലാര്‍ എന്ന ഉരുക്ക് കോട്ടയാണ്. ആദ്യപകുതിയില്‍ വാന്‍ പെഴ്സി, റോബന്‍, സ്നൈഡര്‍ കൂട്ടുകെട്ട് ഒത്തൊരുമയോടെ സ്ക്വയര്‍ പാസുകള്‍ നല്കി നന്നായി കളിച്ചെങ്കിലും അര്‍ജന്‍റീനയുടെ പ്രതിരോധ നിരയില്‍ വിള്ളല്‍ വിഴത്തുന്ന തരത്തില്‍ ത്രൂ പാസുകള്‍ നല്കി ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അവര്‍ക്ക് കഴിയാതെ പോയി.

രണ്ടാം പകുതിയിലാണ് കുറച്ചുകൂടി ഭേദപ്പെട്ട നീക്കങ്ങള്‍ കാണാന്‍ കഴിഞ്ഞത്. റോബന്‍ സ്വന്തമായി നടത്തിയ മുന്നേറ്റങ്ങളാണ് ഇവ. ജാന്‍മാറ്റ്, ക്വുയിട്ട് എന്നിവര്‍ ആക്രണത്തിലും പ്രതിരോധത്തിലും തങ്ങളുടെ ജോലി നന്നായി നിര്‍വഹിക്കുന്നുണ്ടായിരുന്നു. ഹോളണ്ടിന് തുറന്നു കിട്ടിയ വളരെ അപകടകരമായ മുന്നേറ്റങ്ങള്‍ രണ്ടും റോബന് തന്നെയായിരുന്നു. പക്ഷേ രണ്ട് അടികളും വളരെ മനോഹരമായ രീതിയില്‍ മെസ്കൊറാന സ്കെയിറ്റ് ചെയ്തു രക്ഷപ്പെടുത്തുകയായിരുന്നു. അതു പോലെ തന്നെ മികച്ച അവസരങ്ങള്‍ അര്‍ജന്‍റീനയ്ക്കും ലഭിച്ചു. വലതു ഭാഗത്ത് നിന്നു വന്ന ഒരു ക്രോസ് ഹിഗ്വയിന്‍ കണക്ട് ചെയ്തപ്പോള്‍ പുറത്തേക്ക് പോയതാണ് ആദ്യത്തേത്. രണ്ടാമത്തെ തവണ ഡിഫന്‍ഡറുടെ തലയ്ക്ക് മീതെ പൊക്കി നല്കിയ പന്ത് പേലെഷ്യ ചെയ്ത ഹെഡ് ഗോളി വളരെ സമര്‍ത്ഥമായി പിടിക്കുകയായിരുന്നു.ഇത്തരം സംഭവങ്ങളൊഴികെ എടുത്തു പറയത്തക്ക മറ്റ് മുന്നേറ്റങ്ങളൊന്നും കളിയില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ 0-0 എന്ന സ്കോറില്‍ ലോകകപ്പില്‍ ഒരു സെമി ഫൈനല്‍ ഉണ്ടായിട്ടുണ്ടാവാന്‍ സാധ്യതയില്ല എന്നാണ് എന്റെ വിശ്വാസം. എന്തായാലും ഗ്രൂപ്പ് മത്സരത്തില്‍ കളിച്ച ഹോളണ്ടിനെയല്ല അവസാന നോക്കൌട്ട് മത്സരങ്ങളില്‍ കാണാനായത്. 4 മണിക്കൂര്‍ കളിച്ചിട്ടും (ക്വാര്‍ട്ടറും സെമിയും) ഒരു ഗോളുമടിക്കാതെ പോയത് ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.

എപ്പോഴും ടൈ ബ്രേക്കറില്‍ ഹീറോ ആകുന്നത് ഗോള്‍ കീപ്പറാണ്. ഈ കളിയില്‍ ഹീറോ ആയത് അര്‍ജന്‍റീയനിയന്‍ ഗോളി റൊമാരോ തന്നെ. ആദ്യ രണ്ട് ഷോട്ടുകള്‍ രക്ഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ മികവ് തന്നെ. ക്വാര്‍ട്ടറില്‍ കോസ്റ്റാറിക്കയുമായുള്ള മത്സരത്തില്‍ ടൈ ബ്രേക്കറില്‍ ഹോളണ്ടിന്റെ കോച്ച് സബ്സ്റ്റിറ്റ്യൂട് ഗോള്‍ കീപ്പറെ ഇറക്കി വിജയം കണ്ടത് പോലെ ഇത്തവണ സാധിച്ചില്ല. കാരണം അപ്പോഴേക്കും അവരുടെ മൂന്ന് പകരക്കാരും കളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.


Next Story

Related Stories