TopTop
Begin typing your search above and press return to search.

എല്ലാവര്‍ക്കും ഭൂമി വാഗ്ദാനം ചെയ്യുന്ന ഉമ്മന്‍ ചാണ്ടി അറിഞ്ഞോ അരിപ്പയിലെ ജാനമ്മയും ചെല്ലപ്പനും മരിച്ചത്

എല്ലാവര്‍ക്കും ഭൂമി വാഗ്ദാനം ചെയ്യുന്ന ഉമ്മന്‍ ചാണ്ടി അറിഞ്ഞോ അരിപ്പയിലെ ജാനമ്മയും ചെല്ലപ്പനും മരിച്ചത്

അഴിമുഖം പ്രതിനിധി

യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് ഭൂമി നഷ്ടപ്പെടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നത്. എല്ലാവര്‍ക്കും പാര്‍പ്പിട സൗകര്യം ഒരുക്കുമെന്ന മോഹനവാഗ്ദാനവും യുഡിഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്(ഇതേ മോഹങ്ങള്‍ തന്നെയാണ് എല്‍ഡിഎഫും നല്‍കിയിരിക്കുന്നത്). ഈ പ്രകടന പത്രിക ഇറങ്ങിയ ദിവസം തന്നെയാണ് അരിപ്പയില്‍ മൂന്നുവര്‍ഷത്തിനിപ്പുറം ദിവസങ്ങള്‍ പിന്നിട്ട ഭൂമിസമരത്തിലെ രണ്ട് അംഗങ്ങള്‍ സ്വന്തമായി ഒരു സെന്റ് ഭൂമി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത് കാണാനാകാതെ മരണത്തിനു കീഴടങ്ങിയത്! അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ജാനമ്മ (75) കോട്ടയം കറുകച്ചാല്‍ സ്വദേശി ചെല്ലപ്പന്‍(50) എന്നിവരാണ് വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി മരണപ്പെട്ടത്. സ്വന്തമായി ഒരുപിടി മണ്ണ് എന്ന അവകാശത്തിനായി വര്‍ഷങ്ങളായി സമരം ചെയ്തവരാണിവര്‍. എന്നാല്‍ തോറ്റുപോയ ജിവിതം ഉപേക്ഷിച്ചാണ് ഇരുവര്‍ക്കും മടങ്ങേണ്ടി വന്നത്. വിജയ് മല്യക്കും സന്തോഷ് മാധവനുമൊക്കെ ഭൂമിദാനം ചെയ്തവര്‍ക്ക് ഈ പാവങ്ങളോടു മാത്രം എന്തിനായിരുന്നു ഇത്ര അവഗണന. ഭരണകാലത്ത് ഒരിക്കല്‍പോലും അരിപ്പയിലേയും ചെങ്ങറിയിലേയുമെല്ലാം മനുഷ്യരുടെ ദൈന്യതയും നിസാഹയതും കാണാതെ പോയവരാണോ വാഗ്ദാനങ്ങളുടെ പുതിയ പ്രകടനവുമായി ഇറങ്ങിയിരിക്കുന്നത്.

