TopTop
Begin typing your search above and press return to search.

ലാറ്റിന്‍ അമേരിക്കയില്‍ വീണ്ടും യൂറോ കണ്ണീര്‍ വീഴുമോ?- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

ലാറ്റിന്‍ അമേരിക്കയില്‍ വീണ്ടും യൂറോ കണ്ണീര്‍ വീഴുമോ?- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

എന്‍ പി പ്രദീപ്

പ്രി-ക്വാര്‍ട്ടറിലെ വീറും വാശിയുമായി നാലു ടീമുകള്‍ കൂടി മത്സരങ്ങള്‍ക്കിറങ്ങുന്നു. ഹോളണ്ട്- മെക്‌സിക്കോ, കോസ്റ്റാറിക്ക- ഗ്രീസ്. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരാണ് ഹോളണ്ട്. ലീഗ് തലത്തില്‍ കളിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ച ടീമാണ് ഹോളണ്ട്. ഈ ലോകകപ്പില്‍ സ്ഥിരത പുലര്‍ത്തുന്ന ഏക ടീം. മാത്രമല്ല, ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ മേധാവിത്വം പുലര്‍ത്തുന്ന ഏക യൂറോപ്യന്‍ രാജ്യവും ഹോളണ്ടാണ്. കഴിഞ്ഞ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഓറഞ്ച് പട, അതേ വീര്യത്തോടെ തന്നെയാണ് ഈ ലോകകപ്പിലും ഫൈനലിലേക്ക് ലക്ഷ്യം വയ്ക്കുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ യൂറോപ്യന്‍ ഫുട്‌ബോളിന് അനൂകൂല മണ്ണല്ലെന്ന വാദം ഉയരുമ്പോഴും ഹോളണ്ട് അവിടെയൊരു അപവാദമാവുന്നത് അവരുടെ വിജയതൃഷ്ണ ഒന്നുകൊണ്ടാണ്.വാന്‍പേഴ്‌സി, ആര്യന്‍ റൂബന്‍ എന്നിവരുടെ ഫോമാണ് ഹോളണ്ടിന്റെ ആത്മവിശ്വാസം കൂട്ടുന്ന പ്രഥമഘടകം. എന്നാല്‍ അവരില്‍ മാത്രം അമിത വിശ്വാസം കല്‍പ്പിക്കാതെ, ടീം എന്ന നിലയിലും സജ്ജമാണ് അവര്‍. വാന്‍പേഴ്‌സിയില്ലാതെ ഇറങ്ങിയിട്ടും ചിലിയെ തോല്‍പ്പിച്ച ഡച്ച് കരുത്ത് മനസ്സിലാക്കുക. ആര്യന്‍ റൂബന്‍ മിന്നുന്ന ഫോമിലാണ്. ഹോളണ്ടിന്റെ യാത്ര എവിടെ വരെ എത്തുന്നുഎന്നതില്‍ റൂബന്‍ നിര്‍ണായക പങ്കുവഹിക്കും. പ്രായം അദ്ദേഹത്തിന്റെ കരുത്തിനെ, കളി മികവിനെ ഒരുതരത്തിലും തളര്‍ത്തുന്നില്ല. ഒരു തമാശ പറയട്ടെ- ആര്യന്‍ റൂബന്‍ ഇന്ത്യയിലാണ് കളിക്കുന്നതെങ്കില്‍ അദ്ദേഹം നമുക്ക് വെറ്ററന്‍ ഫുട്‌ബോളര്‍ ആയിരിക്കും. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെ ഒരു കളിക്കാരന്‍ അയാളുടെ ഫോമിന്റെ പാരമ്യതയിലെത്തുന്നത് മുപ്പത് പിന്നിടുമ്പോഴാണ്. ഫ്രാന്‍സിന് ലോകകിരീടം നേടിക്കൊടുക്കുമ്പോള്‍ സിദാന്‍ എന്ന മാന്ത്രികന് പ്രായം മുപ്പത് ആണെന്നോര്‍ക്കണം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇരുപ്പത്താറു കഴിഞ്ഞാല്‍ ഒരു പ്ലെയറെ അഭിസംബോധന ചെയ്യുന്നത് വെറ്ററന്‍ പ്ലെയര്‍ എന്നാണ്!