UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരിക്കുന്നത് ആരുമാകട്ടെ; ഡല്‍ഹി ആയുധദല്ലാളുമാരുടെ വിഹാര ഭൂമി

Avatar

ടീം അഴിമുഖം

പണത്തിന് രാഷ്ട്രീയഭേദമൊന്നുമില്ല. അല്ലെങ്കില്‍ ദേശീയ തലസ്ഥാനത്തെ സ്ഥിതിയതാണ്.

പുതിയ വിവാദത്തിന്റെ ചുരുളഴിയുമ്പോള്‍ തെളിയുന്നത് കഴിഞ്ഞ സര്‍ക്കാരില്‍ തന്നിഷ്ടം നടത്തിയിരുന്ന അതേ ആയുധ ദല്ലാളിന് ഇപ്പോഴത്തെ സര്‍ക്കാരിലും കനത്ത പിടിപാടാണ് എന്നാണ്. അയാളുടെ പരിചയക്കാര്‍ മാറിയിരിക്കും, പക്ഷേ സ്വാധീനം പഴയപോലെത്തന്നെ.

ഫോണ്‍ വിളികള്‍, ഇ മെയിലുകള്‍, മറ്റ് രേഖകള്‍ എന്നിവയുള്‍പ്പെടുന്ന വലിയ വിവരങ്ങളാണ് പ്രതിരോധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയെ നിരീക്ഷിച്ചതിലൂടെ ലഭിച്ചിരിക്കുന്നത്. ഇയാള്‍ക്ക് ഇന്ത്യയിലെ ഉന്നതരുമായുള്ള ബന്ധങ്ങള്‍, യു എ ഇ, പനാമ, ലണ്ടന്‍ എന്നിവടങ്ങളിലുള്ള  വസ്തുവകകള്‍, എന്നിവയുടെ വിവരങ്ങള്‍ ഈ രേഖകളിലുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാദ്രയെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളുമായും കുറഞ്ഞത് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായും ഇയാള്‍ക്ക്  ബന്ധമുള്ളതായി ഇതില്‍നിന്നും തെളിയുന്നു. ഫോണ്‍ വിളിയുടെ രേഖകള്‍ കാണിക്കുന്നത് ബി ജെ പി  നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിങ് ഭണ്ഡാരിയുമായി 450-ലേറെ തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ്.

തനിക്ക് ഭണ്ഡാരിയുമായി അടുപ്പമുണ്ടായിരുന്നു എന്നു സമ്മതിച്ച സിങ് എന്നാലിത് ഒരു പൊതുപരിചയം മാത്രമായിരുന്നു എന്നും ഭണ്ഡാരിയുടെ വ്യാപാരത്തിന്റെ സ്വഭാവം അറിയില്ലായിരുന്നു എന്നും പറഞ്ഞു. “ഒരു കുടുംബ സുഹൃത്ത് എന്ന നിലയില്‍ എനിക്കയാളെ നിരവധി വര്‍ഷങ്ങളായി അറിയാം. അയാളുടെ മകളുടെ കല്യാണത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്. അയാള്‍ ധനികനാണെന്നും അയാളുടെ അച്ഛന്‍ ONGC-യില്‍ ആയിരുന്നതിനാല്‍ എണ്ണ സംസ്കരണത്തിലാണ് വ്യാപാരം എന്നുമാണ് കരുതിയത്. ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോഴാണ് യഥാര്‍ത്ഥ കച്ചവടം എന്താണെന്ന് മനസിലായത്,” സിങ് ഔട്ട് ലുക് മാസികയോട് പറഞ്ഞു.

