TopTop
Begin typing your search above and press return to search.

ഹോ! ഇങ്ങനത്തെ ചില ഗോളികള്‍

ഹോ! ഇങ്ങനത്തെ ചില ഗോളികള്‍

ടീം അഴിമുഖം

അര്‍ജന്റീന അര്‍ഹിച്ച ആ ഗോള്‍ വലയിലെത്താന്‍ കളിയുടെ നൂറ്റിപ്പതിനെട്ടാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അതുവരെ തന്നെ പൊതിഞ്ഞു നിന്ന സ്വിസ് പ്രതിരോധനിരയെ ഒന്നൊന്നായി വെട്ടിച്ച് പെനാല്‍ട്ടി ബോക്‌സിന് തൊട്ട് മുന്നില്‍ വച്ച് വലതുവശത്ത് ഒഴിഞ്ഞു നിന്ന എഞ്ചല്‍ ഡി മറിയയ്ക്ക് ലയണല്‍ മെസി പന്ത് മറിച്ചു കൊടുക്കമ്പോള്‍ തന്നെ അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. അത്ര ഉറപ്പായിരുന്നു ആ പാസിന്. അതുവരെ തന്റെ കോട്ട കണ്ണിലെണ്ണയൊഴിച്ചു കാത്ത സ്വിസ് ഗോളി ബെനാഗ്ലിയയ്ക്ക് യാതൊരു പഴുതും നല്‍കാതെ ഡി മറിയ പന്ത് വലയില്‍ എത്തിക്കുകയും ചെയ്തു. ഗോളിന് തൊട്ടുപിറകെ അതുവരെ കനിയാതിരുന്ന ഭാഗ്യം കൂടി അര്‍ജന്റീനയുടെ ടീമില്‍ ഇടം നേടിയതോടെ അവര്‍ പരിക്കില്ലാതെ ക്വാര്‍ട്ടറില്‍ ബല്‍ജിയത്തെ നേരിടാന്‍ അര്‍ഹത നേടി. അധികസമയത്തിന്റെ അവസാന നിമിഷത്തില്‍ സ്വിറ്റ്‌സര്‍ലന്റ് നടത്തിയ പ്രത്യാക്രമണം അര്‍ജന്റിനന്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി. കോര്‍ണറില്‍ നിന്നും വന്ന പന്ത് കുത്തിയകറ്റപ്പെട്ടെങ്കിലും മറുഭാഗത്ത് ഷക്കീരിക്കാണ് ലഭിച്ചത്. ഷക്കീരി ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിക്കൊടുത്ത പന്ത് ഡെസിമെലി ഹെഡ് ചെയ്‌തെങ്കിലും അര്‍ജന്റീനന്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. റീബൗണ്ട് ചെയ്തുവന്ന പന്ത് ഡെസിമെലിയുടെ കാലില്‍ തട്ടിപ്പുറത്തേക്ക് പോയപ്പോള്‍ കളിയുടെ വിധിയെക്കുറിച്ച് തീരുമാനമായി.

ചടുലമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മുഖരിതമായ മത്സരമായിരുന്നു അര്‍ജന്റീനയും സ്വറ്റ്‌സര്‍ലന്റും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍. പ്രതിരോധത്തിന്റെ ശക്തമായ ചില പാഠങ്ങള്‍ പഠിച്ചു കളത്തിലിറങ്ങിയ സ്വസ് നിര ആദ്യ പകുതിയില്‍ ലയണല്‍ മെസിയെ അനങ്ങാന്‍ വിട്ടില്ല. പന്തു കിട്ടുമ്പോഴൊക്കെ രണ്ട് പ്രതിരോധക്കാര്‍ മെസിയെ വലയം ചെയ്തപ്പോള്‍ അര്‍ജന്റീനയുടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കുറയുന്നതാണ് സാവോപോളോ അരീനയില്‍ ആദ്യ പകുതിയില്‍ കണ്ടത്. മറുഭാഗത്ത് ഗ്രൂപ്പ് മത്സരത്തില്‍ ഇറാനെതിരെ ഹാട്രിക്കിന്റെ തിളക്കവുമായി ഇറങ്ങിയ ഷക്കീരിയെ മുന്‍നിറുത്തി പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കാനാണ് സ്വിസ്റ്റ്‌സര്‍ലന്റ് ശ്രമിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ താരതമ്യേന കൂടുതല്‍ സമയം പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്വിസിന് തന്നെയാണ് രണ്ട് നല്ല ഗോളവസരങ്ങളും ലഭിച്ചത്. ഇരുപത്തേഴാം മിനിട്ടില്‍ അവര്‍ ഗോളിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. ഷക്കീരി എടുത്ത ഷോര്‍ട്ട് കോണറില്‍ നിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. തടയാനെത്തിയ രണ്ട് അര്‍ജന്റീനന്‍ പ്രതിരോധക്കാരെ വെട്ടിച്ച് ഷക്കീരി അതി മനോഹരമായ ഒരു ക്രോസ് ബോക്‌സിലേക്ക് നീട്ടി. ഒഴിഞ്ഞു നിന്നിരുന്ന ഷാക്കയുടെ പ്ലേസിംഗ് ഷോട്ട് അര്‍ജന്റീനയുടെ ഗോളി റുമരോയുടെ കാലില്‍ തട്ടി അപകടം ഒഴിവാകുകയായിരുന്നു. പ്രത്യാക്രമണത്തില്‍ നിന്ന് വന്ന പന്തുമായി മുന്നേറിയ ഡി മറിയ ബോക്‌സില്‍ മെസിക്ക് പന്ത് മറിച്ചു നല്‍കിയെങ്കിലും മെസിയുടെ ശക്തിയില്ലാത്ത അടി സ്വിസ് ഗോളി ബെനാഗ്ലിയയ്ക്ക് ഒരു ഭീഷണിയെ അല്ലായിരുന്നു.കളിയുടെ 29-ആം മിനിട്ടിലാണ് അര്‍ജന്റിനയ്ക്ക് ആദ്യ പകുതിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചത്. ഡി മറിയ എടുത്ത മനോഹരമായ കോര്‍ണര്‍ ഒന്ന് തൊട്ടാല്‍ ഗോളാകുമായിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയേയും സ്വിസ് പ്രതിരോധത്തെയും മറികടന്ന് പന്ത് പുറത്തേക്ക് പോവുകയായിരുന്നു. അതിന് ശേഷമാണ് സ്വിറ്റ്‌സര്‍ലന്റിന് കളിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചത്. 38-ആം മിനിട്ടില്‍ പ്രത്യാക്രമണത്തിനൊടുവില്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഷക്കീരി ഇടതുവശത്ത് യോസഫ് ഡെര്‍മിച്ചിന് പന്ത് മറിച്ച് നല്‍കുമ്പോള്‍ അദ്ദേഹത്തെ തടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പന്തുമായി മുന്നേറിയ ഡെര്‍മിച്ച് അര്‍ജന്റീനയുടെ ഗോളിയുടെ തലയ്ക്കു മുകളില്‍ കൂടി വലയിലേക്ക് കോരിയിടാന്‍ ശ്രമിച്ചെങ്കിലും പന്ത് നേരെ പോയത് റുമരോയുടെ കൈകളിലേക്കാണ്.

