TopTop
Begin typing your search above and press return to search.

അര്‍ണാബിന്റെ ചോദ്യങ്ങള്‍ മോദി മുന്‍കൂട്ടി ആവശ്യപ്പെട്ടതില്‍ അത്ഭുതമില്ല

അര്‍ണാബിന്റെ ചോദ്യങ്ങള്‍ മോദി മുന്‍കൂട്ടി ആവശ്യപ്പെട്ടതില്‍ അത്ഭുതമില്ല

ബോബി നഖ്വി

പ്രധാനമന്ത്രിയുമായി ഒരഭിമുഖത്തിന് അവസരം സൃഷ്ടിക്കുക എന്നത് ഏറെ സങ്കീര്‍ണമായ, നൂലാമാല നിറഞ്ഞ, നീണ്ട സമയമെടുക്കുന്ന പ്രക്രിയയാണ്.

യു എ ഇ-യിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അറബ് ലോകത്ത് ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഒരു അഭിമുഖത്തിനായി ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദിവസങ്ങളോളം ഉദ്യോഗസ്ഥരുമായി നിരവധി ഇ-മെയിലുകള്‍ കൈമാറിയതിനുശേഷം എന്നെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിച്ചു; "ബോബി, എന്റെ പക്കല്‍ ഒരു നല്ല വാര്‍ത്തയും മോശം വാര്‍ത്തയുമുണ്ട്. ഏതാണാദ്യം കേള്‍ക്കേണ്ടത്?"

എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ സംസാരിക്കുന്നതിന് മുമ്പേ, "പ്രധാനമന്ത്രി സമ്മതിച്ചു," എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങള്‍ക്കൂടി ഒപ്പമുണ്ടാകും എന്നും കൂട്ടിച്ചേര്‍ത്തു. അത് എനിക്കു മാത്രമായുള്ള അഭിമുഖമല്ല എന്നതില്‍ എനിക്കാകെ നിരാശയായി. പക്ഷേ മുറുമുറുപ്പോടെ അംഗീകരിക്കുക മാത്രമായിരുന്നു പോംവഴി.

പിന്നെ, ചോദ്യങ്ങള്‍ മുന്‍കൂട്ടി അയക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ സുരക്ഷാ അനുമതിക്കായുള്ള നിരവധി ചോദ്യങ്ങള്‍; എന്റെ ഡ്രൈവറുടെ പേര്, കാര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ഫോട്ടോഗ്രാഫറുടെ വിശദവിവരങ്ങള്‍, അയാളുടെ ഉപകരണങ്ങളുടെ പട്ടിക തുടങ്ങിയ പലതും.

അവസാന നിമിഷം വരെ അഭിമുഖത്തിനുള്ള സ്ഥലമോ സമയമോ എനിക്കറിയില്ലായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലെ ചെങ്കോട്ടയിലെ പ്രസംഗത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും ആകാം എന്നാണ് ആകെ എന്നോടു പറഞ്ഞിരുന്നത്. ആഗസ്ത് 14-നു അങ്കലാപ്പ് നിറഞ്ഞ കുറെ ഫോണ്‍ വിളികള്‍ക്ക് ശേഷം ഡല്‍ഹിയിലെ എനിക്കു ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നല്കി. ഉച്ചക്ക് മുമ്പേ ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ട ആ യുവ ഉദ്യോഗസ്ഥന്‍ കൃത്യം സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.

ആഗസ്ത് 14-നു വിമാനം കയറുന്നതിന് തൊട്ടുമുമ്പ് എനിക്കു അസാധാരണമായ ഒരു ഫോണ്‍ വിളി വന്നു. പ്രധാനമന്ത്രിയോട് അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന പ്രമുഖനായ ഒരു മുസ്ലീം സമുദായക്കാരനായിരുന്നു അത്. "പി എം സാഹിബുമായുള്ള അഭിമുഖം ചെയ്തോളൂ, വലിയ വലിയ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വരി നില്‍ക്കുകയാണ്."