പക്ഷേ റോബര്‍ട് വാദ്രയുമായി ഭണ്ഡാരിയുടെ അടുപ്പം സംശയങ്ങളുണര്‍ത്തുന്നു. ലണ്ടനിലെ 12 എല്ലെര്‍ടന്‍ ഹൌസ്, ബ്ര്യാന്‍സ്റ്റന്‍ സ്ക്വയര്‍, 2009-ല്‍ വാങ്ങിയത് 19 കോടി രൂപയ്ക്കാണ്. ഇതിനുള്ള പണമിറക്കിയത് ഭണ്ഡാരിയാണെന്ന് കരുതുന്നു. ഇ-മെയില്‍ വിനിമയങ്ങള്‍ കാണിക്കുന്നത് വാദ്രയും അയാളുടെ സഹായി മനോജ് അറോറയും, ഭണ്ഡാരിയുടെ ലണ്ടനിലുള്ള വിശ്വസ്തന്‍ സുമിത് ച്ഛദ്ദയുമായി വസ്തുവിന്റെ പണമിടപാടും, പുതുക്കിപ്പണികളും സംബന്ധിച്ച് നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ്.

എന്നാല്‍ ഇപ്പറഞ്ഞ ലണ്ടനിലെ വസ്തു നേരിട്ടോ അല്ലാതെയോ വാദ്രയുടെതല്ലെന്ന് അയാളുടെ അഭിഭാഷകര്‍ NDTV-യോട് പറഞ്ഞു. വാദ്രയോ സഹായിയോ സഞ്ജയ് ഭണ്ഡാരിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും സഞ്ജയ് ഭണ്ഡാരി പ്രതിരോധ ഇടപാടുകാരനാണെന്ന് പോലും അറിയില്ലായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാദ്രയും സഹായിയുമായുള്ള എല്ലാ ഇ-മെയില്‍ വിനിമയങ്ങളും ഭണ്ഡാരി മായ്ച്ചുകളഞ്ഞിരുന്നു. ഭണ്ഡാരിയുടെ സെക്രട്ടറി പകര്‍ത്തിയ ഇ-മെയിലുകളാണ് അന്വേഷകരെ വാദ്രയില്‍ എത്തിച്ചത്.

തന്റെ സ്വന്തം പണം ഉപയോഗിച്ച് സ്വന്തം ആവശ്യത്തിനാണ് ആ വസ്തു വാങ്ങിയതെന്ന് ഭണ്ഡാരി അന്വേഷകരോട് പറഞ്ഞു. ലണ്ടനില്‍ തന്നെ ബോര്‍ഡന്‍ തെരുവില്‍ 2013-ല്‍ 10 കോടി രൂപയ്ക്കു വാങ്ങിയ മറ്റൊരു വീട്, ദുബായിയിലെ ജൂമൈറയില്‍ 2010-11-ല്‍ 5 കോടി രൂപയ്ക്കു വാങ്ങിയ ഫ്ലാറ്റ്, പനാമ ദ്വീപുകളിലെ ഒരു കമ്പനി എന്നിവ ഭണ്ഡാരിയുടെ മറ്റ് സ്വത്തുക്കളാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആദായനികുതി വകുപ്പ് അയച്ച രേഖകളുടെ കൂട്ടത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഈ വസ്തുക്കള്‍ വാങ്ങാന്‍ ആരുടെ പണമാണ് ഉപയോഗിച്ചതെന്നും ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ഷീല ദീക്ഷിതുമായും ഭണ്ഡാരിക്ക് അടുപ്പമുണ്ടായിരുന്നതായും അവരുടെ വസതിയില്‍ ഇടക്കിടെ അയാള്‍ സന്ദര്‍ശകനായിരുന്നു എന്നും രേഖകളിലൂടെ തെളിയുന്നുണ്ട്. “എന്നെ കാണാന്‍ ദിവസവും നൂറുകണക്കിനാളുകള്‍ വരുന്നുണ്ട്. ഞാനയാളെ കണ്ടിരിക്കാം, പക്ഷേ ആരാണയാള്‍എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല,” ദീക്ഷിത് ഔട്ട് ലുക്കിനോട് പറഞ്ഞു. ഇപ്പോള്‍ നേതൃത്വവുമായി സുഖത്തിലല്ലാത്ത ഒരു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ വസതിയിലും ഭണ്ഡാരി സ്ഥിരം സന്ദര്‍ശകനായിരുന്നു എന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹിയിലുള്ള ഒരു മുതിര്‍ന്ന ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനും നിരീക്ഷണത്തിലാണ്. ഇയാള്‍ ഭണ്ഡാരിയെ 478 തവണ വിളിച്ചതായി ഫോണ്‍ രേഖകള്‍ കാണിക്കുന്നു. “എന്നാല്‍ ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി തെളിവൊന്നുമില്ല. ഇപ്പോള്‍ ഫോണ്‍ രേഖകള്‍ മാത്രമേ കയ്യിലുള്ളൂ,” ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോദി, അമിത് ഷാ, അരുണ്‍ ജെയ്റ്റ്ലി തുടങ്ങി മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ ഇഷ്ടക്കാരനായ ഈ പത്രപ്രവര്‍ത്തകന്‍ പുതിയ സര്‍ക്കാരില്‍ നിന്നും വാര്‍ത്തകള്‍ ചൂടോടെ ആദ്യം നേടുന്നതിലും മിടുക്കനാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ മോദിയെ ആദ്യം അഭിമുഖം നടത്തിയവരില്‍ ഒരാളും ഇയാള്‍ത്തന്നെ.