രണ്ടാം പകുതി അര്‍ജന്റീനയ്ക്ക് സ്വന്തമായിരുന്നു. ഒന്നിന് പിറകെ ഒന്നായി അവര്‍ സ്വിസ് ഗോള്‍ മുഖത്ത് ആഞ്ഞടിച്ചു. ഗോളെന്നുറച്ച അഞ്ച് അവസരങ്ങളെങ്കിലും തട്ടിത്തെറിപ്പിച്ച സ്വിസ് ഗോളി ബെനാഗ്ലിയയും നിര്‍ഭാഗ്യവും പക്ഷെ അര്‍ജന്റിനയ്ക്ക് ഗോള്‍ നിഷേധിച്ചു. 58-ആം മിനിട്ടില്‍ മെസി ഇടതു വിംഗിലേക്ക് മറിച്ചു നല്‍കിയ പന്ത് ലാവേസിക്ക് മറിച്ചു നല്‍കി. ലാവേസി അത് നൈജീരിയയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയ റോഗോയ്ക്ക് നല്‍കുമ്പോള്‍ സ്വിസ് ഗോളി മാത്രമേ അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ള. റോഗോയുടെ ശക്തമായ അടി പക്ഷെ ബെനാഗ്ലിയ തട്ടിയകറ്റി. 61-ആം മിനിട്ടില്‍ അതുവരെ നിശബ്ദനായിരുന്നു ഹിഗ്വന്റെ നല്ലൊരു ഹെഡര്‍ പുറത്തേക്ക് പോയി. എഴുപത്തിയേഴാം മിനിട്ടില്‍ രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് മെസി തൊടുത്ത ഷോട്ടുള്ളപ്പെടെ അഞ്ച് സേവുകളാണ് ബെനാഗ്ലിയ നടത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞതോടെ അധികസമയം അനിവാര്യമായി. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ സ്വിസ് നിര ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കളി സംഭവരഹിതമായിരുന്നു. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം വീണ്ടും അര്‍ജന്റീന ഏറ്റെടുത്തതോടെ സ്വിസ് പ്രതിരോധം വീണ്ടും സമ്മര്‍ദത്തിലായി. ഒടുവില്‍ നൂറ്റിപതിനെട്ടാം മിനിട്ടില്‍ അര്‍ജന്റീനയ്ക്ക് അര്‍ഹിച്ചത് ലഭിച്ചു. അല്‍പം ഭാഗ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ അവര്‍ വലിയ ഒരു മാര്‍ജിനില്‍ ജയിക്കുമായിരുന്നു എന്ന് നിസംശയം പറയാം. ലയണല്‍ മെസിയാണ് മത്സരത്തിലെ താരം.പൊരുതി കളിച്ച അമേരിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ബല്‍ജിയം ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് കളി അധികസമയത്തേക്ക് നീങ്ങി. അധികസമയത്തിന്റെ തുടക്കത്തില്‍ തന്നെ ഒറിഗിയെ മാറ്റി ലൂകാക്കുവിനെ കൊണ്ടു വന്ന ബല്‍ജിയം കോച്ച് മാര്‍ക് വില്‍മോട്ട്‌സിന്റെ തന്ത്രമാണ് കളിയില്‍ നിര്‍ണായകമായത്. മൈതാനത്തിറങ്ങി രണ്ടാം മിനിട്ടില്‍ തന്നെ തന്റെ മാര്‍ക്കറെ വെട്ടിച്ച് മുന്നേറിയ ലുകാക്കു ബല്‍ജിയത്തിന് ആദ്യ ഗോളിന്റെ വഴി ഒരുക്കി. പെനാല്‍ട്ടി ബോക്‌സില്‍ വച്ച് ലുകാക്കു നല്‍കിയ പാസ് നിയന്ത്രിച്ച കെവിന്‍ ഡി ബ്രൂണ്‍ രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് ഒന്നാന്തരം ഒരു വലംകാലന്‍ അടിയോടെ ലക്ഷ്യം കണ്ടു. അതുവരെ പൊരുതി നിന്ന അമേരിക്കന്‍ ഗോളി ടിം ഹോവാര്‍ഡിന് ഒരുവസരവും നല്‍കാതെയായിരുന്നു ഡി ബ്രൂണിന്റെ ഫിനിഷ്. അധികസമയത്തിന്റെ ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ ഇടതുവിംഗില്‍ നിന്നും വന്ന ത്രൂ പാസ് ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് ലുകാക്കു ബല്‍ജിയത്തിന്റെ വിജയം ഉറപ്പിച്ചു.

എന്നാല്‍ അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ മറ്റൊരു മാറ്റത്തിലൂടെ കോച്ച് യൂജിന്‍ ക്ലിന്‍സ്മാന്‍ അമേരിക്കയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. ബെഡോയയെ പിന്‍വിലച്ച് പത്തൊമ്പതുകാരന്‍ ജൂലിയന്‍ ഗ്രീനെ രംഗത്തിറക്കി ക്ലിന്‍സ്മാന്‍ ബല്‍ജിയം നിരകളില്‍ ആശങ്ക വിതച്ചു. നീക്കത്തിന് ഉടനടി ഫലവുമുണ്ടായി. ഫ്രീകിക്കില്‍ നിന്നും വന്ന പന്ത് നിലം തൊടും മുമ്പ് വലയില്‍ എത്തിച്ചു കൊണ്ട് ഗ്രീന്‍ അമേരിക്കയ്ക്ക് താല്‍കാലിക ആശ്വാസം നല്‍കി. കളിയുടെ അന്ത്യ നിമിഷങ്ങളില്‍ ആഞ്ഞടിച്ച അമേരിക്കയ്ക്ക് ചില അവസരങ്ങള്‍ തുറന്നെടുക്കാന്‍ സാധിച്ചെങ്കിലും പന്ത് ലക്ഷ്യം കണ്ടില്ല.രണ്ട് ഗോളികളുടെ ദിവസമായിരുന്നു ഇന്നലെ. രണ്ട് പേരും ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയെങ്കിലും അവരുടെ പ്രകടനം ഏറെ നാള്‍ ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കും. കളിയുടെ രണ്ടാം പകുതിയില്‍ അലകടല്‍ പോലെ മുന്നേറിയ അര്‍ജന്റീനയെ അരഡസനിലേറെ സേവുകളോടെ തടഞ്ഞ സ്വിസ് ഗോളി ബെനാഗ്ലിയ ആണ് ആദ്യത്തെയാള്‍. എന്നാല്‍ ബെനാഗ്ലിയയെ കടത്തിവെട്ടുന്നതായിരുന്നു അമേരിക്കയുടെ ടിം ഹോവാര്‍ഡിന്റെ പ്രകടനം. മത്സരത്തില്‍ മൊത്തം പതിനാറ് സേവുകള്‍ നടത്തിയ ഹോവാര്‍ഡിന് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം. വരുന്ന ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയും ബല്‍ജിയവും മാറ്റുരയ്ക്കും.


Next Story

Related Stories