അറ്റാക്കിംഗ് പ്ലേ തന്നെയാണ് ഹോളണ്ടിന്റെ രീതി. എതിരാളികളെ ആക്രമിച്ച് കീഴടക്കുകയാണവര്‍. ജയിച്ച മൂന്നുമത്സരങ്ങളിലും അവരുടെ ആക്രമണത്തിന്റെ മൂര്‍ച്ച നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഹോളണ്ടിന് ഒരു പ്രശ്‌നമുള്ളത് നിര്‍ണായക മത്സരങ്ങളില്‍ അവര്‍ വരുത്തുന്ന പിഴവാണ്; തോല്‍വിയോളം ചെന്നെത്തുന്ന പിഴവ്. ലാറ്റിന്‍ അമേരിക്കന്‍ ടീമായ മെക്‌സിക്കോയ്ക്ക് അതിന്റെയൊരു ആനുകൂല്യമുണ്ട്. അവര്‍ നന്നായി കളിക്കുന്നുണ്ട്. ബ്രസീലിനെ സമനിലയില്‍ തളച്ച കളി തന്നെ അവരുടെ മികവിന് ഉദ്ദാഹരണം; ഗ്വല്ലര്‍ ഒച്ചോവയുടെ കൈമികവിലാണെങ്കില്‍പോലും. ആത്മവിശ്വാസമാണ് അവരുടെ കരുത്ത്. തീര്‍ച്ചയായും ഹോളണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ മെക്‌സിക്കോയ്ക്ക് കഴിയും. അതു തന്നെയാണ് ഈ പ്രി-ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആവേശവും.കോസ്റ്റാറിക്ക- ഗ്രീസ് മത്സരമാണ് ഇനി. പ്രതിരോധമാണ് ഗ്രീസിന്റെ ശക്തി. തുടക്കത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് അവര്‍ ഉയര്‍ന്നില്ലെങ്കിലും പ്രി-ക്വാര്‍ട്ടറില്‍ എത്തുന്നതില്‍ അവര്‍ വിജയിച്ചു. ജപ്പാനോട് സമനില വഴങ്ങുകയും കൊളംബിയയോട് പരാജയപ്പെടുകയും ചെയ്ത ഗ്രീസ് ഐവറി കോസ്റ്റിനോടു നേടിയ വിജയവും ഗോള്‍ശരാശരിയുമായാണ് പ്രി-ക്വാര്‍ട്ടര്‍ ബര്‍ത്തിന് അവകാശികളാക്കിയത്. കോസ്റ്റാറിക്കയുടെ ആക്രണണത്തെ ഇന്ന് ഗ്രീസ് എങ്ങിനെ പ്രതിരോധിക്കുമെന്ന് കാണാം. കോസ്റ്റാറിക്ക ഒരു അത്ഭുതടീമായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടും ഇറ്റലിയും ഉറുഗ്വേയും ഉള്ള ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് അവര്‍ അടുത്ത റൗണ്ടിന്റെ അവകാശികളായത്. അതും ഇറ്റലിലേയും ഉറുഗ്വേയേയും തോല്‍പ്പിച്ച്; ഇംഗ്ലണ്ടിനെ ജയിക്കാന്‍ വിടാതെ സമനിലയില്‍ തളച്ച്. ഏതെങ്കിലും ഒരു കളിക്കാരന്റെ മികവിലല്ല കോസ്റ്റാറിക്ക കളിക്കുന്നത്. ടീമിന്റെ യൂണിറ്റിയാണ് അവരുടെ ശക്തി. മുന്നില്‍ നിന്ന് നയിക്കുന്നൊരു നായകനും അവര്‍ക്കുണ്ട്. ഇതുവരെ കണ്ട കളിവച്ച് പറയുകയാണെങ്കില്‍ ഒരു യൂറോപ്യന്‍ ടീമിന്റെ കൂടി കണ്ണീര്‍ ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ വീഴാന്‍ കോസ്റ്റാറിക്കയും കാരണമാകും.


Next Story

Related Stories