ഏപ്രില്‍ 26-നു ഭണ്ഡാരിയുടെ ഡിഫന്‍സ് കോളനിയിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിന്നും തെളിയുന്നത് പ്രതിരോധ മന്ത്രാലയത്തില്‍ ഇയാള്‍ക്ക് കനത്ത സ്വാധീനമുണ്ടെന്നാണ്. പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങലിനുള്ള സമിതിക്ക് മുമ്പാകെ വെച്ച ചില ശുപാര്‍ശകളൊക്കെ ഈ രേഖകള്‍ സൂചിപ്പിക്കുന്നു. അയാള്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ എന്നറിയാന്‍ ഈ രേഖകള്‍ ആഭ്യന്തര മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തിനയച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചില നിര്‍ണായക രേഖകള്‍ സംശയകരമായി അപ്രത്യക്ഷമായതിന് പിന്നില്‍ പ്രതിരോധ മന്ത്രാലയത്തില്‍ വലിയ സ്വാധീനമുള്ള ഭണ്ഡാരിയുടെ പങ്ക് സംശയിക്കാമെന്ന് ഐ ബി ധനമന്ത്രാലയത്തിനയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴപ്പം പിടിച്ച ചില കാര്യങ്ങളില്‍പ്പെട്ടു ഭണ്ഡാരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കസ്റ്റംസ് തീരുവ ഒഴിവാക്കി കാറുകള്‍ ഇറക്കുമതി ചെയ്യുന്ന അഴിമതിയുടെ പ്രധാന കണ്ണി ഭണ്ഡാരിയാണ് എന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ അയാള്‍ക്കെതിരെ സി ബി ഐ അന്വേഷണം നടത്തി. ഈ ആഡംബര കാറുകളെല്ലാം ഇന്ത്യയിലെ ഉന്നതന്‍മാര്‍ക്കുള്ളതായിരുന്നു എന്നത് പതിറ്റാണ്ടുകളായി ഭണ്ഡാരിക്ക് രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നു.

ഡല്‍ഹിയിലെ ഒരു ബിനാമി കമ്പനിയില്‍ നടത്തിയ സാധാരണ പരിശോധനയിലാണ് നികുതി ഉദ്യോഗസ്ഥരുടെ അന്വേഷണം  ഭണ്ഡാരിയിലേക്ക് നീണ്ടത്. ഈ കമ്പനിയിലൂടെ ഇയാള്‍ 38 കോടി രൂപ വ്യാജ നിക്ഷേപം കാണിച്ചിരുന്നു.

ഭണ്ഡാരി ഒരൊറ്റപ്പെട്ട സംഭവമല്ല. ന്യൂ ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ എല്ലാ കാലത്തും ഇത്തരം കളിക്കാരുണ്ട്. ചരിത്രമനുസരിച്ചാണെങ്കില്‍ ഭണ്ഡാരിയുടെ കഷ്ടകാലം അധികം നീളില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