അരിപ്പ ഭൂസമരത്തിന്റെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നവരായിരുന്നു നാലാം നമ്പര്‍ കൗണ്ടറില്‍ മകള്‍ പ്രസന്നയോടൊപ്പം കഴിഞ്ഞിരുന്ന ജാനമ്മയും ഒന്നാം നമ്പര്‍ കണ്ടറില്‍ താമസിച്ചിരുന്ന ചെല്ലപ്പനും. ജാനമ്മ ചൊവ്വാഴ്ച രാത്രിയോടു കൂടിയും ചെല്ലപ്പന്‍ ബുധനാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. അരിപ്പയിലെ സമരക്കാരായാലും ചെങ്ങര സമരക്കാരായാലും കണ്ണീരോടെ എന്നും ചോദിച്ചിരുന്നൊരു ചോദ്യമുണ്ട്; ചത്താല്‍ കുഴിച്ചിടാന്‍ അറടി മണ്ണെങ്കിലും സ്വന്തമായി തന്നുകൂടേ...? ആരും അവരോട് മറുപടി പറഞ്ഞില്ല. ആ കണ്ണീരിന്റെ ആഴവും മനസിലാക്കിയില്ല. അതുകൊണ്ടാണല്ലോ സമര ഭൂമിയില്‍ തന്നെ ജാനമ്മയ്ക്ക് ചിതയൊരുക്കേണ്ടി വന്നത്. ചെല്ലപ്പന്റെ മൃതദേഹം കറുകച്ചാലിലാണ് സംസ്‌കരിച്ചത്.ഇനിയും ഇവിടെ ജാനമ്മമാരും ചെല്ലപ്പന്‍മാരുമുണ്ട്. നാളെ അവര്‍ക്ക് സംഭവിക്കുന്നതും ഇതേ ഗതിയാണ്. മരിച്ചാല്‍ കുഴിച്ചിടാന്‍പോലും ഒരുപിടി മണ്ണ് സ്വന്തമായിട്ടില്ലാത്തവര്‍. ഇത്തരത്തില്‍ നൂറുകണക്കിന് ജനങ്ങളെ അവഗണിച്ചു കളഞ്ഞവരുടെ പ്രകടപത്രികകള്‍ എന്തിന്റെ പേരിലാണ് ഇനിയും വിശ്വസിക്കേണ്ടത്? ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ആവിഷ്‌കരിച്ച ഈ സര്‍ക്കാരിന് എത്രപേര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞു. അതെക്കുറിച്ചു ചോദിച്ചാല്‍ നിയമവും ചട്ടവും പറയും. എന്നാല്‍ കായലും പാടവും ഏക്കറു കണക്കിനു നികത്തി സ്വന്തക്കാര്‍ക്ക് നല്‍കാന്‍ ഒരു നിയമവും തടസമില്ല. ക്രിമനലുകള്‍ക്കും വഞ്ചകര്‍ക്കും വെറുതെയും വിലകുറച്ചും ഭൂമി നല്‍കാന്‍ ഒരു ചട്ടവും തടസമില്ല. ദളിതനും ആദിവാസിയും കേറികിടക്കാന്‍ ഒരു കൂരകുത്താനായി ഇത്തിരി മണ്ണു ചോദിച്ചാല്‍ തരാന്‍ ഭൂമിയില്ലെന്നു പറയുന്ന സര്‍ക്കാരെ ഇതെന്തു ജനാധിപത്യമാണ്? കാലാവധി തീര്‍ത്ത് പുറത്തിറങ്ങാന്‍ നില്‍ക്കുന്ന സമയത്തുകൂടി എത്രപേര്‍ക്ക് നിയമങ്ങളെല്ലാം ലംഘിച്ചു നിങ്ങള്‍ ഭൂമി തരാക്കി കൊടുത്തു. ആ ശുഷ്‌കാന്തിയുടെ പകുതിപോലും ഈ പാവങ്ങളോടു കാണിക്കാന്‍ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ല. അങ്ങ് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴാണ് ചെങ്ങറ ഭൂസമരം നടക്കുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും അടൂര്‍ പ്രകാശുമെല്ലാം ഉള്‍പ്പെട്ട സംഘം സമരഭൂമിയില്‍ എത്തി ഒരേക്കാര്‍ ഭൂമി കിട്ടുന്നതുവരെ സമരം അവസാനിപ്പിക്കരുതെന്നാണ് എല്ലാവരോടും പറഞ്ഞത്. കാലം മാറി, ഭരണം മാറി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും അടൂര്‍ പ്രകാശ് റവന്യു മന്ത്രിയുമായി. സുധീരന്‍ കെപിസിസി പ്രസിഡന്റുമായി. പക്ഷേ ദാനംപോലെ നല്‍കാമെന്നു പറഞ്ഞ മൂന്നുസെന്റ് ഭൂമിപോലും കൊടുത്തോ? പറഞ്ഞതു നിങ്ങള്‍ മറന്നെങ്കിലും കേട്ടവര്‍ അതു മറന്നിട്ടില്ല.ഭൂമി എവിടെ എന്നാണല്ലോ ഭൂമി ചോദിച്ചു സമരം ചെയ്യുന്നവരോട് സ്ഥിരം പറയുന്ന പല്ലവി. ലക്ഷക്കണക്കിന് ഏക്കര്‍ മിച്ചഭൂമി ഹാരിസണ്‍ പോലുള്ള വന്‍കിടക്കാര്‍ വ്യാജരേഖ ചമച്ച് കൈക്കലാക്കി വച്ചിട്ടുണ്ട്. ആ ഭൂമി പിടിച്ചെടുത്താല്‍ തന്നെ അരിപ്പയില്‍ സമരം ചെയ്യുന്ന 1400 ഓളം കുടംബങ്ങള്‍ക്ക് ഭൂമി നല്‍കാമല്ലോ! ചെറിയൊരു ഉദ്ദാഹരണം പറഞ്ഞെന്നുമാത്രം. അനവധി ഹാരിസണ്‍മാര്‍ കേരളത്തില്‍ അവിടെയുമിവിടെയുമായി നിയമത്തെ നോക്കി കൊഞ്ഞനം കാണിച്ചു ചിരിക്കുന്നുണ്ട്. അതിനൊപ്പം ചേര്‍ന്നു നിങ്ങളും ചിരിക്കുമ്പോള്‍ ഈ പാവങ്ങളുടെ കണ്ണീര് ആരു കാണാന്‍? പക്ഷേ ഒന്നുണ്ട് , എല്ലാവരും ഒരേ സമയത്ത് മരിക്കുന്നില്ല...ചില ഓര്‍മപ്പെടുത്തലുകള്‍ക്കായി ഇനിയും ജീവിച്ചിരിക്കുന്നവര്‍ അരിപ്പയിലും അട്ടപ്പാടിയിലും ചെങ്ങറിയിലുമെല്ലമുണ്ട്...


Next Story

Related Stories