ആ മനുഷ്യന്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്തതുകൊണ്ട് എന്റെ അഭിമുഖവൃത്താന്തം അയാളെങ്ങനെ അറിഞ്ഞെന്നോര്‍ത്തു ഞാന്‍ ഞെട്ടിപ്പോയി.

അടുത്ത ദിവസം രാവിലെ ഡല്‍ഹിയില്‍ മറ്റൊരു ഞെട്ടല്‍ എനിക്കായി കാത്തിരുന്നിരുന്നു. എന്റെ ഫോട്ടോഗ്രാഫറെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ചിത്രമെടുത്ത് തരുമെന്നും എനിക്കു നിര്‍ദ്ദേശങ്ങള്‍ തരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. അത് പറ്റില്ലെന്ന് ഞാനയാളോട് വ്യക്തമാക്കി. വളരെ അസ്വസ്ഥമായ വര്‍ത്തമാനങ്ങള്‍ക്കൊടുവില്‍ ഫോട്ടോഗ്രാഫറെ അനുവദിച്ചു. പക്ഷേ ഒരുപാധിയിന്‍മേല്‍ - അഞ്ചു മിനിറ്റ് മാത്രമേ അയാളെ അവിടെ നില്‍ക്കാന്‍ അനുവദിക്കൂ.

ഞങ്ങള്‍ മൂന്നു പേര്‍ - എന്റെ ഡ്രൈവര്‍, എന്റെ സഹോദരന്‍ സൈഫി, ഫോട്ടോഗ്രാഫര്‍ പങ്കജ് എന്നിവരെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിലാസത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. കനത്ത മഴയായിരുന്നു. 7 RCR-ലെ ആദ്യ പരിശോധനകേന്ദ്രത്തില്‍ മറ്റൊരു പ്രശ്നം. സായുധനായ ഒരു മനുഷ്യന്‍ മഴക്കുപ്പായവുമിട്ട് കാറിനടുത്തേക്ക് വന്നപ്പോള്‍ വലിയ വിളക്കില്‍ നിന്നുമുള്ള വെളിച്ചം ഞങ്ങളെ ഏതാണ്ട് കണ്ണുകാണാതാക്കി. പെരുമഴയുടെ ഇരമ്പത്തില്‍ അയാള്‍ പറയുന്നതൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. ആകെ അയാള്‍ കേള്‍ക്കുന്നത് ഞങ്ങള്‍ ദുബായില്‍ നിന്നാണ് എന്നാണ്. സ്വയം ഉറപ്പുവരുത്താന്‍ അയാളത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സുരക്ഷാകാര്യാലയത്തിലേക്ക് അയാള്‍ മടങ്ങി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം തിരികെ വന്നു, കാറ് ബാരിക്കേഡിന് അപ്പുറത്തേക്ക് മാറ്റിയിട്ട്, എന്നോടു ഒപ്പം ചെല്ലാന്‍ ആംഗ്യം കാട്ടി.

എന്റെ വിശദവിവരങ്ങള്‍ എഴുതിയെടുത്ത ഒരു ഉദ്യോഗസ്ഥന്‍ അത് അകത്തുള്ള അയാളുടെ മേലധികാരികളെ കേള്‍പ്പിച്ചു. നിരവധി മിനിറ്റുകള്‍ക്കുശേഷം, ഫോട്ടോഗ്രാഫര്‍ക്ക് സുരക്ഷാ അനുമതിയില്ലെന്ന് അയാള്‍ അറിയിച്ചു. ഞാന്‍ എനിക്കു നിര്‍ദ്ദേശങ്ങള്‍ തന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു കാര്യങ്ങള്‍ അറിയിച്ചു. ആശങ്കയുടെ കുറെ മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളെ ആഗതരുടെ വണ്ടികള്‍ നിര്‍ത്തുന്ന സ്ഥലത്തേക്ക് നയിച്ചു. സ്വീകരണ മുറിക്ക് കുറച്ച് മീറ്ററുകള്‍ അകലെ.

കടുത്ത സുരക്ഷാ പരിശോധനകള്‍ക്കുശേഷം മണം പിടിക്കുന്ന ഒരു നായയെ കൊണ്ടുവന്നു. ഉടനെതന്നെ എസ് പി ജിയുടെ ഒരു വണ്ടിയില്‍ ഞങ്ങളെ പ്രധാന കെട്ടിടത്തിലേക്ക് കൊണ്ടുപോയി.

അകത്ത് ഒരു പച്ചപ്പുല്‍ത്തകിടിയിലേക്ക് തുറക്കുന്ന ഒരു മുറിയിലെത്തി. അഭിമുഖത്തിന്റെ ക്രമത്തെക്കുറിച്ച് എന്നോടു വിവരിച്ചു."ചിത്രങ്ങള്‍ക്കും ഹസ്തദാനത്തിനും ശേഷം പ്രധാനമന്ത്രി നിങ്ങളെ നോക്കും. അപ്പോള്‍ നിങ്ങള്‍ സംഭാഷണം ആരംഭിക്കണം," മര്യാദയുള്ള, എന്നാല്‍ കാര്‍ക്കശ്യം നിറഞ്ഞ രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു. അടുത്ത ഞെട്ടല്‍ വന്നു - എനിക്ക് ഒരു ചോദ്യമേ ചോദിക്കാന്‍ കഴിയൂ, എന്റെ മറ്റ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതിനുശേഷം എഴുതിത്തരും.

അതിനുശേഷം ഞങ്ങളെ പ്രധാനമന്ത്രിയുടെ സംഘാംഗങ്ങളുമായി പരിചയപ്പെടുത്തി. അതില്‍ ബിഹാറില്‍ നിന്നുള്ള ഒരു മുസ്ലീം ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു (പ്രധാനമന്ത്രിയുടെ പ്രസിദ്ധമായ സിലികോണ്‍ വാലി പ്രസംഗം ഇദ്ദേഹമാണത്രേ എഴുതിയത്).

കൂടിക്കാഴ്ച്ച തിരക്കഥ പോലെ നടന്നു. ഊഷ്മളമായ ഒരു ഹസ്തദാനത്തിന് ശേഷം എന്റെ രാത്രി വൈകിയുള്ള വിമാന യാത്രയെക്കുറിച്ചും ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചും ഞങ്ങള്‍ ഹിന്ദിയില്‍ സംസാരിച്ചു. യു.എസില്‍ നിന്നും വന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ (പ്രധാനമന്ത്രിക്കു നല്‍കാന്‍ അയാള്‍ ഡ്യൂട്ടി ഫ്രീ കടയില്‍ നിന്നും ഒരു സമ്മാനവും വാങ്ങിയിരുന്നു) ദ്വിഭാഷിയുടെ - പരസ്യ പ്രചാരണ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ - സഹായത്തോടെ സംസാരിച്ചു. കൂടിക്കാഴ്ച്ച കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കൂറിനുശേഷം എനിക്ക് അതിന്റെയും എനിക്കു ചോദിക്കാന്‍ കഴിയാതെ പോയ ചോദ്യങ്ങളുടെയും ഉത്തരം അച്ചടിച്ച് കിട്ടി.

ഇന്നിപ്പോള്‍ ടൈംസ് നൌ അഭിമുഖത്തിനുള്ള ചോദ്യങ്ങള്‍ കാലേക്കൂട്ടി ആവശ്യപ്പെട്ടിരുന്നു എന്നറിയുമ്പോള്‍ എനിക്ക് ഒട്ടും അത്ഭുതമില്ല. എല്ലാ പ്രധാനമന്ത്രിമാര്‍ക്കും ഇതിങ്ങനെയാണോ അതോ ഈ സര്‍ക്കാരിന്റെ മാത്രം പ്രത്യേകതയാണോ എന്നെനിക്കറിയില്ല.

ബോബി നഖ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്: https://goo.gl/0LkieU(യു എ ഇയിലെ ഗള്‍ഫ് ന്യൂസിന്റെ എഡിറ്ററാണ് ബോബി നഖ്വി)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories